ADVERTISEMENT

ജൂലൈയിലെ കുളിരുള്ള ഒരു പ്രഭാതത്തിൽ ബെംഗളൂരുവിൽനിന്ന് ഒരു ചിന്ന ഫാമിലി ഔട്ടിങ്. കൂട്ടിനു ചെറിയ ചാറ്റൽ മഴയും തണുത്ത കാറ്റും ഇടയ്ക്കിടെ ‘നിങ്ങൾ എവിടെത്തി’ എന്ന് അന്വേഷിക്കാൻ വരുന്ന പോലെ എത്തി നോക്കുന്ന വെയിൽ നാമ്പുകളും! രാവിലെ ഒരു 7 മണിയോടെ ഞങ്ങൾ ഇറങ്ങി. ചിക്കമഗളൂർ ആണ് ലക്ഷ്യം. കാറിൽ ഒരു 4 മണിക്കൂർ യാത്ര. കർണാടകയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തായി കടൂർ ജില്ലയിൽ ആണ് ചിക്കമഗളൂരിന്റെ സ്ഥാനം. പണ്ട് ഹോയ്സാല രാജാക്കന്മാരുടെ കീഴിലുള്ള പ്രദേശമായിരുന്നു ഇത്. അതിന്റെ ലക്ഷണങ്ങൾ പോകുംവഴി അങ്ങിങ്ങ് കാണുകയും ചെയ്യാം.

chikmagalur-05

ചിക്ക, മഗൾ, ഊര് എന്നാൽ ചെറിയ മകളുടെ ഊര് (നാട്) എന്നർഥം. രുഗ്മാങ്കദൻ എന്ന രാജാവ് തന്റെ ചെറിയ മകൾക്ക് സ്ത്രീധനമായി നൽകിയത് ആണത്രേ ഈ പ്രദേശം. അതിനാലാണു ഈ പേര് കൈവന്നത് എന്ന് ചരിത്രം. നിറയെ മലകളും സമതലങ്ങളും നിറഞ്ഞ ഒരു പ്രദേശമാണിത്. സുഖകരമായ ഒരു തണുപ്പ് ഏതു വേനലിലും കാണും. സംസ്ഥാനത്തെ ഏറ്റവുമധികം മഴ കിട്ടുന്ന പ്രദേശവും ഇതാണ്. ഞങ്ങൾ ചെന്ന് പോരും വരെ ചെറിയ മഴ ചിണുങ്ങി ചിണുങ്ങി നിൽപ്പുണ്ടായിരുന്നു. ഇടയ്ക്കിടെ ഉള്ള നല്ല കാറ്റും കൂടെ ആയാൽ സുഖം!. ഇവിടെ എപ്പോൾ വേണേലും മഴയുടെ ശക്തി കൂടാം കുറയാം! പുറത്തിറങ്ങുമ്പോൾ കുട കയ്യിൽ കരുതിയാൽ നമുക്ക് നല്ലത്.

chikmagalur-04

‘വെൽകം ടു ദ് ലാൻഡ് ഓഫ് കോഫി’

മുകളിൽ പറഞ്ഞ വാക്കുകളുമായാണ് ചിക്കമഗളൂരിലേയ്ക്ക് കടക്കുമ്പോൾ വെൽകം ബോർഡുകൾ നമുക്ക് സ്വാഗതമോതുക. 1860ൽ ബാബാ ബുധൻ എന്ന സൂഫിവര്യനാണ് യെമനിൽനിന്ന് കാപ്പിക്കുരുക്കൾ ഇവിടെ എത്തിച്ചത് എന്ന് പറയപ്പെടുന്നു. ഇന്ത്യയിൽ ആദ്യമായി കാപ്പി വേരുറപ്പിച്ചത് ഇവിടെയാണത്രേ! ഇനി മുതൽ രാവിലെ കാപ്പി കുടിക്കുമ്പോൾ ബാബ ബുധനെയും ഒന്നു ഓർത്തേക്കാം. സിറ്റി വിട്ടു കുറച്ചു പോയാൽ തന്നെ ഒരുപാട് കാപ്പി എസ്റ്റേറ്റുകൾ കാണാം. സിറ്റിയിൽഒന്ന് കറങ്ങിത്തിരിഞ്ഞാൽ ഹോൾസെയിൽ ആയും റീട്ടെയിൽ ആയും കാപ്പിപ്പൊടി വിൽക്കുന്ന നിറയെ കടകളും കാണാം. ചിക്കറി ചേർത്തതും ചേർക്കാത്തതും അനുപാതത്തിൽ മാറ്റങ്ങൾ വരുത്തിയവയും ഒക്കെ കിട്ടും ഇവിടെ. പോകും വഴികളിൽ എല്ലാം റോഡിന് ഇരുപുറവും നിറയെ കൃഷികളും കണ്ടു. ഇഞ്ചി, മഞ്ഞൾ, കാബേജ്, ധാന്യ വർഗങ്ങൾ അങ്ങനെ പലതും ഇവിടെ കൃഷി ചെയ്തു വരുന്നു.

chikmagalur-03

ബാബാ ബുധൻ ഗിരി എന്ന പേരിൽ ആണ് അദ്ദേഹം ധ്യാനിച്ചിരുന്ന മല ഇന്നറിയപ്പെടുന്നത്. ഇന്നത് ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാണ്. മറ്റൊരു പ്രധാന കേന്ദ്രം മുളയനഗിരി ഹിൽസ് ആണ്. ഈ മലകളുടെ അടിവാരത്താണ് ‘കുഞ്ഞുമകളുടെ’ ഈ അഴകാന ഊര്. ഈ രണ്ടു മലകളിലേക്കും പോകണം എന്നുണ്ടായിരുന്നെങ്കിലും മഴക്കാലം ആയതിനാൽ റിസ്ക് ആണെന്ന് പറഞ്ഞു കേട്ടതുകൊണ്ട് ആ യാത്ര മറ്റൊരു തവണത്തേയ്ക്ക് മാറ്റിവച്ചു. അങ്ങോട്ടുള്ള റോഡും കുറേ ഭാഗം ആകെ കുണ്ടും കുഴിയും ആണത്രേ. പിന്നെ മലകയറി പോകും വഴി നിറയെ വൻമരങ്ങൾ ഉള്ളതിനാൽ കാറ്റ് പിടിച്ചാൽ അവ വീണു റോഡ് ബ്ലോക്ക് ആകാനും സാധ്യത. അപ്പോൾ പിന്നെ യാത്ര പിന്നത്തേയ്ക്ക് മാറ്റി വയ്ക്കാതെ വേറെ വഴിയില്ല.

chikmagalur-06

അയ്യെങ്കരെ തടാകത്തിലേയ്ക്ക്...

ഒരു വൈകുന്നേരം ഞങ്ങൾ അവിടത്തെ പ്രശസ്തമായ അയ്യെങ്കരെ തടാകം കാണാൻ ഇറങ്ങി. ചാറിക്കൊണ്ട് അപ്പോഴും മഴ കൂടെയുണ്ട്. മനോഹരമായ കാഴ്ച ആയിരുന്നു അത്. ചുറ്റും പച്ച പുതച്ച മാമലകൾ... മുകളിൽ നീലാകാശം, താഴെ തടാകം! മഴ ആസ്വദിച്ചു ശാന്തമായി ആലസ്യത്തിൽ ആണ്ടു കിടക്കുന്ന സുന്ദരകന്യകയെ പോലെ... സാമാന്യം നല്ല വലുപ്പമുണ്ട് അയ്യേങ്കെരെ തടാകത്തിന്. തടാകത്തിലേയ്ക്ക് നീണ്ടു കിടക്കുന്ന ഒരു കുഞ്ഞു പാലമുണ്ട്. അതിലൂടെ നടക്കാം. പ്രകൃതി ഒരുക്കിയ ഈ മനോഹര കാഴ്ചാവിരുന്ന് ആവോളം നുകരാം. ചില സൗന്ദര്യങ്ങൾ ക്യാമറക്കണ്ണുകൾക്ക് മുഴുവനായി ഒപ്പിയെടുക്കാനാകില്ല. അത് സ്വന്തം കണ്ണുകൊണ്ട് കണ്ടു മനസ്സിൽ നിറയ്ക്കാൻ മാത്രമേ കഴിയൂ. അതുപോലെ ഒന്നായിരുന്നു ഈ കാഴ്ച.

chikmagalur-07

തിരികെ വരുമ്പോൾ വലിയ പേരയ്ക്കകൾ വിൽക്കുന്ന ഒരു വൃദ്ധൻ അടുത്തുകൂടി. പാവം തോന്നി വാങ്ങിയത് ആണെങ്കിലും കഴിച്ചപ്പോ നല്ല സ്വാദ്. അപ്പോ മരത്തില്‍നിന്ന് പൊട്ടിച്ചെടുത്ത പോലെ ഫ്രഷ് ആൻഡ് ജ്യൂസി! ഭദ്ര വൈൽഡ്‌ലൈഫ് സാങ്ച്വറി ഇവിടെ നിന്ന് അധികം ദൂരമില്ല എന്നു കേട്ട് അങ്ങോട്ടും ഇറങ്ങി. പക്ഷേ 5 മണി കഴിഞ്ഞത് കൊണ്ട് അവിടെ ഇനി കയറാൻ പറ്റില്ല എന്നറിഞ്ഞതിനാൽ ആ വഴിയിലൂടെ കാപ്പിക്കാടുകളും കണ്ടു കുറേ ദൂരം യാത്ര ചെയ്ത് വല്ലാതെ ഇരുട്ടും മുൻപ് തിരിച്ചു പോന്നു. പോരും വഴിയിൽ ഒരു കോഫി ഷോപ്പിൽ കയറി കാപ്പിയും രുചിച്ചു. കൊള്ളാം. കുറച്ചു കാപ്പിപ്പൊടി പായ്ക്കറ്റുകൾ വാങ്ങുകയും ചെയ്തു. ചിക്കമഗളൂർ ആദ്യമായി ലോക ശ്രദ്ധയിലേക്ക് വന്നത് നമ്മുടെ ‘ഉരുക്കുവനിത’ ഇന്ദിരാ ഗാന്ധി ഇവിടെ നിന്ന് ലോക്സഭയിലേക്ക് പണ്ട് മത്സരിച്ചപ്പോഴാണ്. പഴമക്കാർ ഇന്നും ഓർക്കുന്നുണ്ടാകണം.

chikmagalur-09

∙ പന്ത്രണ്ടാം നൂറ്റാണ്ടിലേയ്ക്ക്!

രണ്ടാം ദിവസ യാത്ര പ്ലാൻ ചെയ്തിരിക്കുന്നത് ഹാലിബീഡിലേക്കാണ്. ഹോയ്സാല രാജാവായിരുന്ന വിഷ്ണുവർധന്റെ കാലത്ത് നിർമിച്ച ഒരു വലിയ ക്ഷേത്രം ഉണ്ട് ഹാലി ബീഡിൽ എന്ന് കേട്ടറിഞ്ഞായിരുന്നു പോകാൻ തീരുമാനിച്ചത്. ചിക്കമഗളൂരിൽനിന്ന് കാറില്‍ ഏതാണ്ട് ഒരു മുക്കാൽ മണിക്കൂർ യാത്രയേ ഉള്ളൂ പന്ത്രണ്ടാം നൂറ്റാണ്ടിലേയ്ക്ക് മനസ്സുകൊണ്ട് ചെന്നെത്താൻ! അന്നത്തെ ഹോയ്സാല സാമ്രാജ്യത്തിന്റെ മഹത്തായ കലയും ചരിത്രവും അടുത്തറിയാൻ ഒരു യാത്ര.

chikmagalur-08

ചിക്കമഗളൂരിന്റെ സ്വാഭാവികമായ തണുത്ത കാലാവസ്ഥയെ ഒന്നുകൂടി പരിപോഷിപ്പിച്ചു കൊണ്ട് ചാറ്റൽ മഴ തുടർന്ന് പെയ്തു കൊണ്ടെ ഇരിക്കുന്നു. രാവിലെ ഒരു 11 മണിയോടെ ഞാനുമെന്റാളും പുറപ്പെട്ടു. നേരമ്പോക്കിന് ചറപറ പറഞ്ഞു ചാറ്റൽ മഴയും. നനുത്ത മഴയുടെ തലോടലിൽ, കറുത്ത ഫലഭൂയിഷ്ഠമായ മണ്ണിന്റെ ഗർഭ ഗൃഹത്തിൽനിന്ന് പുറത്തു വന്ന അനേകമനേകം പുതുനാമ്പുകൾ ഒരുക്കുന്ന പച്ചയുടെ മനോഹരമായ കാഴ്ചയാണ് ഇരുപുറവും. ആർക്കും സാഹിത്യം വന്നു പോകും ഇതൊക്കെ കണ്ടാൽ!

ഇടയ്ക്ക് ചെറിയ ചെറിയ കുന്നുകളിലേക്ക് കയറിയും ഇറങ്ങിയും മുന്നോട്ട് പോകുന്നതിനിടയിൽ ദൂരെയായി കടും പച്ച നിറത്തിൽ മലനിരകൾ, മാടുകൾ മേയുന്ന സമതലങ്ങൾ, ക്യാബേജ്, ഉരുളക്കിഴങ്, ചോളം മറ്റു ധാന്യവർഗങ്ങൾ എന്നിവ കൃഷി ചെയ്യുന്നതിനായി ഉഴുതു മറിച്ചിട്ട തട്ട് തട്ടായി തിരിച്ച കൃഷിയിടങ്ങൾ... പ്രകൃതി സ്നേഹികൾക്ക് കണ്ണും മനസ്സും നിറക്കാം. പച്ചയുടെ വിവിധ ഭാവങ്ങൾ ഇതാ..!

chikmagalur-10

കാട്ടു പ്രദേശം ആണോ ഗ്രാമ പ്രദേശമാണോ സിറ്റി ആണോ ഏതായാലും ഇവിടുത്തെ റോഡുകൾ സൂപ്പറാണ്. കുണ്ടും കുഴിയും ഒന്നുമില്ലാത്ത വീതിയേറിയ റോഡുകൾ. പോകും വഴിയിൽ ബേലൂർ ചെന്നകേശവ ക്ഷേത്രത്തിലേക്ക് ഉള്ള വഴി എന്നെഴുതി വച്ചത് കണ്ടു. പോയി മടങ്ങും വഴിയിൽ കയറാം എന്ന് മനസ്സിൽ കരുതി നേരെ ഹാലി ബീഡിലേക്ക് വിട്ടു. ഹാലി ബീഡിൽ എത്തിയപ്പോൾ ഒരു ടൂറിസ്റ്റ് കേന്ദ്രത്തിന്റെ തലക്കനം ഒന്നുമില്ല. കുറച്ചു ചെറിയ ചെറിയ കടകൾ നിറഞ്ഞ ഒരു കുഞ്ഞു പട്ടണം.

ഹോയ്സാലേശ്വര ക്ഷേത്ര പാർകിങ് സ്ഥലത്ത് വണ്ടി പാർക് ചെയ്തതും കാറിനെ പൊതിഞ്ഞു ചിലരെത്തി. ചെനച്ച മാങ്ങ പൂളിയത് മുളകും ഉപ്പുംതേച്ച് വച്ചവ, പഴുത്ത ചക്കച്ചുളകൾ,പേരക്ക എന്നിവ വിൽക്കുന്ന കന്നടിഗ സ്ത്രീകൾ. ഹാലിബീഡുവിനെ കുറിച്ചും ക്ഷേത്രത്തെ കുറിച്ചും പ്രതിപാദിക്കുന്ന പുസ്തകങ്ങൾ വിൽക്കാൻ നടക്കുന്നവർ, കുട വാടകക്ക് നൽകുന്നവർ.... അങ്ങനെ അങ്ങനെ കുറേ പേർ. അവരിൽ നിന്നൊക്കെ മുറി കന്നടയും പറഞ്ഞു ഒഴിഞ്ഞു മാറി കയ്യിൽ കരുതിയ വർണക്കുട നിവർത്തി ഞങ്ങൾ മുന്നോട്ട് നടന്നു. മഴയിൽ വഴുക്കും എന്ന ഭയത്തിൽ താഴെ നോക്കി പതിയെ നടന്ന എന്റെ മുന്നിൽ മലർക്കെ തുറന്നിട്ട ഒരു വലിയ ഗേറ്റ്. അതിനൊപ്പം ചെറിയ പടികളും.

chikmagalur-02

മുന്നോട്ട് കണ്ണുകൾ നീണ്ടപ്പോൾ അതാ.... ഏതോ ഭൂതകാലം കയ്യെത്തും ദൂരത്ത്! ബെംഗളൂരു എന്ന അത്യാധുനിക നഗരത്തിൽ നിന്നും പൊടുന്നനെ നൂറ്റാണ്ടുകൾ പിന്നിട്ടു വായിച്ചറിഞ്ഞ ചരിത്ര ഏടുകളിലേക്ക് എത്തിപ്പെടുന്ന ഒരവസ്ഥ! മുന്നിൽ കാലത്തിന്റെ തിരുശേഷിപ്പുകൾ ! രാജകഥകൾ അമ്മൂമ്മക്കഥ മാത്രമായ നമുക്ക് മുൻപിൽ ഹൊയ്സാല മന്നൻ വിഷ്ണു വർധൻ ഹോയ്സാലേശ്വരൻ നിർമിച്ച ഹോയ്സാലേശ്വര ശിവക്ഷേത്രം. ഒറ്റ കാഴ്ചയിൽ കണ്ണിൽ ഒതുങ്ങാത്ത വണ്ണം രാജകീയ പ്രൗഢിയോടെ അതാ !!! ക്ഷേത്രത്തിനു ചുറ്റുമുള്ള വിശാലമായസ്ഥലത്ത് വച്ച് പിടിപ്പിച്ച പുൽത്തകിടികളും മരങ്ങളും പിന്നിട്ടു നീണ്ട കൽപ്പാതയിലൂടെ മുന്നോട്ട് ഓരോ അടി വച്ചടുക്കുന്നത് ആ കാലഘട്ടത്തിലേക്ക് തന്നെ ആണെന്ന് തോന്നിപ്പോയി.കല്ലിൽ മഹാരഥന്മാരായ ശില്പികൾ തീർത്ത കരവിരുതിന്റെ മായാ ലോകം!

∙ അദ്ഭുതങ്ങളുടെ ക്ഷേത്രം

ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിന് ഏതാനും കൽപ്പടവുകൾ കയറേണ്ടതുണ്ട്. അതിനും മുൻപ് ഇടതു വശത്തായി ഒരാൾ ഉയരത്തിൽ ഒരു വിനായക പ്രതിമ. വലതു വശത്തായി പൊട്ടിപ്പൊളിഞ്ഞ നിലയിൽ പടികൾ കയറി ചെല്ലുന്ന ഒരു കൽതറ. അതുംകടന്ന് ഏതാനും അടികൾ മുന്നോട്ടുപോയാൽ മഹാക്ഷേത്രത്തിലേക്കുള്ള കൽപ്പടവുകൾ ആയി. അവ കയറി ചെന്നാൽ നിറയെ ചിത്രപ്പണികൾ ചെയ്ത തൂണുകൾ നിറഞ്ഞ ഒരു നീളൻ ഇടനാഴി. ഇടതു വശത്തായി കിഴക്ക് അഭിമുഖമായി ഹോയ്സാലെശ്വരൻ വലിയ ലിംഗരൂപത്തിൽ  സ്ഥിതി ചെയ്യുന്നു. നടക്ക് മുന്നിലായി മറ്റൊരു മണ്ഡപത്തിൽ പടിഞ്ഞാട്ട് ദർശനമായി നന്ദികേശ്വരൻ തന്റെ ഈശ്വരനെ സദാ കൺ കുളിർക്കെ കണ്ടു കൊണ്ട് പ്രതിഷ്ഠിതനായിരിക്കുന്നു.

ഭീമമായ ഒറ്റക്കല്ലിൽ തീർത്ത വിഗ്രഹങ്ങൾ ആണ് ഇവയെന്ന് ഒറ്റക്കാഴ്ചയിൽ തന്നെ അറിയാം. ഇടനാഴിയിലൂടെ തൂണുകളിലെയും മേൽത്തട്ടിലെയും കൊത്തുപണികൾ കണ്ടു അതിശയിച്ചു മുന്നോട്ട് നീങ്ങുമ്പോൾ ശന്താലെശ്വരൻ എന്ന പേരിൽ അറിയപ്പെടുന്ന അടുത്ത ശിവലിംഗം കാണാം. എതിരെ ഉള്ള മണ്ഡപത്തിൽ മറ്റൊരു നന്ദികേശ്വരനും. ഹൊയ്സാലെശ്വരനേക്കാൾ കുറച്ചു വലിപ്പം കുറവാണ് ശന്താലെശ്വരന്. അതുപോലെ തന്നെ നന്ദിക്കും. ഒരുപോലെ പണി കഴിപ്പിച്ചവ എങ്കിലും വലുപ്പത്തിൽ മാത്രം വ്യത്യാസം. അതെന്തു കൊണ്ടെന്നോ?! 

ഹൊയ്സാലെശ്വരൻ രാജാവിന്റെയും ശന്തലേശ്വരൻ റാണിയുടേയും ആരാധനാ വിഗ്രഹങ്ങൾ ആയിരുന്നു അത്രേ. രാജാവിന് വലിയ ശിവലിംഗവും വലിയ നന്ദിയും. രാജ്ഞിക്ക് വേണ്ടി  അതിനേക്കാൾ അല്പം ചെറുതായ 2 പ്രതിഷ്ഠകൾ. ഇതെല്ലാം അവിടെയുള്ള ഗൈഡുകൾ പറഞ്ഞു തന്നതാണ്. തന്റെ ഇഷ്ട ദൈവത്തിനു മുന്നിലെ വൃത്താകൃതിയിലുള്ള കൽമേടയിൽ രാജ്ഞി നൃത്തമാടാറുണ്ടത്രേ. ഹോയ്സാല രാജ്ഞി ആയിരുന്ന ശന്തല ദേവി രാജ്യഭരണ മേഖലകളിൽ രാജാവിൽ സ്വാധീനം ചെലുത്താൻ കെൽപുള്ളവരും ഭക്തയും ഒരു നല്ല ഭരതനാട്യ നർത്തകിയും കൂടി ആയിരുന്നു. അതുകൊണ്ട് തന്നെയാകാം ക്ഷേത്രത്തിലെ വിവിധ നൃത്തനൃത്യ പ്രതിമാരൂപങ്ങൾ രാജ്ഞിയുടെയും തോഴിമാരുടെയും നൃത്തഭാവങ്ങൾ പകർത്തിയതാകാമെന്നു കരുതപ്പെടുന്നതും. സൗന്ദര്യത്തിന്റെ പ്രതിരൂപമായിരുന്ന ശന്തല രാജ്ഞി മികച്ച ഒരു സംഗീതജ്ഞ കൂടി ആയിരുന്നു എന്ന് പറയപ്പെടുന്നു.

മോണോലിത്തിക് സോപ്പ് കല്ലുകൾ ആണ് ഈ ക്ഷേത്രനിർമിതിക്ക് ഉപയോഗിച്ചിട്ടുള്ളത്. ഹിന്ദു പുരാണങ്ങളിലെ കഥാ സന്ദർഭങ്ങളും, പക്ഷികൾ, മൃഗങ്ങൾ, ശിലാബാലികാ നൃത്ത രൂപങ്ങൾ എന്നിവയെല്ലാം ആണ് കല്ലിൽ തികഞ്ഞ പൂർണതയോടെ മനോഹരമായി കൊത്തിവച്ചിട്ടുള്ളത്. ഓരോ ചുവരുകളിലെയും വൈവിധ്യമാർന്ന കൊത്തുപണികൾ കാണുമ്പോൾ ആധുനിക സൗകര്യങ്ങൾ ഒന്നുമില്ലാതെ ഇരുന്ന ആ പൗരാണിക കാലത്ത് ഇതെല്ലാം എങ്ങനെ സാധിച്ചു എന്ന് നമ്മൾ അറിയാതെ ചിന്തിച്ചു പോകും.കലയുടെ മഹനീയ കാലഘട്ടമായിരുന്നു അതെന്ന് ആ ശിൽപനിർമിതികൾ നമ്മോട് നിർത്താതെ പറഞ്ഞുകൊണ്ടിരിക്കും.

കർണാടകയിലെ ഹസൻ ജില്ലയിലാണ് ഹാലിബീഡ് സ്ഥിതി ചെയ്യുന്നത്. യുനെസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള പ്രദേശം കൂടിയാണിത്. എഡി1121‌ൽ വിഷ്ണുവർധൻ രാജാവിനും ശന്തള റാണിക്കുമായി കേതുമല്ലൻ എന്ന മുഖ്യ രാജസേവകൻ പണി കഴിപ്പിച്ച ക്ഷേത്രമാണിത് എന്നു ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. ഏകദേശം 105 സംവത്സരങ്ങൾ എടുത്താണ് ഇതിന്റെ നിർമാണം പൂർത്തിയാക്കിയത് എന്നും പറയപ്പെടുന്നു. ഹൊയ്സാല സാമ്രാജ്യ തലസ്ഥാനമായിരുന്ന ദ്വാരസമുദ്രമാണ് പിന്നീട് ഹാലിബിഡ് എന്നറിയപ്പെട്ടത്. അതിന്റെ പിന്നിലും ഒരു കഥയുണ്ട്. 

പതിനാലാം നൂറ്റാണ്ടിൽ മുഗളരുടെ ആക്രമണത്തിൽ ഒരുപാട് നാശനഷ്ടങ്ങൾ നേരിട്ട ശേഷമാണ് ഈ പ്രദേശം നാശാവശിഷ്ടങ്ങളുടെ നഗരം എന്നർഥമുള്ള ഹാലി ബീഡ് എന്ന പേരിൽ വിളിക്കപ്പെട്ടു തുടങ്ങിയതത്രേ. യുനെസ്കോ സൈറ്റ് ആയത് കൊണ്ടാകാം ഭംഗിയായി സംരക്ഷിച്ചിട്ടുണ്ട് അവിടം. പ്രവേശനം സൗജന്യവുമാണ്. മുഗളരുടെ പടയോട്ടത്തിൽ നശിപ്പിക്കപ്പെട്ട കുറെ നിർമിതികൾ തനിയെ ഒരു ഭാഗത്ത് കാഴ്ചക്കായി വച്ചിട്ടുണ്ട്. അങ്ങനെ ഏതാണ്ട് ഒരു മണിക്കൂർ അവിടെ ചിലവഴിച്ചു ഞങ്ങൾ തിരികെ പാർക്കിങ്ങിലെത്തി. 

∙ നാലുകെട്ടിൽ ‘ഊണ്’

കാറെടുത്ത് ഇറങ്ങാൻ നേരം ഒരു ഗൈഡിനെ കണ്ടു. അടുത്ത് ഉച്ചഭക്ഷണത്തിന് കയറാൻ പറ്റുന്ന നല്ല ഹോട്ടൽ വല്ലതും ഉണ്ടോ എന്നന്വേഷിച്ചു. മാംഗോ ട്രീ എന്ന പേരിൽ തൊട്ടടുത്ത് തനി കന്നടിഗ ഫുഡ് കിട്ടുന്ന ഒരു നല്ല ഹോട്ടൽ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞത് അനുസരിച്ചു അങ്ങോട്ട് വണ്ടി വിട്ടു. ഒരു നാലുകെട്ട് പോലെ ഉണ്ടാക്കിയ ഹോട്ടൽ ആയിരുന്നു അത്.മഴ പെയ്യുന്നത് കൊണ്ട് നടുമുറ്റത്തേക്ക് വെള്ളം ഒഴുകിവീഴുന്ന കാഴ്ച കണ്ടുകൊണ്ടാണ് ഞങ്ങൾ കയറിച്ചെന്നത്. കൈ കൂപ്പിക്കൊണ്ട് ഒരു സ്ത്രീ ഞങ്ങളെ അങ്ങോട്ട് ആനയിച്ചിരുത്തി. അവർക്ക് കന്നഡ മാത്രമേ വശമുള്ളു.

ഞങ്ങള്‍ ‘മീൽസ് വേണം’ എന്ന് പറഞ്ഞപ്പോ മെനുകാർഡ് എടുത്തു തന്നു. മെനുവിഭവങ്ങൾ നോക്കിയപ്പോ ഒരു പരിചയം ഇല്ലാത്ത പേരുകൾ.

എന്തായാലും ഒന്ന് കഴിച്ചു നോക്കാം എന്ന് തീരുമാനിച്ച് സാപ്പാടു (മീൽസ് ) ഓർഡർ ചെയ്തു. വാഴയിലയിൽ ആണ് ഭക്ഷണം വിളമ്പുന്നത്. നല്ല വൃത്തിയുള്ള സ്ഥലം. ആദ്യം തന്നെ അതാ വരുന്നു ഒബ്ബട്ട് എന്ന സ്വീറ്റ്. ഏതാണ്ട് നമ്മുടെ ബോളി പോലെ ഉണ്ട്.അതിനു മുകളിൽ നിറയെ നെയ്യും ഒഴിച്ച് തന്നു.അത് കഴിച്ചപ്പോഴെ എന്റെ വിശപ്പ് മാറി. പിന്നെ നോക്കിയപ്പോ വിഭവങ്ങളുടെ വരവായി. സാഗു എന്നപേരിൽ ആണ് വെജ് കറി അറിയപ്പെടുന്നത്.

തക്കാളി സാദം, ചീര കൊണ്ടുള്ള ഒരു കറി,സാമ്പാർ, രസം, സാവുലരി പപ്പടം പിന്നെ പേരറിയാത്ത എന്തൊക്കെയോ വന്നും പോയും ഇരുന്നു.ചോറ് മാത്രം വന്നില്ല അപ്പോ ദേ വരുന്നു റൊട്ടി.റൊട്ടി എങ്കിൽ റൊട്ടി. അത് കഴിച്ചു തീർന്നില്ല അതിനു മുൻപേ നാൻ പോലെ വേറെ ഒരു ഐറ്റം വന്നു.വയർ ആകെ ഫുള്ളായി. ഇതെങ്ങനെ തീർക്കും എന്ന് കരുതി ഇരിക്കുമ്പോ അതാ ചൂട് ചോറും കൊണ്ട് വരുന്നു.വളരെ വളരെ ലേറ്റ് ആയി പോയി. പേരിനു കുറച്ചു ഇടീച്ച് സന്തോഷമായി ചേട്ടാ എന്നു മലയാളത്തിലും ഇംഗ്ലിഷിലും ആയി പറഞ്ഞു ഫലിപ്പിച്ചു.

ഇലയ്ക്കടുത്ത് ഒരു പാത്രത്തിൽ പായസം ഉണ്ടെന്ന് (അതിനു പായസം എന്നു തന്നെയാണ് അവിടെയും പേര്) ഞങ്ങളെ ഓർമപ്പെടുത്തി അദ്ദേഹം പോയി. പറഞ്ഞ സ്ഥിതിക്ക് ഒന്ന് പായസം രുചിച്ചു നോക്കി. മധുരം തീരെ കുറവ്.തമിഴ്നാട്ടിലെ പോലെ അതിലും സാവുലരി ചേർത്തിട്ടുമുണ്ട്. ചെറു ചൂടിൽ ആണ് എല്ലാ ഭക്ഷണവും തരുന്നത്. ഈ തണുപ്പിൽ അതെനിക്ക് ഇഷ്ടപ്പെട്ടു. നല്ല ഇളം ചൂടുള്ള വെള്ളവുമുണ്ട് കുടിക്കാൻ.അതും കുടിച്ചു ഇല മടക്കി. സന്തോഷ പൂർവ്വം തല ആട്ടി കാണിച്ചു അവരോട് യാത്ര പറഞ്ഞ് ഇറങ്ങി.

പിൻഗാമികൾ വേണം പൂർത്തിയാക്കാൻ!

അടുത്ത ഉന്നം ബേലൂർ ആണ്. എന്തായാലും ഇത്രടം വന്നതല്ലേ, ചെന്നകേശവ ക്ഷേത്രം കൂടി ഒന്ന് കാണണം. ഒരു 15 മിനിറ്റിൽ അവിടെ എത്തി. ബെംഗളൂരുവിൽ നിന്നു ചിക്കമഗളൂർ പോകുന്ന വഴിയിൽ നിന്നും അൽപം ഉള്ളിലേക്ക് പോയാൽ ബേലൂർ സോമനാഥ്പുരത്തെ ഈ ക്ഷേത്രത്തിൽ എത്താം. ഇതും പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു ഹോയ്സല കാലഘട്ട നിർമിതി തന്നെ.വിജയനാരായണ ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു. ദസോജ, ചവന എന്നീ അച്ഛനും മകനുമാണ് ഈ കരവിരുതിന്റെ ആശാന്മാർ എന്ന് ചരിത്രം പറയുന്നു മഹാവിഷ്ണു ആണ് പ്രതിഷ്ഠ. 3.7 മീറ്റർ ഉയരത്തിൽ കറുപ്പു കല്ലിൽ ആണ് പ്രതിഷ്ഠ നിർമിച്ചിട്ടുള്ളത്. വളരെ വലിയ ഏരിയയിൽ ആണ് ക്ഷേത്രം നിൽക്കുന്നത്.

ഗോപുരം കടന്നാൽ ഉള്ളിൽ അതിവിശാലമായ ചുറ്റമ്പലം ആണ്. അവിടം മുഴുവൻ കല്ലു പാകിയിരിക്കുന്നു അവിടെ ആണ്ടാൾ, സൗമ്യനായകി എന്നിങ്ങനെ കുറേ ചെറിയ ദേവിക്ഷേത്രങ്ങളും കാണാം. പ്രധാന ക്ഷേത്രത്തിനുള്ളിൽ കടക്കുന്നതിന് ഏതാനും പടികൾ ഉണ്ട്. ഇരു വശത്തും ആനകളെയും കുതിരകളെയും കൊത്തി വച്ചിട്ടുണ്ട്. ആനകൾ ധൈര്യത്തിന്റെയും കുതിരകൾ വേഗത്തിന്റെയും ചിഹ്നമായി കണക്കാക്കപ്പെട്ടിരുന്നു. മൂർത്തിക്ക് മുൻപിൽ ഉള്ള സ്ഥലത്ത് നിറയെ തൂണുകൾ ഉണ്ട്. ഓരോ തൂണും കാഴ്ചയിൽ ഒന്നിനൊന്നു വ്യത്യസ്തമാണ്. ‘നരസിംഹ പില്ലർ’ നമുക്ക് വട്ടം ചുറ്റി തിരിക്കാനും പറ്റും! മോഹിനി പില്ലർ ആണ് ഏറ്റവും ഭംഗിയുള്ളത്. ഇതിൽ ഒരു ഭാഗം ഒരു കൊത്തുപണികളും ഇല്ലാതെ വെറുതെ വിട്ടിരിക്കുന്നു. വരും തലമുറയിലെ പ്രതിഭാധനരായ പിൻഗാമികൾക്ക് പൂർത്തിയാക്കാൻ വേണ്ടി വിട്ടുവച്ചതാണത്രെ ആ ഭാഗം !!.

തൊഴുതു തീർഥം വാങ്ങി, മഴയെ വകവയ്ക്കാതെ ഞങ്ങൾ ക്ഷേത്രം വലം വയ്ക്കാൻ ഇറങ്ങി. അവിടത്തെ കൊത്തുപണികൾ മുഴുവൻ കണ്ടു തീർക്കാൻ ഒരു ദിനം പോരാ എന്ന് തോന്നി. ഓരോ ശിലാഭാഗങ്ങളും അതിശയിപ്പിക്കും വിധത്തിൽ നാനാ തരത്തിലുള്ള അതി സൂക്ഷ്മമായ കൊത്തുപണികളാൽ നിറച്ചു വച്ചിരിക്കുകയാണ്! അതും അത്രമേൽ കൃത്യതയോടെ,ജാഗ്രതയോടെ... കാണുന്ന രൂപങ്ങൾക്കെല്ലാം അനതിസാധാരണമായ പൂർണത! കലയുടെ മൂർത്ത രൂപങ്ങൾ... അവ വർണിക്കാൻ ഞാനാര്...!

കനത്ത മഴയുടെ ലക്ഷണം, തിരിച്ചു ചിക്കമഗളൂർ ഹോട്ടലിൽ വേഗം ചെന്നെത്തിയെ പറ്റൂ. കണ്ടു തീർന്നില്ല, തീരുകയും ഇല്ല. എങ്കിലും മടങ്ങിയേ പറ്റൂ. സ്വർണ വർണമാർന്ന കൂറ്റൻ കൊടിമരത്തിനു അടുത്തെത്തി തിരിഞ്ഞു വീണ്ടും കൈകൂപ്പി വിഷ്ണു ദേവനെ തൊഴുതു. ഈ മഹത്തായ ശിൽപസഞ്ചയം ഒരുക്കാൻ വർഷങ്ങളോളം രാവും പകലുമായി ജീവിതം സമർപ്പിച്ച , പൂർവികരായ ആയിരമായിരം കലാകാരൻമാരെ മനസ്സാ വന്ദിച്ചു പതിയെ തിരികെ നടന്നു...

English Summary:

Exploring Chikmagalur: A Journey from Bangalore to Nature's Paradise.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com