ADVERTISEMENT

പഴശ്ശിരാജ വിശ്രമിച്ചിരുന്നു എന്ന ഐതിഹ്യമുറങ്ങുന്ന പഴയൊരു നാലുകെട്ടിലേയ്ക്ക് ആകട്ടെ നിങ്ങളുടെ അടുത്ത യാത്ര. വയനാട്ടില്‍ പനമരത്ത് സഞ്ചാരികളെ കാത്ത് നെഞ്ചുവിടര്‍ത്തി നില്‍ക്കുകയാണ് കേളോത്ത് തറവാട്. സിനിമാക്കാരുടെ ഇഷ്ടലൊക്കേഷനായി മാറിയ ഈ തറവാടിനെത്തേടി ഇപ്പോള്‍ വിദേശങ്ങളില്‍ നിന്നുപോലും സഞ്ചാരികള്‍ എത്തുന്നുണ്ട്. 350 വര്‍ഷത്തെ ചരിത്രം പറയാനുള്ള ആ തറവാടിന്റെ വിശേഷങ്ങള്‍ അറിയാം.  

കേളോത്തിന്റെ ചരിത്രം

wayanad-varatha

പതിമൂന്നാം നൂറ്റാണ്ടില്‍ വയനാട് പ്രദേശം കോട്ടയം രാജവംശത്തിന്റെ അധീനതയിലായിരുന്നു. നാട്ടുരാജാക്കന്മാര്‍  10 സ്വരൂപങ്ങളായി ഭാഗിക്കുകയും ഓരോന്നിന്റെയും ഭരണാധികാരം അതതു പ്രദേശത്തെ നായര്‍ പ്രമാണിമാരെ ഏല്‍പിക്കുകയും ചെയ്തു. ഇതു പ്രകാരം കുപ്പത്തോട് നായര്‍ക്ക് ലഭിച്ച ഭാഗത്താണ് കേളോത്ത് തറവാട് പണിതത്. പണ്ടുകാലത്തെ കോട്ടയം തമ്പുരാക്കന്മാര്‍ വയനാട് സന്ദര്‍ശനവേളയില്‍ കേളോത്ത് തറവാട്ടില്‍ താമസിച്ചിരുന്നതായി ചരിത്രം പറയുന്നു.  ബ്രിട്ടീഷുകാരുമായി പോരാട്ടം നടത്തിയിരുന്ന സമയത്ത് കേരളവര്‍മ പഴശ്ശിരാജാ ഈ തറവാട്ടില്‍ താമസിച്ചിരുന്നതായും ഒരു ഘട്ടത്തില്‍ 32 ആനകളും നിരവധി കുതിരകളും തറവാടിന് സ്വന്തമായുണ്ടായിരുന്നതായും പറയപ്പെടുന്നുണ്ട്.

കൊട്ടാരതുല്യം ഈ തറവാട് 

കേളോത്ത് തറവാടിന്റെ പഴക്കത്തെക്കുറിച്ച് പറഞ്ഞാല്‍ മുന്നൂറിലധികം വര്‍ഷത്തെ കണക്കുണ്ട്. നാലുകെട്ടും നടുമുറ്റവും പടിഞ്ഞാറ്റം തെക്കിനി, കിഴക്കിനി, വടക്കിനി എന്നിങ്ങനെ 4 സൗധങ്ങളുമുണ്ട് ഈ തറവാടിന്. വെട്ടുകല്ലും വെണ്ണക്കല്ലും മുന്തിയ ഇനം മരങ്ങളും ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മാണം. കേരളീയ വാസ്തുവിദ്യയുടെ ആകെത്തുകയാണ് ഈ വീടെന്ന് സാരം. പാലക്കാട്ടെ വരിക്കാശേരി മന പോലെ തന്നെ ഇന്ന് സിനിമാക്കാരുടേയും ഇഷ്ടപ്പെട്ട സ്ഥലമായി മാറിയിരിക്കുന്ന കേളോത്ത് തറവാട്ടില്‍ നൂറുകണക്കിനാളുകള്‍ക്ക് നിരന്നിരിക്കാന്‍ കഴിയുന്ന കോലായയും വിശാലമായ മുറികളും മൂന്നാമത്തെ നിലയില്‍ വിശാലമായ ഹാളുമുണ്ട്. രാജാക്കന്‍ന്മാര്‍ നല്‍കിയ കട്ടിലും കസേരയും ഇവിടെ ഇന്നും സൂക്ഷിച്ചിട്ടുണ്ട്. വീടിന്റെ ഇപ്പോഴത്തെ ഉടമ കേളോത്ത് സജിയാണ്. വിനോദ സഞ്ചാരികള്‍ക്ക് വീട് കാണാനും ഇവിടെ താമസിക്കാനും സൗകര്യമുണ്ട്. മരമച്ചുകളും പഴയ വാസ്തുരീതികളും അതേപടി നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും യാത്രികര്‍ക്കായി ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് ഈ തറവാട്ടില്‍. 

wayanad-flock-cloth-well

അന്ന് തറവാട് ഇന്ന് ടൂറിസ്റ്റ് കേന്ദ്രം

ഒരുകാലത്ത് പ്രതാപത്തിന്റെ ചൂടുംചൂരുമേറ്റ തറവാടിന്റെ അകത്തളങ്ങളും മുറ്റവും ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിരുന്നൊരുക്കി കാത്തിരിക്കുകയാണ്, വായിച്ചും കേട്ടും അറിഞ്ഞ് ഇവിടേയ്ക്ക് എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നുണ്ടെന്നാണ് കണക്ക്. നാട്ടുകാരും വിദേശികളുമെല്ലാം ഇതില്‍പ്പെടും. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കായി നിരവധി കാര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. താമസം ഭക്ഷണം എന്നിവയ്ക്ക് പുറമേ, അടുത്തുള്ള പനമരപുഴയില്‍ ഒരു സൂപ്പര്‍ കുളിയും പാസാക്കാം. വലിയ സംഘങ്ങള്‍ക്കും ഇവിടെ സൗകര്യപ്രദമായി തങ്ങാനുള്ള അവസരമുണ്ട്. തറവാടിന്റെ വിശാലമായ ഇടനാഴികളിലും ചരല്‍ പാകിയ മുറ്റത്തും ഗാനസന്ധ്യകളുമായി സായാഹ്നങ്ങള്‍ ആസ്വദിക്കാം. തറവാടിന്റെ തന്നെ കൃഷിയിടങ്ങളില്‍ സന്ദര്‍ശനവുമാകാം. വയനാട്ടില്‍ കല്‍പ്പറ്റ പനമരം റോഡില്‍ ചെറുകാട്ടൂരിലാണ് കേളോത്ത് തറവാട് സ്ഥിതിചെയ്യുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com