ADVERTISEMENT

ബാലതാരമായി ചലച്ചിത്രരംഗത്തേക്കെത്തിയ സുന്ദരിക്കുട്ടി ബേബി നയൻതാരയെ അറിയാത്തവരായി ആരുമില്ല. മികച്ച അഭിനയത്തിലൂടെ ഇൗ കൊച്ചു മിടുക്കി പ്രേക്ഷകരുടെ കൈയടി നേടിയത് ചുരുങ്ങിയകാലം കൊണ്ടാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍ തുടങ്ങി നിരവധി താരങ്ങളോടൊപ്പം സിനിമയിൽ അഭിനയിച്ചിട്ടുള്ള ബേബി നയൻതാരയുടെ ബാലതാരം എന്ന ലേബൽ മാറിയിരിക്കുന്നു. കുട്ടിത്തം നിറഞ്ഞ സംസാരശൈലിയും നിഷ്കളങ്കതയുമുള്ള കൊച്ചു മിടുക്കി ആളാകെ മാറി. കുട്ടിക്കാലം മുതൽ സിനിമയുടെ ഭാഗമായ ഇൗ സുന്ദരിക്കുട്ടി  ഇപ്പോൾ പ്ലസ്ടു പഠനത്തിന്റെ തിരക്കിലാണ്. സിനിമയെക്കുറിച്ചു പറയുമ്പോൾ നൂറുനാവാണ് താരത്തിന്.

baby-nayanthara2-gif

ബേബി എന്ന ലേബലിൽ‌ നിന്നു നായികാനിരയിലേക്ക് കടന്ന നയൻതാരയ്ക്ക് സിനിമയല്ലാതെ മറ്റൊരു ഇഷ്ടം കൂടിയുണ്ട്– യാത്രകൾ. കാഴ്ചകൾ ആസ്വദിക്കുവാനും പല സ്ഥലങ്ങളിലെ വിഭവങ്ങളുടെ രുചിയറിയാനും താരത്തിനിഷ്ടമാണ്. സിനിമാ ഷൂട്ടിങ്ങിനായി രണ്ടരവയസ്സുമുതൽ യാത്രകൾ തുടങ്ങിയതാണ് നയൻതാര. പ്രായം കൂടുന്തോറും യാത്രകളും പ്രിയപ്പെട്ടതായി. ഇപ്പോഴും യാത്ര പോകണമെന്നുണ്ട്. സ്കൂളും പഠനവുമൊക്കെയായി തിരക്കിലാണ്. എങ്കിലും അച്ഛന്റെ നാട്ടിലേക്കുള്ള വരവിൽ ചെറു ട്രിപ്പുകൾ ഇൗ മിടുക്കി പ്ലാൻ ചെയ്യാറുണ്ട്. കുട്ടിക്കാലത്ത് കണ്ടുമറന്ന പല സ്ഥലങ്ങളിലേക്കും ഇനിയും യാത്ര പോകണമെന്നതാണ് നയൻതാരയുടെ ആഗ്രഹം. തന്റെ ഇഷ്ടപ്പെട്ട യാത്രകളും വിശേഷങ്ങളും താരം മനോരമ ഒാൺലൈനുമായി പങ്കുവയ്ക്കുന്നു. 

തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിലായിരുന്നു നയൻതാര രണ്ടാം ക്ലാസ്സുവരെ പഠിച്ചത്. അവിടുത്തെ പ്രിൻസിപ്പിൾ ഉൾപ്പടെ അധ്യാപകരും നയൻതാരയുടെ അഭിനയത്തിനു സപ്പോർട്ടായി കൂടെയുണ്ടായിരുന്നു. അവരുടെ പിന്തുണയും സ്നേഹവുമൊക്കെയാണ് തന്നെ ഇവിടം വരം എത്തിച്ചതെന്നും നയൻതാര പറയുന്നു. ഇപ്പോൾ എറണാകുളം ചോയ്സ് സൂക്ളിലെ പ്ലസ്ടു പഠന ചൂടിലാണ് താരം. അഭിനയത്തോടുള്ള നയൻതാരയുടെ കമ്പത്തിന് ചോയ്സ് സൂക്ളിലെ അധികൃതരും ഒപ്പമുണ്ട്. സ്കൂൾ അവധിയാകുമ്പോൾ നയൻതാരക്ക് അച്ഛൻ മണിനാഥിനൊപ്പവും അമ്മ ബിന്ദുവിനൊപ്പവും കൂടുതൽ സമയം ചെലവഴിക്കാനാണിഷ്ടം. സിനിമയെക്കാളും നയൻതാര ഏറെ ഇഷ്ടപ്പെടുന്ന ഒരാളുണ്ട്. അയാൻ, നയൻതാരയുടെ കുഞ്ഞനുജൻ. ചേച്ചിക്ക് കട്ടസപ്പോർട്ടാണ് ഇൗ രണ്ടുവയസ്സുക്കാരൻ.  യാത്രപോകാൻ നയൻതാരയുടെ വിരലുകളിൽ തൂങ്ങി അയാനുമുണ്ടാകും. പുറത്തുകറങ്ങാൻ പോകുവാനും ചുറ്റിയടിക്കുവാനും കുഞ്ഞനിയനും ഇഷ്ടമാണ്.

baby-nayanthara1-gif

ഇന്ത്യ ചുറ്റിയ രണ്ടരവയസ്സുകാരി

ഷൂട്ടിന്റെ ഭാഗമായി ഇന്ത്യയിലെ മിക്കയിടങ്ങളിലേക്കും സഞ്ചരിച്ചിട്ടുണ്ട്. അതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഹൈദരാബാദും കൊൽക്കത്തയും ബെംഗളൂരുവുമാണ്. ബെംഗളൂരു എനിക്ക് വീടുപോലെയാണ്. അച്ഛൻ അവിടെയാണ്. പിന്നെ എന്റെ കസിൻസും അവിടെയുണ്ട്. അതുകൊണ്ടുതന്നെ മിക്ക വെക്കേഷനിലും ഞാനവിടെയുണ്ടാകും. എന്റെ ഷോപ്പിങ് ഡെസ്റ്റിനേഷനാണ് ബെംഗളൂരു. സത്യത്തിൽ ഇപ്പോൾ ഞാൻ ബെംഗളൂരുവിലേക്ക് വരുവാണെന്നു പറയുമ്പോൾ  അച്ഛൻ നോ പറയും. മറ്റൊന്നുമല്ല ഷോപ്പിങ്ങാണ് എന്റെ ഹോബി. ഉള്ളതെല്ലാം ഞാന്‍ വാങ്ങിക്കൂട്ടും. അതുകൊണ്ട് അച്ഛനൊരു തമാശ പറയുന്നതാണ് വരല്ലേയെന്ന്. എനിക്ക് വേണ്ടതൊക്കെ വാങ്ങിക്കോളാൻ അച്ഛൻ പറയും. കുട്ടിക്കാലം മുതൽ പോകുന്നതു കൊണ്ട് ബെംഗളൂരുവിന്റെ മുക്കുംമൂലയും വരെ നന്നായി അറിയാം.

ഹൈദരബാദ് ബിരിയാണി എന്റെ ഫേവറൈറ്റാണ്. അവിടുത്തെ കാഴ്ചകളും എനിക്ക് ഇഷ്ടമാണ്. രാമോജി ഒരു മായാനഗരിയാണ്. ക്യാമറയുമായി വന്നാൽ നമ്മൾ സ്വപ്നത്തിൽ കാണുന്ന കൊട്ടാരങ്ങളും കുതിരയെ പൂട്ടിയ രഥവും താജ്മഹലും തുടങ്ങി വേണ്ടതെല്ലാം പകർത്തി തിരിച്ചുപോകാം. അതാണ് ദക്ഷിണേന്ത്യയിലെ ‘ഹോട്ട്’ഫിലിം ഡെസ്റ്റിനേഷനായ രാമോജി ഫിലിം സിറ്റിയുടെ പ്രത്യേകത. ഒരു സിനിമയ്ക്കു വേണ്ടതെല്ലാം ഇവിടെ മുൻകൂട്ടി തയാറാക്കി വെച്ചിട്ടുണ്ട്. ഹെറിറ്റേജ് സ്റ്റൈലിൽ രൂപപ്പെടുത്തിയ റെഡ്ബസുകളും കാഴ്ചയിൽ സൂപ്പറാണ്. പ്രത്യേകം ലൈറ്റ് സൗണ്ട് ഷോകളുമൊക്കെ ഏറെ രസകരമാണ്. ഇനിയും രണ്ടു വട്ടം വന്നാലും ഹൈദരാബാദ് കാഴ്ചകൾ കണ്ടു തീർക്കാനാകുമോ എന്നറിയില്ല, കാഴ്ചകളുടെ പൂരമാണ് ഹൈദരാബാദ്.

baby-nayanthara3-gif

ഇന്ത്യയിൽ മിക്ക സ്ഥലങ്ങളും സന്ദർശിച്ചിട്ടുണ്ടെങ്കിലും വ്യത്യസ്തമായി എനിക്ക് തോന്നിയത് കൊൽക്കത്തയാണ്. അവിടുത്തെ ഒാരോ കാഴ്ചയ്ക്കും  ഒാരോ കഥ പറയാനുണ്ട്. വൈവിധ്യമാർന്ന ജീവിതങ്ങളുടെയും സംസ്കാരങ്ങളുടെയും കാഴ്ചകളുടെയും നഗരമാണ് കൊൽക്കത്ത. ഇന്ത്യൻ മ്യൂസിയം ഒരു സംഭവം തന്നെയാണെന്നു പറയാതെ വയ്യ. ‌പുരാതന സിന്ധുനദീതട സംസ്കാരം മുതൽ ആധുനിക ഇന്ത്യയുടെ സംസ്കാരിക പൈതൃകം വരെ മ്യൂസിയത്തിൽ അടുക്കിവച്ചിരിക്കുന്നു. ഭൂമിശാസ്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം, നരവംശശാസ്ത്രം, പുരാവസ്തു ശാസ്ത്രം, കലകൾ, വ്യവസായം, വാണിജ്യം തുടങ്ങി ഒട്ടേറെ വിഷയങ്ങളിലുള്ള ആധികാരികമായ ശേഷിപ്പുകൾ  ഈ മ്യൂസിയത്തിൽ കാണാം. 

കൂടാതെ ശാസ്ത്രലോകത്തെ അടുത്തറിയാൻ പറ്റിയ ഇടമാണ് സയൻസ് സിറ്റി. മൾട്ടി മീഡിയ വിഡിയോ ഷോകൾ, പനോരമിക് ഷോകൾ, കാറ്റർപില്ലർറൈഡ്, ഗ്രാവിറ്റി കോസ്റ്റർ, മ്യൂസിക്കൽ ഫൗണ്ടൻ, കേബിൾ കാർ, മോണോ റെയിൽ, ബട്ടർഫ്‌ളൈ നഴ്സറി തുടങ്ങി വിനോദവും വിജ്ഞാനവും പകരുന്ന കാഴ്ചകളും 3 ഡി ഇഫക്ട് ഷോകളിലൂടെ ഭീമാകാരന്മാരായ ദിനോസറുകളുമൊക്കെ അതിശയിപ്പിക്കും.

മനം നിറഞ്ഞ കുടജാദ്രി

മൂകാംബികയാത്രയും എനിക്കും പ്രിയപ്പെട്ടതാണ്. എന്നെ ഏറെ അതിശയിപ്പിച്ചത് കുടജാദ്രിയായിരുന്നു.  ക്ഷേത്രം ദർശനത്തിനു ശേഷം ഞങ്ങൾ കുടജാദ്രിയുടെ മനോഹാരിതയിലേക്ക് പോയി. മൂകാംബിക ക്ഷേത്രം കുടജാദ്രിയുടെ താഴ്്‌വരയിലാണ്. മൂകാംബിക ദേശീയോദ്യാനത്തിന്റെ ഒത്ത നടുവിലാണ് കുടജാദ്രി. പൊന്മുടി പോലെയോ മൂന്നാർ പോലെയോ ചെന്നെത്താൻ പറ്റുന്ന സ്ഥലമല്ല കുടജാദ്രി. ഇവിടേക്കു യാത്ര പുറപ്പെടുന്നവർക്ക് അൽപം വിശ്വാസവും സാഹസികതയും ആവശ്യമാണെന്ന് ഞാൻ മനസ്സിലാക്കിയ യാത്രയായിരുന്നു അത്. കുടജാദ്രിയിലേക്കുള്ളത് കല്ലും കുഴിയും മാത്രമുള്ള മലമ്പാതയാണ്. കല്ലുകളിൽനിന്നു തെന്നി വലിയ കല്ലുകളിലേക്കും ചെറിയ കുഴികളിൽ നിന്നു വലിയ കുഴികളിലേക്കും ജീപ്പ് ചാഞ്ഞും ചരിഞ്ഞും മലകയറുമ്പോൾ പേടി തോന്നുമെങ്കിലും ഓഫ് റോഡിങ്ങിന്റെ രാജാവാണ് ആ ജീപ്പ് ഡ്രൈവർ എന്നു പറഞ്ഞു പോകും.

പാറക്കെട്ടുകളിലൂടെ മുന്നോട്ടു നീങ്ങുമ്പോൾ ചിലപ്പോൾ ജീപ്പ് ഒരു വശത്തേക്കു വീഴുന്നതുപോലെ ചായും. ചിലപ്പോൾ മുൻവശം പൊങ്ങും. ഒരു ആനയെ മെരുക്കുന്നപോലെ ജീപ്പിനെ മുന്നോട്ട് നയിക്കുന്ന ഡ്രൈവർക്ക് മലയാളം നന്നായി അറിയാം ഇവിടുത്തെ ഡ്രൈവർമാർക്കെല്ലാം മലയാളം അറിയാമെന്ന്  അദ്ദേഹം പറഞ്ഞു. വനപ്രദേശത്തിലൂടെ മുന്നോട്ടു നടന്ന് ഗണേശ ഗുഹയും കണ്ട് ആദിശങ്കരന്റെ സർവജ്ഞാനപീഠത്തിലെത്താം. കുടജാദ്രിയാത്ര വല്ലാത്തൊരു അനുഭവമായിരുന്നു. കുടജാദ്രി മലയിലെ അതിമനോഹര ദൃശ്യങ്ങൾ അതുവരെയുള്ള യാത്രാദുരിതത്തെ പൂർണമായി തുടച്ചുമാറ്റും. വാക്കുകൾ കൊണ്ട് വർണിക്കാനാവില്ല അത്.

യാത്ര കേരളത്തിലേക്ക്

സ്വർണം സിനിമയുടെ ഷൂട്ടിനായി അതിരപ്പിള്ളിയിൽ പോയിട്ടുണ്ട്. മഴക്കാലത്തായിരുന്നു ഷൂട്ടിങ്. വെള്ളത്തിന്റെ കുത്തൊഴുക്ക് കാഴ്ചയിൽ ഹരംകൊള്ളിക്കുന്നതായിരുന്നു. ഷൂട്ടിന്റെ ഭാഗമായി പാറയുടെ മുകളിലൂടെയൊക്കെ നടന്ന് ദേഹത്ത് പരുക്കും പറ്റിയിരുന്നു. മഴയിൽ കുളിച്ച അതിരപ്പിള്ളി കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി.

അവധിയാകുമ്പോൾ ഞാനും അമ്മയും അച്ഛനും അനിയനുമൊക്കെയായി ട്രിപ്പ് പോകാറുണ്ട്. മൂന്നാറിൽ മാമന് റിസോർട്ടുകളും ഹോംസ്റ്റേയുമുണ്ട്. മൂന്നാറിൽ പോകുമ്പോൾ രണ്ടുമൂന്നു ദിവസം അവിടെ തങ്ങും.  റിസോര്‍ട്ടിന്റെ അടുത്താണ് ട്രെക്കിങ് പോയിന്റ്. മൂന്നാറിലെ കാഴ്ചകളും ട്രെക്കിങ്ങും എനിക്കിഷ്ടമാണ്. മഞ്ഞിൽ പൊതിഞ്ഞ മൂന്നാറിന് വല്ലാത്തൊരു ഭംഗിയാണ്. ഒരിക്കൽ നീലക്കുറിഞ്ഞി പൂത്തത് കാണാനും മൂന്നാറിലേക്ക് പോയിട്ടുണ്ട്. അച്ഛന്റെ വീട് കൊല്ലത്താണ്. ഒാണത്തിനും ക്രിസ്മസിനുമൊക്കെ അവധിക്ക് ഞങ്ങൾ അവിടെപ്പോകും. ചെറിയൊരു പിക്നിക്കാണ് ആ യാത്ര. പാലരുവി, തെൻമല,  തേക്കടിയൊക്കെ കറങ്ങിയിട്ടുണ്ട്. 

പ്രകൃതിയിലെ പച്ചപ്പും മഞ്ഞുമൊക്കെ ആസ്വദിക്കുന്നതുപോലെ കടലിന്റെ കാഴ്ചകളും എനിക്കിഷ്ടമാണ്. എന്റെ മൂന്നാം ക്ലാസുവരെ ഞങ്ങൾ തിരുവനന്തപുരത്തായിരുന്നു താമസം. അപ്പോൾ എല്ലാ ആഴ്ചയും എന്നെയും കൊണ്ട് അച്ഛനും അമ്മയും കോവളവും ശംഖുമുഖവുമൊക്കെ പോകാറുണ്ട്. വലുതായപ്പോഴും കൊണ്ടുപോയിട്ടുണ്ട്. ബീച്ചുകളിൽ കോവളമാണ് എനിക്കിഷ്ടം. പിന്നെ ഡ്രൈവിങ് ബീച്ചായ മുഴുപ്പിലങ്ങാടും ഇഷ്ടമാണ്. 

സ്കൂൾ ട്രിപ്പ്

അച്ഛന്റെയും അമ്മയുടെയും കൂടെ പോകുന്ന പോലെയല്ല സുഹൃത്തുക്കളോടൊപ്പമുള്ള യാത്ര. കൂട്ടുകാരുമൊത്ത് കളിച്ചും രസിച്ചും ജോളി ട്രിപ്പ്. അതും എനിക്കിഷ്ടമാണ്.  സുഹൃത്തുക്കളോടൊപ്പം വല്ലപ്പോഴുമേ യാത്ര പോകാറുള്ളൂ. കൂടുതലും അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള യാത്രകളാണ്. അവാർഡ് ഷോയുടെ ഭാഗമായി ദുബായിൽ പോയിട്ടുണ്ട്. അവിടുത്തെ കുറച്ചു സ്ഥലങ്ങളൊക്കെ സന്ദർശിച്ചിട്ടുണ്ട്. ഇനിയും ദുബായിൽ പോകണമെന്നുണ്ട്. 

എനിക്കൊരു സ്വപ്നമുണ്ട്. മഞ്ഞ് പുതച്ച സ്വിറ്റ്സർലന്‍ഡിലേക്കു പറക്കണമെന്ന്. പാരിസും എന്റെ ഡ്രീം ഡെസ്റ്റിനേഷനാണ്. പഠനത്തിന്റെ തിരക്കുകളൊക്കെ കഴി​ഞ്ഞ് ഇനിയും യാത്രകൾ പോകണം. യാത്രകളിലൂടെ ഒരുപാട് കാര്യങ്ങൾ പഠിക്കുവാനും മനസ്സിലാക്കുവാനുമുണ്ട്. വ്യത്യസ്ത സംസ്കാരവും ഭാഷയും രുചിയും കാഴ്ചകളും നിറഞ്ഞ നാടുകളിലേക്ക് യാത്ര പോകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com