ADVERTISEMENT
Kolukkumalai-trip5

ഉയരം കൂടുന്തോറും ചായയ്ക്കു കടുപ്പം കൂടുമെന്നാണല്ലോ പുതുമൊഴി. ഉയരത്തിലുള്ള ചായ കുടിക്കാൻ പോകുമ്പോൾ ലോകത്തെ ഏറ്റവും മനോഹരമായ പ്രഭാതം കൂടി കണ്ടാലോ… 

കൊളുക്കുമലയിലേക്കാണു യാത്ര. നിങ്ങൾ ഏറെ കേട്ടിട്ടുണ്ടാകും കൊളുക്കുമലയെപ്പറ്റി. പലരും അവിടേക്കു യാത്ര ചെയ്തിട്ടുണ്ടാകും.  കൊളുക്കുമലയിലെ അവിസ്മരണീയമായ പ്രഭാതം കാണാൻ മാത്രമല്ല യാത്ര, മറിച്ച് മലമുകളിൽ ഒരു ടെന്റിൽ താമസിക്കാൻ കൂടിയാണ്. കല്ലിൽനിന്നു കല്ലിലേക്കു ചാടിപ്പോകുന്ന ഒരു എസ്റ്റേറ്റ് വഴിയിലൂടെ യാത്ര ചെയ്ത് കൊളുക്കുമലയിലെ ടെന്റിൽ രാത്രിതാമസം.  ആ രാത്രിവാസം പ്രഭാതത്തിലെ മനോഹരമായ കാഴ്ചയോളം തന്നെ രസകരമാണ്. 

കൊളുക്കുമലയിലേക്കുള്ള പാത

Kolukkumalai-trip3

പകൽ കൊളുക്കുമലയിലേക്കെത്തുകയാണു സഞ്ചാരികളുടെ പതിവ്.  മൂന്നാറിനെക്കാളും ഉയരത്തിലാണു കൊളുക്കുമല. വീതികൂട്ടുന്ന മൂന്നാര്‍ ബോഡിമെട്ട് റോഡ് വഴിയിലൂടെ സുഖയാത്ര. ഗ്യാപ് റോഡിൽ മലേക്കള്ളന്റെ ഗുഹയൊഴിച്ച് മറ്റു പാറകളെല്ലാം പൊട്ടിച്ചുതുടങ്ങിയിട്ടുണ്ട്. ഇനി അതും പൊളിക്കുമായിരിക്കും. രാത്രിയിൽ ഇതുവഴി യാത്ര സൂക്ഷിച്ചുവേണം. കാരണം എവിടെയാണ് റോഡ് ബ്ലോക്ക് ചെയ്തിട്ടുള്ളത് എന്നു കണ്ടുപിടിക്കാൻ വല്ല മഷിനോട്ടവും വേണ്ടിവരും. സൂര്യനെല്ലിയിൽനിന്നു ഭക്ഷണം വാങ്ങി മുകളിലേക്ക്.  അത്യാവശ്യസാധനസാമഗ്രികൾ ഈ ചെറിയ അങ്ങാടിയിൽനിന്നു വാങ്ങണം. ഇനി ടെന്റിലേക്കാണ് ചേക്കേറാൻ പോകുന്നത്. 

ഗട്ടർവഴി തുടങ്ങുന്നു

Kolukkumalai-trip4

സൂര്യനെല്ലി എസ്റ്റേറ്റിലൂടെയുള്ള കല്ലോടു കല്ലുചേരാത്ത ഗട്ടർ വഴിയിലൂടെയാണ് കൊളുക്കുമലയിലെത്തേണ്ടത്.  താമസത്തിനു പോകുന്നവർക്ക് പ്രത്യേക അനുമതി വാങ്ങിയെടുത്താൽ സ്വന്തം വാഹനവുമായി പോകാം. അല്ലെങ്കിൽ ടാക്സി ജീപ്പുകൾ ശരണം. ഫോർ- വീൽ ഡ്രൈവ് നോബിലേക്ക് അറിയാതെ കൈചെല്ലും വിധമാണ് റോഡ്. മുൻപ് ഇത്ര മോശമല്ലായിരുന്നത്രേ. മീശപ്പുലിമലയിൽ മഞ്ഞുപെയ്യുന്നതു കണ്ടിട്ടുണ്ടോ എന്നൊരു സിനിമാച്ചോദ്യം കഥയാകെ മാറ്റിമറിച്ചു. കൊളുക്കുമലയിൽനിന്ന് രണ്ടുമലയ്ക്കപ്പുറമാണ് മീശപ്പുലിമല. നിയമപ്രകാരമല്ലാത്ത ട്രെക്കിങ് ഇവിടെ തുടങ്ങി. അതോടെ ജീപ്പുകൾ ഷട്ടിലടിച്ചു മടുത്തു. റോഡ് കൂടുതൽ മോശമായി. ഇപ്പോൾ സ്ഥിതി ശാന്തമാണ്. 

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഓർഗാനിക് തേയിലത്തോട്ടം എന്ന വിശേഷണമാണു ഉയരത്തിലെത്തുമ്പോൾ നിങ്ങളെ ആദ്യം വരവേൽക്കുക. കൂർത്തുനിൽക്കുന്നൊരു മലമുകളറ്റം താഴ് വാരത്തിനപ്പുറത്തു കാണാം. വഴിവീണ്ടും മുന്നോട്ട്. ഒരു ചെറുകുന്നു കയറുമ്പോൾ വലതുവശത്ത് കോൺക്രീറ്റ് കെട്ടിടം. അപ്പുറം ചെറിയൊരു പച്ചപ്പുൽമൈതാനം. പിന്നെ നമ്മുടെ ടെന്റുകളും. സന്ധ്യയായി സംഘം അവിടെയെത്തുമ്പോൾ.

Kolukkumalai-trip6

രണ്ടു ടെന്റുകൾ ആ കാറ്റാടി മരങ്ങൾക്കടിയിൽ സഞ്ചാരികളെ കാത്തിരിപ്പുണ്ട്.  ടെന്റുകൾക്കടുത്തൂടെയുള്ള മൺവഴി വീണ്ടും ഒരു കുന്നിലേക്കു നയിക്കുന്നു. നടന്നു കയറുമ്പോൾ അങ്ങുതാഴെ മലകൾക്കിടയിൽ തേയിലത്തോട്ടത്തിനു നടുവിൽ ആ പഴയ തേയിലഫാക്ടറി കാണാം. അതിന്റെ ലോഹഭാഗങ്ങൾ തിളങ്ങുന്നുണ്ട്. 1930 കളിൽ ആണ് എസ്റ്റേറ്റ് ആരംഭിച്ചത്. ഇപ്പോഴും അന്നത്തെചായപ്പൊടി സംസ്കരണരീതി തുടരുന്നു. പഴയ യന്ത്രങ്ങളും മറ്റും ഫാക്ടറിക്കുള്ളിൽ കാണാം.  

ചായ തയാർ- കൊളുക്കുമലയിലെ സഹായിയായും നളനുമായ ലാലേട്ടൻ വിളിച്ചുപറയുന്നുണ്ട്. തണുപ്പു തുടങ്ങിയിരിക്കുന്നു. ലാലേട്ടൻതന്നെ ചുള്ളിക്കമ്പുകൾ കൂട്ടിയിട്ട് തീകൂട്ടി. ആ തണുപ്പിൽതീകാഞ്ഞിരുന്നു കട്ടനടിക്കുന്നതിന്റെ രസം ഒന്നു വേറെത്തന്നെ. സർ, രാവിലെ ഈ വഴി മുകളിലേക്കു കയറിയാൽ സൂര്യോദയം കിടുക്കനായി കാണാം.  ഓക്കെ… നോക്കാം. 

പുലരി പിറക്കുന്നു

Kolukkumalai-trip7

തണുപ്പിൽ എപ്പോഴാണു ടെന്റിൽ കയറിയതെന്നോർമയില്ല. അതിരാവിലെ ഫോണിലെ അലാം മുഴങ്ങിയതും ക്യാമറയെടുത്തു മുകളിലേക്കോടി. നീലമലകൾക്കു മുകളിൽ ചുവപ്പുരാശി പടരുന്നേയുള്ളൂ. മേഘങ്ങളുണ്ട് എല്ലാംമറയ്ക്കാനായി. താഴേക്കു നടന്നു. ഒരു ചില്ലുഗ്ലാസ്സിലെ ചൂടുവെള്ളത്തിൽ കടുപ്പമുള്ള ചായപ്പൊടിയിട്ടതുപോലെ സൂര്യൻ ആകാശത്തിനു ചുവപ്പുനിറം നൽകുന്നുണ്ട്. 

ക്യാമറകൾക്കു വിശ്രമമില്ല. എവിടെനിന്നു പടമെടുക്കണമെന്ന   ആശയക്കുഴപ്പം മാത്രം. എല്ലാവരിലുമുണ്ട്. കാരണം അത്രയേറെ മനോഹരമായൊരു പ്രഭാതം ഇതുവരെ അനുഭവിച്ചിട്ടില്ല. വിദേശികളും ഉത്തരേന്ത്യക്കാരും ഈ പ്രഭാതം കാണാൻമാത്രം ജീപ്പ് പിടിച്ച് എത്തിയിട്ടുണ്ട്. ഒരിക്കൽ കണ്ടാൽ മറക്കില്ല ഈ പ്രഭാതം. 

Kolukkumalai-trip

സൂര്യൻ നന്നായി ഉയർന്നപ്പോൾ മാനം വെളുക്കെ ചിരിച്ചു. ഞങ്ങൾ തിരിച്ചുപോന്നു. ലാലേട്ടൻ തയാറാക്കിയ ഇഡ്ഡലിയും ചമ്മന്തിയും കഴിച്ച് എസ്റ്റേറ്റ് കാണാനിറങ്ങി. എൺപത്തിയൊന്നു ഹെക്ടർ സ്ഥലം. പരമ്പരാഗതരീതിയിൽ തേയിലപ്പൊടി നിർമാണം. ബ്രിട്ടീഷ് കാലത്തെ, ഇപ്പോഴും പ്രവർത്തിക്കുന്ന യന്ത്രങ്ങൾ ഇതെല്ലാം കണ്ടു തിരികെയിറക്കം.  സൂര്യനെല്ലിയിലെത്തുമ്പോൾ ചൂടനുഭവപ്പെട്ടുതുടങ്ങി. അപ്പോഴാണ് കൊളുക്കുമലയുടെ പഴയ പേര് ഓർത്തത്. കുളിരാട്ടിമല. എന്തൊരു കുളിരുള്ള പേര് എന്നോർത്തു കൊച്ചിയിലേക്കു മടക്കം. 

ശ്രദ്ധിക്കാൻ

അത്യാവശ്യ മരുന്നുകൾ, സാധനസാമഗ്രികൾ, ടോർച്ച് തുടങ്ങിയവ കരുതുക.  ജീപ്പുകളുടെ ഏറ്റവും പിന്നിൽ ഇരുന്ന പോയാൽ നടുവിനു നല്ല പണിയാകും. മുന്നോട്ടുതിരിഞ്ഞിരിക്കുന്ന ആദ്യ രണ്ടു സീറ്റുകളാണു നല്ലത്. 

താമസസൗകര്യം

ടെന്റുകളിൽ വലിയ ഗ്രൂപ്പിനു വരെ താമസസൗകര്യമുണ്ട്. കൂടാതെ പഴയ കാലത്തെ റൂമുകളും ലഭ്യം. കൂടുതൽ വിവരങ്ങൾക്ക്- 9497439777

റൂട്ട്

എറണാകുളം-കോതമംഗലം-നേര്യമംഗലം-അടിമാലി-മൂന്നാർ-സൂര്യനെല്ലി 156 Km

സൂര്യനെല്ലി-കൊളുക്കുമല 8 km  (ഓഫ് റോഡ് ട്രിപ്പ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com