ADVERTISEMENT

ജില്ല കാത്തിരിക്കുകയാണ് സഞ്ചാരികളെ, ഒപ്പം നല്ലൊരു മഴക്കാലത്തെയും. മൺസൂൺ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒരുക്കിയിരിക്കുന്നതു വിവിധങ്ങളായ പാക്കേജുകൾ. ഇതിൽ മിക്കതും മഴയെന്നോ വെയിലെന്നോ വേർതിരിവില്ലാതെ ആസ്വദിക്കാവുന്നവയും. ജില്ലയിലെ മൺസൂൺ ടൂറിസക്കാഴ്ചകളിലൂടെ.

മൺറോതുരുത്തിലെ കണ്ടൽക്കാടുകൾ

kollam-kandalkadu

ഗ്രാമീണഭംഗി കണ്ടു കൈത്തോടുകളിൽക്കൂടി വള്ളത്തിലൊരു യാത്ര ആസ്വദിക്കണമെങ്കിൽ നേരെ മൺറോതുരുത്തിലേക്കു വച്ചുപിടിച്ചോളൂ. കൂട്ടിനായി ഒരു ചെറിയ മഴ കൂടിയുണ്ടെങ്കിൽ സംഗതി ഉഷാർ. കാരൂത്തറക്കടവിൽ നിന്നും മൺറോ ഡ്രൈവിൽ നിന്നും ആരംഭിക്കുന്ന 2 മണിക്കൂർ വള്ളയാത്രയുടെ പാക്കേജുകളാണു ഇവിടെ കാത്തിരിക്കുന്നത്. പനമ്പിൽ വഴി അഷ്ടമുടിക്കായലിലെത്തി തിരിച്ചെത്തുന്നതാണു പാക്കേജ്. 

മൺറോതുരുത്തിലെ കൊച്ചു തോടുകളിലൂടെയും കനാലുകളിലൂടെയുമാണു യാത്ര. നാടൻ വള്ളങ്ങളിലും ശിക്കാരി വള്ളങ്ങളിലുമാണു യാത്ര. പഴമയിലേക്കും ഗ്രാമീണഭംഗിയിലേക്കുമുള്ള തിരിച്ചുപോക്കുകളാണു മൺറോതുരുത്തിലെ വള്ളയാത്ര. ഈ വള്ളയാത്രയ്ക്കു സ്വദേശികളേക്കാൾ വിദേശികളാണേറെയും എത്തുന്നത്. 2 മണിക്കൂർ മുതൽ 3 മണിക്കൂർ വരെ ദൈർഘ്യമുള്ളതാണു പാക്കേജുകൾ. പോകുന്ന വഴിയിൽ കയർ നിർമാണവും ഫിഷ് ഫാമിങ്ങും ഉൾപ്പെടെയുള്ളവ കണ്ടറിഞ്ഞു പോവുകയുമാവാം.

kollam-manrothurutthu

ഇരുപതോളം ഹോംസ്റ്റേകളാണു മൺറോതുരുത്തിൽ പ്രവർത്തിക്കുന്നത്. 15 ഹോംസ്റ്റേകൾ ഉടൻ ആരംഭിക്കും. ഭക്ഷണമുൾപ്പെടെയുള്ള പാക്കേജുകളാണു ഹോംസ്റ്റേകളിലുള്ളത്. 800 രൂപയിൽ ആരംഭിക്കുന്ന വിവിധ പാക്കേജുകളുണ്ട്. ഇതിനു പുറമേ, ഡിടിപിസിയുടെ പാക്കേജുകളുമുണ്ട്. സന്ദർശകരെ കൊല്ലം നഗരത്തിൽ നിന്നു മൺറോതുരുത്തിലെത്തിച്ചു വള്ളയാത്ര നടത്തുന്ന പാക്കേജുകൾ ഇതിൽപ്പെടുന്നു.

വഴി

kollam-fisher-man

കൊല്ലം – അഞ്ചാലുംമൂട്– പെരുമൺ– മൺറോതുരുത്ത് (പെരുമണിൽ നിന്നു മൺറോതുരുത്തിലേക്ക് ജങ്കാർയാത്രയാണ്

കൊല്ലം – കുണ്ടറ– ചിറ്റുമല – മൺറോതുരുത്ത്

അഷ്ടമുടിക്കായലിലെ  വാട്ടർ സ്പോർട്സ്

മഴയായാലും വെയിലായാലും വെള്ളത്തിലെ കളി പ്രിയമുള്ളവരെ ക്ഷണിക്കുകയാണ് ആശ്രാമത്തെ അഡ്വഞ്ചർ പാർക്ക്. ഒട്ടേറെ വാട്ടർ സ്പോർട്സ് റൈഡുകളാണ് അഷ്ടമുടിക്കായലിനോടു ചേർന്നുള്ള ഇവിടെയുള്ളത്. 3 മാസം മുൻപാണ് ഇവിടെ വാട്ടർ സ്പോർട്സ് ആരംഭിച്ചത്. ഏതു പ്രായത്തിലുള്ളവർക്കും ഈ റൈഡുകൾ ആസ്വദിക്കാം. അതിനായി നീന്തൽ അറിയേണ്ട കാര്യവുമില്ല. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളോടും കൂടിയാണ് ഈ റൈഡുകൾ ഒരുക്കിയിട്ടുള്ളത്.

കയാക്കിങ്

kollam-kayakking

ഒരേ സമയം 3 പേർക്കു അഷ്ടമുടിക്കായലിൽ റൈഡ് നടത്താവുന്ന ബംബർ ബോട്ട്, 4 പേർക്കു സഞ്ചരിക്കാവുന്ന ബനാന റൈഡ്, ഒരാൾക്ക് റൈഡ് ചെയ്യാവുന്ന ബേസിക്സ് സ്കീയിങ്, ഒരാൾക്കും രണ്ടു പേർക്കുമായുള്ള കയാക്കിങ്, വിഞ്ച് പാരാസെയ്‍ലിങ് എന്നിങ്ങനെയുള്ള വിവിധ തരത്തിലുള്ള വാട്ടർ സ്പോ‍ർട്സാണ് അഷ്ടമുടിക്കായലിനോടു ചേർന്ന അഡ്വഞ്ചർ പാർക്കിലുള്ളത്. വാട്ടർ സ്പോർട്സിന്റെ വിവിധ പാക്കേജുകൾ ഇവിടെയുണ്ട്. കേരളത്തിൽ ആദ്യത്തെ വിഞ്ച് പാരാസെയ്‌ലിങ് അഷ്ടമുടിക്കായലിലേതാണ്. പാരാസെയ്‌ലിങ് ടേക്ക് ഓഫും ലാൻഡിങ്ങും കായലിൽ സജ്ജീകരിച്ചിരിക്കുന്ന ബോട്ടിലാണ്. വിവിധ പാക്കേജുകളാണ് ഈ വാട്ടർ സ്പോർട്സിലുള്ളത്.

വരുന്നൂ ഫിഷ് സ്പാ

kollam-bumber-boat

അഡ്വഞ്ചർ പാർക്കിൽ നിലവിലുള്ള വാട്ടർ സ്പോർട്സിനും മറ്റു റൈഡുകൾക്കും പുറമെ, ഫിഷ് സ്പാ ഉടൻ ആരംഭിക്കും. ഓഗസ്റ്റ് 1 മുതൽ സന്ദർശകർക്കായി ഫിഷ് സ്പാ പ്രവർത്തിച്ചു തുടങ്ങുമെന്നു ഡിടിപിസി അധികൃതർ അറിയിച്ചു. ഇതിനായുള്ള കുളത്തിന്റെ നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്.

ബംബർ ബോട്ട്

മുട്ടൊപ്പം വെള്ളമുള്ള കൊച്ചുതുരുത്ത്. ഒരേക്കർ മാത്രമുള്ള തുരുത്തിൽ കണ്ടൽക്കാടുകളുടെ വൈവിധ്യങ്ങളും മത്സ്യങ്ങളും. അതിനൊപ്പം കുറച്ചു മഴ കൂടിയുണ്ടെങ്കിൽ ആഹാ, എന്തു രസമാണ്! വർഷങ്ങൾക്കു മുൻപ് ആരും തിരിഞ്ഞു നോക്കാതെ കിടന്ന ഈ തുരുത്തിലേക്ക് ഇന്നെത്തുന്നത് ഒട്ടേറെ സന്ദർശകരാണ്. ഒഴിഞ്ഞു കിടന്ന തുരുത്തിലേക്കു വിദേശികൾ ഉൾപ്പെടെയുള്ളവർ സ്വയം എത്തിത്തുടങ്ങുകയായിരുന്നു. ഇപ്പോൾ ഡിടിപിസിയുടെ നേതൃത്വത്തിൽ യാത്രയ്ക്കായുള്ള പാക്കേജും നിലവിലുണ്ട്. ഒരു മണിക്കൂർ തുരുത്തിൽ ചെലവഴിക്കാം.

വഴി

ആശ്രാമത്തു നിന്നു ബോട്ടിൽ സാമ്പ്രാണിക്കോടിയിലേക്ക്. ഇവിടെ നിന്നു തുരുത്തിലേക്കു കൊച്ചു വള്ളങ്ങളുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com