ADVERTISEMENT
Double-Decker-Bus-Kochi1

കാറിലും ബൈക്കിലുമൊക്കെ യാത്ര ചെയ്യുന്നതിനേക്കാൾ രസകരമായ അനുഭവം സമ്മാനിക്കുകയാണ് കൊച്ചിയിൽ കെഎസ്ആർടിസി. ഹൈറേഞ്ചിലായാലും നഗരത്തിലായാലും ഒരു പ്രത്യേക സുഖമാണ് കെഎസ്ആര്‍ടിസി ബസ് യാത്ര. അപ്പോള്‍ ഒരു ഡബിള്‍ ബക്കര്‍ ബസാണെങ്കിലോ. കൊച്ചി നഗരഹൃദയത്തിലൂടെ ഓടുന്ന കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡക്കര്‍ ബസിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

ആനപ്പുറത്തു യാത്ര ചെയ്യാന്‍ ചിലര്‍ക്കെങ്കിലും മോഹമുണ്ടാകും. പക്ഷേ ജീവനില്‍ കൊതിയുള്ളതുകൊണ്ട് ചെയ്യാറില്ല എന്നുമാത്രം. എന്നാല്‍ അതേ ഫീല്‍ നല്‍കുന്ന യാത്രയായിരിക്കും ഡബിള്‍ ഡക്കര്‍ ബസിലേത്.  9 വര്‍ഷമായി കൊച്ചിയിലുണ്ട് ഈ വമ്പന്‍. തോപ്പുംപടിയില്‍നിന്ന് അങ്കമാലിക്കും തിരിച്ചും സര്‍വീസ് നടത്തുന്ന ഈ ബസിലെ യാത്ര നിങ്ങള്‍ക്ക് സമ്മാനിക്കുക വേറിട്ടൊരു കാഴ്ചവിരുന്നായിരിക്കും. 

Double-Decker-Bus-Kochi

ഇരുനില ബസിൽ ആദ്യമായി യാത്ര ചെയ്യുന്നവര്‍ക്ക് ശരിക്കും ആസ്വദിക്കാനാവും. ബസിന്റെ മുകള്‍ നിലയാണ് ഹൈലൈറ്റ്. ഏറ്റവും മുമ്പിലിരുന്നാല്‍ ബസ് ഓടിക്കുന്നതുപോലെ തോന്നും. കുട്ടികൾക്ക് ഇത് വളരെ രസകരമായിരിക്കും. മറ്റു ബസുകളില്‍ നിന്നു വ്യത്യസ്തമായി ഉയരത്തില്‍ നിന്നുള്ള കാഴ്ച ആസ്വദിക്കേണ്ടതു തന്നെയാണ്. പാലങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മുതിര്‍ന്നവര്‍ പോലും ഒന്നുഞെട്ടുമെന്നുറപ്പ്. അങ്കമാലി ഡിപ്പോയുടെ കീഴിലാണ് ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് നടത്തുന്നത്. എന്‍എച്ച് 47 വഴി ബസ് വരുന്നതുകാണുമ്പോള്‍ ഒരു ഒറ്റയാന്‍ വരുന്ന ഫീലായിരിക്കും. മറ്റു വാഹനങ്ങളൊക്കെ സൈഡ് കൊടുത്തു മാറുമ്പോള്‍ ഈ ഒറ്റയാന്‍ രാജകീയമായി നമ്മുടെ മുന്നില്‍ വന്നു നില്‍ക്കും.

അല്‍പം ചരിത്രം കൂടി 

Double-Decker-Bus-Kochi3

1969 മുതല്‍ 1975 വരെ കൊച്ചിയില്‍ ഡബിള്‍ ഡെക്കര്‍ ബസുകള്‍ ഓടിച്ചിരുന്നു. വെല്ലിങ്ടൻ ദ്വീപില്‍ നിന്ന് പാലാരിവട്ടം വരെയായിരുന്നു ആദ്യകാല സര്‍വീസ്. അകാലത്തില്‍ നിലച്ചുപോയ ആ സര്‍വീസ് 36 വര്‍ഷത്തിനുശേഷം  പുനരാരംഭിച്ചത് 2010ലും. കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും മാത്രമാണ് ഈ സര്‍വീസ് ഉള്ളത്. സംസ്ഥാനത്ത് ആകെയുള്ള മൂന്ന് ഡബിള്‍ ഡക്കര്‍ ബസുകളില്‍ രണ്ടെണ്ണം തിരുവനന്തപുരത്തും ഒരെണ്ണം കൊച്ചിയിലും ഓടുന്നു. 

അങ്കമാലി മുതല്‍ തോപ്പുംപടി വരെയുള്ള ദേശീയപാത റൂട്ടില്‍ എവിടെ നിന്നു കൈ കാണിച്ചാലും ബസ് നിര്‍ത്തും. ഓര്‍ഡിനറി ബസിന്റെ അതേ നിരക്കു തന്നെയാണ് ഇതിലും. മുകളിലത്തെ നിലയില്‍ ‘നിന്ന്’ യാത്ര ചെയ്യാന്‍ പാടില്ല. കൊച്ചിയിലെത്തുന്നവര്‍ മെട്രോയില്‍ കയറാന്‍ മറക്കാറില്ല. മെട്രോയും ഡബിള്‍ ഡക്കനും തമ്മില്‍ ഒരു കണക്‌ഷന്‍ ഉണ്ട്. തോപ്പുംപടിയില്‍നിന്നു പുറപ്പെടുന്ന ബസ് മെട്രോ സ്‌റ്റേഷനായ ഇടപ്പള്ളി വഴിയാണ് കടന്നുപോകുന്നത്. അപ്പോള്‍ മെട്രോയില്‍ കയറാന്‍ ഈ ബസിൽ യാത്ര ചെയ്തു വന്നാലും മതിയെന്ന് സാരം. ഒരു വെടിക്കു രണ്ട് പക്ഷി!

ബസിന്റെ സമയവും മറ്റും അറിയാന്‍ അങ്കമാലി ഡിപ്പോയുമായി ബന്ധപ്പെടാം. -0484-2453050

ഡബിള്‍ ഡക്കര്‍ ബസില്‍ കയറി തോപ്പുംപടിയിലിറങ്ങിയാല്‍ ഫോര്‍ട്ടുകൊച്ചിയിലും മട്ടാഞ്ചേരിയിലും കുമ്പളങ്ങിയിലുമെല്ലാം എളുപ്പം എത്തിച്ചേരാം. അതുകൊണ്ട് ഇനി കൊച്ചിയാത്ര പ്ലാനിടുമ്പോള്‍ ഡബിള്‍ ഡക്കര്‍ ബസിനെ ലിസ്റ്റില്‍ പെടുത്താന്‍ മറക്കേണ്ട. കാരണം ഇത്തരം യാത്രകളാണ് മറക്കാനാകാത്ത സ്മരണകള്‍ സമ്മാനിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com