ADVERTISEMENT

കൊച്ചിയുടെ കാഴ്ചകൾക്കും രുചിയ്ക്കും ഇപ്പോൾ കാപ്പിയുടെ മണം കൂടിയുണ്ട്. ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പി കുടിക്കാൻ ഇനി മറ്റുള്ള നാടുകളെയോ രാജ്യങ്ങളെയോ ആശ്രയിക്കേണ്ട. കൊച്ചിയിലുണ്ട്. കോപ്പി ലുവാക് എന്നാണ് ഈ അതിപ്രശസ്ത കാപ്പിയുടെ പേര്. കടയുടെ പേരും അതുതന്നെ കഫേ കോപ്പി ലുവാക്.

Kafe-KopiLuwak

കൊച്ചി പനമ്പിള്ളി നഗറിലാണ് കഫെ. ബിസിനസ്സുകാരനും നടനുമായ നിർമൽ ജെയ്ക്കും കോസ്റ്റ്യൂം ഡിസൈനറായ ഷീബ മണിശങ്കറുമാണ് കഫേയുടെ സാരഥികൾ. ഒരു ബിസിനസ് തുടങ്ങണമെന്ന മോഹം മനസിലുദിച്ചപ്പോൾ രണ്ടുപേർക്കും ഒരുപോലെ തോന്നിയ ആശയമായിരുന്നു കഫേ. കഫേകൾക്കു യാതൊരു പഞ്ഞവുമില്ലാത്ത കൊച്ചിയിൽ അത്തരമൊരു സ്ഥാപനം തുടങ്ങുമ്പോൾ എന്തെങ്കിലുമൊരു പ്രത്യേകത കൂടി അതിനൊപ്പം വേണമെന്ന ചിന്തയാണ് കോപ്പി ലുവാക്കിലെത്തിച്ചത്. കാപ്പിയുടെ രുചിനുകരാൻ സിനിമലോകത്തെ മിക്ക താരങ്ങളും എത്താറുണ്ട്.

കാപ്പിയുടെ രുചി നാടെങ്ങും പാട്ടായതോടെ കോപ്പി ലുവാക്കിന്റെ പുതിയ ഷോപ്പ് കൊച്ചിയിലെ നേവൽ ബേസിലും ആരംഭിച്ചിരിക്കുകയാണ്. 

Kafe-KopiLuwak1

കോപ്പി ലുവാക്കിന്റെ ജന്മദേശം ഇന്തോനേഷ്യയാണ്. സാധാരണ കാപ്പിക്കുരുവിനെ പ്രത്യേകരീതിയിൽ സംസ്കരിച്ചെടുത്താണ് കോപ്പി ലുവാക്  തയാറാക്കിയെടുക്കുന്നത്. നിസാരകാര്യമാണ് കാപ്പിക്കുരു തയാറാക്കിയെടുക്കലും സംസ്കരണവുമെന്നു കരുതിയെങ്കിൽ തെറ്റി. കുറച്ചേറെ സങ്കീർണ്ണമാണ് കോപ്പി ലുവാക് എന്ന കാപ്പിയുണ്ടാക്കിയെടുക്കൽ. സിവെറ്റ് കോഫി എന്നൊരു വിളിപ്പേരുകൂടി കോപ്പി ലുവാക്കിനുണ്ട്. സിവെറ്റ് എന്ന വെരുകിന്റെ വർഗ്ഗത്തിപ്പെട്ട ഒരു ജീവിയുടെ പ്രധാന ഭക്ഷണം കാപ്പിക്കുരുവാണ്. ഭക്ഷിക്കപ്പെട്ട കാപ്പിക്കുരു ശരീരത്തിനുള്ളിലെ  രാസപ്രവർത്തങ്ങൾക്കു ശേഷം പൾപ്പ് വേർപ്പെട്ടു പുറത്തുവരുമ്പോൾ അതിനു ഗുണങ്ങളധികമെന്നു പൗരാണികക്കാലത്തു തന്നെ കണ്ടുപിടിക്കപ്പെട്ടിരുന്നു. അങ്ങനെ പുറത്തുവരുന്ന കാഷ്ഠത്തിൽ നിന്നും കാപ്പികുരുവിനെ വേര്‍തിരിച്ചെടുത്തു സംസ്കരിച്ചാണ് കോപ്പി ലുവാക് തയാറാക്കിയെടുക്കുന്നത്. വെരുകിനെ കൂട്ടിലിട്ടു വളർത്തി, കാപ്പിക്കുരു കഴിപ്പിച്ച്, കാഷ്ഠത്തിൽ നിന്നും കാപ്പിക്കുരു സംസ്ക്കരിച്ചെടുക്കുന്നതു  ഇന്തോനേഷ്യയിലിപ്പോൾ വലിയ വ്യവസായമാണ്.

കൊച്ചി നഗരത്തിലെ കഫേകളുടെ അകത്തളങ്ങളിൽ ഏറ്റവും മനോഹരമായതാണ് കോപ്പി ലുവാക്കിന്റേത്. വളരെ വ്യത്യസ്തവും ആകർഷകവുമാകണം അകത്തളമെന്നു നിർബന്ധമുണ്ടായിരുന്നതുകൊണ്ടു തന്നെ, അതിവിശിഷ്ടമായ വസ്തുക്കൾകൊണ്ടു അകം ഭംഗിയാക്കാൻ ശ്രമിച്ചിട്ടുണ്ട് കഫെയുടെ സാരഥികൾ. കുട്ടവഞ്ചിയുടെ ആകൃതിയിലുള്ള ഇരിപ്പിടങ്ങൾ വയനാട്ടിലെ ഗോത്രവർഗക്കാരോട് പ്രത്യേകം പറഞ്ഞുണ്ടാക്കിച്ചതാണ്. അങ്ങനെ ഏറെ പ്രത്യേകതകളുള്ള നിരവധി വസ്തുക്കൾ കോപ്പി ലുവാക്കിൽ കാണുവാൻ കഴിയും.

Kafe-KopiLuwak2

കുട്ടവഞ്ചിയുൾപ്പടെ ഇരിപ്പിടമാക്കി രൂപത്തിലും ഭാവത്തിലുമെല്ലാം വ്യത്യസ്ത നിറഞ്ഞതാണ് കോപ്പി ലുവാക്ക്. മെക്സിക്കൻ ഇറ്റാലിയൻ വിഭവങ്ങളുമായി പനമ്പിള്ളി നഗറിൽ തുടങ്ങിയ ഈ ബിസിനസ് സംരംഭത്തിലേക്ക് കോപ്പി ലുവാക് എന്ന കാപ്പിയുടെ വരവോടെ കഫേ ക്ലിക്കായി. രുചിപെരുമയിലും സ്റ്റാറായി.

തീവിലയുള്ള കോപ്പി ലുവാക് കപ്പൊന്നിന് ആയിരത്തിയറുന്നൂറ് രൂപ നിരക്കിലാണ് ഇവിടെ വിൽക്കുന്നത്.

Kafe-KopiLuwak6

വിഭവങ്ങളുടെ കാര്യത്തിലും ഈ കഫേ അദ്ഭുതപ്പെടുത്തും. മെക്സിക്കന്‍ ഇറ്റാലിയൻ വിഭവങ്ങളുടെ ഒരു നിര തന്നെ ഇവിടെ നിന്നും ആസ്വദിച്ചു കഴിക്കാം. അതീവ രുചികരമായ ആ വിഭവങ്ങൾക്കൊപ്പം കോപ്പി ലുവാക് കൂടി ചേർന്നപ്പോഴാണ് കഫെയിൽ തിരക്കേറിയത്. 1600 രൂപ വിലവരുന്ന കാപ്പി കുടിക്കാൻ ആളുകൾ എത്തുമോ എന്നൊരു സംശയം ഉടമകൾക്കുണ്ടായിരുന്നുവെങ്കിലും കേട്ടറിഞ്ഞെത്തിയ ആവശ്യക്കാർ നിരവധിയാണ്. ഒരു പുതുമയ്ക്കു വേണ്ടിയും രുചിയറിയാനും ആദ്യം കഫെയിൽ കയറുന്നവർ പിന്നീട് സ്ഥിരമായി എത്തിത്തുടങ്ങി. അങ്ങനെ കോപ്പി ലുവാക് ഹിറ്റായി.

ഇനി കൊച്ചിയുടെ കാഴ്ചകളിലേക്കിറങ്ങുമ്പോൾ, കോപ്പി ലുവാക് കൂടി പരീക്ഷിച്ചുനോക്കാൻ മറക്കണ്ട. വിലയല്‍പം കൂടുതലാണെങ്കിലും അതിവിശിഷ്ടവും രുചികരവുമായ ആ കാപ്പി രുചിപ്രേമികളുടെ ഹൃദയത്തെ കീഴടക്കുക തന്നെ ചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com