ADVERTISEMENT

അപൂര്‍വ്വ കാഴ്ചകളുടെ അത്ഭുതഖനിയാണ് ഇന്ത്യ. വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും സംസ്കാരവും ജീവിതരീതികളും ഭക്ഷണവിഭവങ്ങളുമെല്ലാം ഇന്ത്യയുടെ ഓരോ ഭാഗങ്ങളും ഒന്നിനൊന്നു വ്യത്യസ്തമാക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ, ഇന്ത്യ മുഴുവനായും കണ്ടു തീര്‍ക്കാന്‍ ഒരു ആയുഷ്കാലം മതിയാവില്ല.സ്ഥിരമായി കണ്ടുപരിചയിച്ച ഇടങ്ങളില്‍ നിന്നും മാറി,അല്‍പ്പം വ്യത്യസ്തമായ അനുഭവങ്ങള്‍ തേടി യാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായിതാ അഞ്ചു സ്ഥലങ്ങള്‍... 

 

കൊറിംഗയിലെ കണ്ടല്‍കാടുകള്‍

ഇന്ത്യയുടെ കിഴക്കൻ തീരത്തെ ഏറ്റവും വലിയ കണ്ടൽക്കാടുകളിൽ ഒന്നാണ് കൊറിംഗ വന്യജീവി സങ്കേതം. 250- ലധികം ഇനം പക്ഷികളും അത്യപൂര്‍വ്വമായ നിരവധി ജീവജാലങ്ങളും ഇവിടെ വസിക്കുന്നു. മധ്യ, വടക്കൻ ഏഷ്യ, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നും വിരുന്നെത്തുന്ന ദേശാടനപ്പക്ഷികളുടെ കാഴ്ച നയനാനന്ദകരമാണ്. പ്രകൃതിസ്നേഹികള്‍ക്ക് സന്തോഷത്തോടെ അവധിദിനം ചിലവിടാന്‍ വേണ്ടതെല്ലാം ഇവിടെയുണ്ട്.

ഖരുവിലെ പെട്രോഗ്ലിഫുകൾ

ഭൂതകാല നാഗരികതകളുടെയും ചരിത്ര വികാസത്തിന്‍റെയും നിഗൂഢമായ രഹസ്യങ്ങള്‍ ഒളിപ്പിച്ച പെട്രോഗ്ലിഫുകളാണ് ലേയിൽ നിന്ന് 160 കിലോമീറ്റർ അകലെയുള്ള ഡോംഖർ റോക്ക് ആർട്ട് സാങ്ച്വറിയുടെ പ്രത്യേകത. വളരെ നന്നായി സംരക്ഷിക്കപ്പെട്ട 500- ഓളം പെട്രോഗ്ലിഫുകൾ ഇവിടെയുണ്ട്. ബിസിഇ 2-ഉം 3-ഉം സഹസ്രാബ്ദങ്ങള്‍ക്കിടയില്‍ ഉള്ളവയാണ് ഇതെന്ന് പറയപ്പെടുന്നു.

ഹിമാചൽ പ്രദേശിലെ ബാഹു

കുളുവിലെ ബഞ്ചാർ തഹസിലിൽ സ്ഥിതി ചെയ്യുന്ന ബാഹു, സമുദ്രനിരപ്പിൽ നിന്ന് 2,000 മീറ്ററിലധികം ഉയരത്തിലുള്ള ഒരു മനോഹരഗ്രാമമാണ്. ഇവിടെ ഒട്ടേറെ പുരാതന ക്ഷേത്രങ്ങളും ആരാധനാലയങ്ങളുമുണ്ട്. വളഞ്ഞുപുളഞ്ഞു പോകുന്ന ഹൈക്കിംഗ് പാതകളും ബാലു നാഗ് ക്ഷേത്രത്തിലേക്കുള്ള പ്രകൃതിരമണീയമായ കാൽനടയാത്രയും ആസ്വദിക്കാം. ശേഷ്‌നാഗ് ക്ഷേത്രമാണ് മറ്റൊരു ഹോട്ട്‌സ്‌പോട്ട്. കണ്ണെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന പുൽമേടുകളും പുരാതന വാസ്തുവിദ്യയുമെല്ലാം കണ്ണിനു വിരുന്നൊരുക്കും.

ജാർഖണ്ഡിലെ മാ മൗലിക്ഷ ക്ഷേത്രങ്ങൾ

നൂറ്റാണ്ടുകളുടെ ഐതിഹ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന 72 ടെറാക്കോട്ട ക്ഷേത്രങ്ങൾ കാണണമെങ്കില്‍ ജാർഖണ്ഡിലെ ദുംക ജില്ലയിലേക്ക് യാത്ര ചെയ്യാം. ബംഗാളിലെ പാല ഭരണാധികാരികൾ, മഹായാന അനുയായികൾ, ബുദ്ധമതത്തിലെ താന്ത്രികവിദ്യാലയങ്ങൾ എന്നിവയുടെ സ്മരണയുണര്‍ത്തുന്ന ഈ ക്ഷേത്രങ്ങള്‍ അത്ഭുതകരമായ കാഴ്ചയാണ്. പശ്ചിമ ബംഗാളിലെ തീർത്ഥാടന കേന്ദ്രമായ താരാപീഠ്ല്‍ നിന്നും വെറും 23 കിലോമീറ്റർ അകലെയാണ് ഇത്.

പിലാക്കിലെ ടെറാക്കോട്ട ഫലകങ്ങൾ

തെക്കൻ ത്രിപുരയിലെ ബെലോണിയയുടെ ഹൃദയഭാഗത്ത്, 8-ഉം 9-ഉം നൂറ്റാണ്ടുകളിലെ മതകലയുടെ ഒരു കേന്ദ്രമാണ് പിലാക്ക്. ടെറാക്കോട്ട ഫലകങ്ങൾ, സ്തൂപങ്ങൾ, ശിലാപ്രതിമകൾ, ബോധിസത്വൻ അവലോകിതേശ്വര, നരസിംഹൻ എന്നിവരുടെ ചിത്രങ്ങൾ എന്നിങ്ങനെ ഒട്ടേറെ കാഴ്ചകള്‍ ഉള്ള ഇവിടെ എല്ലാ വർഷവും മൂന്ന് ദിവസത്തെ പുരാവസ്തു ഉത്സവം നടത്തുന്നു.ബുദ്ധമത കേന്ദ്രങ്ങളായ മൈനാമതി, ബംഗ്ലാദേശിലെ പഹാർപൂർ എന്നിവയുമായും പിലാക്കിന് അടുത്ത ബന്ധമുണ്ട്. ഈ പ്രദേശത്തെ  ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതിനായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അടുത്തിടെ ഇവിടെ വിപുലമായ ഖനനം നടത്തിയിരുന്നു.

Content Summary : 6 Little-Known Places To Discover In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com