ADVERTISEMENT

കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മഞ്ഞക്കടലായി ഗുണ്ടല്‍പേട്ട് ഇക്കുറിയും പതിവുതെറ്റാതെ ഓണക്കാലത്തെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങി. പൂപ്പാടങ്ങള്‍ കാണാനും ഫോട്ടോ എടുക്കാനുമെല്ലാം നിരവധി ആളുകളാണ് വയനാടിന്‍റെ ഈ അതിർത്തി ഗ്രാമത്തിലെത്തുന്നത്. ഏക്കറുകണക്കിന് നീണ്ടുകിടക്കുന്ന തോട്ടങ്ങളില്‍ സൂര്യകാന്തിയും ചെണ്ടുമല്ലിയും വാടാമല്ലിയുമെല്ലാമുണ്ട്.

ഗുണ്ടല്‍പേട്ടിൽ നിന്നും ട്രാവൽ ഫൊട്ടോഗ്രാഫർ സീമ സുരേഷ് പങ്കുവച്ച ചിത്രം
ഗുണ്ടല്‍പേട്ടിൽ നിന്നും ട്രാവൽ ഫൊട്ടോഗ്രാഫർ സീമ സുരേഷ് പങ്കുവച്ച ചിത്രം

 

Gundlupet Photos
ഗുണ്ടല്‍പേട്ടിൽ നിന്നും ട്രാവൽ ഫൊട്ടോഗ്രാഫർ സീമ സുരേഷ് പങ്കുവച്ച ചിത്രം

ഓണക്കാലത്ത് മലയാളികളുടെ മുറ്റങ്ങളില്‍ വര്‍ണ്ണജാലം തീര്‍ക്കുന്ന പൂക്കളങ്ങള്‍ക്കുള്ള പൂക്കള്‍ എത്തുന്നത് ഗുണ്ടല്‍പേട്ടിലെ തോട്ടങ്ങളില്‍ നിന്നാണ്. മഴക്കാലം തുടങ്ങുന്നതോടെ ഇവിടങ്ങളില്‍ പൂക്കള്‍ തലനീട്ടിത്തുടങ്ങുകയായി. മഞ്ഞനിറത്തിലുള്ള ചെണ്ടുമല്ലിയും വാടാമല്ലിയുമെല്ലാം ഓണത്തിന് പൂക്കളമിടാനാണ്  കൃഷിചെയ്യുന്നത്. ഓറഞ്ച് നിറത്തിലുള്ള പൂക്കള്‍ പെയിന്‍റ് കമ്പനികള്‍ക്ക് വേണ്ടിയും കൃഷിചെയ്യുന്നുണ്ട്. എണ്ണയുണ്ടാക്കാന്‍ വേണ്ടിയാണ് സൂര്യകാന്തി കൃഷി ചെയ്യുന്നത്. വലിയ മരങ്ങളില്ലാത്തതിനാല്‍ ഈ പ്രദേശത്ത് പൂക്കളിലേക്ക് സൂര്യപ്രകാശം നേരെ പതിക്കും. അതുകൊണ്ടാണ് ഗുണ്ടല്‍പേട്ടില്‍ സൂര്യകാന്തിപ്പൂക്കള്‍ തഴച്ചുവളരുന്നത്. 

ട്രാവൽ
ട്രാവൽ ഫൊട്ടോഗ്രാഫർ സീമ സുരേഷ്

 

കർണാടകയിലെ ചാമരാജ്നഗർ ജില്ലയിലാണ് ഗുണ്ടൽപേട്ട്. മൈസൂരുവിലേക്കും ബെംഗളൂരുവിലേക്കും പോകുന്നവര്‍ ഈ സമയത്ത് ഗുണ്ടല്‍പേട്ടില്‍ വണ്ടി നിര്‍ത്താതെ പോകില്ല. വയനാട് മുത്തങ്ങ വഴി ഇവിടേക്ക് എത്താം. മുത്തങ്ങ കഴിഞ്ഞാല്‍ പിന്നെ കാടാണ്. വന്യജീവികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത്, നിറയെ ഹമ്പുകളുള്ള റോഡിലൂടെ പതിയെ മാത്രമേ വാഹനം ഓടിക്കാന്‍ സാധിക്കൂ. വഴിയോരത്ത് മാനും ആനയും മയിലുമൊക്കെ കണ്ടേക്കാം, എന്നാല്‍ വനത്തില്‍ വാഹനം നിര്‍ത്താന്‍ പാടില്ല. 

 

ഗുണ്ടല്‍പേട്ടിൽ നിന്നും ട്രാവൽ ഫൊട്ടോഗ്രാഫർ സീമ സുരേഷ് പങ്കുവച്ച ചിത്രം
ഗുണ്ടല്‍പേട്ടിൽ നിന്നും ട്രാവൽ ഫൊട്ടോഗ്രാഫർ സീമ സുരേഷ് പങ്കുവച്ച ചിത്രം

കാടു കടന്ന് കര്‍ണാടകയിലെത്തുമ്പോള്‍ത്തന്നെ  വിശാലമായ കൃഷിയിടങ്ങള്‍ കണ്ടുതുടങ്ങും. റോഡിന് ഇരുവശത്തും പച്ചക്കറികളും സൂര്യകാന്തിയും സമൃദ്ധിയോടെ തഴച്ചുവളരുന്നത് കണ്ണിനുത്സവക്കാഴ്ചയൊരുക്കും.

 

നിലമ്പൂര്‍-നാടുകാണി-ഗൂഡല്ലൂർ-മുതുമലൈ-ബന്ദിപ്പൂർ വഴിയും ഇവിടേക്കെത്താം. വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍നിന്നു പൂപ്പാടം കാണാനായി മാത്രം ഇവിടെയെത്തുന്നവര്‍ ഒട്ടേറെയാണ്. 

 

റോഡിനു സമീപത്തു തന്നെയാണ് പൂപ്പാടങ്ങള്‍. വണ്ടി നിര്‍ത്തി ഫോട്ടോ എടുക്കാം. ഇതിനായി ഈയിടെ കര്‍ഷകര്‍ ചെറിയൊരു തുക ഈടാക്കി തുടങ്ങിയിട്ടുണ്ട്. സന്ദര്‍ശകര്‍ പല പൂപ്പാടങ്ങളിലും കയറി പൂക്കള്‍ നശിപ്പിച്ച സംഭവങ്ങള്‍ ഉണ്ടായതോടെയാണ് കര്‍ഷകര്‍ ഇങ്ങനെ കാവല്‍ നില്‍ക്കാനും തുക ഈടാക്കാനും തുടങ്ങിയത്.

 

മൈസൂരു, ബന്ദിപ്പൂർ നാഷനൽ പാർക്ക്, ഗോപാല‍സ്വമിബേട്ട, മുതുമലൈ നാഷനൽ പാർക്ക്, ബിലിഗിരി രംഗനാഥസ്വാമി കുന്ന്(ബിആർ ഹിൽസ്), ശിവനസമുദ്രം വെള്ളച്ചാട്ടം എന്നിങ്ങനെ ഒട്ടേറെ കാഴ്ചകള്‍ ഗുണ്ടല്‍പേട്ടിന്‍റെ സമീപപ്രദേശങ്ങളിലുണ്ട്. ഗുണ്ടല്‍പേട്ടില്‍ രാത്രി ചിലവഴിക്കാന്‍ ഒട്ടേറെ നല്ല താമസസ്ഥലങ്ങളും ലഭ്യമാണ്.

 

Content Summary : Gundlupet-where a thousand flowers bloom.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com