പ്രണയം ആഘോഷിക്കാനൊരു യാത്ര പോയാലോ? അതിനായി ഇന്ത്യയിലെ 9 ഇടങ്ങൾ
Mail This Article
പ്രണയത്തിന്‍റെ ആഘോഷദിനങ്ങളാണ് ഫെബ്രുവരിയുടെ ചാരുത. വാലന്റൈൻസ് ഡേയും അതോടൊപ്പം വരുന്ന അവധി ദിനങ്ങളും ആഘോഷിക്കാനായി പ്രിയപ്പെട്ട ആള്‍ക്കൊപ്പം യാത്ര പോകാന്‍ ഇതാ ഇന്ത്യയില്‍ത്തന്നെയുള്ള പ്രണയാര്‍ദ്രമായ ചില ഇടങ്ങള്‍...
ലക്ഷദ്വീപ്
മരതകനീല ജലവും പഞ്ചാരമണല്‍ ബീച്ചുകളും ഈന്തപ്പനകളും കൊണ്ട് ചുറ്റപ്പെട്ട ദ്വീപുകളില്‍ പങ്കാളിയുടെ കൈകോര്‍ത്തുപിടിച്ച് നടക്കാം. വൈകുന്നേരത്തെ കാറ്റു കൊണ്ട്, കടലലകള്‍ക്കൊപ്പം താഴേക്ക് മുങ്ങിയിറങ്ങുന്ന സൂര്യന്‍റെ ചെങ്കിരണങ്ങള്‍ കവിളില്‍ മുത്തമിടുന്നത് അനുഭവിച്ചറിഞ്ഞ് ക്രൂസില്‍ യാത്ര ചെയ്യാം. മെഴുകുതിരി വെളിച്ചത്തില്‍ സണ്‍സെറ്റ് ഡിന്നര്‍ ആസ്വദിക്കാം. സാഹസികത ഇഷ്ടപ്പെടുന്നവരാണെങ്കില്‍ സമുദ്രവിനോദങ്ങളും എങ്ങുമുണ്ട്.
ഹാവ്‌ലോക്ക് ദ്വീപ്, ആൻഡമാൻ
സ്ഫടികം പോലെ തെളിഞ്ഞ വെള്ളത്തിനും വൃത്തിയുള്ള ബീച്ചുകള്‍ക്കും പേരുകേട്ട ഹാവ്‌ലോക്ക്, ആൻഡമാനിലെ ഏറ്റവും ജനപ്രിയവും മനോഹരവുമായ ദ്വീപാണ്. പവിഴപ്പുറ്റുകള്‍ക്കിടയിലൂടെ സ്കൂബ ഡൈവിങ് മുതൽ സ്നോർക്കെലിങ് വരെയുള്ള സമുദ്രവിനോദങ്ങളും മനോഹരമായ ഉദയാസ്തമയങ്ങളുമെല്ലാം ഹാവ്ലോക്കിന്റെ പ്രത്യേകതകളില്‍പ്പെടുന്നു. ഫ്രഷ് മത്സ്യം കൊണ്ട് ഉണ്ടാക്കിയ രുചികരമായ വിഭവങ്ങളും ആസ്വദിക്കാം. രാധാനഗർ, എലിഫന്‍റ് ബീച്ച്, ലക്ഷ്മൺപുർ, വിജയനഗർ, കാലാപഥർ, സീതാപുർ തുടങ്ങിയ ബീച്ചുകള്‍ വളരെ പ്രശസ്തമാണ്.
കച്ച്
ഇന്ത്യയിലെ പ്രശസ്തമായ ഒരു ഓഫ്‌ബീറ്റ് അവധിക്കാല കേന്ദ്രമാണ് ഗുജറാത്തിലെ ഏറ്റവും വലിയ ജില്ലയായ കച്ച്. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന റാൻ ഓഫ് കച്ച് മരുഭൂപ്രദേശത്ത് അലഞ്ഞു നടക്കാം, മാണ്ട്വി ബീച്ചിൽ ഒട്ടക സവാരി നടത്താം, ശരദ് ബാഗ് പാർക്ക്, പ്രാഗ് മഹൽ, കലോ ദുംഗർ, കച്ച് മ്യൂസിയം, പുരാവസ്തു മ്യൂസിയം, വിജയ വിലാസ് പാലസ് എന്നിങ്ങനെയുള്ള പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിക്കാം.
ആലപ്പുഴ
കായലിലൂടെ ഹൗസ്ബോട്ടില്‍ യാത്രചെയ്തും കിടിലന്‍ മീന്‍ രുചികള്‍ ആസ്വദിച്ചും പ്രണയദിനം ആഘോഷിക്കണമെങ്കില്‍ നേരെ ആലപ്പുഴയിലേക്ക് വിടാം. നല്ല ഫ്രഷ് കായല്‍രുചികളും മധുരക്കള്ളും ആസ്വദിക്കാനുള്ള അവസരം കൂടിയാണ് ആലപ്പുഴ യാത്ര. കിഴക്കിന്‍റെ വെനീസിലെ ഇടുങ്ങിയ കനാലുകളിലൂടെയുള്ള യാത്ര പുതുജീവന്‍ പകരുന്ന ഒരു അനുഭവമാണ്. തെങ്ങിന്‍തോപ്പുകളും സുന്ദരമായ ഗ്രാമങ്ങളും ഊഷ്മളതയോടെ അതിഥികളെ സ്വാഗതം ചെയ്യുന്ന നാട്ടുകാരുമെല്ലാം ഈ യാത്ര അവിസ്മരണീയമാക്കും.
ഊട്ടി
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹിൽ സ്റ്റേഷനാണ് നീലഗിരിയുടെ റാണിയായ ഊട്ടി. ബൊട്ടാണിക്കൽ ഗാർഡൻ, പൈക്കര തടാകം, ബോട്ട് ഹൗസ് എന്നിങ്ങനെ ഒട്ടേറെ മനോഹര കാഴ്ചകള്‍ ഉള്ള ഊട്ടിയില്‍ ഈ സമയത്ത് വളരെ സുഖകരമായ കാലാവസ്ഥയാണ്. മേട്ടുപ്പാളയത്തു നിന്ന് ഊട്ടിയിലേക്ക് ടോയ് ട്രെയിൻ യാത്രയുണ്ട്. ഊട്ടി തടാകത്തിൽ ബോട്ടിങ്ങും അവലാഞ്ചി തടാകക്കരയിൽ ക്യാംപിങ്ങും നടത്താം. ഫ്രഷ് ഹോം മെയ്ഡ് ചോക്ലേറ്റുകൾ രുചിക്കാം. ദൊഡ്ഡബെട്ട വ്യൂപോയിന്‍റ്, റോസ് ഗാർഡൻ, സെന്‍റ് സ്റ്റീഫൻസ് ചർച്ച് തുടങ്ങിയ പ്രശസ്തമായ വിനോദകേന്ദ്രങ്ങളും സന്ദര്‍ശിക്കാം.
ഡാർജിലിങ്
ഈ പ്രണയദിനത്തില്‍, തേയിലത്തോട്ടങ്ങള്‍ നിറഞ്ഞ മലനിരകളിലൂടെ, കാഞ്ചൻജംഗ പർവതത്തിന്‍റെ അതിമനോഹരമായ കാഴ്ചകൾ കണ്ടുകൊണ്ട് ഒരു ടോയ് ട്രെയിന്‍ യാത്രയായാലോ? കുളിരും മഞ്ഞും നിറഞ്ഞ ഡാർജിലിങ്, അങ്ങനെയൊരു മനോഹരമായ യാത്രയ്ക്കു പറ്റിയ ഇടമാണ്. ബറ്റാസിയ ലൂപ്പ്, ഹിമാലയൻ സുവോളജിക്കൽ പാർക്ക്, പീസ് പഗോഡ, സാംസിങ്, ബൂട്ടിയ ബസ്റ്റി മൊണാസ്ട്രി, റോക്ക് ഗാർഡൻ തുടങ്ങിയ ഇടങ്ങളും മിറിക്കിലെ ആശ്രമങ്ങളും ടൈഗർ ഹില്ലിലെ ക്യാംപിങ്ങുമെല്ലാം ഈ പ്രണയദിനം മറക്കാനാവാത്ത അനുഭവമാക്കി മാറ്റും.
മക്ലിയോഡ്ഗഞ്ച്
മഞ്ഞണിഞ്ഞ ഹിമാലയത്തിന്‍റെ മനോഹരകാഴ്ച കൊണ്ട് പ്രണയദിനം ആഘോഷിച്ചാലോ? ഹിമാചല്‍പ്രദേശിലെ ഹില്‍സ്റ്റേഷനായ മക്ലിയോഡ്ഗഞ്ചിലേക്ക് പോകാം. ലിറ്റില്‍ ലാസ എന്നറിയപ്പെടുന്ന മക്ലിയോഡ്ഗഞ്ച് ദലൈലാമയുടെ ആസ്ഥാനമായതിനാല്‍ നിരവധി ടിബറ്റൻ ആശ്രമങ്ങള്‍ ഇവിടെ കാണാം. മഞ്ഞു വീഴുന്ന മലമുകളില്‍ ക്യാംപിങ് നടത്താം. ചുരുങ്ങിയ ചെലവില്‍ ഭക്ഷണവും താമസവും ലഭിക്കും എന്നതും ഇവിടുത്തെ പ്രത്യേകതയാണ്.
READ MORE വാലന്റൈൻസ് ദിനത്തിൽ പ്രണയം പങ്കുവയ്ക്കാൻ ഇതിലും മനോഹരമായ ഒരിടമുണ്ടോ?
ഉദയ്പുർ
അല്‍പം രാജകീയമായിത്തന്നെ പ്രണയദിനം ആഘോഷിക്കണം എന്നുള്ളവര്‍ക്കു തടാകങ്ങളുടെ നഗരമായ ഉദയ്പുരിലേക്കു പോരാം. സൺസെറ്റ് ബോട്ട് ക്രൂസും ഉദയ്പുര്‍ കൊട്ടാരം, മണ്‍സൂണ്‍ പാലസ് തുടങ്ങി നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന എണ്ണമറ്റ കോട്ടകളുടെ കാഴ്ചകളും ജയ്സമന്ത്, രാജ്സമന്ത്, ഉദയസാഗർ, പച്ചോള തുടങ്ങിയ തടാകങ്ങളും ആരവല്ലി മലനിരകളുടെ വശ്യമായ പ്രകൃതിഭംഗിയുമെല്ലാം ഉദയ്പുരിനെ ആകര്‍ഷകമാക്കുന്നു.
ദിയു
സാഹസികത ഇഷ്ടപ്പെടുന്ന പ്രണയികള്‍ക്ക്, അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന മനോഹരദ്വീപായ ദിയുവിലേക്ക് പോകാം. പാരാഗ്ലൈഡിങ്, സർഫിങ്, ഡൈവിങ്, പാരാസെയിലിങ്, വിൻഡ്‌സർഫിങ് തുടങ്ങിയ വിനോദങ്ങള്‍ പോക്കറ്റ് കാലിയാവാതെ ഇവിടെ ആസ്വദിക്കാം. ജലന്ധർ ബീച്ച്, ഷെൽ മ്യൂസിയം, സെന്‍റ് പോൾസ് ചർച്ച്, 450 ലധികം വർഷം പഴക്കമുള്ള ഡ്യൂ കോട്ട എന്നിവയെല്ലാം ഇവിടുത്തെ പ്രധാനകാഴ്ചകളാണ്.