ADVERTISEMENT

മുതലപ്പൊഴി, കുറച്ച് കാലം മുൻപ് വരെ ഇത് വെറുമൊരു കടൽത്തീരം മാത്രമായിരുന്നു. ഫിഷിങ് ഹാർബർ ലക്ഷ്യമിട്ട് പുലിമുട്ടുകൾ സ്ഥാപിച്ച് കടലിലേക്ക് പാതയൊരുക്കിയപ്പോൾ സമീപവാസികൾക്ക് തന്നെ കൗതുകമായി. കായലും കടലും സംഗമിക്കുന്ന, പ്രകൃതിയുടെ വരദാനമായ മുതലപ്പൊഴിയിൽ ഒരു പാലം കൂടി വന്നപ്പോൾ കാഴ്ചകൾക്ക് "ഡ്രോൺ എഫക്റ്റ്" ലഭിച്ചു. ആ സുന്ദരകാഴ്ചകൾ കാണാൻ, കടലിലേക്ക് നടക്കാൻ സഞ്ചാരികളുടെ ഒഴുക്കായി. ഒടുവിൽ  വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിൽ നായകനായി നടൻ മോഹൻലാലും ഈ സുന്ദരതീരത്തെത്തി.

 

muthalapozhi-trivandrum02

മോഹൻലാലിനെ നായകനാക്കി ലാൽ ജോസ് ആദ്യമായി സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത് തിരുവന്തപുരത്തെ തീരദേശങ്ങളിലാണ്. കോളജ് അധ്യാപകനായ പ്രൊഫ.മൈക്കിൾ ഇടിക്കുളയെ അവിസ്മരണീയമാക്കിയപ്പോൾ, സീൻ കട്ട് പറഞ്ഞിട്ടും പൊട്ടിക്കരഞ്ഞപ്പോൾ അതിന് സാക്ഷിയായത് തുമ്പ, പെരുമാതുറ, മുതലപ്പൊഴി ഭാഗങ്ങളിലെ ജനങ്ങളായിരുന്നു. മഹാനടന്റെ സാന്നിധ്യം കൊണ്ട് അനുഗ്രഹിതമായ, സ്വർഗതുല്യ കാഴ്ചകളൊരുക്കുന്ന മുതലപ്പൊഴിയുടെ വിശേഷങ്ങളിലേക്ക്.

 

മുതലകളുണ്ടായിരുന്ന 'മുതലപ്പൊഴി'

 

muthalapozhi-trivandrum4

'മുതലപ്പൊഴി' എന്ന പേരു സൂചിപ്പിക്കുന്നത് പോലെ മുതലകൾ ഇവിടെയുണ്ടോയെന്ന സംശയം ആർക്കുമുണ്ടാകാം. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് മണ്ഡലത്തിലെ കായലും കടലും സംഗമിക്കുന്ന ഈ പ്രകൃതിദത്ത പൊഴിയിലേക്കെത്തുന്ന ജലാശയത്തിൽ പണ്ട് മുതലകൾ ഉണ്ടായിരുന്നെന്നും അവ ആളുകളെ ആക്രമിച്ചിരുന്നെന്നും കേട്ടുകേൾവിയുണ്ട്. പഴമക്കാർ ഇപ്പോഴും ഈ കഥ ഇവിടുത്തെ സഞ്ചാരികൾക്ക് പറഞ്ഞു കൊടുക്കാറുണ്ട്.

 

Untitled-4

തലവര മാറ്റിയ പാലം

 

കായലും കടലും സംഗമിക്കുന്ന ഇത്രയും മനോഹരമായ സ്ഥലം, അതും ഏരിയൽ വ്യൂവിൽ കാണാൻ കഴിയുക എന്നത് ഭാഗ്യമാണ്. പെരുമാതുറ-താഴംപള്ളി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ച് ഇവിടൊരു പാലം വന്നപ്പോൾ യാത്രാ സൗകര്യം മാത്രമല്ല തീരദേശക്കാർക്കുണ്ടായത്. പാലത്തിന് മുകളിൽ കയറി കാണാൻ കഴിയുന്ന മനോഹരമായ കടൽ കാഴ്ചകൾ കൂടിയാണ് ലഭിച്ചത്. എന്നാൽ ഇന്ന് മുതലപ്പൊഴി അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു വിനോദസഞ്ചാര മേഖലയായി മാറിക്കൊണ്ടിരിക്കുകയാണ്.

 

കടലിലേക്ക് നടന്നു പോകാം

 

ഫിഷിങ് ഹാർബർ ലക്ഷ്യമിട്ട് ആരംഭിച്ച മുതലപ്പൊഴി പദ്ധതി തുടങ്ങിയിട്ട് വർഷങ്ങളേറെ കഴിഞ്ഞു. പൊഴിയെ അഴിയാക്കാനുള്ള പ്രവർത്തനങ്ങളാണ് ഇവിടെ വർഷങ്ങളായി നടക്കുന്നത്. കടലിലേക്ക് ഇരുവശത്തുമായി പുലിമുട്ടുകൾ (പാറയിലോ സിമന്റിലോ ഉള്ള വലിയ കഷ്ണങ്ങൾ) തെളിച്ച് കടലിലേക്ക് രണ്ടു പാതകൾ നിർമ്മിച്ചു. ഏകദേശം അര കിലോമീറ്ററിലധികം നീളമുള്ള രണ്ട് പാതകളിലൂടെ കടലിലേക്ക് നടക്കാം എന്നതാണ് മുതലപൊഴിയുടെ മുഖ്യ സവിശേഷത. ചെറുവാഹനങ്ങളും പോകുമെങ്കിലും കരിങ്കല്ലു തെളിച്ച വഴിയായതിനാൽ വാഹനത്തിലുള്ള യാത്ര അത്ര സുഖകരമാകില്ല. താഴംപള്ളി ഭാഗത്താണെങ്കിൽ (പാലത്തിന് വലതുവശം) വാഹനം പാലത്തിന് സമീപത്ത് പാർക്ക് ചെയ്ത് പാലത്തിനടിയിലൂടെ നടന്ന് കടൽ കാഴ്ചകൾ കാണാൻ നീങ്ങാം. പെരുമാതുറ ഭാഗത്ത് (പാലത്തിന് ഇടതുവശം) പാലത്തിന് കീഴെയായി പാർക്കിങ് സൗകര്യമുണ്ട്.

muthalapozhi-trivandrum7

 

ഈ പാതകളിലൂടെ നടന്നു തുടങ്ങുമ്പോൾ തുടക്കത്തിൽ കാണുന്നതാണ് അഞ്ചുതെങ്ങ് കായൽ. കിഴക്ക് ഭാഗത്തുള്ളവർ അതിനെ കഠിനംകുളം കായലെന്നും പറയും. ഇവയെല്ലാം കടലിലേക്ക് വന്നുചേരുന്ന സ്ഥലം. [പണ്ട് സ്വാഭാവികമായി മണ്ണുമൂടി കായലും കടലും ചേരാതെ വേർപിരിയുന്ന പ്രതിഭാസം ഉണ്ടായിരുന്നു. ഈ സമയത്ത് ഇരു കരകളെയും ബന്ധിപ്പിച്ച് പാലം പോലെ ഒരു മൺത്തിട്ട തനിയെ പൊന്തിവരുമായിരുന്നു. ഇതിലൂടെ സഞ്ചാരവുമാകാം. മഴക്കാലത്ത് ഈ മൺത്തിട്ട തകർത്ത് കായലിലെ വെള്ളം കടലിലേക്ക് ഒഴുക്കിയില്ലെങ്കിൽ അക്കരെയുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാകുമായിരുന്നു. എന്നാൽ ഫിഷിങ് ഹാർബറിന്റെ പണി ആരംഭിച്ചതോടെ ഇത്തരമൊരു പ്രകൃതിദത്ത പ്രതിഭാസം ഇല്ലാതായി.] ഈ പാതയുടെ പകുതിയെത്തുമ്പോൾ കടലിന്റെ ചൊരുക്കും ആർത്തലയ്ക്കുന്ന തിരമാലകളും നമ്മുടെ സമീപത്തേക്കെത്തും.

 

പുലിമുട്ടുകളിൽ ആഞ്ഞടിച്ചുയരുന്ന തിരമാലകളെ കണ്ട് ഈ പാതയുടെ അങ്ങേയറ്റം വരെ പോകാം. അവിടെ അപായസൂചന ബോർഡുകൾ കാണാം. ഇവിടുത്തെ മുനമ്പിലെ കല്ലുകളിൽ അപകടകരമാംവിധമിരുന്ന യുവാക്കൾ കടലിൽ വീണു പോയിരുന്നു. അതിനാൽ അവിടേക്ക് ഇപ്പോൾ പ്രവേശനമില്ല. വലിയ പാറക്കെട്ടുകൾക്ക് മുകളിൽ കയറി നിന്ന് കടൽകാറ്റ് കൊള്ളാം. പാറകളിൽ ഇരിക്കാം. ചിത്രങ്ങൾ പകർത്താം.

 

ബീച്ചും മനോഹരം

 

അവധി ദിവസങ്ങളിൽ ഇവിടുത്തെ ബീച്ചിലും നല്ല തിരക്കാണ്. പ്രത്യേകിച്ച് പെരുമാതുറ ഭാഗത്തെ ബീച്ചിൽ. അവിടെയാണ് ബീച്ചിന് കൂടുതൽ സ്പെയ്സുള്ളത്. കടൽ പാതയിലൂടെ തിരികെ നടന്ന് പകുതിയെത്തുമ്പോൾ ബീച്ചിലേക്ക് ഇറങ്ങാൻ വഴിയുണ്ടാകും. ഇവിടെ നിന്നും ബീച്ചിലേക്ക് ഇറങ്ങി ഉല്ലസിക്കാം. വൈകുന്നേരങ്ങളിൽ ഇവിടെ പട്ടം പറത്താൻ എത്തുന്നവരും കുറവല്ല. താഴംപള്ളി ഭാഗത്തും ബീച്ചിലേക്ക് പോകാം. ഇവിടെ ബീച്ചിന് സമീപത്തായി മണലിൽ പടർന്നു കിടക്കുന്ന പച്ചപ്പ് മാത്രമുള്ള ചെടികൾ കാണാം. വിവാഹ പാർട്ടിക്കാർ തങ്ങളുടെ വിഡിയോകളുടെ ഫോട്ടോഷൂട്ടിന്റെയും സ്ഥിരം കേന്ദ്രമാക്കി ഈയിടത്തെ മാറ്റിയിട്ടുണ്ട്.

 

അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ഇവിടം ഇപ്പോൾ തന്നെ വിനോദ സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നിരവധി വിനോദസഞ്ചാര പദ്ധതികൾ സർക്കാർ ഈ മേഖലയിലേക്ക് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒന്നും നടപ്പിലാക്കിയിട്ടില്ല. അഞ്ചുതെങ്ങ് കോട്ട, ലൈറ്റ് ഹൗസ്, വർക്കല പാപനാശം ബീച്ച്, ശാർക്കര ക്ഷേത്രം, കഠിനകുളം ക്ഷേത്രം എന്നിങ്ങനെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ വേറെയും ഇതിനടുത്തായി ഉണ്ട്.

 

ബോട്ട് സർവീസ്

 

പെരുമാതുറ മുതലപ്പൊഴി ടൂറിസ്റ്റ് വില്ലേജിൽ വിനോദസഞ്ചാരികൾക്കായി ബോട്ട് സർവീസ് ഉണ്ട്. പുളുന്തുരുത്തി കടവിനോട് ചേർന്നാണ് ഇതിനുള്ള സൗകര്യം. പെരുമാതുറ പാലത്തിന് അടുത്തല്ലാതെ മറ്റൊരു ബോട്ട് സർവീസ് കൂടി നിലവിലുണ്ട്. ചിറയിൻകീഴ് പണ്ടകശാലയിൽ ജലോത്സവം നടക്കുന്ന കടവിൽ എത്തിയാൽ ഇവിടെ നിന്നും മുതലപ്പൊഴിയിലേക്ക് ബോട്ടിൽ യാത്ര ചെയ്യാം.

 

പോകേണ്ട വഴി:

 

തിരുവനന്തപുരം ഭാഗത്ത് നിന്നും വരുന്നവർ കണിയാപുരം കഠിനംകുളം വഴി അല്ലെങ്കിൽ ശംഖുമുഖം ബീച്ച് റോഡ് വഴി പെരുമാതുറ എത്തുക.

റെയിൽ മാർഗം വരുന്നവർക്ക് ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷൻ ചിറയിൻകീഴാണ്. കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനും അധികം ദൂരമല്ല.

വർക്കല ഭാഗത്ത് നിന്നും വരുന്നവർക്ക് അഞ്ചുതെങ്ങ് ബീച്ച് റോഡ് വഴി മുതലപൊഴി എത്താം.

കൊല്ലം വഴി റോഡ് മാർഗം വരുന്നവർക്ക് ആലംകോട്-മണനാക്ക്- അഞ്ചുതെങ്ങ് വഴി മുതലപൊഴി എത്താം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com