sections
MORE

ചെട്ടികുളങ്ങര കുത്തിയോട്ടവും കെട്ടുകാഴ്ച വിസ്മയവും

alappuzha-chettikulangara-fest
SHARE

കുംഭത്തിലെ ഭരണിനക്ഷത്രം ഹൈന്ദവ വിശ്വാസമനുസരിച്ചു വളരെ വിശേഷപ്പെട്ടതാണ്. പല ക്ഷേത്രങ്ങളിലും വിശേഷാൽ പൂജകളും ചടങ്ങുകളുമൊക്കെ ഈ ദിവസമുണ്ടാകാറുണ്ട്. ചില ക്ഷേത്രങ്ങളിൽ ഈ നാളിൽ ഉത്സവം തന്നെ കൊണ്ടാടാറുണ്ട്. അത്തരത്തിൽ വളരെ വ്യത്യസ്തമായ ആചാരങ്ങളോടെ ഉത്സവം നടക്കുന്ന ഒരു പുണ്യക്ഷേത്രമാണ് ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം. ഇവിടുത്തെ ഉത്സവനാളിലെ ഏറെ പ്രത്യേകതകളുള്ള ചടങ്ങാണ് കുത്തിയോട്ടം. വളരെ ചുരുക്കം ക്ഷേത്രങ്ങളിൽ മാത്രമുള്ള ഈ വ്യത്യസ്തമായ ആഘോഷം കാണാൻ ചെട്ടിക്കുളങ്ങര ഭഗവതീസന്നിധിയിലേക്ക് ഒരു യാത്ര പോയാലോ?

chettikulangara-devi-temple

ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലാണ് ചെട്ടികുളങ്ങര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭദ്രകാളിയാണ്  മുഖ്യപ്രതിഷ്ഠയെങ്കിലും ഇവിടുത്തെ ശ്രീപാർവതീദേവിയ്ക്കു മൂന്നുഭാവങ്ങളാണ്. പ്രഭാതത്തിൽ സരസ്വതീദേവിയായും മധ്യാഹ്നത്തിൽ മഹാലക്ഷ്മിയായും സായാഹ്നത്തിൽ ശ്രീ ദുർഗയായും ദേവി ഭക്തരെ അനുഗ്രഹിച്ചുകൊണ്ടു കുടികൊള്ളുന്നു. ചെട്ടികുളങ്ങര ക്ഷേത്രം പ്രശസ്തമാകുന്നത് ഇവിടുത്തെ കുംഭഭരണി ആഘോഷത്തിൻറെ പേരിലാണ്. കൂടാതെ, നവരാത്രിയും വിജയദശമിയുമാണ് ക്ഷേത്രത്തിലെ പ്രധാന ദിനങ്ങൾ. 

chettikulangara-temple

ക്ഷേത്രത്തിൽ കുംഭഭരണിയോടു അനുബന്ധിച്ചു ഭക്തർ നടത്തുന്ന വഴിപാടാണ് കുത്തിയോട്ടം. അഞ്ചുവയസിനും എട്ടുവയസിനും ഇടയിലുള്ള സ്വന്തം കുഞ്ഞുങ്ങൾ, രക്തബന്ധത്തിലുള്ള കുട്ടികൾ എന്നിവരെയാണ് വഴിപാടു നടത്തുന്നവർ കുത്തിയോട്ടത്തിനായി തെരഞ്ഞെടുക്കുക. ശിവരാത്രി നാളിലാണ് കുത്തിയോട്ടത്തിനുള്ള ചടങ്ങുകൾ ആരംഭിക്കുന്നത്. ശിവരാത്രി നാളിൽ കാലത്തേ കുട്ടിയേയും കൊണ്ട് ക്ഷേത്രത്തിലെത്തുന്ന ഭക്തർ, ദേവിക്ക് ദക്ഷിണ സമർപ്പിച്ചു, അനുഗ്രഹം വാങ്ങിക്കുന്നു.

chettikulangara-kuthiyottam

കൂടെ മാതാപിതാക്കൾക്കും ദക്ഷിണ നൽകുന്നു. തുടർന്ന്, പാട്ടും ചുവടും പരിശീലിപ്പിക്കുന്ന ആശാന് ബാലനെ സമർപ്പിക്കുന്നു.  കുട്ടിയെ സ്നാനം ചെയ്യിപ്പിച്ചു, ചുവന്ന വസ്ത്രം ധരിപ്പിച്ചതിനു ശേഷം ആശാനും വഴിപാടു നടത്തുന്ന വ്യക്തിയും ചേർന്ന് കുട്ടിയെ ദേവീസന്നിധിയിൽ ദർശനത്തിനായി എത്തിക്കുന്നു. മേൽശാന്തി നൽകുന്ന മാലയും ധരിച്ച്‌, ശിവരാത്രി നാൾ മുതൽ ഭരണി നാൾ വരെ കുട്ടിയെ വഴിപാടുകാരൻ വ്രതശുദ്ധിയോടെ വീട്ടിൽ പരിപാലിക്കുന്നു. തിരുവോണം മുതൽ ഭരണി വരെ ചിലപ്പോൾ ഏഴുമുതൽ പത്തുദിവസം വരെ വ്രതം തുടരേണ്ടി വരും.  

ഭരണി നാളിനു തലേന്ന് മുതൽ അതായതു അശ്വതി മുതൽ ചടങ്ങുകൾക്കു ആരംഭമാകും. മെടഞ്ഞ പച്ചോലയിൽ ഇരുത്തി ബാലന്റെ മുടിമുറിക്കുന്നതാണ് ആദ്യ ചടങ്ങ്. കോതുവെട്ടുക എന്നാണ് ഈ ചടങ്ങിന്റെ പേര്. ശേഷം മഞ്ഞളും ആര്യവേപ്പിലയും ഇട്ട വെള്ളത്തിൽ കുഞ്ഞിനെ കുളിപ്പിക്കുന്നു. തുടർന്ന്, കുത്തിയോട്ട മണ്ഡപത്തിലിരുത്തി, കാലങ്ങളായി തുടർന്നുപോരുന്ന ചടങ്ങുകൾ നടത്തുന്നു. അതോടെ ആ ദിവസത്തിന് സമാപ്തിയാകുന്നു.

ഭരണി നാളിൽ, പുലർച്ചെ ബാലന്മാരെ എഴുന്നേൽപ്പിച്ചു സ്നാനം ചെയ്യിപ്പിച്ചതിനു ശേഷം, പരമ്പരാഗതമായി അനുഷ്ഠിച്ചു പോരുന്ന ആചാര ക്രമങ്ങളോടെ, കുത്തിയോട്ട പാട്ടിന്റെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിക്കുന്നു.  സ്വർണ നൂലുകൊണ്ടോ, വെള്ളിനൂലുകൊണ്ടോ ഈ സമയത്തു കുട്ടിയുടെ ദേഹത്ത് ചുറ്റികെട്ടിയിട്ടുണ്ടാകും, ഇതാണ് കുത്തിയോട്ടത്തിലെ അതിപ്രധാനമായ ചൂരൽ മുറിയിൽ ചടങ്ങ്. കുട്ടിയുടെ ദേഹത്തു ചുറ്റികെട്ടിയിരിക്കുന്ന ഈ നൂല് ഊരിയെടുത്തു ദേവിയ്ക്കു സമർപ്പിക്കുന്നതോടെ കുത്തിയോട്ടത്തിനു സമാപ്തിയാകും. 

കുത്തിയോട്ടം മാത്രമല്ല, കെട്ടുകാഴ്ചയും ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള സവിശേഷ കാഴ്ചയാണ്. ദേശത്തിലെ പതിമൂന്നു കരകളും ചേർന്നാണ് കെട്ടുകാഴ്ച നടത്തുന്നത്. വലിയ വലുപ്പമുള്ള കുതിരകൾ, ഭീമസേനൻ, ഹനുമാൻ എന്നിവരുടെ ദാരുശില്പങ്ങൾ എന്നിവയാണ് കെട്ടുകാഴ്ചയിൽ അണിനിരക്കുന്നത്. ഉത്സവദിവസം ഉച്ചയ്ക്കുശേഷം നടക്കുന്ന കെട്ടുകാഴ്ച ക്ഷേത്ര സമീപമുള്ള കാഴ്ചകണ്ടത്തിൽ അണിനിരക്കുന്നു. രാത്രിയിൽ ദേവി, പതിമൂന്നു കരകളിലെയും കെട്ടുകാഴ്ചകളെ സന്ദർശിക്കുകയും അനുഗ്രഹിക്കുകയും ചെയ്യും. 125 അടിയിലേറെ പൊക്കമുള്ളതാണ് ഇവിടുത്തെ കുതിരകൾ. കുതിര എന്നാണ് പേരെങ്കിലും ഇവയ്ക്കു കുതിരകളുമായി യാതൊരു വിധത്തിലുള്ള രൂപസാദൃശ്യവുമില്ല എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്‌. അഞ്ചു തേരുകളും ആറ് കുതിരകളുമാണ് കെട്ടുകാഴ്ചയിൽ അണിനിരക്കുക. കൂടെ ഭീമന്റെയും ഹനുമാന്റെയുമൊക്കെ ദാരുശില്പങ്ങളും.  

കാഴ്ചക്കാരിൽ വിസ്മയം ജനിപ്പിക്കുന്നവയാണ് ചെട്ടികുളങ്ങരയിലെ ഉത്സവകാഴ്ചകൾ. ഏറെ പ്രത്യേകതകളുള്ളതും മറ്റെങ്ങുമില്ലാത്തതുമായ ഈ കാഴ്ചകൾ കാണാൻ അന്യദേശങ്ങളിൽ നിന്നുപോലും ആളുകൾ എത്തിച്ചേരാറുണ്ട്. നമ്മുടെ നാടിന്റെ സംസ്കാരത്തിന്റെ ഭാഗമായ ഈ ആഘോഷങ്ങൾ കാണാൻ ഇത്തവണ ചെട്ടികുളങ്ങരയ്ക്കു പോകാം. തിരുവല്ലയിൽ നിന്നും കായംകുളത്തേക്കുള്ള പാതയരികിൽ തന്നെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA