ഇത് കശ്മീരല്ല, 'കാഷ്' മീരാണെന്നു ഹോട്ടൽ മാനേജർ; നേരിട്ടു ചെന്നപ്പോൾ മുറിവാടക നേർപകുതി
Mail This Article
വശ്യമായ ഭംഗികൊണ്ട ് ഗുല്‍മാര്‍ഗ് പോലെ എന്നെ ആകര്‍ഷിച്ച മറ്റൊരു സ്ഥലമില്ല. അവിടുത്തെ വിശാലമായ പച്ചപുല്‍മൈതാനികളില്‍ ഡേയ്സിപ്പൂക്കളും ലൂപ്പിന്‍ പൂക്കളും സമൃദ്ധമായി വളര്‍ന്നു നിന്നിരുന്നു. നിറങ്ങളുടെ അദ്ഭുതകരമായ ഒരു സമ്മേളനമായിരുന്നു ഗുല്‍മാര്‍ഗ്. ഗുല്‍മാര്‍ഗ് എന്ന പേരിന്‍റെ അര്‍ഥം തന്നെ 'പൂക്കളുടെ മൈതാനം' എന്നാണ്. ലൂപ്പിന്‍ പൂക്കളുടെ വയലറ്റ് ചാരുതയോടെയാണ് ഗുല്‍മാര്‍ഗ് ഞങ്ങളെ വരവേറ്റത്; ഒറ്റ നോട്ടത്തില്‍ ലാവണ്ടര്‍ പൂക്കളോടു സാദൃശ്യം തോന്നും അവയ്ക്ക്.
ഗുല്‍മാര്‍ഗ്ഗിലെ പുൽമേട്...
വെല്‍ക്കം എന്നു പേരുള്ള ഒരു ഹോട്ടലില്‍ ആയിരുന്നു ഞങ്ങളുടെ താമസം. അതിന്‍റെ ഒരു വശത്തു പുല്‍മേടും മറുവശത്തു മറ്റൊരു ഹോട്ടലുമായിരുന്നു. പുല്‍മേട്ടിലേക്കു കാഴ്ച കിട്ടുന്ന മുറി തന്നെ ഞങ്ങള്‍ പ്രത്യേകം ചോദിച്ചു വാങ്ങി. ഞങ്ങളുടെ മുറിയില്‍ നിന്നു നോക്കിയാല്‍ ഗുല്‍മാര്‍ഗ് ഗോള്‍ഫ് കോഴ്സിന്‍റെ പുല്‍മേടും അതിനു മുന്നിലായി ഒരു ചെറുകുന്നില്‍ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രവും കാണാം. ഇവയ്ക്കു പിന്നില്‍ കാണാമറയത്തു മൂകസാക്ഷിയായി അഫര്‍വാത് കൊടുമുടിയും.
ആ ദിവസം ഗുല്‍മാര്‍ഗിലെ കാഴ്ചകള്‍ കണ്ട് പിറ്റേന്ന് രാവിലെ തിരിച്ചു പോകാനായിരുന്നു ഞങ്ങളുടെ പദ്ധതി. പക്ഷെ ഗുല്‍മാര്‍ഗില്‍ കണ്ടതിലും മികച്ചൊരു കാഴ്ച മറ്റെവിടെയും കിട്ടാനിടയില്ല എന്നു തോന്നിയതു കൊണ്ട്, ഒരു ദിവസം കൂടി അവിടെ തന്നെ തങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
ഗുല്‍മാര്‍ഗ്, എന്ത് സുന്ദരം...
ഗുല്‍മാർഗിൽ ഒരു ദിവസം മാത്രം ചെലവഴിക്കാന്‍ ഞങ്ങള്‍ പദ്ധതിയിട്ടതിന്‍റെ പ്രധാന കാരണം അവിടുത്തെ ഹോട്ടല്‍ മുറികളുടെ വാടകയായിരുന്നു. കശ്മീരില്‍ മറ്റെവിടുത്തെക്കാളും ചെലവാണ് ഗുല്‍മാർഗിലെ താമസത്തിന്. ഫൈവ് സ്റ്റാര്‍ ഹോട്ടലിലുകളിലെ മുറിയുടെ ചെലവ് വരും ഇവിടെ തരക്കേടില്ലാത്ത ഒരു മുറി കിട്ടാന്‍. ഒരു ദിവസം കൂടി അവിടെ താമസിക്കാന്‍ അതിയായ ആഗ്രഹം തോന്നിയപ്പോള്‍, ഓണ്‍ലൈന്‍ ബുക്ക് ചെയ്യാതെ ഞാന്‍ നേരിട്ട് റിസപ്ഷനിലേക്കു ചെന്നു. അതേ മുറിക്ക് അവര്‍ ആവശ്യപ്പെട്ടത് ഓണ്‍ലൈനില്‍ ലഭിക്കുന്നതിന്‍റെ നേര്‍ പകുതി മാത്രം. അങ്ങനെ ഒരു ദിവസത്തെ ഗുല്‍മാര്‍ഗ് സന്ദര്‍ശനം രണ്ടു ദിവസമായി മാറി.
ഗുല്‍മാര്‍ഗിലെ പ്രധാന ആകര്‍ഷണമായ ഗണ്ടോല (കേബിള്‍ കാര്‍) സവാരിയുടെ ടിക്കറ്റ് ഓണ്‍ലൈനായി നേരത്തെ എടുത്തിരുന്നു. അഫര്‍വാത്ത് കൊടുമുടിയിലേക്കാണ് ഈ കേബിള്‍ കാര്‍ നമ്മളെ കൊണ്ടുപോകുക. രണ്ടു ഘട്ടങ്ങളായാണ് യാത്ര; ഗുല്‍മാര്‍ഗിൽ നിന്ന് കുങ്ഡൂര്‍ എന്ന മലമുകളിലേക്കും അവിടെ നിന്ന് അഫര്‍വാത്ത് കൊടുമുടിയിലേക്കും.
ശൈത്യകാലത്ത് മഞ്ഞില്‍ കളിക്കാന്‍, ആദ്യ ഘട്ടമായ കുങ്ഡൂര്‍ വരെ പോയാല്‍ മതിയാകും. പക്ഷേ, ഞങ്ങള്‍ അവിടം സന്ദര്‍ശിച്ച വേനല്‍കാലത്ത് മഞ്ഞു കാണണമെങ്കില്‍ രണ്ടാം ഘട്ടമായ അഫര്‍വാത്ത് കൊടുമുടിയുടെ മുകളിലെത്തണം. ഞങ്ങള്‍ ഗുല്‍മാര്‍ഗ് സന്ദര്‍ശിക്കുന്നതിന് ഏകദേശം ഒരാഴ്ച മുന്‍പ് അവിടെ മഞ്ഞുപെയ്തിരുന്നു. അന്ന് വീണ മഞ്ഞു പൂര്‍ണ്ണമായും ഉരുകിത്തീര്‍ന്നിരുന്നില്ല.
ഗുല്‍മാര്‍ഗ് ടൗണില്‍ നിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ മാറിയാണ് ഗണ്ടോല സവാരിയുടെ ആരംഭം. ടൗണില്‍ നിന്ന് അവിടെ വരെ പോകാന്‍ ഞങ്ങള്‍ കുതിര സവാരി തരപ്പെടുത്തി. അവിടെയെത്തിയപ്പോള്‍ താരതമ്യേന തിരക്ക് കുറവായിരുന്നു. തറനിരപ്പില്‍ നിന്ന് ഉയര്‍ന്നു കേബിള്‍ കാര്‍ നീങ്ങി തുടങ്ങിയപ്പോള്‍ പറക്കുന്നത് പോലെ തോന്നി. സുന്ദരമായിരുന്നു താഴേക്കുള്ള കാഴ്ചകള്‍. അസാമാന്യ ഉയരമുള്ള മരങ്ങളാണ് പൈനും ദേവദാരുവും അവയുടെ മുകളില്‍ കൂടിയാണ് കേബിള്‍ കാര്‍ നീങ്ങുന്നത്. താഴെ മരങ്ങളില്ലാത്ത തെളിഞ്ഞ പ്രദേശങ്ങളില്‍ ആട്ടിടയന്മാരുടെ വീടുകള്‍ കണ്ടു. ഒന്നാം ഘട്ടത്തിന്‍റെ മുകളിലെത്തുമ്പോള്‍ രണ്ടാം ഘട്ടത്തിലേക്ക് പോകുവാനുള്ള മറ്റൊരു ക്യുവുണ്ട്. ഒന്നാം ഘട്ടം വരെ മാത്രം വരുന്ന ചില ആളുകളും ഉണ്ട്. അവര്‍ കുങ്ഡൂര്‍ താഴ്വരയില് തന്നെ സമയം ചെലവഴിക്കും; അതും പ്രകൃതിരമണീയമായ സ്ഥലമാണ്. അവിടെ നിന്നു നോക്കിയാല്‍ രണ്ടാം ഘട്ടത്തിലേക്കു പോകുന്ന കേബിള്‍ കാറുകള്‍ കാണാം. രണ്ടാം ഘട്ടത്തിലേക്കുള്ള ദൂരം താരതമ്യേന കുറവാണെങ്കിലും കയറ്റം കുത്തനെയുള്ളതാണ്.
അതികായന്മാരായ ഹിമവല്‍സാനുക്കളുടെ ഇടയില്‍ ഈയാംപാറ്റകളെ പോലെ കുറെ മനുഷ്യര്‍
അഫര്‍വാത്ത് കൊടുമുടിയില്‍ പെട്ടെന്നു കാലാവസ്ഥ മാറാറുണ്ട്. കാലാവസ്ഥ മോശമാണെന്നു കണ്ടാല്‍, മറ്റൊരു മുന്നറിയിപ്പുമില്ലാതെ രണ്ടാം ഘട്ടത്തിലേക്കുള്ള സവാരി നിര്‍ത്തലാക്കും. ഞങ്ങള്‍ എത്തുന്നതിന്‍റെ ഒരാഴ്ച മുന്‍പ് മഞ്ഞു വീഴ്ചയുണ്ടായപ്പോള്‍ രണ്ടാം ഘട്ടത്തിലേക്കുള്ള യാത്ര പൂര്‍ണ്ണമായും നിര്‍ത്തി വച്ചിരുന്നു. ശൈത്യകാലത്ത് മിക്കപ്പോഴും അങ്ങോട്ടുള്ള ഗണ്ടോല പ്രവര്‍ത്തിപ്പിക്കാറില്ല. ഏകദേശം അരമണിക്കൂര്‍ നീണ്ട കാത്തുനില്‍പ്പിനൊടുവില്‍ ഞങ്ങളെയും വഹിച്ചുകൊണ്ട് കേബിള്‍ കാര്‍ അഫര്‍വാത്ത് കൊടുമുടിയിലേക്കു ചലിച്ചുതുടങ്ങി. ആ യാത്രയില്‍ എന്നെ ഏറ്റവും അദ്ഭുതപ്പെടുത്തിയത്, ചുറ്റുമുള്ള പര്‍വ്വതങ്ങളുടെ തലയെടുപ്പാണ്. അതികായന്മാരായ ഹിമവല്‍സാനുക്കളുടെ ഇടയില്‍ ഈയാംപാറ്റകളെ പോലെ കുറെ മനുഷ്യര്‍!
അഫര്‍വാത്ത് കൊടുമുടി
മുകളിലെ കാഴ്ച മനോഹരമായിരുന്നു; മഞ്ഞ് അങ്ങിങ്ങായി ഉണ്ടായിരുന്നു. ഞാന്‍ ആദ്യമായാണ് മഞ്ഞില്‍ തൊടുന്നത്. ആ കൗതുകത്തില്‍ കുറച്ചു നേരം മഞ്ഞില്‍ കളിച്ചു. ഏകദേശം രണ്ടു മണിക്കൂറുകളോളം അവിടെ ചെലവഴിച്ചു. ഉയര്‍ന്ന മലനിരകളോടൊപ്പം ഇരിക്കുന്നത് വല്ലാത്ത ഒരു അനുഭവമാണ്. താഴെ നിന്നും ഇവ നോക്കുമ്പോള്‍ ഈ കൊടുമുടിയുടെ ഉച്ചിയിലെത്തിയാല്‍ ആകാശത്തെ തൊടാം എന്നു തോന്നും; ആവിടെയെത്തിക്കഴിഞ്ഞാലോ കയറാന്‍ ഇനി ഒരു ഉയരമില്ല, പക്ഷേ ആകാശം അപ്പോഴും ദൂരെയാണ് താനും.
ഞാന്‍ ചുറ്റി നടന്ന് കുറച്ച് ഫോട്ടോ എടുത്തു. തിരിച്ചു താഴേക്ക് ഇറങ്ങുമ്പോള്‍ താഴ്വരയില് നൂറുകണക്കിനു ചെമ്മരിയാടുകള്‍ മേയുന്ന കാഴ്ച കണ്ടു. വളരെ ഉയരത്തില്‍ നിന്നും നോക്കുമ്പോള്‍ വെള്ളപ്പൊട്ടുകള്‍പോലെ കണ്ട അവ ആടുകളാണെന്നു ആദ്യം മനസ്സിലായില്ല. ഒന്നാം ഘട്ടത്തില്‍ നിന്നു താഴെ ഗുല്‍മാര്‍ഗിലേക്കുള്ള ഗണ്ടോല യാത്രയില്‍ ഞങ്ങളുടെ കൂടെ വൃദ്ധനായ ഒരു മനുഷ്യനുമുണ്ടായിരുന്നു. ചുറ്റുമുള്ള കാഴ്ചകളെപ്പറ്റിയും അവിടെ താമസിക്കുന്ന ആട്ടിടയന്മാരുടെ ജീവിത രീതികളെപ്പറ്റിയും വളരെ താല്പര്യത്തോടെ അദ്ദേഹം ഞങ്ങള്‍ക്കു പറഞ്ഞു തന്നു. കശ്മീരിലെ ടൂറിസം വ്യവസായം പണത്തിനു പിന്നാലെ പരക്കം പായുകയാണെന്നു പറഞ്ഞു അദ്ദേഹം നെടുവീര്‍പ്പെട്ടു. അതെ ദുഃഖം യാത്രയില്‍ പരിചയപ്പെട്ട പലരും ഞങ്ങളോട് പങ്കുവെച്ചിരുന്നു. ഗുല്‍മാര്‍ഗില്‍ ഞങ്ങള്‍ താമസിച്ച ഹോട്ടലിന്‍റെ മാനേജര്‍ പറഞ്ഞ ഒരു വാചകമാണ് എന്‍റെ മനസ്സില്‍ ഏറ്റവും തങ്ങി നില്‍ക്കുന്നത്: 'ഇത് കശ്മീര്‍ അല്ല, കാഷ് മീരാണ്' എന്നായിരുന്നു അത്.
ഗണ്ടോലയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഞാന്‍ ആ വൃദ്ധനായ മനുഷ്യന്‍റെ ഒരു ഫോട്ടോ എടുക്കാന്‍ അനുവാദം ചോദിച്ചു. സന്തോഷത്തോടെ അദ്ദേഹം അത് സമ്മതിച്ചു. മലമുകളിലെ തീക്ഷ്ണതയേറിയ വെയിലില്‍ വര്‍ഷങ്ങള്‍ പണിയെടുത്തതിന്‍റെ കരിവാളിപ്പും പ്രായത്തിന്‍റെ ചുളിവുകളും ആ മുഖത്തു തെളിഞ്ഞു കാണാമായിരുന്നു.
പിറ്റേന്ന് പ്രഭാതത്തില്‍ ഹോട്ടല്‍ റിസപ്ഷനില്‍ നിന്നുള്ള ഫോണ്‍ കോള്‍ കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. അപ്പോള്‍ സമയം ഏകദേശം ഒന്‍പത് മണിയായിരുന്നു. പ്രാതലിന്‍റെ സമയം തീരാറായിരുന്നു. ഞങ്ങള്‍ കഴിക്കാന്‍ വരുന്നുണ്ടോ എന്ന് അന്വേഷിക്കാന്‍ വിളിച്ചതാണവര്‍. അധികം സമയം കളയാതെ ഞങ്ങള്‍ തയാറായി പോയി ഭക്ഷണം കഴിച്ചു. ആ ദിവസം പ്രത്യേകിച്ചു പരിപാടിയൊന്നും ഉണ്ടായിരുന്നില്ല. ഗുല്‍മാര്‍ഗിന്‍റെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് ആ ദിവസം വെറുതെ ഇരിക്കാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. വെറുതെ ഓടി നടന്ന് സ്ഥലങ്ങള്‍ കണ്ടു തീര്‍ക്കുന്നതിലും നല്ലത് സമാധാനമായി കുറച്ചു സ്ഥലങ്ങള്‍ ആസ്വദിക്കുന്നതാണെന്നു എനിക്ക് തോന്നിയിട്ടുണ്ട്. ഞങ്ങള്‍ താമസിച്ച ഹോട്ടലിന്‍റെ തൊട്ടു മുന്‍പില്‍ വിശാലമായ പുല്‍മേടായിരുന്നു. അതില്‍ നല്ലൊരു ഭാഗവും ഗുല്‍മാര്‍ഗ് ഗോള്‍ഫ് കോഴ്സിന്‍റെതാണ്. അവിടെ തന്നെ ചെറിയൊരു കുന്നിന്‍മുകളില്‍ സുന്ദരമായ ഒരു ശിവക്ഷേത്രമുണ്ട്. പച്ചപ്പുല്‍മേടിന് നടുക്ക്, കടും ചുവപ്പു നിറത്തിലുള്ള അതിന്‍റെ മേല്‍ക്കൂര വേറിട്ട് നിന്നിരുന്നു. ഏകദേശം ഉച്ചവരെ അവിടെയൊക്കെ വെറുതെ കറങ്ങി നടന്നു. ഞാന്‍ മുന്‍പ് സൂചിപ്പിച്ചതു പോലെ, ഇവിടുത്തെ ഗൈഡുമാരും കുതിര സവാരിക്കാരും ടൂറിസ്റ്റുകളെ വിടാതെ പിന്തുടരും. സവാരി പോകാന്‍ താല്പര്യമില്ല എന്ന് തീര്‍ത്ത് പറഞ്ഞാല്‍ പോലും അവര്‍ പോകില്ല. ഇങ്ങനെ ഞങ്ങളെ സമീപിച്ച എല്ലാവരും പറഞ്ഞ ഒരു വാചകമാണ്: 'ഭൂമിയിലെ സ്വര്‍ഗ്ഗത്തില്‍ എത്ര തവണ നിങ്ങള്‍ വരും? മിക്കവാറും ഒരേയൊരു തവണ. അപ്പോള്‍ അത് മുഴുവനായും ആസ്വദിക്കണം; കാശിനെപ്പറ്റി ചിന്തിച്ചു വേവലാതിപ്പെടരുത്'. മിക്കയാളുകളും ഈ വാചകത്തില്‍ വീണു പോകാറുണ്ട്. ഉപഭോഗസംസ്കാരത്തിന്‍റെ ഏറ്റവും ശക്തമായ വിപണന മന്ത്രമാണല്ലോ, ‘You have only one life, live it’ എന്നത്; എന്തിനെയും ഏതിനെയും വില്‍ക്കാന്‍ കെല്‍പ്പുള്ള പരസ്യവാചകം! കശ്മീരിലെ ഗൈഡുമാരും കുതിരസവാരിക്കാരും ഉപജീവനത്തിനായി, ആ ജീവിതമന്ത്രത്തിന്‍റെ അപ്പസ്തോലന്മാരായി മാറിയിരിക്കുന്നു.
ശ്രീനഗറിലെ ഉദ്യാനങ്ങള്‍
യാത്രയുടെ ഏഴാം ദിവസം ഗുല്‍മാര്‍ഗില്‍ നിന്ന് ശ്രീനഗറിലേക്ക് പോകാന്‍ ഞങ്ങള്‍ തയാറായി. ശ്രീനഗറില്‍ നിന്ന് ഞങ്ങളെ ഇവിടേയ്ക്കു കൊണ്ടു വന്ന അതേ ടാക്സിക്കാരനെത്തന്നെ അങ്ങോട്ടുള്ള യാത്രയ്ക്കും ഏര്‍പ്പാടാക്കി. ഉച്ചയ്ക്ക് 12 മണിക്ക് ചെക്ക് ഔട്ട് ചെയ്ത് ഇറങ്ങുവാനായിരുന്നു ഞങ്ങള്‍ തീരുമാനിച്ചത്. ആ സമയത്ത് വരാന്‍ ആവശ്യപ്പെട്ടപ്പോള്‍ 'കുറച്ച് നേരത്തെ ഇറങ്ങിക്കൂടെ', എന്ന് ഡ്രൈവര്‍ ചോദിച്ചു. നേരത്തെ ഇറങ്ങുന്നത് ബുദ്ധിമുട്ടാണ് എന്നു ഞാന്‍ പറഞ്ഞിട്ടും അയാള്‍ പലതവണ നേരത്തെ ഇറങ്ങുന്നതിനായി എന്നെ നിര്‍ബന്ധിച്ചു; എന്നാല്‍ അതിന്‍റെ കാരണം അയാള്‍ പറഞ്ഞതുമില്ല. ടൗണിലെ കുറച്ചു വിഡിയോ ഷൂട്ട് ചെയ്യുവാനുണ്ടായിരുന്നത് കൊണ്ട് നേരത്തെ ഇറങ്ങുന്നത് എനിക്ക് ബുദ്ധിമുട്ടായിരുന്നു.
അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു; ഗുല്‍മാര്‍ഗ്ഗില്‍ നിന്ന് ശ്രീനഗറിലെത്തി, ഒരു മണിക്ക് പള്ളിയില്‍ നിസ്കരിക്കാന്‍ പോകാന്‍ വേണ്ടിയാണ് അയാള്‍ നേരത്തെ ഇറങ്ങാന്‍ ഞങ്ങളെ നിര്‍ബന്ധിച്ചത് എന്ന് പിന്നീട് അയാളില്‍ നിന്ന് തന്നെ ഞാന്‍ മനസ്സിലാക്കി. അയാളുടെ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് മുടക്കം വരുത്തുന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ട്, ശ്രീനഗറിലേക്ക് പോകുന്ന വഴി തംഗ്മാര്‍ഗ് എന്ന സ്ഥലമെത്തിയപ്പോള്‍ ഞങ്ങള്‍ ഒരു ഇടവേള എടുത്തു. അവിടെയുള്ള പള്ളിയില്‍ അയാള്‍ക്ക് പോകാനുള്ള സൗകര്യത്തിനായിരുന്നു അത്. അയാള്‍ പള്ളിയില്‍ പോയിവന്നപ്പോഴേക്കും ഞങ്ങള്‍ ഒരു റസ്റ്ററന്റിൽ നിന്നു ഭക്ഷണവും കഴിച്ചു.
ആന്നേ ദിവസത്തെ ഞങ്ങളുടെ പദ്ധതി ശ്രീനഗര്‍ നഗരത്തിലെ കാഴ്ചകള്‍ കാണുക എന്നതായിരുന്നു. അതിനകം ഞങ്ങള്‍ കണ്ട് കഴിഞ്ഞിരുന്ന ദാല്‍ തടാകത്തിലെ കാഴ്ചകള്‍ കഴിഞ്ഞാല്‍, ശ്രീനഗറിലെ ഏറ്റവും നല്ല കാഴ്ച അവിടുത്തെ ഉദ്യാനങ്ങളാണ്. യുനെസ്ക്കോ വേൾഡ് ഹെറിറ്റേജ് ലിസ്റ്റില്‍ ഇടംപിടിച്ചവയാണ് ശ്രീനഗറിലെ മുഗള്‍ ഉദ്യാനങ്ങള്‍. നിഷാത് ബാഗ്, ഷാലിമാര്‍ ബാഗ്, ചഷ്മേ ഷാഹി എന്നിവയാണ് അക്കൂട്ടത്തില്‍ കൂടുതല്‍ പ്രശസ്തമായവ. ഏകദേശം 400 വര്‍ഷങ്ങളുടെ പഴക്കമുണ്ട് ഇവയ്ക്ക്.
ഷാലിമാര്‍ ബാഗിലെ ഭീമന്‍ ചിനാര്‍ മരങ്ങൾ
പേര്‍ഷ്യന്‍ ഉദ്യാനങ്ങളുടെ ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ടവയാണ് ശ്രീനഗറിലെ മുഗള്‍ ഉദ്യാനങ്ങള്‍. നടുക്ക് ഒരു കനാല്‍, അതില്‍ ജലധാരകള്‍. ആ കനാലിന് ഇരുവശത്തുമായി പലതട്ടുകളിലായി നിര്‍മ്മിച്ചിരിക്കുന്ന ഉദ്യാനം (Terraced Garden); അതിരുകളില്‍, ചിനാര്‍ മരങ്ങളും പോപ്ലാര്‍ മരങ്ങളും തീര്‍ക്കുന്ന വേലി. ഇങ്ങനെയാണ് ശ്രീനഗറിലെ മുഗള്‍ ഉദ്യാനങ്ങളുടെ പൊതുവായ ഘടന. ഈ ഉദ്യാനങ്ങളെല്ലാം തന്നെ നിര്‍മ്മിച്ചിരിക്കുന്നത് മലഞ്ചെരുവുകളിലാണ്. മലയില്‍ സ്വാഭാവികമായി ഉദ്ഭവിക്കുന്ന ഉറവകള്‍ സമര്‍ഥമായി ഉപയോഗപ്പെടുത്തിയാണ് ഉദ്യാനത്തിന് നടുവിലെ ജലപാതകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അത് ചെന്ന് അവസാനിക്കുന്നതോ, ഒരു ജലാശയത്തിലായിരിക്കും. നിഷാത് ബാഗ്, ഷാലിമാര്‍ ബാഗ് എന്നിവയുടെ നടുവിലെ ജലപാത ചെന്നവസാനിക്കുന്നത് ദാല്‍ തടാകത്തിലാണ്. ഒരു വശത്ത് ഹിമാലയന്‍ മലനിരകളും മറുവശത്ത് ദാല്‍ തടാകവും. ആരുടേയും മനസ്സിനെ വശീകരിക്കുന്ന ഒരു കാഴ്ച. നിഷാത് ബാഗില്‍ ഇത് വ്യക്തമായി കാണാം, പക്ഷേ ഷാലിമാര്‍ ബാഗില്‍ നിന്ന് ദല്‍ തടാകം വ്യക്തമായി കാണാനാവില്ല.
ഉദ്യാനത്തിലെ പൂച്ചെടികളെക്കാളും, മരങ്ങളെക്കാളുമൊക്കെ മനസ്സിനെ ആകര്‍ഷിക്കുന്നത് ചുറ്റുമുള്ള പ്രകൃതിതന്നെയാണ്; അത് തന്നെയാണ് ഈ ഉദ്യാനങ്ങളുടെ ഉദ്ദേശവും. സന്ദര്‍ശകന്‍റെ ദൃഷ്ടിയെ ചുറ്റുമുള്ള പ്രകൃതിയിലേക്ക് തിരിക്കാന്‍ പോന്ന തരത്തിലാണ് ഈ ഉദ്യാനങ്ങളുടെ നിര്‍മ്മിതി. എന്നാല്‍ ഉദ്യാനത്തിന്‍റെ സൂക്ഷ്മവശങ്ങള്‍ അപ്രസക്തമാണെന്നു അതിനര്‍ത്ഥമില്ല. അവിടുത്തെ പൂക്കളും ചെടികളും മരങ്ങളും അതിമനോഹരങ്ങള്‍ തന്നെ. അതില്‍ തന്നെ എന്നെ ഏറ്റവും ആകര്‍ഷിച്ചത് അതിഭീമന്മാരായ ചിനാര്‍ മരങ്ങളാണ്.
ശ്രീനഗറിന്‍റെ മുഖമുദ്രയാണ് ചിനാര്‍ മരങ്ങള്‍. മുഗള്‍ കാലഘട്ടത്തില്‍ നട്ടു വളര്‍ത്തിയ ചിനാര്‍ മരങ്ങളില്‍ പലതും ഇന്നും നിലനില്‍ക്കുന്നു. മേപ്പിള്‍ മരത്തിന് സമാനമായ ഇലകളാണ് അവയുടേത്. വേനല്‍ക്കാലത്ത് പച്ചയായിരിക്കുന്ന ഇലകള്‍ ശൈത്യത്തിന് മുന്‍പ് ശ്രീനഗര്‍ നഗരത്തിന്‍റെ നെഞ്ചില്‍ നിറങ്ങള്‍ വിരിയിക്കും. ശരത്കാലത്തില്‍ പച്ചനിറം മാറി, മഞ്ഞയും ഓറഞ്ചും ചുവപ്പുമെല്ലാം ആ ചെറുക്യാന്‍വാസുകളില്‍ മിന്നിമായും. ആ സമയമാണ് ശ്രീനഗറിലെ മുഗള്‍ ഉദ്യാനങ്ങളുടെ സൗന്ദര്യം ശരിക്കും കണ്ണഞ്ചിപ്പിക്കുന്നതാവുന്നത്. എന്നാല്‍ കശ്മീരിന് പുറത്തു നിന്നു വരുന്ന ടൂറിസ്റ്റുകളില്‍ അധികം പേര്‍ക്ക് ഇത് കാണാനുള്ള ഭാഗ്യമുണ്ടാവാറില്ല. കാരണം, ടൂറിസ്റ്റുകള്‍ സാധാരണയായി കശ്മീര്‍ കാണാന്‍ വരുന്നത് മിക്കപ്പോഴും ചിനാര്‍ ഇലകള്‍ പച്ചയായിരിക്കുന്ന വേനല്‍ക്കാലത്തോ, അല്ലെങ്കില്‍ മരങ്ങള്‍ ഇല പൊഴിച്ചു നില്‍ക്കുന്ന ശൈത്യകാലത്തോ ആയിരിക്കും. 'പച്ചൈ നിറമേ..' എന്ന തമിഴ് ഗാനത്തിന്‍റെ ചില രംഗങ്ങളില്‍ ഇവ ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. കശ്മീരിലെ കരകൗശലവസ്തുക്കളിലും കൊത്തുപണികളിലുമെല്ലാം മുഖ്യമായും ആലേഖനം ചെയ്യപ്പെടുന്ന ഒന്നാണ് ചിനാര്‍ മരത്തിന്‍റെ ഇലകള്‍. കേരളത്തിലെ കരകൗശല വസ്തുക്കളില്‍ തെങ്ങും ചുണ്ടന്‍ വള്ളവുമൊക്കെ സ്ഥിരം സാന്നിധ്യമാകുന്നതു പോലെ.
രാജാക്കന്മാരുടെ കൊട്ടാരങ്ങള്‍, ശവകുടീരങ്ങള്‍ എന്നിവയോട് അനുബന്ധിച്ചു ഉദ്യാനങ്ങള്‍ ഉണ്ടാവാറുണ്ട്; ഉദാഹരണത്തിന് ഡല്‍ഹിയിലെ ഹുമയൂണിന്‍റെ ശവകുടീരം. അല്ലെങ്കില്‍ സസ്യജാലങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനും വേണ്ടി നിര്‍മ്മിക്കപ്പെട്ട ബൊട്ടാണിക്കല്‍ ഗാര്‍ഡനുകള്‍; ബംഗളുരുവിലെ ലാല്‍ ബാഗ്, കബണ്‍ പാര്‍ക് പോലുള്ളവ. എന്നാല്‍ ശ്രീനഗറിലെ മുഗള്‍ ഉദ്യാനങ്ങള്‍ തികച്ചും മാനസികോല്ലാസത്തിനായി മാത്രം നൂറ്റാണ്ടുകള്‍ മുന്‍പ് നിര്‍മ്മിക്കപ്പെട്ടവയാണ്. അവ ഇന്നും തദ്ദേശീയരും, ടൂറിസ്റ്റുകളുമായ ഒട്ടനവധി മനുഷ്യര്‍ക്കു സന്തോഷം പകര്‍ന്നു കൊണ്ടു നിലനില്‍ക്കുന്നു.
ഉദ്യാനസന്ദര്‍ശനം കഴിഞ്ഞപ്പോള്‍ ഇരുട്ട് വീണ് തുടങ്ങി. കശ്മീര്‍ സന്ദര്‍ശനത്തിന്‍റെ അവസാനദിവസമായിരുന്നു അന്ന്. അതിസുന്ദരമായ ഒരു ഹ്രസ്വനാടകത്തിന് രാത്രി തിരശ്ശീലയിട്ടു. കശ്മീരില്‍ നിന്ന് തിരിച്ചുപോരുമ്പോള്‍ മനസ്സ് നിറയെ ഒരു പിടി നല്ല ഓര്‍മകള്‍ ആയിരുന്നു. ഒരു കാര്യം അപ്പോള്‍ തന്നെ ഞാന്‍ തീര്‍ച്ചപ്പെടുത്തി. കശ്മീരില്‍ ഇനിയും രണ്ട് തവണ കൂടി വരണം; ഒരിക്കല്‍ മഞ്ഞില്‍ പുതച്ച് സുഖമായി വിശ്രമിക്കുന്ന ശൈത്യത്തില്‍, പിന്നീടൊരിക്കല്‍ ചിനാറിന്‍റെ നിറച്ചാര്‍ത്തണിഞ്ഞു നില്‍ക്കുന്ന ശരത്കാലത്തില്‍...