ADVERTISEMENT
aneesh-ravi-trip1

അനീഷ് രവിയെ ഇഷ്ടപ്പെടാത്ത മലയാളികളില്ല. സീരിയലുകളിൽ തിളങ്ങി നിൽക്കുന്ന അനീഷിന്റെ  അഭിനയം തന്നെയാണ് ഹൈലൈറ്റ്. അളിയൻ vs അളിയനിലെ മികച്ച അഭിനയം പ്രേക്ഷകർ ഇരും കൈയും നീട്ടിയാണ് സ്വീകരിച്ചത്. നർമലഹരിയിലുള്ള അനീഷിന്റെ സംസാരശൈലിയാണ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്.

aneesh-ravi-trip3

ഏതു കഥാപാത്രത്തിനും അനുയോജ്യമായ അഭിനയം കാഴ്ചവയ്ക്കാനുള്ള മികവും അനീഷ് രവിക്ക് സ്വന്തമാണ്. അഭിനയിക്കേണ്ട മിക്ക സീരിയലുകളിലെയും കഥാപാത്രത്തെ മനസ്സിലാക്കുന്നതും അടുത്തറിയുന്നതും യാത്രകളിലൂടെയാണ്. പരമ്പര തുടങ്ങുന്നതിന് മുമ്പ് സീരിയൽ സുഹൃത്തുക്കളുമൊരുമിച്ച് യാത്ര പോകുക പതിവാണ്. യാത്രയിലൂടെയാണ് അനീഷിന്റെ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ പഠിക്കുന്നതും. അഭിനയം പോലെ തന്നെ യാത്രകൾ പോകാനും താരത്തിന് ഇഷ്ടമാണ്. കുടുംബവുമായും സുഹൃത്തുക്കളുമായും യാത്രകൾ പോകാൻ ഇഷ്ടപ്പെടുന്ന അനീഷിന്റെ യാത്രാവിശേഷങ്ങൾ അറിയാം.

aneesh-ravi-trip5

യാത്രകൾ നൽകുന്ന ഉന്മേഷവും സന്തോഷവും മറ്റൊന്നിനും നൽകാൻ സാധിക്കില്ല. തിരക്കിൽ നിന്നും തിരക്കിന്റെ ലോകത്തിലേക്കു സഞ്ചരിക്കുമ്പോഴും ഇത്തിരി സമയം കുടുംബത്തിനായും സുഹൃത്തുക്കൾക്കായും മാറ്റിവയ്ക്കാറുണ്ട്. അടിച്ചുപൊളി ഇല്ലെങ്കിൽ പിന്നെ എന്താ ഒരു ജീവിതം. ഷൂട്ടിങ്ങ് തിരക്കുകളൊക്കെയും കഴിഞ്ഞാൽ യാത്ര പ്ലാനിങ്ങാണ് അടുത്ത പരിപാടി. നാലുതരം യാത്രകളാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത്. അമ്മയും അച്ഛനുമൊപ്പമുള്ള യാത്ര, ഭാര്യയും കുഞ്ഞുങ്ങളും ഒരുമിച്ചുള്ള യാത്ര, സഹോദരങ്ങളുമായി ഒരുമിച്ചുള്ള യാത്ര പിന്നെ സുഹൃത്തുക്കളൊടൊപ്പമുള്ള യാത്ര. ഇൗ ഒരോ യാത്രയിലും വ‍്യത്യസ്തമായ അനുഭവങ്ങളാണ് ആസ്വദിക്കുന്നതെന്നും ഏതു യാത്രയിലും ഞാൻ ഹാപ്പിയാണെന്നും അനീഷ് പറയുന്നു.

aneesh-ravi-trip

അമ്മയെയും അച്ഛനെയും കൂട്ടി എല്ലാവർഷവും ഞാൻ യാത്രപോകുമായിരുന്നു. ആരോഗ്യകരമായ ബുദ്ധിമുട്ടുകൾ അമ്മക്ക് ഉള്ളതിനാൽ തൽക്കാലം യാത്ര നിർത്തിവച്ചിരിക്കുയാണ്. അമ്മയും അച്ഛനും ഞാനും ഒരുമിച്ച് യാത്രപോകുമ്പോൾ മറ്റൊന്നും ഞാൻ ചിന്തിക്കാറില്ല. വീണ്ടും കുഞ്ഞുകുട്ടിയായപോലെ തോന്നും. കുട്ടികാലത്തെ ഒാർമകളുടെ കഥകൾപറഞ്ഞ് അമ്മയുടെ മടിയിൽ കിടക്കും. അമ്മയും അച്ഛനുമായി ബെംഗളൂരു ഗോൾഡൻ ടെമ്പിളും ചെന്നൈയിലും മറീന ബീച്ചിലുമൊക്കെ കറങ്ങിയിട്ടുണ്ട്. അമ്മയും അച്ഛനും ഒാരോ കാഴ്ചയും അദ്ഭുതത്തോടെ നോക്കുന്നതും അവരുടെ കണ്ണുകളിലെ ആ തിളക്കവുമാണ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നത്. ഇനിയും ഒരുപാട് ഇടങ്ങളിലേക്ക് അച്ഛനെയും അമ്മയെയും കൂട്ടി യാത്രപോകണമെന്നുണ്ട്.

ഭാര്യയും മക്കളും ഒരുമിച്ചുള്ള യാത്ര

മക്കൾക്ക് വേക്കേഷനാകുമ്പോഴാണ് ദൂരയാത്രകൾ പോകുന്നത്. അങ്ങനെ പോയതാണ് സിംഗപ്പൂർ. യാത്ര രസകരമായിരുന്നു. ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന ഏറ്റവും വൃത്തിയുള്ള ലോക രാജ്യങ്ങളിൽ ഒന്നല്ലേ സിംഗപ്പൂർ. ബീച്ചുകൾ ഷോപ്പിങ് മാളുകൾ, തുടങ്ങിയ നിരവധി കാഴ്ചകൾക്കപ്പുറം ആഘോഷങ്ങൾ നിറച്ച പബുകളും ഇവിടെയുണ്ട്. ഗാർഡൻ ബേ, യൂണിവേഴ്‌സൽ സ്റ്റുഡിയോ, സെന്തോസ, മെർലിയൻ പാർക്ക്, നൈറ്റ് സഫാരി, തുടങ്ങിയ ഒട്ടേറെ മാസ്മരികമായ കാഴ്ചകളൊക്കെയും ഞങ്ങള്‍ ശരിക്കും ആസ്വദിച്ചു.

aneesh-ravi-trip7

വയനാട്ടിൽ ഞങ്ങൾക്ക് സ്വന്തമായി സഥലമുണ്ട്. അതുകൊണ്ട് ഇടയ്ക്ക് അവിടേക്ക് പോകാറുണ്ട്. പ്രകൃതി ഭംഗികൊണ്ട് ഏറെ ഇഷ്ടപ്പെടുന്ന സ്ഥലമാണ് വയനാട്. മഞ്ഞും മലയും നിറഞ്ഞ നാട്. സഞ്ചാരപ്രിയർക്ക് വയനാട് എന്നുമൊരു സാഹസിക കേന്ദ്രം തന്നെയാണ്. തീരാത്ത ദൃശ്യാനുഭവം സമ്മാനിക്കുന്ന അദ്ഭുതലോകം എന്നു വിശേഷിപ്പിക്കാം. ഷൂട്ടിന്റെ ഭാഗമായും അല്ലാതെയും നിരവധി തവണ വയനാടിന്റെ സൗന്ദര്യത്തിലേക്ക് യാത്ര പോയിട്ടുണ്ട്. തോൽപ്പെട്ടി വന്യജീവി സങ്കേതമാണ് എന്നെ ശരിക്കും അദ്‍‍ഭുതപ്പെടുത്തിയത്. കാട്ടാനകളും കടുവകളുമെല്ലാം കാഴ്ചയിലേക്ക് തരപ്പെടുന്ന സഞ്ചാരവഴികളാണ് ഇവിടുത്തെ പ്രത്യേകതകള്‍. വനത്തിലൂടെ ജീപ്പില്‍ യാത്ര ചെയ്യാം. കണ്ണെത്താ ദൂരത്തേക്ക് നോട്ടമയച്ചും കാതുകൂര്‍പ്പിച്ചുമുള്ള ആ യാത്ര ശരിക്കും ആസ്വദിച്ചു.

സഹോദരങ്ങളുമായൊരു യാത്ര

ഞങ്ങൾ നാലുമക്കളാണ്. മൂന്നാണും ഒരു പെണ്ണും. ഞാനാണ് ഏറ്റവും ഇളയാൾ. ചേട്ടൻ ഖത്തറിലാണ്. അവധിക്ക് നാട്ടിൽ വരുമ്പോൾ ഞങ്ങൾ സഹോദരങ്ങൾ മാത്രമായി യാത്രപോകാറുണ്ട്. കുറ്റാലമാണ് മിക്കപ്പോഴും തിരഞ്ഞെടുക്കുന്നത്. മൈസൂർ വയനാട് ഒക്കെയും പോയിട്ടുണ്ട്. പഴയകാല കഥകൾ പറഞ്ഞ് ശരിക്കും ത്രില്ലടിച്ച യാത്രയാണത്. ആ യാത്രകൾ ഇന്നും തുടരുന്നു.

അടിച്ചുപൊളി യാത്ര

യാത്രകളിൽ കൂടുതൽ ചെറുപ്പമാകുന്നത് സുഹൃത്തുക്കളോടൊപ്പമുള്ള യാത്രയിലാണ്. ഒരുമിച്ച് യാത്രകൾ പോകുവാൻ ഇഷ്ടപ്പെടുന്ന ഒരുപാട് സുഹൃത്തുക്കളുണ്ട്. ഗോവ, മഹാരാഷ്ട്ര, ബെംഗളൂരു എന്നിവിടങ്ങളിലേക്കെല്ലാം യാത്ര പോയിട്ടുണ്ട്. കുടാൽ ഗയിസ് എന്ന ടീമും ഉണ്ട്. മഹാരാഷ്ട്രയിലെ ഒരു സ്ഥലമാണ് കുടാൽ. അവിടെ ഒരു സുഹൃത്തിന് പ്രോപർട്ടിയുണ്ട്.

അവിടേക്കുള്ള യാത്രയില്‍ ഞങ്ങളെല്ലാവരും അവിടെയാണ് തങ്ങുന്നത്. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനുമുമ്പ് അവിടെക്കുള്ള യാത്രയുടെ നിമിഷങ്ങളാണ് എനിക്കേറെ ഇഷ്ടം. തമാശകൾ പറഞ്ഞും പാട്ടുപാടിയുമൊക്കെയുള്ള യാത്ര. ജീവിതത്തിൽ അന്നും ഇന്നും ഒാർക്കാനുള്ള ഒരുപാട് നിമിഷങ്ങൾ സമ്മാനിച്ച യാത്രകൾ ഒരുപാടുണ്ട്.

എനിക്ക് ഷംനാദ് എന്നൊരു സുഹൃത്തുണ്ട് അവന്റെ ഫാമിലിയും എന്റെ ഫാമിലിയുമായി വാഗമൺ യാത്ര പോയിരുന്നു. അതും രസകരമായിരുന്നു. ഒഴിവ് സമയം ഒത്തുവന്നാൽ കുടുംബവുമായി മൂന്നാർ പോകാറുണ്ട്. മഞ്ഞും തണുപ്പും അറിഞ്ഞുള്ള യാത്ര. റിസോർട്ടിൽ കുറച്ചു ദിവസം താമസിക്കാറുമുണ്ട്.

ഷൂട്ടിങ്ങ് യാത്ര

കാര്യം നിസാരം ടീമും അളിയൻ vs അളിയൻ ടീമുമൊക്കെയായി യാത്ര പോയിട്ടുണ്ട്. കാര്യം നിസാരം സീരിയൽ തുടങ്ങുന്നതിന് മുമ്പ് ഉണ്ണി ചെറിയാനും ഞാനുകൂടി മൂകാംബികയിലേക്ക് പോയി. ഇടയ്ക്ക് ഞാൻ പോകാറുള്ളതാണ് അവിടെ. കുടജാദ്രിയും സർവഞ്ജപീഠവും ചിത്രമൂലയുമൊക്കെ സന്ദർശിച്ചിട്ടുണ്ട്. സീരിയലിലെ കഥാപാത്രത്തിന്റെ അവതരണശൈലിയും എങ്ങനെയാവണമെന്നൊക്കെ ചർച്ചചെയ്യുന്ന യാത്രകൂടിയായിരുന്നത്. 

അളിയൻ vs അളിയൻ ടീമുമായി കഴിഞ്ഞിടയ്ക്ക് പൊന്മുടി യാത്ര പോയിരുന്നു. എന്റെ ജീപ്പ് കോമ്പസുമായായിരുന്നു യാത്ര. പലതവണ പൊന്മുടി പോയിട്ടുണെങ്കിലും അധികം അറിയപ്പെടാത്ത ഒരുപാ‍‍ട് സ്ഥലങ്ങൾ അവിടെയുണ്ടെന്നും മനസ്സിലാക്കിയ യാത്രയായിരുന്നു ഇത്തവണത്തേത്. തണുപ്പുള്ള ഹിൽസ്റ്റേഷനുകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. തിരുവനന്തപുരത്തു നിന്ന് 60 കിലോമീറ്റര്‍ ദൂരമേയുള്ളൂ പൊന്മുടിക്ക്. വര്‍ഷം മുഴുവന്‍ പ്രസന്നമായ കാലാവസ്ഥയാണ് പൊന്മുടിയുടെ പ്രത്യേകത.

22 ഹെയര്‍ പിന്‍ വളവുകളാണ് പൊന്മുടിയിലേക്കുള്ള യാത്രയുടെ മറ്റൊരു ആകര്‍ഷണം. കാനന യാത്രയുടെ തുടക്കത്തില്‍ തന്നെ സഞ്ചാരികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ പൊന്മുടി ഇക്കോ ടൂറിസം കൗണ്‍സിലും ഫോറസ്‌ററ് ഡിപ്പാര്‍ട്‌മെന്റും വലിയ ബോര്‍ഡുകളില്‍ സ്ഥാപിച്ചിട്ടുണ്ട്.  തമാശകൾ പറഞ്ഞ് ഉല്ലസിച്ച് ടീം ഒരുമിച്ചുള്ള പൊന്മുടി യാത്ര ശരിക്കു ആസ്വദിച്ചു. ഇനിയും ഒരുപാട് സ്ഥലങ്ങൾ കാണണം. കുടുംബവുമായും കൂട്ടുകാരുമായുമൊക്കെ യാത്രപോകാൻ ഒരുപാട് ഇടങ്ങളുണ്ടെന്നും അനീഷ് പറയുന്നു.

അവധിക്കാല യാത്രയിലാണ് അനീഷും കുടുംബവും. ബോട്ടിങുമൊക്കെയായി തേക്കടിയിലെ സുന്ദരകാഴ്ചകളിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com