ADVERTISEMENT

യാത്രകളെ പ്രണയിക്കുന്നവര്‍ക്ക് എത്രദൂരം സഞ്ചാരിക്കാനും യാതൊരു മടിയുമില്ല. തിരക്കുകളുടെ ഇടയിൽ ജീവിക്കുമ്പോഴും ഒഴിവുസമയം എവിടെയെങ്കിലും യാത്രപ്ലാൻ ചെയ്യാൻ ആരും മറക്കില്ല. അവധിക്കാലയാത്രകള്‌ ഉൾപ്പടെ സീസൺയാത്രകൾ വരെ നമ്മളിൽ പലരും നടത്താറുണ്ട്.

മൺസൂണിന്റെ വരവോടെ ഇത്തവണ എവിടേക്ക് യാത്രതിരിക്കണം എന്നതാണ് മിക്കവരുടെയും ഉള്ളിലുള്ള സംശയം. പ്രകൃതിദൃശ്യങ്ങൾ കൊണ്ടും കാലാവസ്ഥ കൊണ്ടും അനുഗ്രഹീതമായ നമ്മുടെ നാട്ടിൽ സുന്ദരകാഴ്ചകൾ ഒരുപാടുണ്ട്. കാഴ്ചകളുടെ പൂരമാണ് കേരളം. കേരളത്തിൽ നിന്നും മണ്‍സൂൺ യാത്രയ്ക്കായി തെരഞ്ഞെടുക്കാം ഇൗ അഞ്ചു സ്ഥലങ്ങളെ. പ്രകൃതി കാത്തുവച്ച സുന്ദരയിടങ്ങൾ. കുടുംബവുമൊത്ത് മൺസൂൺ ആഘോഷിക്കാൻ തയാറായിക്കോളൂ.

 അതിരപ്പിള്ളി

മണ്‍സൂണിന്റെ ആഗമനത്തിൽ വന്യസൗന്ദര്യം തുളുമ്പുന്ന അതിരപ്പിള്ളി–വാഴച്ചാൽ. വനത്താൽ ചുറ്റപ്പെട്ടതും, ധാരാളം പക്ഷികളുടെ വാസസ്ഥലവുമാണ് അതിരപ്പിള്ളി. തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്ക് കിഴക്കായി അതിരപ്പിള്ളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു അതിരപ്പിള്ളി വെള്ളച്ചാട്ടം. ഏതാണ്ട് 24 മീ. ഉയരത്തിൽ നിന്നും താഴേക്കുപതിക്കുന്ന ഈ ജലപാതം ചാലക്കുടിപ്പുഴയിലാണ്. അതിരപ്പള്ളി വെള്ളച്ചാട്ടത്തിനു ഇരുവശങ്ങളിലും സ്ഥിതിചെയ്യുന്ന നിബിഢ വനങ്ങൾ അപൂർവ ജൈവസമ്പത്തിന്റെ കലവറകൂടിയാണ്.

വാണിജ്യപ്രാധാന്യമുള്ള നിരവധി വൃക്ഷങ്ങളുടെയും ആപൂർവങ്ങളായ പക്ഷികളുടെയും ആവാസകേന്ദ്രമാണ് ഇവിടം. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ‍ നിന്നും 5 കിലോമീറ്റർ അകലം താണ്ടിയാൽ വാഴച്ചാൽ വെള്ളച്ചാട്ടത്തിലേക്ക് കൂട്ടുകൂടാം. ചാലക്കുടിപ്പുഴയുടെ ഭാഗമാണ് വാഴച്ചാൽ വെള്ളച്ചാട്ടം. ഷോളയാർ വനങ്ങളുടെ ഭാഗമാണ് ഈ രണ്ടു വെള്ളച്ചാട്ടങ്ങളും. പാറക്കെട്ടുകളിലൂടെ ചരിഞ്ഞിറങ്ങുന്ന വാഴച്ചാലിന്റെ ജലമര്‍മ്മരവും വെള്ളച്ചാട്ടത്തിലെ തണുത്ത മഞ്ഞണിഞ്ഞ നീർതുള്ളികളും ഭൂപ്രകൃതിയും കാടും സന്ദർശകരെ അവിസ്മരണീയമാക്കുന്നു.

മനം കുളിർപ്പിക്കുന്ന വശ്യതയുമായി മലക്കപ്പാറ

പ്രക്യതിയെ തൊട്ടറിയുന്ന മനോഹാരിത തുളുമ്പുന്ന വിസ്മയമാണ് മലക്കപ്പാറ. ജൈവസാന്നിദ്ധ്യം കൊണ്ട് മനം മയക്കുന്ന കാഴ്ചകൾ. പശ്ചിമഘട്ട മഴക്കാടുകളില്‍ വാഴച്ചാല്‍ വനമേഖലയിലൂടെ മലക്കപ്പാറയിലെത്താം.

സഞ്ചാരികളെ സൗന്ദര്യത്തിൽ വശീകരിക്കുന്ന ഇടകലർന്ന പച്ചപ്പും തേയിലത്തോട്ടങ്ങളും ജലനീലിമയും കൂടികുഴഞ്ഞ മലക്കപ്പാറ. കേരള തമിഴ്‌നാട് അതിര്‍ത്തിയാണ്  മലക്കപ്പാറ. വാഴച്ചാല്‍ ഡിവിഷന്റെയും മലയാറ്റൂര്‍ ഡിവിഷന്റെയും അധീനതയിലാണ് വനപ്രദേശങ്ങള്‍. മലക്കപ്പാറ പിന്നിടുന്നതോടെ പ്രകൃതിയുടെ പച്ചപ്പും സൗന്ദര്യവും ആരോ അപഹരിച്ചതുപോലെ തോന്നും ഇടതൂർന്ന തേയിലത്തോട്ടങ്ങളുടെ ഹരിതഭംഗി ആരെയും ആകർഷിക്കും.

വാൽപ്പാറ

valparai-trip6

വാൽപ്പാറ യാത്ര ഏറ്റവും നന്നായി ആസ്വദിക്കാവുന്ന സമയമാണ് മഴക്കാലം. അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ, ഷോളയാർ, വാൽപ്പാറ – ഇത്രയുമാണ് യാത്രയ്ക്കുള്ള ഒരു ഷെഡ്യൂൾ. രണ്ടു ദിവസത്തെ ട്രിപ്പ് പ്ലാൻ ചെയ്യുകയാണെങ്കിൽ വാൽപ്പാറയിൽ നിന്നു പൊള്ളാച്ചിയിലേക്കുള്ള നാൽപ്പത്തി മൂന്നു ഹെയർപിൻ വളവുകളും കണ്ടാസ്വദിക്കാം. സുന്ദരവെളളച്ചാട്ടങ്ങള്‍, പച്ചക്കുന്നുകള്‍, കാട്ടാനചൂര് പടരുന്ന വനവിജനതകള്‍, കോടമഞ്ഞില്‍ പൊതിയുന്ന തേയിലത്തോട്ടങ്ങള്‍, മുടിപ്പിന്‍ വളവുകളുടെ സുന്ദരിയാണ് വാൽപാറ.

valparai-route

വാഴച്ചാലിൽനിന്നു മുപ്പതു കിലോമീറ്ററാണ് വാൽപ്പാറയിലേക്ക്. ഷോളയാർ വനത്തിന്റെ അരികിലൂടെയാണ് യാത്ര. അത്ര മനോഹരമായ റോഡൊന്നുമല്ല, കണ്ണെത്താദൂരം പരന്നു കിടക്കുന്ന മഴക്കാടുകൾ നൽകുന്ന ഒരു ഊർജ്ജമുണ്ട്. ഇരുവശവും കാടാണ്.  സുന്ദരകാഴ്ചകൾക്കൊപ്പം പേരറിയാത്ത പക്ഷികളുടെ ശബ്ദവും കേൾക്കാം. കേരളത്തിലെ ഏറ്റവും മനോഹരമായ ഈ വനപാതയിലൂടെയുള്ള യാത്ര ആരെയും ആകർഷിക്കും.

മസിനഗുഡി

road-trip-Masinagudi-OOty-road-gif

കുടുംബവുമൊത്ത് മഴ ആസ്വദിച്ച് വണ്‍ഡേ ട്രിപ്പിന് പറ്റിയയിടമാണ് മസിനഗുഡി. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലമാണ്‌ മുതുമല നാഷണല്‍പാര്‍ക്ക് ‌.മുതുമല നാഷണല്‍പാര്‍ക്കിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം മസിനഗുഡിയാണ്. 36 ഹയർപിന്ന് വളവുകൾ താണ്ടിവേണം മസിനഗുഡിയിലെത്താൻ. മുതുമല വന്യജീവി സങ്കേതത്തിൻ നിന്നും ഏഴുകിലോമീറ്ററെ ഉള്ളൂ മസിനഗുഡിയിലേക്ക്.

ഒരു വനഗ്രാമമാണ് മസിനഗുഡി. നാലോ അഞ്ചോ റിസോര്‍ട്ടുകള്‍, പോലീസ് സ്റ്റേഷന്‍, മാരിയമ്മന്‍ ക്ഷേത്രം, കുറച്ചു കടകള്‍... മസിനഗുഡിയില്‍ ഇതു മാത്രമേയുള്ളൂ. കണ്ണെത്താ ദൂരം നീണ്ടുകിടക്കുന്ന താഴ്‌വരകള്‍, വന്‍മരങ്ങള്‍, ഒ പൊന്തക്കാടുകള്‍. ശരിക്കും വന്യമായ സൗന്ദര്യമാണ് മസിനഗുഡിക്ക്. ചെറുമഴ നനഞ്ഞ് മസിനഗുഡിയിലേക്കുള്ള യാത്ര ശരിക്കും ത്രില്ലടിപ്പിക്കും.

വയനാട്

wayanad-gif

തീരാത്ത ദൃശ്യാനുഭവം സമ്മാനിക്കുന്ന വയനാട് ശരിക്കുമൊരു അദ്ഭുതലോകം തന്നെയാണ്. കാടിനെയും പച്ചപ്പിനെയും പ്രണയിക്കുന്ന സഞ്ചാരികളുടെ പ്രിയ ഇടം. വയനാടിന്റെ ഭൂപ്രകൃതി തന്നെയാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്ന മുഖ്യ കാരണം. പാരമ്പര്യത്തിന്റെ ചരിത്രം പറയാനുള്ള വയനാടന്‍ മണ്ണും,ഇടതിങ്ങിയ കാടുകളും പ്ലാന്റേഷനുകളും ഇവിടം സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്നു. വിനോദ സഞ്ചാരികളെ കാത്ത് വയനാട്ടിൽ ഒരുപാട് സ്ഥലങ്ങൾ ഉണ്ടെങ്കിലും അറിയപ്പെടാത്ത മനോഹരമായയിടങ്ങളും വയനാടിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു.

മഴനിറഞ്ഞ വയനാടൻ യാത്ര ആടിപൊളിയാണ്. മഴയിൽ കുളിച്ച വയനാടിന്റഎ സൗന്ദര്യം ആരെയും ആകർഷിക്കും. വയനാട്-കാഴ്ചകളുടെ സ്വര്‍ഗഭൂമിയാണ് വയനാട്. ഭൂപ്രകൃതിയും സുഖകരമായ കാലാവസ്ഥയും കൊണ്ട്‌ അനുഗ്രഹീതഭൂമിയായ വയനാട്ടിലേക്ക്  സഞ്ചാരികളുടെ ഒഴുക്കാണ്. കര്‍ണ്ണാടക, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളുമായി കേരളം അതിര്‍ത്തി പങ്കിടുന്ന വയനാട്‌ ജില്ല വിനോദസഞ്ചാരികളുടെ ഇഷ്ടതാവളമാണ്‌. വിദേശികളും സ്വദേശികളുമടക്കം നിരവധിപ്പേരാണ്‌ വയനാടിന്റെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ ദിവസവും എത്തിച്ചേരുന്നത്‌. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com