sections
MORE

മലമുകളിലേക്കൊരു മഴനടത്തം; തിരുനെല്ലിയിലെ ബ്രഹ്മഗിരി നിങ്ങളെ കാത്തിരിപ്പുണ്ട്

HIGHLIGHTS
  • മഴപ്രേമികളുടെ യാത്രാസങ്കേതം
wayanad-travel5
SHARE

മഴ ഇനി കനക്കുമെന്നുറപ്പ്. അതിനുമുന്നോടിയായി തുള്ളിക്ക് ഒരു കുടം കണക്കേ പെയ്യുന്ന മഴയെ ആവാഹിക്കാൻ മാത്രം ചിലർ യാത്ര ചെയ്യാറുണ്ട്. അത്യാവശ്യ വസ്ത്രങ്ങൾ മാത്രമെടുത്ത്, ഏറ്റവും ചെറുതായി ഒരുക്കിയ ലഗേജ്  ഭദ്രമാക്കി വച്ച് അവരൊരിറക്കമാണ് മഴയത്തേക്ക്. വെറുതേ മഴകൊള്ളാൻ…

ലോകത്തെ വിസ്മയിപ്പിക്കുകയും നമ്മുടെ മനം കുളിർപ്പിക്കുകയും ചെയ്യുന്ന മൺസൂണിനെ ആഘോഷമാക്കുന്ന മഴപ്രേമികളുടെ യാത്രാസങ്കേതങ്ങളിലൊന്നാണു വയനാട്ടിലെ തിരുനെല്ലി. 

wayanad-travel3

മാനന്തവാടിയിൽനിന്നു കാട്ടിക്കുളം എന്ന ചെറിയ അങ്ങാടി. അവിടെനിന്ന് ഇടത്തുതിരിഞ്ഞ് കാട്ടുവഴിയിലൂടെ മുന്നേറുക. ആനകളും മാനുകളും ഏറെയുണ്ടാകും വഴിയരികിൽ. ഈ വഴിയിൽ മഴയത്തു വാഹനമോടിക്കുന്നതുതന്നെ രസകരമാണ്.  കോട്ടിയൂർ എന്ന കൽക്ഷേത്രം കടന്നാൽ വലതുവശത്തു വയലുകളും ഏറുമാടങ്ങളും കാണാം. ഉടമസ്ഥരുണ്ടെങ്കിൽ മഴയത്ത് ഏറുമാടത്തിൽ ഇത്തിരി നേരം ഇരുന്നുനോക്കണം. വൈക്കോൽ മേൽക്കൂരയ്ക്കു മേൽ മരവും മഴയും പെയ്യുന്നതിന്റെ താളം കേട്ടിരിക്കാം. ശേഷം തിരുനെല്ലിയിലേക്കുവച്ചുപിടിച്ചാൽ 

wayanad-travel2

വയനാട്ടിലെ ബ്രഹ്മനെക്കാണാം

മഴയോടൊപ്പം വയനാടൻചുരങ്ങൾ കയറുന്നതു തന്നെ രസകരമായ അനുഭവമാണ്. എന്നാൽ മഴയത്ത് ഒരു ട്രെക്കിങ് ആയാലോ… മഴയുടെ രൗദ്രതയാസ്വദിക്കുവാനാണു സഞ്ചാരികളെ തിരുനെല്ലി വിളിക്കുന്നത്. തിരുനെല്ലിക്കാട്ടിലൂടെ സുന്ദരമായൊരു ഡ്രൈവ് കഴിഞ്ഞ് അമ്പലമെത്തുമുൻപേ വനംവകുപ്പിന്റെ ഓഫീസിൽ ചെല്ലുക. അവിടെനിന്ന് ബ്രഹ്മഗിരിക്കുന്നുകളിലേക്ക് ട്രെക്കിങ് സൗകര്യമുണ്ട്. മഴപ്പെയ്ത്തിനുശേഷം  ചോലക്കാടു പെയ്യുന്നതും, പുൽമേടുകൾ ജലത്തുള്ളികളുടെ ഭാരം താങ്ങാനാകാതെ തലകുനിച്ചാടുന്നതും മഞ്ഞുകണ്ണുമറയ്ക്കുന്നതും നടന്നു കണ്ടാസ്വദിക്കാം. മറ്റെവിടെയും കിട്ടാത്തൊരു മഴക്കാലം നുകരാം. 

wayanad-travel

എപ്പോഴും മഴകൊള്ളാൻ തയാറായി കോട്ടും ട്രെക്കിങ് ഷൂകളും ധരിച്ചുവേണം കുന്നുകയറാൻ. അട്ടശല്യം മഴമാരിയെക്കാൾ വലുതായിരിക്കും. കുറച്ച് ഉപ്പെടുത്തു കൈയിൽ കരുതുക. നിങ്ങളുടെ മാത്രം പ്രിയപ്പെട്ടവരുമായി മഴകൊണ്ട് കാടുകയറാൻ തിരുനെല്ലിയോളം മധുരമുള്ള സ്ഥലമേതുണ്ട്? ഓരോ ചെരിവിൽനിന്നാലും തിരുനെല്ലി അമ്പത്തിന്റെ ആകാശക്കാഴ്ച ലഭിക്കും. അതിനപ്പുറം വയലുകളും കാടും കാണാം. വഴിനീളെ കുഞ്ഞുകാട്ടുചോലകൾ നാടിനു കുടിനീരെത്തിക്കാനായി ധൃതിയിൽ പോകുന്നതു കാണാം. ചോലകൾക്കരികെ അധികം സമയം നിന്നാൽ അട്ടകൾ കാലിൽനിന്നു പാർക്കിങ് ഫീ ഊറ്റിയെടുക്കും. ലീച്ച് സോക്സ് ഉണ്ടെങ്കിൽ കരുതുന്നതു നല്ലതാണ്. 

മുകളിലെത്തിയാൽ പുൽമടുകളാണ് കാഴ്ച. മഴയില്ലെങ്കിൽ മഞ്ഞ് നിങ്ങളുടെ കാഴ്ച കെടുത്തും. തണുപ്പിനാൽ പൊതിയും. വാച്ച്ടവറിൽ കയറിനോക്കിയാൽ അങ്ങുദൂരെ പക്ഷിപാതാളത്തിലേക്കുള്ള വഴി കുന്നിനു ചാരെ വിജനമായി കിടക്കുന്നതു കാണാം. മുൻപ് പക്ഷിപാതാളമെന്ന ഉൾപ്രദേശത്തേക്കു ട്രക്കിങ് ഉണ്ടായിരുന്നെങ്കിലും ഇന്നതു വിലക്കിയിട്ടുണ്ട്. ആ വഴി കണ്ടാശ്വസിക്കാം. 

wayanad-travel1

മിത്തുകളാണ് തിരുനെല്ലിയിലെങ്ങും. ലോകസ്രഷ്ടാവായ ബ്രഹ്മാവ് വിഷ്ണുവിനെ പ്രസാദിപ്പിക്കാൻ തപസ്സു ചെയ്ത ഇടം എന്നൊരു കഥയുണ്ട് തിരുനെല്ലിയെപ്പറ്റി. വിഷ്ണു ഒരു നെല്ലിമരത്തിൽ വന്നിറങ്ങിയാണത്രേദർശനം നൽകിയത്. നക്സലൈറ്റുകളുടെ കാലത്ത് തിരുനെല്ലിയ്ക്കു കുപ്രസിദ്ധിയുമുണ്ട്. കാടിന്റെ ഭീകരതയൊക്കെ അക്കഥകളിലുണ്ട്. ഇന്നിപ്പോൾ ട്രെക്കിങ് പ്രേമികൾ ആദ്യം തിരയുന്ന സ്ഥലങ്ങളിലൊന്നാണ് തിരുനെല്ലി. 

ഫീസ് - അഞ്ചുപേർക്ക് 2355

വനംവകുപ്പിന്റെ  ഗൈഡ് കൂടെവരും

നാലു കിലോമീറ്റർ ദൂരമുണ്ട് നടക്കാൻ

പത്തു മണിക്കു മുൻപേ തിരുനെല്ലിയിലെ  ഫോറസ്റ്റ് ഐബിയിലെത്തി ടിക്കറ്റെടുത്തു നടന്നു തുടങ്ങാം. നേരം വൈകിയാൽ തിരിച്ചിറങ്ങുമ്പോൾ ഇരുട്ടുമെന്നതിനാൽ രാവിലെത്തന്നെയെത്തുന്നതാണു നല്ലത്. 

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക- 8547602506

താമസം-തിരുനെല്ലി ക്ഷേത്രപരിസരത്തെ ഹോട്ടലുകളിലാകാം. 

ആഹാരം, വെള്ളം എന്നിവ കരുതാം. പക്ഷേ, ഒരു തുണ്ട് പ്ലാസ്റ്റിക് മാലിന്യം പോലും ആ പുണ്യമലയിൽ ഇട്ടുപോരരുത്. 

എന്നാൽ പിന്നെ ഒരു മഴനടത്തമാകാം അല്ലേ? 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA