sections
MORE

കുമരകത്തേക്ക് വരൂ, ഒാണം അസ്സലായി ആഘോഷിക്കൂ ; പാക്കേജുകളും റെഡി

kumarakom-house-boat
SHARE

കായൽ ഭംഗിയും നാടിന്റെ പച്ചപ്പുമായി സഞ്ചാരികളെ സ്വാഗതം ചെയ്ത് കുമരകം. ഓണം എത്തുന്നതോടെ സജീവമാകുന്ന വിനോദ സഞ്ചാര സീസണിന്റെ ഒരുക്കത്തിലാണു നാട്. മഴയും വെള്ളപ്പൊക്കവും തിരിച്ചടിയായെങ്കിലും അതിനെ അതിജീവിക്കാനുള്ള നല്ല ശ്രമത്തിലാണു  കുമരകത്തെ വിനോദ സഞ്ചാര മേഖല. വിദേശികൾ അടക്കം സഞ്ചാരികൾ എത്തിത്തുടങ്ങി. 

ഓണം കേമമാക്കാൻ

ഉത്തരവാദിത്ത ടൂറിസം മിഷൻ  ഒരു മാസം നീളുന്ന ഓണാഘോഷ പാക്കേജുകൾ കുമരകത്ത് ഒരുക്കി.  സദ്യയും ഓണസമ്മാനവും നാട്ടിൻപുറത്തെ താമസവും എല്ലാമായി നാടറിഞ്ഞ് ഓണം ആഘോഷിക്കാൻ ഉള്ള പാക്കേജുകളാണിത്. സെപ്റ്റംബർ 1 മുതൽ 30 വരെയാണ് പാക്കേജുകൾ.  മികച്ച പ്രതികരണമാണ് ഇതിനു ലഭിക്കുന്നതെന്നു ഭാരവാഹികൾ പറഞ്ഞു. 60 പാക്കേജുകൾ ബുക്ക് ചെയ്തു കഴിഞ്ഞു.

4 പാക്കേജുകൾ

15 വയസ്സ് വരെയുള്ള 2 കുട്ടികൾ അടക്കം നാലംഗ കുടുംബത്തിനു ഗ്രാമീണ പശ്ചാത്തലത്തിലുള്ള താമസവും സദ്യയും ഓണസമ്മാനവും ആദ്യ പാക്കേജിൽ ഉണ്ട്. 3,000 മുതൽ 8,500 രൂപ വരെയാണു നിരക്ക്. പരമ്പരാഗത  ഓണസദ്യ ആസ്വദിക്കാം രണ്ടാമത്തെ പാക്കേജിൽ.  സദ്യ ഒന്നിനു 150 രൂപ മുതൽ 250 രൂപ വരെയാണു നിരക്ക്. ഗ്രാമയാത്രയാണു  മൂന്നാമത്തെ പാക്കേജിൽ. നാലംഗ കുടുംബത്തിന് ബോട്ട് യാത്രയും സദ്യയും ഉൾപ്പെടെ 3000 രൂപ മുതലാണ് ഈ പാക്കേജ്. ഗ്രാമജീവിതം ആസ്വദിക്കാൻ അവസരം നൽകുന്ന നാലാമത്തെ പാക്കേജിനു 4,500 മുതൽ 8,000 രൂപ വരെയാണു നിരക്ക്.

kottayam-katharina

തിരിച്ചെത്തുകയാണ് ഉണർവ്

കനത്ത മഴയും പ്രളയവും കേരളത്തിലേക്കു തന്നെയുള്ള സഞ്ചാരികളുടെ എണ്ണത്തിൽ പെട്ടെന്നു കുറവു വരുത്തി. ഇതു മറികടക്കാനുള്ള ശ്രമത്തിലാണു വിനോദസഞ്ചാര മേഖല. കുമരകത്ത് ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തിൽ അറബ് നാടുകളിൽ നിന്നുള്ള സഞ്ചാരികളാണു കൂടുതൽ എത്തുന്നത്. ഇവരിൽ പലരുടെയും ബുക്കിങ് റദ്ദായെങ്കിലും വീണ്ടും ലഭിച്ചു തുടങ്ങിയെന്നു റിസോർട്ട് ഉടമകൾ പറയുന്നു. കോൺഫറൻസ്, കോർപറേറ്റ് ഒത്തുചേരലുകൾ എന്നിവയ്ക്കു കുമരകം തിരഞ്ഞെടുക്കുന്നുണ്ട്. ഇത്തരത്തിൽ ബുക്കിങ് എത്തി തുടങ്ങി. മറ്റു വിദേശ സഞ്ചാരികളുടെ വരവ് ഒക്ടോബർ മാസത്തോടെ കൂടുതൽ സജീവമാകും.  ആഭ്യന്തര സഞ്ചാരികൾക്കും കുമരകം പ്രിയം തന്നെ.

kottayam-house-boat

വിവാഹവേദി

കേരളത്തിന് അകത്തും പുറത്തും നിന്നും വിദേശത്തു നിന്നുമുള്ളവരുടെ വിവാഹങ്ങൾ കുമരകത്ത് നടക്കുന്നുണ്ട്.  കേരളീയ ആചാരങ്ങളിൽ ഇഷ്ടം തോന്നി ഇവിടെ വിവാഹം നടത്തുന്ന വിദേശ വധൂവരൻമാരും ഏറെ.  ഉത്തരേന്ത്യയിൽ നിന്നുള്ള വലിയ വിവാഹങ്ങൾക്കും കുമരകം വേദി ഒരുക്കുന്നു.

ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട  ഇടം

ജീവിതത്തിൽ ഒരിക്കലെങ്കിലും യാത്ര ചെയ്യേണ്ട സ്ഥലമായി  യുഎൻഡബ്ല്യുടിഒ കണ്ടെത്തിയ ഇടമാണു കുമരകം. ഇന്ത്യയുടെ 17 ഐക്കണിക് ടൂറിസം ഡെസ്റ്റിനേഷനുകളിൽ കേരളത്തിൽ നിന്നുള്ള ഏക സ്ഥലവും. കായൽ ടൂറിസവും ഗ്രാമീണ ഭംഗിയും ഏറ്റവും മനോഹരമായി ആസ്വദിക്കാവുന്ന മറ്റൊരു പ്രദേശം കേരളത്തിൽ ഉണ്ടാകില്ല. ഉത്തരവാദിത്ത ടൂറിസത്തിലൂടെ ഗ്രാമീണ ജീവിതം ആസ്വദിക്കാൻ സഞ്ചാരികൾക്ക് അവസരമുണ്ട് ഇവിടെ. കുമരകം പക്ഷി സങ്കേതം അടക്കം കാഴ്ചഭംഗി വേറെ. വ‍ഞ്ചിവീടുകളിലും ശിക്കാര വള്ളങ്ങളിലും കായൽ സൗന്ദര്യം ആസ്വദിക്കാനുള്ള സൗകര്യമുണ്ട്.

വേമ്പനാട് കായലിലൂടെ തണ്ണീർമുക്കം ബണ്ട് വരെ വഞ്ചിവീടുകൾ സഞ്ചരിക്കും. കരിമീൻ അടക്കം  മീനുകൾ നേരിട്ടു വാങ്ങാം. വെള്ളപ്പൊക്കത്തിൽ ഈ വർഷം വിനോദ സഞ്ചാര മേഖലയ്ക്ക് പ്രശ്നങ്ങൾ ഉണ്ടായില്ല. റിസോർട്ടുകൾ ഇപ്പോൾത്തന്നെ സഞ്ചാരികളെ വരവേൽക്കാൻ സജ്ജം. സഞ്ചാരികൾക്കു കൂടുതൽ കാഴ്ചകൾ ഒരുക്കാൻ ഓണസമയത്തു നടക്കുന്ന ചെറു വള്ളംകളികൾ,  ക്ലബ്ബുകളുടെ ഓണാഘോഷം എന്നിവ പരിചയപ്പെടുത്താൻ ടൂറിസം വകുപ്പ് പട്ടിക തയാറാക്കി നൽകും. 

പ്രമോ വിഡിയോകൾ പുറത്തിറക്കി. ടൂർ ഓപ്പറേറ്റർമാരുമായി ചേർന്നു പരിപാടികളും നടത്തുന്നു. കുമരകത്ത്  താമസിക്കാൻ അവസരമൊരുക്കി  ചുറ്റുമുള്ള സ്ഥലങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കും. <b>കെ. രൂപേഷ് കുമാർ ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോഓർഡിനേറ്റർ. ഗ്രാമീണ ടൂറിസത്തിൽ കുമരകം ഏറെ മുന്നോട്ടുപോയി.  വിനോദ സഞ്ചാര വകുപ്പിന്റെ നാലുപങ്ക് വഞ്ചിവീട് ടെർമിനൽ ഉടൻ സജ്ജമാകും. ടെർമിനൽ നിർമാണം പൂർത്തിയായി. സോളർ വിളക്കുകൾ സ്ഥാപിക്കുന്ന ജോലിയാണു ബാക്കി. ഇവിടെ  സൂര്യാസ്തമയം കാണാനുള്ള സൗകര്യമുണ്ട്. ബിജു വർഗീസ് ഡപ്യൂട്ടി ഡയറക്ടർ ടൂറിസം വകുപ്പ്. കോൺഫറൻസുകൾക്ക് അടക്കം വലിയ ഗ്രൂപ്പുകൾ എത്തിത്തുടങ്ങി. പ്രളയം  ചെറിയ തിരിച്ചടി ഉണ്ടാക്കിയെങ്കിലും അതു മറികടക്കാനാവും.  വിദേശ സഞ്ചാരികൾക്ക് ഒപ്പം വിദേശമലയാളികളും ടൂറിസം ഡെസ്റ്റിനേഷൻ ആയി കുമരകത്തെ കണക്കാക്കുന്നു. സഞ്ജയ് വർമജനറൽ മാനേജർ കുമരകം ലേക് റിസോർട്ട്.

കുമരകത്തെ കുറിച്ച്  കേട്ടറിഞ്ഞിരുന്നു. പ്രളയത്തെത്തുടർന്നു ചില ബുദ്ധിമുട്ടുകൾ വന്നെങ്കിലും യാത്ര തുടരാൻ തന്നെ തീരുമാനിച്ചു. എത്തിയപ്പോൾ വളരെയധികം സന്തോഷം തോന്നി. യാത്രയിൽ തടസ്സങ്ങൾ ഉണ്ടായില്ല. തിരുവനന്തപുരം വഴിയാണ് എത്തിയത്. ഈ നാട് ഏറെ ഭംഗിയുള്ളത്. കാതറീന വിക് (ഇംഗ്ലണ്ടിൽ നിന്നുള്ള സഞ്ചാരിയായ കാതറീന കുമരകം കോക്കനട്ട് ലഗൂണിൽ ആണ് എത്തിയത്)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA