മഞ്ഞിൽ മുങ്ങാൻ മാന്തൽപട്ടി, മനം നിറയ്ക്കുന്ന കാഴ്ച

HIGHLIGHTS
  • കർണാടകയിലെ മടിക്കേരിയിൽ നിന്നു 20 കിലോമീറ്ററോളം അകലെ പുഷ്പഗിരി റിസർവ് വനത്തിലെ വ്യൂ പോയിന്റ്.
മാന്തൽപട്ടി
മാന്തൽപട്ടി
SHARE

ആദ്യം ഒരു കൂവലായിരുന്നു. പിന്നീട് നിശ്ശബ്ദത പടർന്നു. മൊബൈൽ ഫോൺ ക്യാമറകളുടെ മിന്നൽ മാത്രം അവിടവിടെ തെളിഞ്ഞു. കുന്നിനുമുകളിൽ, നൂറോളം സഞ്ചാരികൾക്കു മേൽ കരിമ്പടം പോലെ പടർന്ന മഞ്ഞിൽ പരസ്പരം കാണാനാകാതെ മിനിറ്റുകളോളം ഞങ്ങൾ കാത്തിരുന്നു.

സമൂഹമാധ്യമങ്ങളിൽ പലവട്ടം പ്രകീർത്തിക്കപ്പെട്ട മാന്തൽപട്ടി എന്ന കുന്നിനുമുകളിലായിരുന്നു ഞങ്ങൾ. കർണാടകയിലെ മടിക്കേരിയിൽ നിന്നു 20 കിലോമീറ്ററോളം അകലെ പുഷ്പഗിരി റിസർവ് വനത്തിലെ വ്യൂ പോയിന്റ്.  അങ്ങോട്ടു  പോകുമ്പോഴുണ്ടായിരുന്ന തെളിഞ്ഞ ആകാശം പെട്ടെന്നാണ് ഇരുണ്ടുമൂടിയത്. മഴയോ മഞ്ഞോ എന്നു മനസ്സിലാക്കാനാകാത്ത, കടുത്ത പുക പോലെ ഒന്നു വന്ന് ഞങ്ങളെ മൂടുകയായിരുന്നു. ചെറുപ്പക്കാർ കൂക്കിവിളിച്ചാണ് എതിരേറ്റത്. കുന്നിനു മുകളിൽ സാധാരണ പരിചിതമായ മഞ്ഞ് എന്ന് ആദ്യം കരുതി. പക്ഷേ, തിരമാല പോലെ മേൽക്കുമേൽ ആർത്തിരമ്പി വന്ന മഞ്ഞ് ഞങ്ങളെ പൊതിഞ്ഞതോടെ എല്ലാവരും നിശ്ശബ്ദരായി. അവിടവിടെ കുട്ടികളുടെ ചിണുക്കം മാത്രം ഉയർന്നു. ചിത്രം മൊബൈലിൽ പകർത്താൻ ശ്രമിച്ചവർ ഒന്നും പതിഞ്ഞതുകാണാതെ നിരാശരായി. 

 അൽപസമയം കഴിഞ്ഞപ്പോൾ കുന്നിൻമുകളിൽ സൂര്യപ്രകാശം വന്നു.  തെളിഞ്ഞുവന്നത് മനം നിറയ്ക്കുന്ന കാഴ്ച. താഴെ, പച്ചയും നീലയും നിറത്തിൽ  അസംഖ്യം മലനിരകൾ, കാപ്പിത്തോട്ടങ്ങൾ, ഇളം പച്ചയും വയലറ്റും ചുമപ്പുമടക്കം വൃക്ഷത്തലപ്പുകൾ നിറഞ്ഞ റിസർവു വനങ്ങൾ, അകലെ പേരറിയാത്ത ചെറിയ ടൗണുകൾ, ചെറിയ വെള്ളപ്പാച്ചിലുകളുടെ തിളക്കം, പച്ചയണിഞ്ഞ പുൽമേടുകൾ... 360 ഡിഗ്രിയിൽ തുറന്ന ചേതോഹര ദൃശ്യം.

അടുത്ത ക്ഷണം വീണ്ടും മഞ്ഞു വന്നു സഞ്ചാരികളെ പൊതിഞ്ഞു. ചേർന്നു നിൽക്കുന്നയാളെ പോലും കാണാൻ കഴിയാത്ത മഞ്ഞിന്റെ പുതപ്പ് ഇപ്പോൾ കൗതുകമായി. ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞ് ഒരു പുതുമയല്ല. താഴ്‌വരകളിൽ പോലും ഇപ്പോൾ സാധാരണവുമാണ്. പക്ഷേ,   ഇരമ്പിവന്ന് കണ്ണ് പൊത്തിക്കളിക്കുന്നതു പോലെയുള്ള അനുഭവം അസാധാരണം. നിന്ന നിൽപിൽ ഇരുട്ടിലാഴ്ത്തി അടുത്ത ക്ഷണം കാഴ്ച അനുവദിക്കും. അപ്പോൾ കൺനിറയെ കാണുക. പിന്നെ, കാത്തിരിക്കുക. കുറച്ചുകഴിയുമ്പോൾ ഈ കൺകെട്ട് നമ്മൾ ഇഷ്ടപ്പെടും.

എല്ലാ സീസണിലും ഈ അവസ്ഥ ഉണ്ടാകില്ലെന്ന്, തിരിച്ചിറങ്ങിവന്നപ്പോൾ ഞങ്ങളുടെ ടാക്സി ഡ്രൈവർ പറഞ്ഞു. ചിലപ്പോൾ മുഴുസമയവും തെളിഞ്ഞ അന്തരീഷമായിരിക്കും. ചില ദിവസങ്ങളിൽ ഒന്നും കാണാനാകാത്ത അവസ്ഥയും വരാം. 

മടിക്കേരി സ്വദേശിയായ ഡ്രൈവർ പങ്കുവച്ച ചില കാര്യങ്ങൾ കൂടി: മാർച്ച് മുതൽ ജൂൺ വരെയാണ് അനുയോജ്യമായ കാലാവസ്ഥ. ഫോർ വീൽ വാഹനങ്ങളിൽ മാത്രമേ അവിടെ എത്താനാവൂ. സ്വന്തം വാഹനങ്ങൾ വേണമെങ്കിൽ ഉപയോഗിക്കാം. പക്ഷേ, പകുതിയോളം ദൂരം ഓഫ്റോഡ് ഡ്രൈവിങ് വേണ്ടി വരും.  അത്ര പരിചയമില്ലെങ്കിൽ അപകടകരം. വ്യൂപോയിന്റിലേക്കു വാഹനങ്ങളെ കടത്തിവിടില്ല. അവസാനത്തെ രണ്ടുകിലോമീറ്ററോളം നടന്നുപോകണം. സമയം രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ മാത്രം. മാന്തൽപട്ടിയിലേക്കു സർവീസ് നടത്തുന്ന ടാക്സികൾ മടിക്കേരി ടൗണിൽ നിന്നുതന്നെ ലഭിക്കും. മിക്കവാറും ഹോട്ടൽ ഉടമകൾ തന്നെ ഏർപ്പാടാക്കുന്നുണ്ട്. നിരക്ക് രണ്ടായിരത്തിൽ താഴെ. 

Content Summary : Mandalpatti, a popular tourist destination known for its scenic views of the surrounding hills and valleys.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS