ADVERTISEMENT

നിത്യയൗവനമാണ് ബ്രഹ്മഗിരിയിലെ വനങ്ങൾക്ക്. ഗിരിനിരകൾ പച്ചയണിഞ്ഞ തരുക്കളെ പ്രണയിച്ചു നിൽക്കുമ്പോൾ കൊഴിയാൻ പോലും ഇലകൾ മടിക്കുന്നതുപോലെ നിത്യഹരിതമാണിവിടം. കാഴ്ചയുടെ വസന്തമൊരുക്കുന്ന വയനാട്ടിലും കർണാടകയിലെ കൂർഗ് ജില്ലയിലുമായാണ് പശ്ചിമഘട്ടത്തിന്റെ ഭാഗമായ ബ്രഹ്മഗിരി മലനിരകൾ സ്ഥിതി ചെയ്യുന്നത്. നിത്യഹരിതവനങ്ങൾ അവശേഷിക്കുന്ന അതിപരിസ്ഥിതി ദുർബല മേഖലകൂടിയാണിവിടം. സമുദ്രനിരപ്പിൽ നിന്ന് 1608 മീറ്ററാണ് ഈ മഹാസാനുക്കളുടെ ഉയരം.

ചെറിയ അരുവികളും നദികളും കാടിന്റെ വന്യതയും പച്ചപ്പിന്റെ ശീതളിമയും നിറഞ്ഞുതുളുമ്പുന്ന ബ്രഹ്മഗിരിയിലേക്കുള്ള യാത്രകൾ ഒരിക്കലും കഠിനമാകില്ല. മലമുകളിലെ സുന്ദരമായ കാഴ്ചകൾ ശരീരത്തെ മടുപ്പിക്കാതെ കാലുകളുടെ വേഗം കൂട്ടും.

നിരവധി വന്യമൃഗങ്ങളും ഉരഗങ്ങളും പക്ഷികളും സസ്യജാലങ്ങളുമാണ് ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിലെ പ്രധാന ആകർഷണങ്ങൾ. കടന്നു പോകുന്ന വഴികളിൽ ആനയും കാട്ടു പോത്തും കടുവയും കാട്ടുപൂച്ചയും ചെന്നായ്ക്കളും സിംഹവാലൻ കുരങ്ങുകളും കരടിയും കാട്ടുപന്നിയും ദർശനം നൽകും. കീരിയും മരപ്പട്ടിയും നീർനായും മുള്ളൻ പന്നിയും ഈനാംപേച്ചിയും ഒളിച്ചു കളിക്കും. പെരുമ്പാമ്പും രാജവെമ്പാലയും മൂർഖനും ചോല മണ്ഡലിയും വിശേഷങ്ങളാരായും.

തീ കാക്കയും കരിമ്പൻ ബുൾബുളും പച്ചനിറമുള്ള തിളങ്ങുന്ന പ്രാവുകളും ചിറകുകൾ വീശി സ്വാഗതം പറയും. ഉമിനീരു ചേർത്ത് കൂടു പണിയുന്ന ശരപക്ഷികൾ തങ്ങളുടെ വാസ്തു വിദ്യയിലെ കണ്ടെത്തലുകൾ മനുഷ്യന് മുന്നിൽ വിശദീകരിക്കും. ആകർഷണീയമായ ചുവന്ന കൂണുകൾ വിഷനാമ്പുകൾ നീട്ടി അരികിലെത്തുന്നവരെ ആട്ടിപ്പായിക്കും. വിസ്മയിപ്പിക്കുന്ന  കാഴ്ചകളുടെ പുതുലോകം സമ്മാനിക്കുന്ന ഒരു മലയാണ് ബ്രഹ്മഗിരി.

ട്രക്കിങ് പ്രിയരുടെ ഇഷ്ടതാവളമാണ് ബ്രഹ്മഗിരി. നിറയെ വന്യജീവികൾ നിറഞ്ഞ ഗിരിനിരകളും വനങ്ങളും സാഹസികതയിഷ്ടപ്പെടുന്നവരെ ഏറെ ആകർഷിക്കും. കൂർഗിൽ നിന്ന് 60 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ഈ വന്യജീവി സങ്കേതത്തിലെത്തിച്ചേരാം. ഇരുപ്പ് വെള്ളച്ചാട്ടത്തിൽ കുളിച്ച് കയറി ആർത്തുല്ലസിച്ച് കൂർഗിൽ നിന്ന് യാത്രയാരംഭിയ്ക്കാം. വയനാട്ടിൽ നിന്നാണ് യാത്ര തുടങ്ങുന്നതെങ്കില്‍ തിരുനെല്ലിയിൽനിന്ന് ആരംഭിക്കാം. വനംവകുപ്പിന്റെ അനുമതിയോടെ മാത്രമേ ഇവിടെ ട്രക്കിങ് അനുവദിക്കുന്നുള്ളൂ എന്നതും ശ്രദ്ധിക്കേണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com