ഉദയ്പൂരിന്‍റെ മാസ്മരിക ഭംഗിയില്‍ നൃത്തംചെയ്ത് അഹാന കൃഷ്ണ
Mail This Article
തടാകങ്ങളുടെ നഗരമായ ഉദയ്പൂരില്‍ വെക്കേഷന്‍ ആഘോഷിച്ച് നടി അഹാന കൃഷ്ണയും കുടുംബവും. ഉദയ്പൂര്‍ കൊട്ടാരത്തില്‍ നിന്നുള്ള ഒട്ടേറെ ചിത്രങ്ങള്‍ അഹാന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഉദയ്പൂരിന്‍റെ ഹൃദയഭാഗത്തായി, അഞ്ചേക്കറിൽ ഒരു കുന്നിൻ മുകളിലാണ് ഔരിക എന്ന റിസോര്‍ട്ട്. ഗംഭീരമായ മുറ്റവും ടെറസ് പൂന്തോട്ടങ്ങളും ആധുനിക സജ്ജീകരണങ്ങളുമെല്ലാമുള്ള റിസോര്‍ട്ട്, ഉദയ്പൂരിലെ ഏറ്റവും മികച്ച ആഡംബര ഹോട്ടലുകളില്‍ ഒന്നാണ്. ലേക്ക് ഫത്തേ സാഗർ, ലേക് പിച്ചോള, സജ്ജൻഗഡ് പാലസ്, സിറ്റി പാലസ് തുടങ്ങിയ ആകര്‍ഷണങ്ങള്‍ക്കു സമീപമാണ് ഹോട്ടല്‍ സ്ഥിതിചെയ്യുന്നത്.
ഇന്ത്യയുടെ വെനീസ്
തെക്കൻ രാജസ്ഥാനില്‍ ആരവല്ലി മലനിരകളുടെ തെക്കേച്ചരിവിലാണ് ഉദയ്പൂർ എന്ന പ്രാചീനനഗരം. ഒരു കാലത്ത്, വളരെ ശക്തമായ രാജ്യമായിരുന്ന ഉദയ്പൂര്‍ ഇന്ന് സ്വദേശികളും വിദേശികളും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. മനുഷ്യനിര്‍മ്മിതമായ തടാകങ്ങളും മനോഹരമായ നഗരങ്ങളും നിറഞ്ഞ ഉദയ്പൂര്‍, 'ഇന്ത്യയുടെ വെനീസ്' എന്നാണ് അറിയപ്പെടുന്നത്.
മനോഹര നിർമികളാലും ചരിത്രപരമായ കോട്ടകളാലും സമ്പന്നമായ ഉദയ്പൂരിനു ചുറ്റും കാടാണ്. രജപുത്ര പരമ്പര്യവും പ്രഭാവവും വിളിച്ചോതുന്ന കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. സ്വർണം, വെള്ളി, ദന്തം എന്നിവകൊണ്ടുള്ള ആഭരണങ്ങൾ, അലങ്കാരവസ്തുക്കൾ, കസവുവസ്ത്രങ്ങൾ, വാൾ, കഠാരി തുടങ്ങിയ ആയുധങ്ങൾ എന്നിവയുടെ നിർമ്മാണത്തിനും പ്രസിദ്ധമാണ് നഗരം.
സമുദ്രനിരപ്പിൽ നിന്ന് 600 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഉദയ്പൂര്‍ നഗരത്തിലെ ഏറ്റവും ഉയർന്ന ഭാഗത്ത് മഹാറാണാപ്രാസാദം, യുവരാജഗൃഹം, സർദാർ ഭവനം തുടങ്ങി രാജകീയമായ രമ്യഹർമ്മ്യങ്ങളും പ്രസിദ്ധമായ ജഗന്നാഥക്ഷേത്രവും സ്ഥിതിചെയ്യുന്നു. ഇവയുടെ പ്രതിബിംബങ്ങൾ സമീപത്തുള്ള പച്ചോളാതടാകത്തിൽ പ്രതിബിംബിക്കുന്നത് മനോഹരമായ കാഴ്ചയാണ്. തടകമധ്യത്തിലായി കാണുന്ന യജ്ഞമന്ദിരം, ജലവാസഗൃഹം എന്നീ വാസ്തുശില്‍പങ്ങളും വിനോദസഞ്ചാര ആകര്‍ഷണങ്ങളാണ്.
ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മനുഷ്യ നിർമിത തടാകമായ ജെയ്‌സാമന്ദ് തടാകം, പതിനേഴാം നൂറ്റാണ്ടിൽ സിസോഡിയ വംശത്തിന്‍റെ വേനൽക്കാല തലസ്ഥാനമായിരുന്ന ജാഗ് നിവാസ് അഥവാ ലേക്ക് പാലസ് എന്നിവയും ഒട്ടേറെ യാത്രക്കാരെ ആകര്‍ഷിക്കുന്നു.
Content Summary : Udaipur, irresistible charm of old-world, video shared by Ahana Krishna.