ADVERTISEMENT

വേമ്പനാട്ടു കായലോളങ്ങളും കാറ്റും പ്രണയം കൈമാറുന്ന തീരത്ത് പതിഞ്ഞ താളത്തിൽ ഒഴുകിവരുന്ന പുല്ലാങ്കുഴൽ നാദം. ചുറ്റിലും പച്ചപ്പും ഇടത്തോടുകളും തലയാട്ടുന്ന തെങ്ങിൻ തലപ്പുകളിൽ പേരറിയാത്ത കിളികളുടെ വസന്തം. കേരളത്തിന്റെ വാസ്തുവിദ്യാപാരമ്പര്യം പൂർണമായും പതിപ്പിച്ചെടുത്ത കെട്ടിടങ്ങൾ പ്രകൃതിയും പാരമ്പര്യവും ഒന്നാകുന്നിടം കുമരകം ലേക്ക് റിസോര്‍ട്ടിനെ എങ്ങനെ വിശേഷിപ്പിച്ചാലും അത് അധികമാവില്ല. ലേക്ക് റിസോർട്ടിന്റെ കവാടം കടന്നാൽ അതിന്റെ കാരണം മനസ്സിലാകും. അകത്തെത്തുന്ന സ‍ഞ്ചാരികളെ കാത്തിരിക്കുന്നത് സന്തോഷത്തിന്റെ ആഘോഷത്തിന്റെ ലോകമാണ്. ഈ വേമ്പനാട്ടുകായലോരത്താകട്ടെ ഇനി അവധിയാഘോഷം.

വെല്‍കം ടു ഹെറിട്ടേജ്

Kumarakom-Lake-Resort5

കവാടം കടന്നെത്തുന്ന അതിഥികളെ സൽക്കരിക്കുന്ന തിരക്കിലാണ് റിസപ്ഷൻ ക്ഷീണം മാറ്റാൻ വെൽക്കം ഡ്രിങ്കായി നാടൻ ഇളനീർ മധുരം. ചെറിയ നടുമുറ്റവും അലങ്കാരങ്ങൾക്കായി ഉപയോഗിച്ചിരിക്കുന്ന തൂക്കുവിളക്ക്. ഒാട്ടുപാത്രങ്ങൾ ഊഞ്ഞാൽ തുടങ്ങിയ ആന്റീക്കുകൾ ഇവിടെയെത്തുന്നവരുടെ ശ്രദ്ധ ഒരുനിമിഷം പിടിച്ചുനിർത്തും. കഥകളിലും ചരിത്രത്തിലും മാത്രം കേട്ടു പരിചയിച്ച നാലുകെട്ട്, എട്ട്കെട്ട് പോലുളള തറവാട് എന്താണെന്ന് നേരിട്ട് അനുഭവിക്കാനുളള അവസരമാണ് ലേക്ക് റിസോർട്ട് ഒരുക്കുന്നത്.

റിസപ്ഷനിൽ നിന്ന് വലതുഭാഗത്തേക്ക് നീണ്ടു കിടക്കുന്ന വരാന്ത വഴി നടന്നു. ഇടത്തോടിനെ കവച്ചുപോകാൻ പണിതിരിക്കുന്ന ചെറിയ പാലങ്ങള്‍ ഇടയ്ക്കിടെ കാണാം. കുമരകം എന്നും ഇടത്തോടുകളുടെയും പച്ചപ്പിന്റെയും ഗ്രാമമാണ്. ആ ഫീല്‍ പൂർണമായും കൊണ്ടുവരാനാണ് റിസോർട്ടിന്റെ ഭൂമിയിൽ ഇടയ്ക്കിടെ മനുഷ്യനിർ‌മിതമായ ഇടത്തോടുകൾ പണിതിരിക്കുന്നത് പാലം കടന്നാൽ ചെന്നെത്തുന്നത് എട്ടുകെട്ട് എന്ന റസ്റ്ററന്റിലേക്കാണ്.

Kumarakom-Lake-Resort1

‘മഹാരാജാവ് മാർത്താണ്ഡവർമ അദ്ദേഹത്തെ ആയോധനവിദ്യ പഠിപ്പിച്ച ഗുരുവായ എടമന കേളംതട്ട് ഗുരുക്കൾക്കു സമ്മാനിച്ച വീടാണ് ഈ എട്ടുകെട്ട് 200 വർഷത്തിൽ കൂടുതൽ പഴക്കമുണ്ട് ഈ കെട്ടിടത്തിന് എട്ടുകെട്ട് അതേപോലെ ഇവിടെ പുനരാവിഷ്കരിക്കാൻ നാല് വർഷമെടുത്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 100ൽ കൂടുതൽ തറവാടുകള്‍ ഇതേപോലെ ശേഖരിച്ചിട്ടുണ്ട്. അതില്‍ എടുത്തുപറയേണ്ട മറ്റൊന്ന് ആയുർമനയാണ്. ഇത് നാലുകെട്ടാണ്. ഈ നാലുകെട്ടിനും 200 വർഷത്തില്‍ കൂടുതൽ പഴക്കമുണ്ട്. കോട്ടയത്ത് തന്നെയുളള ആയുർവേദാചാര്യന്മാരുടെ മനയായിരുന്നു ഇത്. റിസോർട്ടിലെത്തിയ സഞ്ചാരികൾക്ക് ആയുർവേദ ട്രീറ്റ്മെന്റ് നടത്തുന്ന ഇടമാണ് ആയുർമന. 25 ഏക്കര്‍ സ്ഥലത്താണ് കുമരകം ലേക്ക് റിസോർട്ട് സ്ഥിതിചെയ്യുന്നത്. ലേക്ക് റിസോർട്ട് പി.ആർ.ഒ ആയി ജോലി ചെയ്യുന്ന ആശാ ഏബ്രഹാം പറയുന്നു.

അവിസ്മരണീയം രാവും പകലും

എട്ടുകെട്ട് എന്ന റസ്റ്ററന്റ് കൂടാതെ കടൽ, കായൽ സ്പെഷൽ മത്സ്യ വിഭവങ്ങളൊരുക്കുന്ന വേമ്പനാട് സീ ഫുഡ് റസ്റ്ററന്റും പ്രവര്‍ത്തിക്കുന്നു. സ്വകാര്യതയെയും സൗകര്യങ്ങളെയും അടിസ്ഥാനമാക്കിയാണ് വില്ലകളുടെ ക്രമീകരണം. കായലോരം ചേർന്ന് പ്രൈവറ്റ് പൂൾ, മുറ്റം എന്നിവയോടു കൂടിയ പ്രസിഡൻഷ്യൽ സ്യൂട്ട്സ് രണ്ടെണ്ണമേയുളളൂ. ഹണിമൂണ്‍ കപ്പിൾസിനു വേറിട്ട അനുഭവം സമ്മാനിക്കാൻ പ്രസിഡൻഷ്യൽ സ്യൂട്ടിലെ താമസം തിരഞ്ഞെടുക്കാം. മഹാഭാരതം, ഭഗവത്ഗീത എന്നിവ അടിസ്ഥാനമാക്കി വരച്ചിട്ടുളള മ്യൂറൽ പെയിന്റിങ്ങുകളാണ് എല്ലാ കിടപ്പുമുറികളും കൂടുതൽ മനോഹരമാക്കുന്നത്.

Kumarakom-Lake-Resort

പ്രൈവറ്റ് പൂളോടുകൂടിയ ഏഴ് ഹെറിറ്റേജ് ലേക്ക് വ്യൂ വില്ലകളാണ് മറ്റൊന്ന്. തനത് കേരള സ്റ്റൈൽ വീടുകളിലെ താമസത്തോടൊപ്പം പ്രൈവറ്റ് പൂൾ, ജാക്വസി മനോഹരമായ മുറ്റം എന്നിവയാണ് ഹെറിറ്റേജ് ലേക്ക് വ്യൂ വില്ലകളെ ആകര്‍ഷകമാക്കുന്നത്. വേമ്പനാട്ടു കായലിന്റെ പനോരമ ദൃശ്യം മുറിയിലിരുന്നുതന്നെ ആസ്വദിക്കാം. കാഴ്ചകള്‍ക്കപ്പുറം സ്വകാര്യതയ്ക്കു കൂടുതൽ പ്രാധാന്യം നൽകുന്നതാണ് പ്രൈവറ്റ് പൂളോടുകൂടിയ ഹെറിറ്റേജ് വില്ലകൾ. 15 ഹെറിറ്റേജ് വില്ലകളാണ് സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. ഇവ കൂടാതെ ലക്ഷ്വറി പവലിയൻ മുറികൾ എട്ടെണ്ണമുണ്ട്. 

ഒഴുകുകയായ് പുഴ പോലെ..

പുഴപോലെ ഒഴുകുന്ന കുളമാണ് മീൻഡെറിങ് പൂൾ. 250 മീറ്റര്‍ നീളത്തിൽ ചുറ്റിത്തിരിഞ്ഞ് കിടക്കുന്ന ഈ പൂളിനോട് ചേർന്ന് 22 വില്ലകളാണുളളത്. റിസോര്‍ട്ടിന്റെ ബാക്കി ഭാഗങ്ങളിലെ വില്ലകളിൽ താമസിക്കുന്നവർക്ക് മീൻഡെറിങ് പൂൾ ഉപയോഗിക്കാന്‍ അനുമതിയില്ല. ഇതൊരു പൊതു ഇടമാണ്. പൂളിനു കുറുകെയുളള പാലത്തില്‍ നിന്നു നോക്കിയാൽ കായലിന്റെ അതിമനോഹര ദൃശ്യം കാണാം. കായലിന്റെ തുടർച്ചയാണോ ഈ ഒഴുകുന്ന കുടം എന്നു തോന്നിപ്പോകും. വില്ലകളില്‍ നിന്ന് കാലെടുത്തു വയ്ക്കുന്നത് കുളത്തിലേക്കാണ്. കുടുംബത്തോടൊപ്പം എത്തുന്ന സഞ്ചാരികള്‍ക്ക് ഇവിടം ഏറെ പ്രിയങ്കരം. മീൻഡെറിങ് പൂൾ ഡ്യൂപ്ലസ്ക് വിഭാഗത്തില്‍ വരുന്ന നാല് വില്ലകളാണ് മറ്റൊന്ന്. പാരമ്പര്യത്തനിമ നിലനി‌ർത്തിത്തന്നെ ആധുനികസൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്ന ഈ വില്ലകളില്‍ നിന്ന് നേരിട്ട് സ്വിമ്മിങ് പൂൾ ഉപയോഗിക്കാം.

സായാഹ്ന രുചിമേളം

കുമരകം ലേക്ക് റിസോര്‍ട്ടിന്റെ സായാഹ്നങ്ങളെ രുചികരമാക്കുന്നത് തട്ടുകടയാണ്. കായലിൽ അസ്തമയചുവപ്പ് പടരുന്നത് കാണാനായി വരുന്ന റിസോർട്ടിലെ വിരുന്നുകാർക്ക് ചായയും ലഘുഭക്ഷണങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. സായാഹ്നങ്ങളിലെ കൊച്ചുവർത്തമാനങ്ങൾക്കൊപ്പം ചൂടുചായ നുണഞ്ഞ് അസ്തമയം കാണാൻ ആരാണ് ആഗ്രഹിക്കാത്തത്. മുറിയിൽ തന്നെയിരുന്ന് ബോറടിക്കുന്ന അവസ്ഥ ലേക്ക് റിസോർട്ടിലെത്തുന്ന വിരുന്നുകാര്‍ക്ക് എന്തായാലും അനുഭവിക്കേണ്ടതില്ല.

ജിംനേഷ്യം, നെയ്ത്ത്, മൺപാത്രനിർമാണം, കളിയിടങ്ങൾ തുടങ്ങി വിവിധ ആക്ടിവിറ്റികളുടെ നീണ്ട നിര തന്നെ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നു. ഇതോടൊപ്പം മറ്റൊരു പ്രത്യേകത കൂടി കാത്തിരിക്കുന്നു. ഗിറ്റാര്‍, ഒാടക്കുഴല്‍ തുടങ്ങി ഏതെങ്കിലും ഒരു സംഗീതോപകരണത്തിന്റെ ലൈവ് അവതരണത്തോടു കൂടി ബോട്ടിൽ ഒരു കായൽ യാത്ര. മറക്കാനാകാത്ത കുറെ സുന്ദര നിമിഷങ്ങളെ ഒാർമയിൽ കൊരുത്തിടാൻ ഇതിൽ കൂടുതലിനി എന്തുവേണം.

വേമ്പനാട്ടുകായലിനു മേൽ ഇരുട്ടിന്റെ പുതപ്പ് വീണു. ഹൗസ് ബോട്ട് യാത്ര ആസ്വദിക്കാനായി പോയ വിദേശികുടുംബം. റിസോര്‍ട്ടിലേക്കു തിരിച്ചുവരുകയാണ്. കേരളം എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് നിറഞ്ഞ ചിരിയോടെ മറുപടി തന്നു. Its amazing. Yes, Kerala is god's own country.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com