ADVERTISEMENT

ഓരോ ശിലയിലും ഒരു ശിൽപം ഒളിച്ചിരിപ്പുണ്ട്. അതുകണ്ടെത്താൻ ചില മനുഷ്യർക്കു മാത്രമേ സാധിക്കൂ. അവർ തട്ടിയാൽ ശിലയിൽനിന്ന് അദ്ഭുതങ്ങളുണരും. കരിങ്കല്ലിൽ വീഴുന്ന ഉളിയുടെ താളത്തിൽ ജീവിതത്തിന്റെ കവിത രചിക്കുന്ന മനുഷ്യരുടെ നാടാണിത്– മൈലാടി. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് പശ്ചിമഘട്ട മലനിരകൾ അതിരുനിൽക്കുന്ന വിശ്വപ്രസിദ്ധമായ ഈ കലാ ഗ്രാമം. തഞ്ചാവൂർ കഴിഞ്ഞാൽ തെക്കേ ഇന്ത്യയിൽ പരമ്പരാഗത ശിൽപ നിർമ്മാണം കാണാനാകുന്നത് ഇവിടെ മാത്രമാണ്. ഗ്രാമത്തിലെ ബഹുഭൂരിപക്ഷം പുരുഷന്മാരും ശിൽപ നിർമാണത്തിൽ പങ്കാളികളാണ്. മഹനീയമായ ഈ കലയെ നൂറ്റാണ്ടുകളായി ഇവിടുത്തെ മനുഷ്യർ തലമുറകളിൽനിന്നു തലമുറകളിലേക്ക് കൈമാറുന്നു. 

പണിയുമ്പോൾ അടർന്നു പോകാത്ത ഉറപ്പുള്ള പാറകളാണ് ശിൽപ നിർമാണത്തിനാവശ്യം. മൈലാടിയിലെ മലനിരകൾ ഉറപ്പേറിയ കൃഷ്ണശിലകളാൽ സമ്പന്നമാണ്. അമരാവതി വിളയിൽ നിന്നുള്ള കറുത്ത ശിലകളും മൈലാടിയിൽ ശിൽപ നിർമാണത്തിനുപയോഗിക്കാറുണ്ട്. കല്ലുകളെ ആൺകല്ലുകളെന്നും പെൺകല്ലുകളെന്നും വേർതിരിച്ചിട്ടുണ്ട്. മിനുസ്സമുള്ള പെൺകല്ലുകളാണ് വി​ഗ്രഹങ്ങൾ കൊത്താൻ ഉപയോഗിക്കുന്നത്. ആൺകല്ലുകൾ പരുക്കനായതിനാൽ അവ വലിയ ശിൽപങ്ങളുടെ നിർമാണത്തിനുപയോ​ഗിക്കുന്നു. കേരളത്തിലും തമിഴ്നാട്ടിലും മൈലാടിയിൽ നിന്നുള്ള ശിൽപങ്ങളില്ലാത്ത ഒരു ക്ഷേത്രം പോലുമില്ലെന്ന് ഇവിടുത്തെ മനുഷ്യർ അഭിമാനത്തോടെ പറയുന്നു. 

myladi

കല്ലിൽ കൈകൊണ്ടു കൊത്തുന്ന കാലം കഴിഞ്ഞിട്ട് ഏറെയായി. പുതുതലമുറ ശിൽപ കലയിൽ ആധുനിക ഉപകരണങ്ങളാണുപയോ​ഗിക്കുന്നത്.. ​ഗ്രാമത്തിലൂടെ സഞ്ചരിക്കുമ്പോൾ കല്ലിൽ പണിയുന്ന താളം പലയിടത്തുനിന്നായി മുഴങ്ങിക്കേൾക്കാം.. മറ്റൊരു കലയ്ക്കുമില്ലാത്ത ഒരു പ്രത്യേകത ശിൽപകലയ്ക്കുണ്ട്. അത് മനുഷ്യ വംശത്തിന്റെ പുരോഗതിയുടെ അടയാളമാണ്. മനുഷ്യരെ ചരിത്രത്തിലേക്കു വഴിനടത്തുന്നതിൽ ശിൽപങ്ങളുടെ പങ്ക് വലുതാണ്. ബിസി 2000 ൽ സിന്ധുനദീതടത്തിലാണ് പ്രാചീന ഇന്ത്യൻ ശിൽപകലയുടെ വികാസം. ചരിത്രവും മിത്തുകളുമായി ഇഴചേർന്നു കിടക്കുന്നതാണ് മൈലാടിയിലെ ശിൽപ നിർമാണത്തിന്റെ ചരിത്രം. ആറു നൂറ്റാണ്ടുകൾക്ക് മുമ്പ് സ്ഥപതികളെന്ന് വിളിക്കപ്പെട്ടിരുന്ന പാരമ്പര്യ ശിൽപികൾ രാജകൽപന പ്രകാരം മൈലാടിയെന്ന ​ഗ്രാമത്തിലേക്ക് കുടിയേറിയതാണെന്ന് പഴമക്കാർ പറയുന്നു. 

ശിൽപങ്ങളും വി​ഗ്രഹങ്ങളും മാത്രമല്ല, കൽത്തൂണുകൾ, കൽവിളക്ക്, അമ്മിക്കല്ല്, വേലിക്കല്ല്, ഉരൽ തുടങ്ങിയവയും ഇവിടെ നിർമിക്കപ്പെടുന്നു. കല്ലിൽ കൊത്തുന്ന താളമൊരിക്കലും ഈ മണ്ണിൽ നിലയ്ക്കില്ലെന്ന് മൈലാടിയിലെ മനുഷ്യർക്കറിയാം.. കാരണം അവരുടെ ജീവതാളമാണത്; ദൈവങ്ങൾക്കു പോലും ജന്മം നൽകുന്ന അദ്ഭുത സംഗീതം.

Content Summary : Myladi, a village in southern Tamil Nadu, is where Gods ‘take birth’. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com