ADVERTISEMENT

അഞ്ജലി അമീർ എന്ന കോഴിക്കോട്ടുകാരിയെ അറിയാത്തവർ ചുരുക്കമാണ്. ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ അഞ്ജലി അമീർ, പരസ്യ, മോഡലിങ് രംഗത്ത് സജീവസാന്നിധ്യമാണ്. മോഡലിങ് രംഗത്തുനിന്നു സിനിമയിലേക്കെത്തിയ അഞ്ജലി അമീർ പേരൻപ് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായതോടെ കഥ വീണ്ടും മാറിമറിഞ്ഞു. നഴ്സിങ്ങിൽ ബിരുദം നേടിയ  ഇൗ സുന്ദരി മികച്ച അഭിനയം കൊണ്ട് പ്രേക്ഷകശ്രദ്ധയാകർഷിച്ചു.

anjali-ameer-travel

ഇഷ്ടങ്ങൾ എന്തൊക്കെയെന്നുള്ള ചോദ്യത്തിന് യാത്രയെന്ന് അഞ്ജലി ഒറ്റവാക്കിൽ ഉത്തരം പറയും. ജീവിതത്തിലെ ഓരോ ഘട്ടത്തിലും തന്നെ ഉയർത്തെഴുന്നേൽപ്പിച്ചത് യാത്രകളാണെന്നും അഞ്ജലി പറയുന്നു. ‘സത്യം പറഞ്ഞാൻ ഒരു തുറന്ന പാഠപുസ്തകമാണ് ഓരോ യാത്രയും. യാത്രകളിലൂടെ എനിക്ക് ഒരുപാട് പഠിക്കാൻ സാധിച്ചിട്ടുണ്ട്. യാത്ര നൽകിയ അറിവ് ചെറുതൊന്നുമല്ല. വിഷമങ്ങളും സന്തോഷങ്ങളും നിറഞ്ഞ യാത്രകളും അവയിലുണ്ട്.’ യാത്രയിലൂടെ ജീവിതം പഠിച്ച അഞ്ജലി അമീറിന്റെ യാത്രാവിശേഷങ്ങളറിയാം.

ഷൂട്ടിങ് ലൊക്കേഷനിലെ തിരക്കിൽ്നിന്ന് ഒളിച്ചോടുന്നത് യാത്രകളുടെ ലോകത്തേക്കാണ്. എന്റെ എല്ലാ ടെൻഷനുകളെയും യാത്ര തുടച്ചുമാറ്റും. മനസ്സ് സ്വസ്ഥമാകും. തുടർന്ന് ജോലിയിൽ സജീവമാകും. ഇതാണ് എന്റെ രീതി. യാത്രയോടു പ്രണയമാണെങ്കിലും അധികദിവസം വീട്ടിൽനിന്നു മാറി നിൽക്കുന്നതും എനിക്ക് ഇഷ്ടമല്ല. രണ്ടുമൂന്നു ദിവസത്തിനുള്ളിൽ മടങ്ങിയെത്താൻ ശ്രമിക്കാറുണ്ട്. തിരക്കുകൾ കൂടി മനസ്സ് വല്ലാതെ ബോറടിക്കുമ്പോൾ പെട്ടെന്നൊരു യാത്ര പോകും. വയനാടാണ് എനിക്ക് പ്രിയം. വീട്ടിൽനിന്ന് എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്നിടമാണ് വയനാട്. എനിക്ക് ചുരം കയറിയുള്ള യാത്ര ഒരുപാട് ഇഷ്ടമാണ്. പ്രത്യേകിച്ച് വയനാട്ടിലേത്. വയനാടിനോടുള്ള കടുത്ത പ്രണയം കാരണമാകാം അത്. ചുരമിറങ്ങിക്കഴിയുമ്പോൾ മനസ്സിലെ ഭാരം മുഴുവൻ ഇറക്കിവച്ച അനുഭൂതിയാണ്.

ഇന്ത്യയെ അറിയണം

anjali-ameer-travel4

വിദേശരാജ്യങ്ങളിലേക്കുള്ള യാത്രയെക്കാളും എനിക്കിഷ്ടം ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള യാത്രയാണ്. ഇന്ത്യയിൽ മിക്കയിടത്തും യാത്ര പോയിട്ടുണ്ട്. ഏറ്റവും ഇഷ്ടപ്പെട്ടത് പഞ്ചാബും കശ്മീരും ഡൽഹിയുമാണ്. അവിടുത്തെ കാലാവസ്ഥയും ഭക്ഷണവുമൊക്കെ കിടുവാണ്. ഞാെനാരു ഫൂ‍ഡിയാണ്. പുതിയ സ്ഥലത്തെ വിഭവങ്ങളുടെ തനതു രുചിയറിയാൻ ശ്രമിക്കാറുണ്ട്. പഞ്ചാബിൽ കിടുക്കൻ സൂപ്പുകൾ കിട്ടും. കഞ്ഞിവെള്ളം കൊണ്ടുവരെ അവിടെ സൂപ്പുണ്ടാക്കി വിളമ്പാറുണ്ട്. 

വിദേശരാജ്യങ്ങളെക്കാൾ ഇന്ത്യയുടെ കാഴ്ചകളിലേക്ക് ഇറങ്ങിത്തിരിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. കീശ കാലിയാക്കാതെ യാത്ര ചെയ്യാം. ഇന്ത്യൻ സംസ്ഥാനങ്ങളിൽ മിക്കയിടത്തേയ്ക്കും ചെലവ് ചുരുക്കി യാത്ര ചെയ്യാൻ സാധിക്കും. കുറഞ്ഞ ചെലവിൽ സുരക്ഷിതമായി താമസിക്കാവുന്ന ഹോട്ടലുകളും ഹോംസ്റ്റേകളും ലഭ്യമാണ്. 

നീണ്ട യാത്രകള്‍ക്ക് ഒറ്റയ്ക്കു പോകുന്നയാളല്ല ഞാൻ. സുഹൃത്തുക്കളും ഒപ്പമുണ്ടാവും. എന്നാലല്ലേ ഒരു ത്രില്ലുള്ളൂ. തമാശകൾ പറഞ്ഞ് അടിച്ചുപൊളിച്ചൊരു യാത്ര- അതാണ് എന്റെ യാത്രകൾ.

ഒരിക്കലും മറക്കാനാവില്ല ആ കണ്ടുമുട്ടൽ

anjali-ameer-travel3

പഞ്ചാബിലേക്കുള്ള യാത്രയിൽ എനിക്ക് പഴയ സുഹൃത്ത് രാജേഷിനെ കാണാൻ സാധിച്ചു. എനിക്ക് രാജേഷിനെ പെട്ടെന്ന് മനസ്സിലായില്ല. അവൻ അവിടെ സിആർപിഎഫിലാണ്. എന്നെ രജേഷിന് ഒറ്റനോട്ടത്തിൽ പിടികിട്ടി. എന്നെ ടിവിയിലും മറ്റും കാണാറുണ്ടെന്നും ലേഖനങ്ങളൊക്കെ വായിക്കാറുണ്ടെന്നും പറഞ്ഞു. നീണ്ട വർഷങ്ങൾക്കു ശേഷമാണ് രാജേഷിനെ കണ്ടുമുട്ടുന്നത്. എനിക്കും ഒരുപാട് സന്തോഷം തോന്നി.

വിദേശത്തും പോയിട്ടുണ്ട്

anjali-ameer-travel1

ചെലവു ചുരുക്കി യാത്രപോകുക എന്ന ആശയം മനസ്സിലുള്ളതുകൊണ്ട് കുറഞ്ഞ ചെലവിൽ സന്ദർശിക്കാൻ പറ്റുന്ന രാജ്യങ്ങളിലാണ് കൂടുതൽ പോയിട്ടുള്ളത്. തായ്‍‍ലൻഡ്, പട്ടായ, മലേഷ്യ എന്നിവിടങ്ങളിലൊക്കെ പോയിട്ടുണ്ട്. അന്നാട്ടിലെ വ്യത്യസ്ത രുചി നിറച്ച വിഭവങ്ങളും അവിടുത്തെ വസ്ത്രങ്ങളുമാണ് എന്നെ ഏറെ ആകർഷിച്ചത്. തായ്‌ലൻഡ് സ്വപ്നങ്ങളുടെ പറുദീസയാണ്. തായ്‌ലൻഡിൽ ചെല്ലുമ്പോൾ ബാങ്കോക്ക് ഒഴിവാക്കാൻ ആവില്ലല്ലോ. അവിടെയും പോയി. ബാങ്കോക്ക് മികച്ച ഒരു ഷോപ്പിങ് സ്ഥലമാണ്. വളരെ കുറഞ്ഞ വിലയിൽ നല്ല വസ്ത്രങ്ങൾ, ബാഗുകൾ, ചെരുപ്പുകൾ ഒക്കെ കിട്ടും; അതും നല്ല ക്വാളിറ്റിയുളളത്.

anjali-ameer-travel2

മലേഷ്യൻ യാത്രയും എനിക്ക് ഒരുപാട് ഇഷ്ടമായി. സൂക്ഷിച്ചു പണം ചെലവാക്കിയാൽ കീശ കാലിയാകാതെ കണ്ടുവരാവുന്ന ഒരു ഏഷ്യൻ രാജ്യമാണിത്. കേരളത്തിൽനിന്നു മലേഷ്യയുടെ തലസ്ഥാനമായ ക്വാലലംപൂരിലേക്കു വിമാനസർവീസുണ്ട്. ഏകദേശം പതിനായിരത്തിൽ താഴെ രൂപ മാത്രമേ ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്കു ചെലവു വരൂ. ഏകദേശം അഞ്ചുമണിക്കൂറിൽ താഴെ സമയം കൊണ്ട് അവിടെ എത്തിച്ചേരാം. മലേഷ്യ സന്ദർശിക്കുന്നതിനുള്ള വീസ നടപടികൾ വളരെ ലളിതമാണ്. 

മലേഷ്യയിലുമുണ്ട് ഷോപ്പിങ് മാളുകൾ. മലേഷ്യയിലെ ആകർഷകമായ കാഴ്ചകളിലൊന്നാണ് പെട്രോണാസ് ടവേഴ്സ്. ദീപപ്രഭയിൽ കുളിച്ചു നിൽക്കുന്ന ഈ സൗധത്തിന്റെ രാത്രികാഴ്ച അതിമനോഹരമാണ്. കൂടാതെ ദുബായിയും ഖത്തറുമൊക്കെ എന്റെ പ്രിയപ്പെട്ട ഇടങ്ങളാണ്.

കേരളം കണ്ടുകണ്ട്

anjali-ameer-travel5

കേരളത്തിലും ഒരുപാടു സ്ഥലങ്ങളിലേക്ക് പോയിട്ടുണ്ട്. കണ്ണൂരും വയനാടും തിരുവനന്തപുരവുമൊക്കെ ഇഷ്ടമാണ്. മൂന്നാറിൽ ഇതുവരെ കാഴ്ചകൾ ആസ്വദിച്ച് യാത്ര പോകാൻ സാധിച്ചിട്ടില്ല എന്നുള്ള വിഷമം ഒഴിച്ചാൽ കേരളത്തിന്റെ കാഴ്ചകളും സുന്ദരമാണ്. ഇനിയും കേരളത്തിന്റെ എല്ലാ ഭാഗത്തേക്കും യാത്ര പോകണമെന്നുണ്ട്. സമയവും അവസരവും ഒത്തുകിട്ടിയാൽ പോകണം.

സ്വപ്നനാട്

എല്ലാവരുടെയും ഉള്ളിലുള്ളതു പോലെ എനിക്കുമുണ്ട് ചെറിയ ആഗ്രഹങ്ങൾ. ഓസ്ട്രേലിയൻ യാത്ര എന്റെ സ്വപ്നമാണ്. സ്വപ്ന രാജ്യത്തേക്കുള്ള യാത്രയുടെ കാത്തിരിപ്പിലാണ് ഞാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com