350 രൂപയ്ക്ക് പത്തു കിലോമീറ്റർ കടൽയാത്ര, കൊച്ചിയുടെ വശ്യകാഴ്ച ഒരുക്കി സാഗരറാണി

HIGHLIGHTS
  • സാഗര റാണിയിൽ കൊച്ചി കാണാൻ പോകാം
sagararani-sea-Cruise8
SHARE

കൊച്ചിയെ ശരിക്കും കാണണോ? കരയിൽനിന്നാൽ പോര കടവിലിറങ്ങണം. സാഗരറാണി എന്ന ക്രൂസ് വെസ്സൽ അടുപ്പിച്ചിരിക്കുന്ന കടവിൽ. അവിടെനിന്ന് ആ ഉല്ലാസനൗകയിലേറി കടലിലേക്കു പോകണം. കായലിൽനിന്നു നോക്കുമ്പോഴാണ് കൊച്ചി ശരിക്കും അറബിക്കടലിന്റെ റാണിയാകുന്നത്– സാഗരറാണിയുടെ പിന്നിൽനിന്ന് നഗരത്തെ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നവരുടെ മനസ്സ് ഇങ്ങനെ പറഞ്ഞിട്ടുണ്ടാകും. കായൽ മറികടന്ന് കടലിലേക്കാണ് കേരളസർക്കാരിന്റെ സാഗരറാണി പോകുന്നത്. ഈ രണ്ടു മണിക്കൂർ യാത്ര തീർച്ചയായും നിങ്ങൾ ആസ്വദിക്കും.

sagararani-sea-Cruise5

കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ കീഴിലാണ് സാഗരറാണിമാർ. കൊച്ചിയിലൊരു ബോട്ടിങ് ആസ്വദിക്കണമെന്നുള്ളവർക്ക് സാഗരറാണി തന്നെയാണ് ഏറ്റവും അനുയോജ്യമായിട്ടുള്ളത്. രണ്ടു ബോട്ടുകൾ യാത്രികരെ കാത്തിരിക്കുന്നുണ്ടാകും. ഓൺലൈനിൽ ടിക്കറ്റെടുക്കുക. പത്തുകിലോമീറ്റർ ദൂരം കടലിലേക്കു യാത്ര ചെയ്യുക. കൊച്ചിയുടെ മറ്റൊരു മുഖം കാണാം. ഭാഗ്യമുണ്ടെങ്കിൽ ഡോൾഫിനുകൾ ഉല്ലസിക്കുന്നതു കാണാം. എട്ട് ജോലിക്കാരടക്കം നൂറുപേരെ സാഗരറാണി വഹിക്കും. അതായത് വലിയൊരു ഗ്രൂപ്പിന് ഒറ്റയ്ക്കു തന്നെ സാഗരറാണി ബുക്ക് ചെയ്തു യാത്രയാസ്വദിക്കാം. ഇനിയൊരു ബിസിനസ് മീറ്റ് നടത്തണോ? അതിനും സജ്ജമാണ് സാഗരറാണി.

sagararani-sea-Cruise2

താഴെ എസി കോൺഫറൻസ് ഹാളുണ്ട്. അതിൽ പേർക്ക് അൻപതുപേർക്ക് ഇരിക്കാം. കടൽക്കാഴ്ചകൾ കണ്ടുകണ്ടങ്ങു സമയം കളയണം എന്നുള്ളവർക്ക് മുകളിലെ നിലയിലേക്കു കയറാം. അവിടെ കാഴ്ചകൾക്കു ഭംഗം വരുത്താത്ത രീതിയിൽ സീറ്റുകൾ ഒരുക്കിയിട്ടുണ്ട്.

sagararani-sea-Cruise7

ഞങ്ങൾ സായാഹ്ന സവാരിയാണു തിരഞ്ഞെടുത്തത്. സൺസെറ്റ് ക്രൂസ് പാക്കേജിൽ ഒരാൾക്ക് നാനൂറു രൂപയാണ് ടിക്കറ്റ് ചാർജ്. പുഞ്ചിരിയോടെ സ്വീകരിക്കുന്ന വെസ്സൽ ജോലിക്കാർ. മുകളിലെ മ്യൂസിക് ഫ്ലോറിൽ കൊച്ചിയുടെ ഓരോ കാഴ്ചയും വിവരിച്ചുതരാനും പാട്ടും ആട്ടവുംകൊണ്ട് യാത്രികരെ ഉല്ലസിപ്പിക്കാനായി  കലാകാരൻമാർ, കൊച്ചിയുടെ ഉൾഭാഗത്തുനിന്നു വിശാലതയിലേക്കു തുഴതിരിയുമ്പോൾ ഇക്കാണുന്നതാണോ കൊച്ചി എന്നു കൺവിടർത്തിനോക്കുന്ന യാത്രികർ... പാട്ടുകൾക്കനുസരിച്ചു നൃത്തം വയ്ക്കുന്ന കുരുന്നുകൾ ഇങ്ങനെ ഒരു ചെറുയാത്രയെ അവിസ്മരണീയമാക്കാനുള്ള സംഘമുണ്ടാകും എന്നും സാഗരറാണിയിൽ.

sagararani-sea-Cruise3

വെയിലാറിത്തുടങ്ങി സാഗരറാണി പുറപ്പെട്ടപ്പോൾ. പിന്നിൽ കൊച്ചിയുടെ പഴയ ഫ്ലാറ്റുകൾ സ്വർണവർണത്തിൽ നിൽക്കുന്നു. ഇടതുവശത്ത് ഫോർട്ട് കൊച്ചിയുടെ പഴമ. കൊച്ചി–മുസിരിസ്  ബിനാലെ നടന്നിരുന്ന ആസ്പിൻവാൾ കെട്ടിടം അക്കൂട്ടത്തിൽനിന്നു വേറിട്ടറിയാം. ഫോർട്ട്കൊച്ചി ബീച്ചിനോടടുത്ത് ചീനവലകൾക്കുമീതെ വെള്ളപ്പൊട്ടുകൾ പോലെ കൊറ്റികൾ. കുഞ്ഞോളങ്ങളിൽ കുളിച്ചുല്ലസിക്കുന്ന ജനക്കൂട്ടം, വൻമരക്കൂട്ടങ്ങൾക്കിടയിൽ ബ്രിസ്റ്റോ സായിപ്പ് താമസിച്ചിരുന്ന ബംഗ്ലാവ്, ഇടയ്ക്കിടെ കൈവീശി പാഞ്ഞുപോകുന്ന സ്പീഡ് ബോട്ടുകൾ, മത്സ്യബന്ധനബോട്ടുകൾ... ഇതെല്ലാം കൊച്ചിയുടെ വേറിട്ടമുഖങ്ങൾ.

ചെറുതുരുത്തുകൾ, െകാച്ചിൻഷിപ്പ് യാർഡിന്റെ വിദൂരദൃശ്യം തുടങ്ങി കൊച്ചിയുടെ എല്ലാ കാഴ്ചകളും വിവരിച്ചുനൽകുന്നുണ്ട് ഗൈഡ്. ചീനവലകൾ കടന്ന് അഴിമുഖത്തെത്തി കുറ‍ച്ചുകഴിഞ്ഞില്ല ഡോൾഫിൻ ഒരെണ്ണം ചാടിക്കുതിച്ചുയർന്നു. ക്ഷണനേരം കൊണ്ട് ആ കാഴ്ച വെള്ളത്തിലായി. ഇതാ സൂര്യനും ‘വെള്ളത്തിനടിയിലേക്കു’ മടങ്ങുന്നു. ഇനി കൊച്ചിയുടെ കാഴ്ചകളില്ല. കടലിലെ കാറ്റേറ്റ് അധികം ഓളങ്ങളില്ലാത്ത പരപ്പിൽ ശാന്തമായ യാത്ര. മുകൾത്തട്ടിൽ കലാകാരികൾ തങ്ങളുടെ പ്രകടനങ്ങളുമായി എത്തിത്തുടങ്ങുന്നു. പാട്ടുകാർ പ്രിയപ്പെട്ട ഗാനങ്ങളുമായി സഞ്ചാരികളെ കയ്യിലെടുക്കുന്നു. കിടുക്കാച്ചി പാട്ടുകൾ പാടുമ്പോൾ മ്യൂസിക് ഫ്ലോറിൽ ആളുകൾ അറിയാതെ നൃത്തം വച്ചുപോകുന്നു. സായന്തനം കഴിഞ്ഞും സാഗരറാണി യാത്രികരെ ഉല്ലസിപ്പിക്കുന്നു.

sagararani-sea-Cruise4

ഇന്ത്യൻ റജിസ്റ്റർ ഓഫ് ഷിപ്പിങ് (ഐആർഎസ്) ക്ലാസ് ക്രൂസ് വെസ്സൽ ആണ് സാഗരറാണി. രണ്ടെണ്ണമുണ്ട് ഇവിടെ. രണ്ടുമണിക്കൂർ ആണ് സാഗരറാണിയിലെ യാത്ര. കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ സമുദ്രപരിധിയായ പതിനഞ്ചുകിലോമീറ്റർ ദൂരം കടലിലേക്കു സഞ്ചരിക്കാൻ സാഗരറാണിക്ക് അനുമതിയുണ്ട്. കപ്പലുമല്ല, ബോട്ടുമല്ല, ക്രൂസ് വെസൽ എന്ന വിഭാഗത്തിലാണീ യാനം. വിവിധപാക്കേജുകൾ സാഗരറാണിയിൽ ലഭിക്കും. അവയിൽ ഓരോ ടിക്കറ്റും ബുക്ക് ചെയ്യുന്ന തരത്തിലുള്ളതാണ് സൺസെറ്റ് ക്രൂസ്. അല്ലാതെ, ഒരു മണിക്കൂറിന് പതിനായിരം രൂപ നൽകി സാഗരറാണി മുഴുവൻ ബുക്ക് ചെയ്തു യാത്ര ചെയ്യുന്നവരുമുണ്ട്. എന്തായാലും ഒരു കാര്യമുറപ്പ്. ഈ കാശിന് ഇത്രയും നല്ലതും എന്നാൽ ചെറുതുമായ ക്രൂസിങ് അനുഭവം മെച്ചമാണ്. സൺ സെറ്റ് ക്രൂസിൽ, അവധി ദിവസങ്ങളിൽ ഒരാൾക്ക് 400 രൂപയാണു ടിക്കറ്റ്നിരക്ക്. പ്രവൃത്തി ദിനങ്ങളിൽ 350 രൂപയുമാണ്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം– 04842206232 sagararani.in  വെബ്സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ഒരു ദിവസം മൂന്നു മുതൽ അഞ്ചുവരെ ട്രിപ്പുകൾ ഉണ്ടാകാറുണ്ട്.  സമയം – രാവിലെ 8.30– 10.30,  11-1, 1.30- 3.30, 5.30-7.30,  8-10 Pm 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA