ADVERTISEMENT

ആനയെ ഇഷ്ടപ്പെടാത്തവരാരുണ്ട്…?നാട്ടാനയെപ്പോലും കണ്ണിമവെട്ടാതെ നോക്കിനിൽക്കുന്നവരല്ലേ മലയാളികൾ! ഈ വേനൽ ആനകളുടെ സഞ്ചാരസമയമാണ്. ഉത്സവത്തിന് തീവെട്ടിയുടെയും വാദ്യഘോഷങ്ങളുടെയും ഇടയിൽനിന്നു ഗതികെടുന്ന ആനകളുടെ കാര്യമല്ല പറയുന്നത്. മറിച്ച് ഉൾക്കാടുകളിലെ ജലാശയങ്ങളെ വേനൽച്ചൂട് വറ്റിക്കുമ്പോൾ ജീവജലം തേടിയിറങ്ങുന്ന കാട്ടാനകളെക്കുറിച്ചാണ്. അവ ആനത്താരകൾ എന്ന തങ്ങളുടെ പൂർവികർ സഞ്ചരിച്ച അതേ വഴികളിലൂടെ ജലവും ആഹാരവും തേടിയിറങ്ങും. അത്തരം ആനസഞ്ചാരങ്ങൾ കാണാനുള്ള പാതകൾ ഇതാ. ഈ വഴികളിലൂടെ  നമ്മുടെ കാറിൽത്തന്നെ യാത്ര ചെയ്യുമ്പോൾ ആനകളുടെ അപൂർവദൃശ്യങ്ങൾ കിട്ടും. 

മാട്ടുപ്പെട്ടി പുൽമേട്

മാട്ടുപ്പെട്ടിയിലെ-ആനകൾ-

മൂന്നാറിൽ പലയിടത്തും ആനകളെക്കാണാം. ഇതിൽ ഏറ്റവും സുരക്ഷിതമായ സ്ഥലത്തുനിന്നും ആനക്കൂട്ടങ്ങൾ പുൽമേട്ടിൽ മേയുന്ന കാഴ്ച കാണണമെങ്കിൽ മാട്ടുപ്പെട്ടിയിലേക്കു വരാം.  ടോപ്സ്റ്റേഷനിലേക്കുള്ള വഴിയിൽ ഇരുവശത്തുമായി കാണാം ആ പുൽമേടുകൾ. പച്ചപ്പു കുറഞ്ഞിട്ടുണ്ടെങ്കിലും ആനകൾ നിത്യസന്ദർശകരാണിവിടെ. റോഡ് ഉയരത്തിലും പുൽമേട് താഴെയുമാണ്. അതിനാൽ വാഹനം നിർത്തി കാഴ്ചയാസ്വദിക്കുന്നതിൽ വലിയ കുഴപ്പങ്ങളുണ്ടാകാറില്ല. അപൂർവമായി മാത്രം വാഹനങ്ങളെ അക്രമിച്ചിട്ടുണ്ട് ഇവിടുത്തെ ആനകൾ.

മൂന്നാറിൽനിന്നും ഇരുപതുകിലോമീറ്റർ ദൂരം വണ്ടിയോടിച്ചാൽ ആനമേയുന്ന മേടുകൾ കാണാം. കുണ്ടള ഡാം, മാട്ടുപ്പെട്ടിഡാം എന്നിവയും ആസ്വദിക്കാം. 

ആനയിറങ്കൽ ഡാം

ആനയിറങ്കൽ-ഡാം-

ആന നീന്തുന്നതു കണ്ടിട്ടുണ്ടോ? മൂന്നാറിൽനിന്ന് ചിന്നക്കനാൽ റൂട്ടിലെ അതിസുന്ദരമായ കാഴ്ചകളിലൊന്നാണ് ആനയിറങ്കൽ ഡാം.  നേരെ വൈകുന്നതിനു മുൻപ് ആനയിറങ്കൽ ഡാമിലേക്കു വണ്ടിയോടിച്ചുചെല്ലാം. നിങ്ങൾക്കു ഭാഗ്യമുണ്ടെങ്കിൽ ആനക്കൂട്ടത്തെ കാണാം. തീരത്തുള്ള ചെറുതോണികൾ മുക്കിയിട്ടിരിക്കുകയാണ്. കാര്യമെന്തെന്നു തിരക്കിയപ്പോൾ ആന ചവിട്ടിത്തകർക്കുമെന്നതുകൊണ്ടാണങ്ങന ചെയ്തത് എന്നാണു മറുപടി കിട്ടിയത്.

വൈകുന്നേരമായപ്പോൾ അങ്ങേക്കരയിൽനിന്നു കൂവൽ കേട്ടു. ആനയിറങ്ങിയിട്ടുണ്ടെന്നാണ് ആ കൂവലിന് അർഥം. ഡാമിന്റെ പേരുതന്നെ ആനയിറങ്കൽ എന്നാണല്ലോ. ടെലിലെൻസിലൂടെ ജലാശയത്തിലേക്കു നോക്കിയപ്പോൾ ഒരു പാറനീന്തിപ്പോകുന്നതുപോലെ ഒരൊറ്റയാൻ  അക്കരെകയറുന്ന അപൂർവദൃശ്യം കാണാൻ പറ്റി. തുമ്പിക്കൈ മുകളിലാക്കി കരിവീരൻ നീന്തുന്നതു കാണുന്നേരം പടമെടുക്കാൻ മറന്നു. അക്കരെ കയറുന്ന ദൃശ്യം പകർത്തി തിരികെപ്പോന്നു. കാരണം ഇനിയവൻ റോഡിലേക്കു കയറിനിൽക്കുമത്രേ. നാട്ടുകാരുടെ ഉപദേശം കേട്ടശേഷം മാത്രമേ ജലാശയക്കരയിലേക്കിറങ്ങാവൂ. 

മൂന്നാറിൽനിന്നു 28 കിലോമീറ്റർ ദൂരം-. ചിന്നക്കനാൽ ഗ്രാമദൃശ്യങ്ങൾ, മതികെട്ടാൻ ചോലയിലെ മരവീട്ടിലെ താമസം എന്നിവയാണ് മറ്റ് ആകർഷണങ്ങൾ

മുതുമലയിലെ-ആനക്കൂട്ടം

മുതുമലൈ

മുതുമലൈ കടുവാസങ്കേതത്തിൽ കയറിയാൽത്തന്നെ ആനകളെ കാണാൻപറ്റും. എന്നിരുന്നാലും തെപ്പക്കാടിൽനിന്നും ഊട്ടിയിലേക്കുള്ള അതിമനോഹരമായ പാത തിരഞ്ഞെടുക്കുക. തീർച്ചയായും ആനയെ കാണും. മസിനഗുഡിയിൽനിന്നു മോയാർ ഡാമിലേക്കുള്ള വഴിയിലും അവ കൂട്ടത്തോടെ മേയാനെത്താറുണ്ട്. 

നിലമ്പൂർ-ഗൂഡല്ലൂർ- മുതുമലൈ-മസിനഗുഡി 115 km 

elephant-trip1

മസിനഗുഡി വനഗ്രാമം, ഊട്ടി എന്നിവ സന്ദർശിക്കാം. മുതുമലൈയിൽ സഫാരി നടത്താം. 

ബന്ദിപ്പുർ നാഷനൽ പാർക്കിലൂടെയുള്ള വഴി

മുതുമലയുടെ തുടർച്ചയാണ് കർണാടകയുടെ കാടായ ബന്ദിപ്പുർ. മൈസൂരിലേക്കുള്ള ഈ വഴി തെന്നിന്ത്യയിലെ ഏറ്റവും വലിയ ആനത്താരകളിലൊന്നാണ്.  ഗുണ്ടൽപേട്ട് ഗ്രാമം എത്തുന്നതിനു മുൻപ് ആനകളെ നിങ്ങൾ കണ്ടിരിക്കും. അത്ര അപകടകാരിയല്ല ഇവിടത്തെ ആനകൾ. 

നിലമ്പൂർ-ഗൂഡല്ലൂർ- ഗുണ്ടൽപേട്ട് 138 Km

ഗുണ്ടൽപേട്ടിലെ ഗ്രാമങ്ങൾ, ഗോപാൽസ്വാമി ബേട്ട അമ്പലം എന്നിവ കാണാം. 

വയനാട്ടിലെ ആനത്താരകൾ

വയനാട്ടിലെ-ആനകൾ-

സത്യത്തിൽ വയനാട്ടിൽ ആനത്താരകളല്ലാത്ത ഇടങ്ങളുണ്ടോ എന്നു സംശയം തോന്നും. കാടും നാടും അത്രകണ്ട് അടുത്താണല്ലോ ഇവിടെ. എന്നാൽ ആനകളെ തീർച്ചയായും കാണുന്ന ചില വഴികൾ വയനാട്ടിലുണ്ട്.

elephant-trip

അതിലൊന്നാണ് തിരുനെല്ലിയിലേക്കുള്ള റോഡ്. ബ്രഹ്മഗിരി ആനത്താര എന്നാണിതിനെ വിശേഷിപ്പിക്കേണ്ടത്. ബ്രഹ്മഗിരിമലനിരകൾക്കടിയിലൂടെ കാടുതാണ്ടിയുള്ള യാത്രയിൽ ആനകളെ കാണാത്തവർ ചുരുക്കം. 

മാനന്തവാടി-കാട്ടിക്കുളം-തിരുനെല്ലി 32 Km

വയനാട്ടിൽ മുത്തങ്ങയിലും തോൽപ്പെട്ടിയിലും എന്നുവേണ്ട ഏതാണ്ട് എല്ലായിടത്തും ആനകളെകാണാമെന്നു പ്രത്യേകം പറയേണ്ടല്ലോ… ? മാനന്തവാടിയിൽനിന്നു കുട്ടയിലേക്കു പോകുമ്പോഴും ആനകൾ കണ്ണിനുവിരുന്നേകാറുണ്ട്. 

ഇതെല്ലാം സ്ഥിരമായി ആനകളെ കാണുന്നയിടങ്ങളാണ്. പ്രത്യേകിച്ചു ടിക്കറ്റുകളോ പ്രവേശനഫീസോ ഇല്ലാതെത്തന്നെ ആനകളെ കാണാം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com