sections
MORE

കോട്ടയത്തിന്റെ ജനകീയ മീന്‍ പിടുത്തമെന്ന ഊത്ത പിടുത്തം

HIGHLIGHTS
  • താഴത്തങ്ങാടി ഭാഗത്തായി കെട്ടുന്ന ബണ്ട് ഉൗത്ത പിടുത്തക്കാരുടെ പ്രിയപ്പെട്ട കേന്ദ്രമാണ്
KOTTAYAM
SHARE

കോട്ടയം, മധ്യതിരുവിതാം കൂറിന്റെ മീൻ രുചിയുടെ തലസ്ഥാനം. ഫിഷ് മോളിയായും പൊള്ളിച്ചും മപ്പാസാക്കിയും  പീര പറ്റിച്ചും മുളകിട്ട് കുറുക്കിയും മീനിനെ മനോഹര വിഭവങ്ങളാക്കി തീൻ മേശയിലെത്തിക്കുന്ന നാട്.  മീനച്ചിലാറും കൈവഴികളും അപ്പർ കുട്ടനാട്ടിലെ പരന്നു കിടക്കുന്ന വയലും വേമ്പനാട്ട് കായലും ജലാശയങ്ങളും ഒരുക്കിയ വിശാലമായ ക്യാൻവാസിലാണ് മീനുകൾ ജനിക്കുന്നതും നീന്തിത്തുടിച്ച് വളരുന്നതും. മത്സ്യ വിഭവങ്ങളുടെ വൈവിധ്യം ജനങ്ങൾ ഇത്രയേറെ  ഇഷ്ടപ്പെടുന്ന നാട് വേറെയുണ്ടോ എന്ന് കണ്ടറിയണം.

KOTTAYAM5

മീൻ വയ്ക്കാൻ മാത്രമല്ല കോട്ടയംകാർക്ക് ഉത്സാഹം. മഴയത്ത് ലീവെടുത്ത് വരെ ആളുകൾ മീൻ പിടിക്കാൻ പോകും. അയ്മനം , കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളെ ജല സമ‍ൃദ്ധമാക്കി പല കൈ വഴികളായി മീനച്ചിലാർ വേമ്പനാട്ട് കായലിലേക്ക് ഒഴുകിയെത്തുന്നു. ഇവിടെയാണ് കോട്ടയത്തിന്റെ മത്സ്യ സമ്പത്തൊക്കെയും കേന്ദ്രീകരിച്ചിരിക്കുന്നത്.

കോട്ടയത്തിന്റെ ജനകീയ മീൻ പിടുത്തമാണ് ഉൗത്ത പിടുത്തം എന്നറിയപ്പെടുന്ന മഴ മീൻ കൊയ്ത്ത്. വർഷകാലത്തിന്റെ തുടക്കത്തിൽ പെയ്യുന്ന മഴ കിഴക്കൻ മലകളെ ഇളക്കി കൊണ്ടുവരുന്ന കലക്ക വെള്ളത്തിനൊപ്പം എത്തുന്ന മീനുകളാണ് ഉൗത്ത. മീനച്ചിലാറ്റിൽ താഴത്തങ്ങാടി, തിരുവാർപ്പ്, ഇല്ലിക്കൽ എന്നിവിടങ്ങളിലും സിവിൽ സ്റ്റേഷനു സമീപത്തായുമാണ്  ഉൗത്ത പിടുത്തക്കാർ കൂടുതലും എത്തുക. ഉടക്കു വല വിരിച്ചും വീശിയും നടത്തുന്ന ഉൗത്ത വേട്ടയിൽ  പുല്ലൻ, വാള, വയമ്പ്, പരൽ എന്നിവയാണ് പ്രധാനമായും കിട്ടുക. ഇൗരാറ്റു പേട്ട ഭാഗത്ത് രണ്ട് ദിവസം നന്നായൊന്നു പെയ്താൽ താഴത്തങ്ങാടിയിൽ ഉൗത്ത പിടിക്കാനിറങ്ങാമെന്നാണ് പറയുന്നത്.

KOTTAYAM-rain-12-copy

ഒറ്റ വീശിന് ഒരു പാത്രം മീൻ

ഒരു വീശിനു തന്നെ ഒരു ബക്കറ്റ് നിറയുവോളം ചെറു മീനുകൾ കിട്ടിയ അനുഭവമാണ് നാരായണൻ നായർക്ക്. അത് മഴ തുടങ്ങിയ രണ്ടാം നാൾ, മക്കളും സുഹ‍ൃത്തുക്കളുമായി വീശു വലയെടുത്തിറങ്ങി. അന്ന് മീൻ പീര തിന്ന് മടുത്തെന്നാണ് ഇദ്ദേഹം പറയുന്നത്. പുതിയ വല വാങ്ങിയും കേടുള്ളത് നന്നാക്കിയെടുത്തും കോട്ടയത്തുകാർ മഴക്കാലത്തിനായി കാത്തിരിക്കും. മഴയിൽ ആറ്റുവെള്ളം പൊങ്ങുമ്പോൾ കൈത്തോട്ടിലേക്കും വയലിലേക്കും കടക്കുന്ന  പുതു വെള്ളത്തിന്റെ തണുപ്പ് അവിടെയുള്ള മീനുകളെ ആകർഷിക്കും. പുതുവെള്ളം ചെന്നു മുട്ടേണ്ട താമസം, ചെറു മീനുകൾ തടവിൽ നിന്ന് മോചനം കാത്തിരുന്ന പോലെ ഇങ്ങ് പോരും. ഇത് മീനുകളുടെ പ്രജനന കാലം കൂടിയാണ്. പിടിക്കുന്ന മീനുകൾക്കൊക്കെ നല്ല മുട്ടയും ഉണ്ടാവും. മീൻ മുട്ട അഥവാ പനഞ്ഞീൻ കൊണ്ടുണ്ടാക്കിയ വിശിഷ്ട വിഭവങ്ങളുടെ കാലം കൂടിയാണ് മൺസൂൺ.

KOTTAYAM-KARIMEEN

താഴത്തങ്ങാടി ഭാഗത്തായി കെട്ടുന്ന ബണ്ട് ഉൗത്ത പിടുത്തക്കാരുടെ പ്രിയപ്പെട്ട കേന്ദ്രമാണ്. മീൻ പിടക്കുവാൻ മത്സ്യത്തൊഴിലാളികൾ മാത്രമല്ല നാട്ടുകാരും ജോലിക്കു പോവാതെ കൂട്ടത്തോടെ എത്തുമെന്നത് ഇവിടുത്തെ പ്രത്യേകതയാണ്. ആറ്റിലേക്ക് ഇറക്കി തട്ട് കെട്ടി അതിൽ നിന്ന് വലയെറിയുന്നവരും ധാരാളം കാണാം. തലയിലൊരു പ്ലാസ്റ്റിക് തൊപ്പിയും വച്ച് മഴയിൽ നനഞ്ഞൊലിച്ച് തുവർത്തുടുത്ത് വലയെറിയുന്നവരും കുടെ കുട പിടിച്ചൊരു സഹായിയും, മൺസൂൺ കാലത്തെ ഇൗറൻ കാഴ്ചയാണ്. പീരപറ്റിക്കാൻ പറ്റിയ മീനുകളാണ് ഉൗത്ത പിടുത്തക്കാർ കോരിയെടുക്കുന്നതൊക്കെ. കീറിയിട്ട പച്ചമുളകും ചെറിയുള്ളി ചതച്ചതും കുടംപളിയും കൂടി ചേരുമ്പോൾ പറ്റിച്ചെടുക്കുന്ന വെളുത്ത മീനുകൾ പണിയുന്നത് രുചിയുടെ കൊട്ടാരമാണ്.

മഞ്ഞക്കൂരി മപ്പാസ് ഒരിക്കലെങ്കിലും കഴിച്ചിട്ടുള്ളവർ മറക്കില്ല മഞ്ഞപ്പട്ടു പോലെ തിളങ്ങുന്ന മഞ്ഞക്കൂരിയുടെ സ്വാദ്. വഴുക നാരിൽ കോർത്ത പിടയ്ക്കുന്ന മഞ്ഞക്കൂരികളുമായി കോട്ടയം പരിപ്പ് തൊള്ളായിരം ചിറ പാടശേഖരത്തിന്റെ വരമ്പിലൂടെ ചെറു മഴയത്ത് നടക്കുകയാണ് വിരുത്തിക്കോട്ട് ജോസഫ് തോമസ്. സുഹ‍ൃത്തുക്കളുമായി ചേർന്ന് പിടിച്ച മീനാണ്. ഷാപ്പിലേക്ക് ഓർഡറുണ്ട് എന്നു പറഞ്ഞ് ചേ‍ട്ടൻ നിൽക്കാതെ വിട്ടു. കഥകൾ ചോദിച്ച് പിന്നാലെ കുടി. ആറ്റിറമ്പിലെ കൽ‌ക്കെട്ടിന്റെ ഇടുക്കിൽ പതുങ്ങിയിരിക്കാനാണ് ഇവർ ഇഷ്ടപ്പെടുന്നത്. ‌അനിമൽ പ്ലാനറ്റിലും മറ്റും കാണുന്ന ബിഗ് ക്യാറ്റ് ഫിഷ് ഹണ്ടിങ്ങിന്റെ കുഞ്ഞൻ പതിപ്പ്. കല്ലിനടിയിലേക്ക് കൈ ഇടുമ്പോൾ മീൻ കൊമ്പൊതുക്കും, അപ്പോൾ വിരലുകൾ ഒതുക്കി തല ചേർത്ത് മുറുക്കിയൊരു പിടുത്തം. നേരെ വഴുക വള്ളിയിലേക്ക് കൊരുത്ത് വെള്ളത്തിൽ മുക്കി വയ്ക്കും. ലൈവായി നിർത്താൻ വല കൊണ്ടുണ്ടാക്കിയ കുടിലിട്ട് വെള്ളത്തിൽ വയ്ക്കും. കുറച്ചാകുമ്പോൾ ആവശ്യക്കാർക്ക് നൽകും.

മീനച്ചിലാറിന്റെ കൈവഴിയായ പുത്തൻ തോട്ടിലെ മീനുകളാണിതൊക്കെ. മീൻ കൂടിലും കൂരികൾ കയറാറുണ്ട്. ചിലപ്പോൾ കൂട്ടമായി തന്നെ. മഞ്ഞക്കൂരി കണ്ടപ്പോഴേ സുഹൃത്ത് ലിജോ ഒന്നുറപ്പിച്ചു. ഇത് മപ്പാസാക്കാൻ ബെസ്റ്റ്.

400 ഗ്രാമോളം തൂക്കമുള്ള രണ്ടെണ്ണമെടുത്ത് വെട്ടി തേച്ചുരച്ച് വെളുപ്പിച്ചെടുത്തു, കൂരി വെളുപ്പിക്കൽ അല്പം ശ്രമകരമായ ജോലിയാണ്. ആദ്യം സവാള അരിഞ്ഞത് ഇഞ്ചിയും പച്ചമുളകും ഗരം മസാലയും ചേർത്ത് വഴറ്റാൻ തുടങ്ങി. മല്ലി, മഞ്ഞൾ പൊടികളും വെള്ളവും ചേർത്തു. അപ്പുറത്തെ അടുപ്പിൽ കുടംപുളി വെള്ളത്തിൽ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് മീൻ വേവാൻ വച്ചു. നേരത്തെ വഴറ്റിയെടുത്ത ഗ്രേവിയിൽ മീൻ ഇടുന്നതിനു മുൻപായി തേങ്ങാപ്പാൽ ഒഴിച്ച് പുളിവെള്ളവും ചേർത്തു. ഇത് മിക്സ് ആവുമ്പോൾ കറിവേപ്പിലയും തക്കാളിയും പച്ചവെളിച്ചെണ്ണയും ചേർത്ത് ചെറു തീയിൽ വേവിച്ചെടുത്തു . പിന്നെ ആറാനൊന്നും കാത്തുനിന്നില്ല. തേങ്ങാപ്പാലിൽ വെന്ത നെയ്യുള്ള മഞ്ഞക്കൂരി തീർന്നതറിഞ്ഞില്ല.

KOTTAYAMvella-copy

പുതുമുറക്കാരായ ടോണിയും ഗ്ലാഡിയും

ചിറയിൽ നിന്നു നടന്ന് പൂഴി റോഡിലേക്ക് കയറി. ടോണി ചിരട്ടയിൽ ഒരു പിടി മണ്ണിരയുമായി ചെറുതോണിയിലേക്ക്. പിന്നാലെ ഓടിയെത്തിയ സഹോദരി ഗ്ലാഡി അതിൽ നിന്നൊരു ഇരയെടുത്ത് കോർത്ത് പടത്തെ പായലിന്റെ വിടവ് നോക്കി ചൂണ്ട താഴ്ത്തി. കല്ലട കൊത്തുമെന്ന് പറഞ്ഞൊരു ചിരി. അല്പം തുഴ‍ഞ്ഞ് പോയി ടോണിയും ചൂണ്ടയിട്ടു. ഉ ച്ചയ്ക്ക് മുൻപായി ഇറങ്ങുന്ന ഇവർക്കൊരു ലക്ഷ്യമേയുള്ളൂ. കറിക്കെന്തെങ്കിലും കിട്ടണം. പറഞ്ഞതു പോലെ തന്നെ കല്ലടയും തിലോപ്പിയയും ചൂണ്ടയിൽ പൊക്കിയെടുത്തു.

കരിമീനെന്നാൽ കുമരകം

മുഖവുര ആവശ്യമില്ലാത്ത കേരളത്തിന്റെ സംസ്ഥാന മത്സ്യമാണ് കരിമീൻ. അതിൽ കുമരകത്തെ കരിമീനെന്നാൽ ആഹാര പ്രേമികളുടെ ഖൽബിലെ മുത്താണ്. മിനുങ്ങുന്ന പച്ച നിറമാണ് കുമരകം കരിമീനിന്റെ ഹൈലൈറ്റ്. കൈപ്പത്തി വലുപ്പമുള്ള മീഡിയം സൈസുകാരനാണ് ഡിമാൻഡേറെയാണ്. പൊള്ളിച്ചെടുത്ത കുമരകത്തെ കരിമീൻ ജീവിതത്തിൽ ഒരിക്കലെങ്കിലും കഴിച്ചിരിക്കേണ്ട ഒന്നാണ്.

കറുത്ത പുളളിക്കുത്തും പച്ചത്തിളക്കവും ചേർന്ന കറുത്ത സൗന്ദര്യമാണ് കരിമീൻ. കരിമീനിന്റെ  കണ്ണിനെക്കുറിച്ചെഴുതിയ കവിതകൾ പോലെ പ്രിയതരമാണ് കരിമീനിന്റെ രുചിയും.

10 മുതൽ 25 അടിവരെ ആഴമുള്ളിടത്താണ് മുങ്ങിത്തപ്പുന്ന വെള്ളവലിക്കാരുടെ ഏഴ് പേരുള്ള വലിയൊരു സംഘമാണ് കുമരകം മുറിയാന്തറ കെ. എം. ജയിസിന്റേത്. രാവിലെ ഏഴരയോടെ വെള്ളവലിക്കാർ കായലിലേക്ക് പോകും. രണ്ട് പേർ വലിക്കും മൂന്ന് പേർ മുങ്ങും ഒരാൾ വഞ്ചി നിയന്ത്രിക്കും. മറ്റൊരാൾ മീനുകളെ വാങ്ങി തെർമോകോൾ പെട്ടിയിൽ ഭദ്രമാക്കും. 30 വർഷമായി ചെയ്യുന്ന തൊഴിലാണ്.

കാത്തു നിന്നു ക്ഷമ കെട്ട് കായൽക്കരയിലേക്ക് നടന്നു. മണയത്തറ ബംഗ്ലാവിൽ എബ്രഹാം ജോൺ 1930ൽ നിർമിച്ച ഗോപുര മണി കായലോരത്തേക്കുള്ള വഴിയിൽ തലയുയർത്തി നിൽക്കുന്നു. ഇൗ ഘടികാരത്തിന്റെ നിർമാണ മികവിന് തിരുവിതാംകൂർ രാജാവ് പട്ടും വളയും സമ്മാനിച്ചതായി ഇൗ ക്ലോക്കിന്റെ മുകളിൽ എഴുതിവച്ചിരിക്കുന്നു.

മീൻ കൊയ്ത്ത്

കായലിൽ നിന്ന് തിരിച്ച് ശ്രീനാരായണ ജയന്തി വള്ളം കളി നടക്കുന്ന കോട്ടത്തോടിലേക്ക് പ്രവേശിക്കുകയാണ് ജയിസും സംഘവും. കുമരകം ബോട്ട് അപകടം നടന്നപ്പോൾ രക്ഷാ ദൗത്യവുമായി ആദ്യം ഓടിയെത്തിയതും ഇവരൊക്കെയായിരുന്നു. നീട്ടു വലയും മൊരശു വലയുമാണ് ഇവിടെ കൂടുതലായി ഉപയോഗിക്കുന്ന മറ്റ് വലകൾ. കണ്ണികുറുകിയ നീട്ടു വലയിൽ 55–60 മില്ലിയുടേതിൽ പുല്ലനും മഞ്ഞക്കൂരിയുമൊക്കെയാണ് തടയുന്നത്. 80–85 മില്ലിയുടെ കണ്ണി അകന്ന വലയിൽ കരിമീനും പൂമീനും കണമ്പും വാളയുമൊക്കെ കിട്ടും. വെള്ളത്തിൽ‌ ഒന്നര മീറ്റർ താഴ്ന്നു കിടക്കുന്നതാണ് മൊരശുവല. മുകളിലെ പൊങ്ങും അടിയിൽ കെട്ടിയ വയറുമാണ് ഇതിനെ നിർത്തുന്നത്. മേൽത്തട്ടിൽ സഞ്ചരിക്കന്ന ഇക്കൂട്ടരെ പിടിക്കാൻ എളുപ്പവുമാണ്. മൊരശു പൊരിച്ചാൽ പിന്നെ മറ്റൊന്നും വേണ്ട തിന്നാൻ, അത്രയ്ക്കാണ് അസ്ത്രം പോലെ ചുണ്ടുള്ള ഇവന്റെ രുചി.

ജെട്ടിയിലെ കണ്ണാടിച്ചാൽ നടേശന്റെ കടയിലാണ് ജയിംസ് മീൻ കൊടുക്കുന്നത്. 27 കിലോ മീനുണ്ടായിരുന്നു. കുടതുൽ ഉണ്ടായിരുന്നത് കൊണ്ട് കായലിൽ നിന്നു മടങ്ങും മുൻപേ കരയിലേക്ക് വിളിച്ചു പറഞ്ഞിരുന്നു.  വലിയ ഓർ‍ഡർ ഉണ്ടെങ്കിൽ എടുത്തോളാനൊരു സിഗ്നൽ.  അതിനിടെ സാബുവും രാജുവും 17 കിലോ കരിമീനുമായെത്തി. ഇത് നാലു പേരുടെ വെള്ളവലി സംഘത്തിന്റെ അധ്വാനം. വലുപ്പം അനുസരിച്ച് കിലോയ്ക്ക് 400, 450 രൂപ എന്ന കണക്കിനാണ് വിൽപന.

വെള്ളത്തിൽ നടക്കുന്ന വെള്ളക്കാർ

കുമരകത്തെ കരിമീനിന്റെ രുചി പോലെ പ്രിയതരമാണ് അത് പിടിക്കുന്ന രീതിയും. വെള്ള വലിയാണ് ഇവിടുത്തെ പ്രധാന കരിമീൻ പിടുത്തം. കയറിൽ കെട്ടിയ വെളുത്ത പ്ലാസ്‌റ്റിക് വള്ളികൾ കണ്ട് ഒളിക്കുന്ന മീനുകളെയാണ് വെള്ളവലിക്കാർ പൊക്കിയെടുക്കുന്നത്. തോരണം പോലിരിക്കും വെള്ളിക്കടലാസ്. ‘റ’ ആകൃതിയിലാണ് വെള്ള വലിക്കുന്നത്. നൂറ് മാറ് കയറിൽ ( ഇരു കൈകൾ വിടർത്തുന്ന  അകലമാണ് ഒരു മാറ് ) കൊരുത്ത വെള്ള നിറത്തിലെ വള്ളികളാണ് ഇതിലെ പ്രധാന ഉപകരണം. വെള്ളത്തിൽ കുത്തിയ കഴുക്കോലുമായി രണ്ട് പേർ മുന്നിൽ ‘നടക്കും’ . അതെ വെള്ളത്തിൽ  നടക്കും ! ഇവരുടെ അരയിൽ കെട്ടിയ കയറിൽ പിന്നിലേക്കായി വെള്ള കിടക്കും. മുള പരമാവധി വെള്ളത്തിലേക്ക് താഴ്ന്നിരിക്കും. മുളയുടെ തുമ്പത്ത് നിന്നാവും പലപ്പോഴും നടത്തം. കയ്യും കാലും കൊണ്ട് മുളയിൽ ബാലൻസ് ചെയ്ത് നിന്നു കൊണ്ട് മുന്നോട്ട് ആയും , മുന്നിലേക്ക് ഒരേ പോലെ ആഞ്ഞ ശേഷം പതിയെ വെള്ളത്തിലെ ചെളിയിൽ ആഴ്ന്ന മുള ഉൗരിയെടുത്ത് മുന്നിലേക്ക് കുത്തും. ഇങ്ങനെ മുന്നിലേക്ക് പോകുന്നതോടൊപ്പം ‘റ’ ആകൃതിയിൽ വെള്ള പിന്നിലായി വലിഞ്ഞ് വരും.

ഇതിന്റെ തൊട്ട് പിന്നിലായി മൂന്നു പേർ വെള്ളത്തിൽ മുങ്ങി കയ്യിൽ കരിമീനുകളുമായി പൊങ്ങി വരും. മുകളിലെ വെള്ളിത്തിളക്കം കണ്ട് ഭയക്കുന്ന കരീമീനുകൾ അടിത്തട്ടിൽ മുഖം താഴ്ത്തി ഒളിക്കും. ഒട്ടകപ്പക്ഷി രക്ഷ തേടി തല താഴ്ത്തുന്നതു പോലെ. വെള്ളം തെളിഞ്ഞതെങ്കിൽ മുങ്ങുന്നവർക്ക് പണി എളുപ്പം. രണ്ട് കയ്യിലും ഓരോ കരിമീനുമായി പൊങ്ങി വരാം. അടിത്തട്ടിലെ ചെളിയിൽ മുഖം താഴ്ത്തുന്ന കരിമീനിന്റെ ചുറ്റുമായി ചെളി കലങ്ങും, അപ്പോൾ മുകളിലേക്ക് കുമിളകൾ ഉയരും. അതാണ് കായലിന്റെ  ഒളിച്ച മീനിന്റെ അടയാളം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA