ADVERTISEMENT

ആചാര്യ രബീന്ദ്രനാഥ ടഗോറിന്റെ ജൻമഗൃഹം കാണാനെത്തിയതിനെക്കുറിച്ചാണല്ലോ പറഞ്ഞു വന്നത്. ബംഗാളിന്റെ നവോത്ഥാനചരിത്രത്തിൽ നിർണായക സംഭാവനകൾ നൽകിയ മഹാത്മാക്കളുടെ ജന്മഗൃഹമാണ് ജൊരോഷൊങ്കോ ഠാക്കൂർ ബാടി എന്ന മാളിക വീട്. പുറത്തുനിന്ന് കാണുന്നതിനെക്കാൾ വിശാലമായിരുന്നു അകക്കാഴ്ചകൾ. ചെറുപ്പം മുതലുള്ള ടഗോറിന്റെ വ്യത്യസ്ത ഫൊട്ടോഗ്രഫുകൾ കൊണ്ട് സമ്പന്നമായിരുന്നു ആ മാളിക. തീക്ഷ്ണമെന്നോ വിഷാദഭരിതമെന്നോ നിസ്സംഗമെന്നോ വ്യക്തമായി പറയാനാകാത്ത ആ വിടർന്ന കണ്ണുകൾ മാത്രം മതിയായിരുന്നു അദ്ദേഹത്തെ തിരിച്ചറിയാൻ. ‘എവിടെ മനസ്സ് ഭയരഹിതമാകുന്നുവോ അവിടെ ശിരസ്സ് ഉന്നതമാകും’ എന്ന തന്റെ തന്നെ വചനങ്ങളെ അന്വർഥമാക്കും വിധം ശിരസ്സുയർത്തി അസാധാരണവ്യക്തിത്വത്തോടെ ടഗോർ ഓരോ ഫോട്ടോയിലും പ്രശോഭിച്ചു. ചെറുതും വലുതുമായ എല്ലാ മുറികളിലും ഛായാചിത്രങ്ങളും ടഗോർ ഉപയോഗിച്ചിരുന്ന സാധനങ്ങളും അടുക്കോടെയും ചിട്ടയോടെയും പ്രദർശിപ്പിച്ചിട്ടുണ്ട്. ഗാന്ധിജി, നെഹ്റു തുടങ്ങിയ മഹദ് വ്യക്തിത്വങ്ങൾ മാത്രമല്ല ഏഷ്യയിലെയും യൂറോപ്പിലെയും അമേരിക്കയിലെയും കലാകാരൻമാരും എഴുത്തുകാരും രാഷ്ട്രീയ നേതാക്കളുമൊക്കെ ടഗോറിനൊപ്പം നിൽക്കുന്ന ഒട്ടേറെ ചിത്രങ്ങൾ അതിശയത്തോടെയും ആദരവോടെയുമാണ് കണ്ടത്.

വിശാലമായ ആ മാളികവീടിന്റെ മുറ്റത്താണ് ടഗോറും കൂട്ടരും നാടകം കളിച്ചിരുന്നത്. കാഴ്ചക്കാരായി കുടുംബത്തിലെ സ്ത്രീകൾ ബാൽക്കണിയിൽ ഇടം പിടിക്കുമായിരുന്നത്രേ. ടഗോറിന്റെ പ്രശസ്തമായ വാല്മീകി എന്ന നാടകം അരങ്ങേറിയതും ഇതേ മുറ്റത്തു തന്നെയായിരുന്നു. ഇപ്പോൾ സെൽഫിയെടുക്കുന്ന സന്ദർശകരുടെ തിരക്കാണവിടെ. ഇവിടെയെത്തുന്നവരൊക്കെ ടഗോർ ആരായിരുന്നു എന്നു ശരിക്കും മനസ്സിലാക്കിത്തന്നെയാണോ വരുന്നതെന്നു സംശയം തോന്നി. ഒരു മ്യൂസിയത്തിൽ കാഴ്ച കണ്ടുനടക്കുന്ന ലാഘവത്തോടെ ആളുകൾ കയറിയിറങ്ങിപ്പോകുന്നു. കലാകാരൻമാരെയും സാഹിത്യകാരൻമാരെയും വേദാന്തികളെയുമെല്ലാം വിസ്മയിപ്പിച്ച ഒരു മഹാത്മാവ് ഓടിനടന്ന വീടാണിതെന്നും അദ്ദേഹത്തെ സന്ദർശിക്കാനെത്തിയ എത്രയോ മഹാത്മാക്കളുടെ സാന്നിധ്യം കൊണ്ട് ഇവിടെ അനുഗൃഹീതമായിട്ടുണ്ടെന്നുമൊക്കെ ഓർത്തപ്പോൾ വീണ്ടും ആ പഴയ നിരാശയാണ് മനസ്സിൽ നിറയുന്നത്. ഏതു നിമിഷവും അവസാനിക്കാവുന്ന ഒരു ജീവിതം നാലു പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. പക്ഷേ ജനിച്ചതുകൊണ്ടും ജീവിച്ചതുകൊണ്ടും ആർക്കെന്ത് നേട്ടമെന്ന ചോദ്യം ബാക്കി. മഹാത്മാക്കളുടെ ചരിത്രം വായിക്കുമ്പോഴും പഠിക്കുമ്പോഴുമൊക്കെ തോന്നാറുണ്ട്, ഇവരെങ്ങനെയാണ് ഇത്രയും പ്രതിഭാശാലികളാകുന്നത്, സ്വന്തം പ്രയത്നമോ അതോ അദൃശ്യമായ എന്തോ ഇടപെടലുകളോ? വിശദീകരിക്കാനാകാത്ത ഏതോ മൗനത്തിലേക്കു സന്ദർശകൻ വീണുപോകുന്നത് ടഗോർ അന്ത്യശ്വാസം വലിച്ച മുറിയിലെത്തുമ്പോഴാണ്. ശാന്തിനികേതനിൽ സ്ഥിരതാമസമാക്കിയെങ്കിലും ടഗോറിന്റെ മരണം കുടുംബവീട്ടിൽത്തന്നെയായിരുന്നു.

ആ വലിയ ഭവനം കണ്ടുനടക്കുന്നതിനിടെ ഒരു ഭാഗത്തെത്തിയപ്പോൾ വല്ലാത്ത കൗതുകം തോന്നി. മൃണാളിനീ ദേവിയുടെ അടുക്കള എന്ന് അവിടെ എഴുതി വച്ചിട്ടുണ്ട്. കഷ്ടിച്ച് ഒന്നോ രണ്ടോ പേർക്ക് പെരുമാറാൻ മാത്രം സ്ഥലമുള്ള ഒരു ചെറിയ അടുക്കളയാണത്. ഇത്രവലിയ കുടുംബത്തിനുള്ള ആഹാരം പാകം ചെയ്യുന്ന അടുക്കളയല്ല അതെന്ന് ഉറപ്പായിരുന്നു. ടഗോറിന്റെ ഭക്ഷണതാൽപര്യങ്ങൾക്ക് അനുസൃതമായി രുചിയേറിയ വ്യത്യസ്ത വിഭവങ്ങൾ അദ്ദേഹത്തിനായി മൃണാളിനീ ദേവി തയാറാക്കിയിരുന്നത് ഈ അടുക്കളയിലായിരുന്നെന്ന് പിന്നീട് മനസ്സിലായി. ടഗോറിനൊപ്പം കുടുംബത്തിലെ മറ്റ് വിശിഷ്ടവ്യക്തികളുടെയും ഛായാചിത്രങ്ങളും അവരുപയോഗിച്ചിരുന്ന വസ്തുവകകളും കുടുംബവീട്ടിലുണ്ട്. ദ്വിജേന്ദ്രനാഥ ടഗോർ, സത്യേന്ദ്രനാഥ ടഗോർ, ജ്യോതീന്ദ്രനാഥ ടഗോർ, സ്വർണകുമാരി, ഹേമേന്ദ്രനാഥ ടഗോർ തുടങ്ങി ഓരോരുത്തരും ബംഗാളിന്റെ നവോത്ഥാനത്തിന് വ്യത്യസ്ത മേഖലകളിലായി സംഭാവന നൽകിയവരാണ്. എഴുത്തും കലയും സംഗീതവും ആധ്യാത്മികതയും രാഷ്ട്രീയവും ഭരണനൈപുണ്യവുമൊക്കെയായി ബംഗാളിനെ നവീകരിക്കുന്നതിൽ ടഗോർ കുടുംബം വഹിച്ച പങ്ക് അതുല്യമാണ്. പ്രതിഭകളുടെ സംഗമവേദിയായിരുന്ന ആ മാളികവീട് പ്രതാപത്തിന് ഒരു കുറവുമില്ലാതെ തലയുർത്തി നിന്നു നൂറ്റാണ്ടുകൾക്കിപ്പുറവും സന്ദർശകരെ വരവേൽക്കുകയാണ്. ടഗോർ കുടുംബത്തെക്കാൾ എത്രയോ മടങ്ങ് പണവും അധികാരവുമൊക്കെയുണ്ടായിരുന്നവർ ഈ നാട്ടിൽ ഉണ്ടായിരുന്നിരിക്കാം. വരുംതലമുറയ്ക്കായി അടയാളപ്പെടുത്തലുകളൊന്നുമില്ലാതെ അവരൊക്കെ മൺമറഞ്ഞ് വിസ്മൃതിയിലൊടുങ്ങുമ്പോൾ ബംഗാളിനെ മാത്രമല്ല രാജ്യത്തെത്തന്നെ ലോകശ്രദ്ധയിലെത്തിച്ച മഹാത്മാക്കളുടെ പേരിൽ ടഗോർ കുടുംബം അമരത്വം നേടിയതോർത്തു പതിയെ തിരിച്ചിറങ്ങി. പണമല്ല പ്രതിഭയാണു വലുതെന്ന് കാലം തെളിയിച്ചുകൊണ്ടേയിരിക്കുന്നു.

കൊൽക്കത്തയിലെ അവസാനദിവസങ്ങളിലെ സന്ദർശനങ്ങളെല്ലാം അമൂല്യങ്ങളായിരുന്നു. ടഗോർ എന്ന അതിശയം തീർത്ത വിസ്മയം തീരുന്നതിനു മുമ്പ് സ്വാമി വിവേകാനന്ദന്റെ ജൻമഗൃഹത്തിലെത്തി. മണിക്തലയിലെ വിവേകാനന്ദ റോഡിന് അഭിമുഖമായാണ് വിവേകാനന്ദൻ ജനിച്ചുവളർന്ന വീട്. ജീർണാവസ്ഥയിലായ വീട് 1962 ൽ രാമകൃഷ്ണമിഷൻ ഏറ്റെടുക്കുകയായിരുന്നു. 2004 ലാണ് ഇത് മ്യൂസിയമായും സാംസ്കാരിക-ഗവേഷണ കേന്ദ്രമായും മാറിയത്. പുതുക്കി പണിതിട്ടുണ്ടെങ്കിലും പഴയ കെട്ടിടം അങ്ങനെ തന്നെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. സ്വാമി വിവേകാനന്ദൻ എന്ന മനുഷ്യസ്നേഹിയായ സന്ന്യാസിയെക്കുറിച്ച് അറിയുന്നവർക്കെല്ലാം മനസ്സിന് ശാന്തിയും ധൈര്യവും നൽകുന്ന അപാരമായ ഒരു ഊർജകേന്ദ്രമാണിത്. വിവേകാനന്ദന്റെ കുട്ടിക്കാലവും അദ്ദേഹത്തിന്റെ ഷിക്കാഗോ പ്രസംഗവുമൊക്കെ വിശദീകരിക്കുന്ന ഡോക്യുമെന്ററി പ്രദർശനത്തിനു ശേഷമായിരുന്നു അകത്തേക്കുള്ള പ്രവേശനം. ശാന്തമായ ഇടനാഴികൾക്ക് ഇരുവശവും വിവേകാനന്ദന്റെ ജീവിതം വ്യക്തമാക്കുന്ന ഫൊട്ടോഗ്രഫുകളുണ്ട്. കുടുംബാംഗങ്ങൾ ഉപയോഗിച്ചിരുന്ന വസ്തുക്കളും ഇവിടെ സന്ദർശകർക്കായി പ്രദർശിപ്പിച്ചിട്ടുണ്ട്. പഴയ വീടിന്റെ ടെറസിൽ പ്രസവത്തിനായി ഉണ്ടാക്കിയ താത്കാലിക ഷെഡിലായിരുന്നു വിവേകാനന്ദൻ ജനിച്ചുവീണത്. അതേ സ്ഥലത്ത് വിവേകാനന്ദന്റെ ശിൽപം തീർത്ത് അങ്ങനെ തന്നെ സംരക്ഷിച്ചു വരികയാണ്. ടഗോർ അന്ത്യശ്വാസം വലിച്ച മുറി സമ്മാനിച്ചത് അകാരണമായ നൊമ്പരമായിരുന്നെങ്കിൽ വിവേകാനന്ദൻ എന്ന ലോകം കണ്ട അധ്യാത്മികാചാര്യൻ ജനിച്ചുവീണ സ്ഥലം കണ്ടത് അദ്ഭുതാദരവോടെയാണ്. മറ്റെവിടെയും പോകാതെ, വേറൊന്നും ആലോചിക്കാനില്ലാതെ ആ മന്ദിരത്തിന്റെ ഏതെങ്കിലുമൊരു മൂലയിൽ വെറുതെ കണ്ണുകളടച്ചിരിക്കാൻ വലിയ ആഗ്രഹം തോന്നി. പക്ഷേ സമയക്കുറവ് വലിയ പ്രശ്നമായതിനാൽ മനസില്ലാമനസ്സോടെ അവിടെനിന്നു തിരിച്ചിറങ്ങേണ്ടിവന്നു.

ആചാര്യ ജഗദീഷ് ചന്ദ്രബോസ് റോഡിലുള്ള മദർ തെരേസ ഹൗസായിരുന്നു അടുത്ത ലക്ഷ്യസ്ഥാനം. നിരാലംബരായ മനുഷ്യർക്കായി ജീവിതം മാറ്റിവച്ച് സേവനം നടത്താൻ മദർ തിരഞ്ഞെടുത്ത സ്ഥലം. ആ സേവനം അവസാനിപ്പിച്ച് മദർ നിത്യനിദ്ര നടത്തുന്നതും ഇവിടെത്തന്നെയാണ്. അഗതികളുടെ അമ്മ ജീവിച്ചിരുന്ന കേന്ദ്രം നേരിട്ടു കാണാൻ ദിവസംതോറും ഒട്ടേറെ സന്ദർശകർ എത്തുന്നുണ്ട്. മദർ തെരേസയുടെ ശവകുടീരത്തിനു മുകളിൽ പൂക്കളർപ്പിച്ച് തല കുമ്പിട്ട് പലരും പ്രാർഥിക്കുന്നുണ്ടായിരുന്നു. സന്ദർശകർക്ക് നിശബ്ദരായി ഇരുന്നു പ്രാർഥിക്കാനായി കസേരകളും ഇവിടെയുണ്ട്. ശവകുടീരത്തിനു സമീപത്തായി മദറിന്റെ വ്യത്യസ്ത ഫൊട്ടോഗ്രഫുകളും ലഭിച്ച അവാർഡുകളുമൊക്കെ പ്രദർശിപ്പിച്ചിട്ടുണ്ട്. മദർ ഉപയോഗിച്ചിരുന്ന സാരികൾ, ചെരിപ്പുകൾ, ബാഗ് തുടങ്ങിയ ചില സാധനങ്ങളും കാണാം. അവസാന ദിവസം വരെ മദർ ഉപയോഗിച്ചിരുന്ന മുറി അങ്ങനെ തന്നെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അവിടെ എഴുത്തുമേശയും കസേരയും കട്ടിലും ശ്യൂന്യമായിക്കിടക്കുന്നു.

IMG_0717

തിരിച്ചിറങ്ങുമ്പോൾ പതിവുപോലെ തിളച്ച വെയിലായിരുന്നു പുറത്ത്. കുറച്ച് ദിവസങ്ങളായുള്ള യാത്രയാണ്. നല്ല ക്ഷീണമുണ്ടായിരുന്നെങ്കിലും വിക്ടോറിയ മെമ്മോറിയലിന് സമീപമുള്ള പ്ലാനറ്റോറിയം കൂടി കാണാമെന്ന് തീരുമാനിച്ചു. ഒരു മണിക്കൂർ നീളുന്ന ഷോ കാണാനായി ടിക്കറ്റെടുത്ത് കയറിയപ്പോൾ വലിയ ആശ്വാസം തോന്നി. പുറത്തെ കത്തുന്ന ചൂടിൽനിന്ന് എസിയുടെ കുളിരിലേക്കു കടന്നതിന്റെ സന്തോഷം വലുതായിരുന്നു. ഒരു സിനിമാതിയേറ്ററിലേക്കു കടക്കുന്നതു പോലെ. വൃത്താകൃതിയിലാണ് സീറ്റുകൾ ഒരുക്കിയിരിക്കുന്നത്. സ്ക്രീൻ മുന്നിലല്ല, മുകളിലാണ്. തലയുയർത്തി മുകളിലേക്കു നോക്കി കിടന്നപ്പോൾ നക്ഷത്രങ്ങളും അവയുടെ സഞ്ചാരപഥങ്ങളും ഗ്രഹങ്ങളുമൊക്കെ പതിയെ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഉൽക്കകളെക്കുറിച്ചും അവ ഭൂമിക്ക് സൃഷ്ടിക്കുന്ന ഭീഷണിയെക്കുറിച്ചും വ്യക്തമാക്കുന്ന ഒരു ഷോ ആയിരുന്നു അത്. വിജ്ഞാനപ്രദമായിരുന്നെങ്കിലും ഗാലറിയിലെ സുഖദമായ തണുപ്പും കഠിനമായ ക്ഷീണവും കാരണം പലപ്പോഴും കണ്ണുകളടഞ്ഞു പോയി. പ്ലാനറ്റേറിയത്തിൽ നിന്നിറങ്ങിയപ്പോഴാണ് ഓർത്തത്, കൊൽക്കത്തയിൽ കാഴ്ചകൾ കണ്ട് നടന്നതല്ലാതെ ഷോപ്പിങ് ഒന്നും നടത്തിയിട്ടില്ല. പ്രത്യേകിച്ച് വാങ്ങാനൊന്നുമില്ല. എങ്കിലും പ്രശസ്തമായ ന്യൂ മാർക്കറ്റ് വരെ പോകാമെന്നുറപ്പിച്ചു.

ഡൽഹിയിലെപ്പോലെ വലിയ വിലപേശലുകളൊന്നും നടക്കില്ല. വസ്ത്രങ്ങൾക്കൊക്കെ ഫിക്സഡ് റേറ്റാണ്. വാങ്ങാൻ പ്രേരിപ്പിക്കുന്നതൊന്നും അക്കൂട്ടത്തിൽ കണ്ടതുമില്ല. ഒരു കിണർ കുടിച്ചുവറ്റിക്കാനുള്ള ദാഹമുണ്ടായിരുന്നു എല്ലാവർക്കും. കുപ്പിവെള്ളം വാങ്ങി മടുത്തു. നോക്കുമ്പോൾ നാരങ്ങയും പുതിനയിലയും ഇട്ട വെള്ളം വിതരണം ചെയ്യുന്നുണ്ട് ഒരു പയ്യൻ. ആർത്തിയോടെ ഓടിച്ചെന്നു. പതിനഞ്ച് രൂപയാണ് ഒരു ഗ്ലാസിന്. വെള്ളം കുടിച്ചപ്പോഴാണ് മനസ്സിലായത് നാരങ്ങയൊന്നുമില്ല പുതിനയില ഇട്ട തണുത്ത വെറും വെള്ളമാണ് തരുന്നത്. പക്ഷേ ആ കൊടുംചൂടിൽ കിട്ടിയ പുതിനയില വെള്ളത്തിന് അമൃതിന്റെ മൂല്യമുണ്ടായിരുന്നു എന്ന് പറയാതിരിക്കാൻ വയ്യ. ന്യൂ മാർക്കറ്റ് ലതർ ബാഗുകൾക്കും പഴ്സുകൾക്കും പ്രശസ്തമായതിനാൽ ആ ഭാഗം അന്വേഷിച്ചു കണ്ടെത്തി. നാട്ടിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ വ്യത്യാസം തോന്നി. അത്യാവശ്യം വേണ്ടതൊക്കെ വാങ്ങി ഷോപ്പിങ് അവസാനിപ്പിച്ചു. ക്ഷീണിച്ച് അവശരായിരിക്കുന്നു എല്ലാവരും. ഇനിയൊരു ഹോട്ടൽ അന്വേഷിച്ച് കണ്ടെത്തുന്നത് ഓർത്തപ്പോഴേ മടുപ്പ് തോന്നി. എങ്കിലും വെറുതേ ഒന്നു നടന്നപ്പോൾ ഹോട്ടലുകളുടെ നിര തന്നെ കണ്ടു. വീണ്ടും അതേ ഭക്ഷണം, ചോറ്, വഴുതനങ്ങക്കറി, പനീർമസാല, രണ്ട് ചപ്പാത്തി, പപ്പടം. പൊതുവേ രുചികരമായ ഭക്ഷണമെന്നു തന്നെ പറയാം.

IMG_0833

കൊൽക്കത്ത വിടാൻ ഇനി മണിക്കൂറുകൾ മാത്രമേയുള്ളു. രാവിലെ ഇറങ്ങുന്നതിന് മുൻപ് സാധനങ്ങളൊക്കെ പാക്ക് ചെയ്തു റെഡിയാക്കിവച്ചിരുന്നു. ഇനി ഹോട്ടലിൽ പോയി അതെടുക്കണം. ഹോട്ടലിൽ പോയി ബാഗുകളെടുത്തു നേരെ വിമാനത്താവളത്തിലെത്തണമെന്നു ടാക്സിക്കാരനെ ഒരു വിധം ധരിപ്പിച്ചു. അതുവരെയുള്ള ചാർജും പറഞ്ഞുറപ്പിച്ചു. അങ്ങനെ കൊൽക്കത്തയുടെ സ്വന്തം അംബാസിഡർ കാറിൽ ഹോട്ടലിലെത്തി, സാധനങ്ങളെടുത്തു. നേരേ വിമാനത്താവളത്തിലേക്ക്. കഴിഞ്ഞ തവണ ഈ മഹാനഗരത്തിലെത്തി തിരികെ പോകുമ്പോൾ, തിരികെ വരുമെന്ന് കരുതിയിട്ടേയില്ല. ദാ ഇപ്പോൾ രണ്ടാം വരവും പൂർത്തിയാക്കി തിരികെ പോകുന്നു. ഇനിയൊരു വരവിന് ഒരു സാധ്യതയുമില്ല. എങ്കിലും അറിയില്ല, മനുഷ്യനാണ്, എന്ത് എപ്പോൾ എങ്ങനെ എന്ന് ആർക്ക് നിശ്ചയിക്കാനാകും. വീണ്ടും വരാനായാൽ സന്തോഷം, വരാനായില്ലെങ്കിലും സങ്കടമില്ല, കൊൽക്കത്ത എന്ന നഗരത്തെ അറിഞ്ഞുകഴിഞ്ഞതാണ്. ഇനി വായനയിലും കാഴ്ചകളിലും കേൾവികളിലും കൊൽക്കത്ത എന്നത് അങ്ങ് ദൂരെയുള്ള ഏതോ ഒരു നഗരമല്ല, ദിവസങ്ങൾ മാത്രമെങ്കിലും ചവിട്ടി നടന്ന മണ്ണാണ്, ഞങ്ങൾക്ക് അന്നം തന്ന് വഴികാട്ടിയ മനുഷ്യരുള്ള നാടാണ്. ഇനിയൊരിക്കലും കാണാനാകില്ലെന്ന് ഉറപ്പാണ്. അഥവാ കണ്ടാൽത്തന്നെ ആരും ആരെയും തിരിച്ചറിയില്ല. മനുഷ്യർ അങ്ങനെയാണ്. കോടിക്കണക്കിനുണ്ടെങ്കിലും ഒരാളെ മറ്റൊരാളിലേക്ക് എത്തിക്കുന്നതെന്താണെന്ന് ആർക്കും നിശ്ചയമില്ല. അത് സംഭവിക്കുകയാണ്. അതുപോലെ തന്നെയാണ് നാടുകളുടെ കാര്യവും . എല്ലാ നാട്ടിലും എല്ലാവരുമെത്തില്ലല്ലോ. പക്ഷേ ആരൊക്കെയോ എവിടെയൊക്കെയോ എത്തുന്നുമുണ്ട്. അതൊരു നിയോഗമാണെങ്കിൽ ഞങ്ങളെ കൊൽക്കത്തയിലെത്തിച്ച ആ നിയോഗം ആരുടേതായാലും ഹൃദയത്തിൽ നിന്ന് നന്ദി. പുതിയൊരു നാട്ടിലെത്താനുള്ള മറ്റൊരു നിയോഗം കാത്തിരിക്കുന്നുണ്ടാകുമെന്ന വിശ്വാസത്തോടെ ഇനി മടക്കയാത്ര.

IMG_0831
ലേഖിക

കൊൽക്കത്ത യാത്രാവിവരണം അഞ്ചാം ഭാഗം :
അതിശയിപ്പിക്കും വിക്ടോറിയ മെമ്മോറിയൽ, കണ്ടാൽ തീരാത്ത ഇന്ത്യൻ മ്യൂസിയം


കൊൽക്കത്ത യാത്രാവിവരണം നാലാം ഭാഗം :

കത്തുന്ന ചൂടിൽ ഗംഗയിലേക്ക്, കേടായ റിക്ഷയിൽ പാതിരാകറക്കം; മറക്കാനാകാതെ കൊൽക്കത്തയിലെ രാത്രി...


കൊൽക്കത്ത യാത്രാവിവരണം മൂന്നാം ഭാഗം :
ബാവുൽ കലാകാരൻമാരും അമർത്യ സെന്നിന്റെ വീടും... ശാന്തിനികേതനിലെ മൂന്നാം പകൽ...


കൊൽക്കത്ത യാത്രാവിവരണം രണ്ടാം ഭാഗം :
ഹൗറയിൽ നിന്ന് ടാഗോറിന്റെ ശാന്തിതീരത്തിലേക്ക്, കൊൽക്കത്ത യാത്ര...


കൊൽക്കത്ത യാത്രാവിവരണം ഒന്നാം ഭാഗം :
കലാസ്നേഹികളെ മോഹിപ്പിക്കുന്ന കൊൽക്കത്ത; ആദ്യമായി എത്തുന്നവരെ അമ്പരപ്പിക്കും...

Content Summary : Kolkata, a city with a rich history and culture, dating back to the 17th century travelogue.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com