sections
MORE

കുമരകത്തിനടുത്തുള്ള കാഴ്ചകൾ തേടി

Vaikom-lake-beach
SHARE

സഞ്ചാരപ്രിയർ കുമരകത്തെ കാഴ്ചകൾ സ്വന്തമാക്കിയെങ്കിൽ നേരെ വൈക്കത്തേക്ക് വിട്ടോളൂ. ബീച്ചും ക്ഷേത്രവുമൊക്കെ കണ്ട് മടങ്ങാം. കുമരകത്ത് നിന്നും 18 കിലോമീറ്റർ പിന്നിട്ടാൽ വൈക്കത്ത് എത്തിച്ചേരാം

കായൽക്കാറ്റേറ്റ് വിശ്രമിക്കാൻ വൈക്കം ബീച്ച്

വൈക്കത്ത് ബീച്ചുണ്ടെന്ന് പറഞ്ഞപ്പോള്‍ അദ്ഭുതമായിരുന്നു പത്തനംതിട്ടക്കാരനായ സുഹൃത്തിന്. ഉണ്ടെന്നങ്ങു തറപ്പിച്ചു പറയാൻ എനിക്കു മടിയുമായിരുന്നു. കാരണം, വർഷങ്ങളായി പേരിനു മാത്രമായൊരു ബീച്ചായിരുന്നു വെമ്പനാട്ടു കായലിനോടു ചേർന്ന് വൈക്കത്തുണ്ടായിരുന്നത്. എന്നാൽ ഇന്ന് സ്ഥിതി മാറി.ഏഴേക്കർ സ്ഥലത്ത്, മനോഹരമായ ശിൽപങ്ങൾക്കൂടി ഉൾപ്പെടുത്തി ബീച്ചിനെ അടിമുടി മാറ്റിയിരിക്കുകയാണ്.

Vaikom_lake_beach-new3

കായൽക്കാറ്റേറ്റ് വിശ്രമിക്കണമെങ്കിൽ വൈക്കത്തേക്കു ധൈര്യമായി പോകാം. മനോഹരമായ അസ്തമയക്കാഴ്ചയൊരുക്കി ആരെയും മോഹിപ്പിക്കുന്ന സുന്ദരിയായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് വൈക്കം ബീച്ച്.  ഇരിപ്പിടങ്ങളും തറയോട് പാകിയ നടപ്പാതകളും ഒരുക്കിയിട്ടുണ്ട്. 30 ചാരുബഞ്ചുകളാണ് തയാറാക്കിയിരിക്കുന്നത്. സംഗീതം ആസ്വദിച്ച് കായൽ സൗന്ദര്യം നുകരാനായി എഫ്എം റേഡിയോയും പ്രവർത്തിക്കുന്നുണ്ട്. ബീച്ചിന്റെ സവിശേഷതകളിലൊന്ന് വഴിയോര ശിൽപങ്ങളാണ്. ലളിതകല അക്കാദമിയാണ് ഈ സത്യഗ്രഹസ്മൃതി ഉദ്യാനം ഒരുക്കിയിരിക്കുന്നത്. വൈക്കം സത്യഗ്രഹത്തെ അധികരിച്ച് വിവിധ ശിൽപികള്‍ തയറാക്കിയിരിക്കുന്ന പത്തു ശിൽപങ്ങളാണ് ബീച്ചിലേക്കുളള നടപ്പാതയിലുള്ളത്.

വൈക്കം ബോട്ട്ജെട്ടിക്ക് സമീപമാണ് ബീച്ച്. അതുകൊണ്ട് ബോട്ട് യാത്ര നടത്താൻ താൽപര്യമുള്ളവർക്ക് വൈക്കം-തവണക്കടവ് റൂട്ടിൽ ഒരു ബോട്ട്‌യാത്രയുമാകാം. രാജ്യത്തെ ആദ്യത്തെ സോളാർ‌ ബോട്ടായ ആദിത്യയിൽ കയറി ഗമയിലൊരു യാത്രയും നടത്താം. 20 മിനിറ്റോളമെടുക്കും തവണക്കടവിലെത്താൻ. ബോട്ടിൽ മറുകരയിലെത്തിയാൽ നിങ്ങളെ സ്വീകരിക്കുന്നത് ആലപ്പുഴ ജില്ലയാ‌ണ്.

kottayam-vaikom-temple

വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് ചരിത്രത്തിൽ ഇടം നേടിയതാണ് വൈക്കം ബോട്ടു‍ജെട്ടിയും. മഹാത്മാഗാന്ധി, ശ്രീനാരായണ ഗുരു തുടങ്ങിയ മഹാരഥന്‍മാരെല്ലാം വൈക്കത്തെത്തിയത് ഈ ബോട്ടുജെട്ടിയിലൂടെയാണ്.തിരുവിതാംകൂർ രാജവംശത്തിന്റെ മുദ്ര ആലേഖനം ചെയ്ത കവാടമുള്ള പഴയ ബോട്ടു‍‍ജെട്ടിയിൽ നിന്നുള്ള അസ്തമയക്കാഴ്ചയും പ്രത്യേക ഫീല്‍ തന്നെ. ഇപ്പോൾ ബോട്ട് സർവീസ് നടത്തുന്നത് പുതിയ ബോട്ടുജെട്ടിയിൽ നിന്നാണ്. അതിനടുത്തായി ജങ്കാർ സർവീസും ഉണ്ട്. ബീച്ചിനടുത്തായി കായലിനോട് ചേർന്ന് മുനിസിപ്പൽ പാർക്കമുണ്ട്. കുട്ടികള്‍ക്ക് കളിക്കാനായി റൈഡുകളും മുതിർന്നവർക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ക്രോണിക്കിൾ ഓഫ് ദി ഷോർസ് ഫോർടോൾഡ് (Chronicle of the Shores Foretold) എന്ന വലിയ മണിയും പാർക്കിൽ സ്ഥാപിച്ചിട്ടുണ്ട്. പാർക്കിനോട് ചേർന്ന് വേമ്പനാട്ട് കായലിലാണ് കഴിഞ്ഞ ബെനാലെയിൽ പ്രദർശിപ്പിച്ച ഈ കൂറ്റൻ മണി സ്ഥാപിച്ചിരിക്കുന്നത്.

മനോഹരമായ അസ്തമയക്കാഴ്ച, ബോട്ട് യാത്ര, ആദ്യത്തെ സോളർ ബോട്ട്... വെള്ളവും വള്ളവും നിറഞ്ഞ, ചരിത്രത്തിൽ ഇടം പിടിച്ച വൈക്കത്തെക്കാഴ്ചകൾ അവസാനിക്കുന്നില്ല. 

വൈക്കം മഹാദേവ ക്ഷേത്രം

കോട്ടയം ജില്ലയിലെ വൈക്കത്താണ് വിഖ്യാതമായ മഹാദേവക്ഷേത്രം നിലകൊള്ളുന്നത്. കേരളത്തിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിലൊന്നായ വൈക്കം മഹാദേവ ക്ഷേത്രത്തിന് കേരള ചരിത്രത്തില്‍ സുപ്രധാന സ്ഥാനമാണുള്ളത്. ആധുനിക കേരളത്തില്‍ സാമൂഹിക മാറ്റത്തിന് നാന്ദികുറിക്കുന്നതിന് വഴിയൊരുക്കിയ വൈക്കം സത്യാഗ്രഹം ക്ഷേത്ര നടയിലാണ് നടന്നത്.

പരശുരാമൻ സ്ഥാപിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിതെന്ന് കരുതുന്നു. പത്തേക്കറിൽ കൂടുതൽ വരുന്ന സ്ഥലത്ത് കിഴക്കോട്ട് ദർശനമായിട്ടാണ് വൈക്കം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യമെത്തുന്നത് ഒരു വലിയ ആനക്കൊട്ടിലിലാണ്. സാമാന്യം വലിപ്പമുള്ള ഈ ആനക്കൊട്ടിലിന്റെ വടക്കുഭാഗത്ത് ഒരു അരയാൽമരമുണ്ട്. ഹൈന്ദവവിശ്വാസപ്രകാരം ത്രിമൂർത്തിസാന്നിദ്ധ്യമുള്ള പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു.

സാധാരണ ശ്രീകോവിലിന്റെ മൂന്നിരട്ടി വലിപ്പമുണ്ട് ഇവിടത്തെ വലിയ വട്ടശ്രീകോവിലിന്. ശ്രീകോവിൽ അതിമനോഹരമായ ചുവർച്ചിത്രങ്ങൾ കൊണ്ട് അലംകൃതമാണ്. നടരാജൻ, ദശാവതാരം, ശ്രീദേവീഭൂദേവീസമേതനായ മഹാവിഷ്ണു, അർജുനനെ പരീക്ഷിച്ച് പാശുപതാസ്ത്രം നൽകുന്ന ശിവൻ - അങ്ങനെ വിവിധതരം ചുവർച്ചിത്രങ്ങൾ ശ്രീകോവിൽച്ചുവരുകളെ അലംകൃതമാക്കിയിട്ടുണ്ട്. വൈക്കത്തഷ്ടമി മഹോൽസവം പേരുകേട്ടതാണ്. വൃശ്ചികമാസത്തിലെ വൈക്കത്തഷ്ടമി മഹോത്സവ കെങ്കേമമാണ്. പതിമൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ പന്ത്രണ്ടാം നാൾ അഷ്ടമി വരുന്ന വിധത്തിലാണ് ഉത്സവം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA