ADVERTISEMENT

സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ളതും, ശ്രീ പരശുരാമന് ദര്‍ശനമേകിയതും 108 ദുര്‍ഗ്ഗാലയങ്ങളില്‍ ഉള്‍പ്പെട്ടതുമായ ആദി ശങ്കരാചാര്യ സ്വാമികള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ച  ആവണംകോട് സ്വയംഭൂസരസ്വതി ക്ഷേത്രാങ്കണം നവരാത്രി ദിനങ്ങള്‍ ഭക്തിനിര്‍ഭരമാക്കാനും വിദ്യാരംഭത്തിനുമായി ഒരുങ്ങി.   നടന്‍ ദിലീപിന്റെ പേരിലും ഒരല്‍പ്പം പ്രസിദ്ധമാണി ക്ഷേത്രം. ദിലീപിന്റെ ബാല്യകാലത്തെ പുസ്തകങ്ങള്‍ പൂജയ്ക്ക് വയ്ക്കാനായി വീടിന് സമീപമുള്ള ഈ ആവണംകോട് സരസ്വതി ക്ഷേത്രത്തിലായിരുന്നു എത്തിയിരുന്നത്. ഇത്തവണയും ദിലീപും കാവ്യയും അമ്പല ദര്‍ശനം നടത്തുകയും കഴിഞ്ഞ ദിവസം ആരംഭിച്ച നവരാത്രി മഹോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. നെടുമ്പാശേരി വിമാനത്താവളത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാം. 

 

ശങ്കരാചാര്യര്‍ ആദ്യാക്ഷരം കുറിച്ചതിവിടെ

എല്ലാ ദിവസവും വിദ്യാരംഭം നടത്തുവാന്‍ സാധിക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്രം. ക്ഷേത്രത്തിലെ വല്യമ്പലത്തിലാണ് വിദ്യാരംഭം നടത്തുന്നത്. ആദി ശങ്കരാചാര്യ സ്വാമികള്‍ ആദ്യാക്ഷരം കുറിച്ചത് ഇവിടെ വച്ചാണെന്നാണ് ഐതിഹ്യം. എന്നും എഴുത്തിനിരുത്താന്‍ സൗകര്യമുണ്ട് എന്നതിനാല്‍ നിരവധിപ്പേര്‍ ഇവിടെയെത്തി കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്നു. നവരാത്രി ഉത്സവമാണ് ഇവിടുത്തെ പ്രധാന ആഘോഷം.നവരാത്രികാലത്ത് ക്ഷേത്രത്തില്‍ നടക്കുന്ന സംഗീതോത്സവത്തിലും, സംഗീതാരാധനയിലും ഒട്ടേറെ പേര്‍ പങ്കെടുക്കാറുണ്ട്. മീനമാസത്തിലെ പൂരത്തിന് ഉത്രം നാളില്‍ ആറാട്ടു വരുന്ന രീതിയില്‍ പത്തു ദിവസം മുന്‍പ് കൊടിയേറും. . ഇൗ നവരാത്രികാലത്ത് ആവണംകോട് ക്ഷേത്രദര്‍ശനം നടത്താം.

 

വഴിപാടുകളുടെ പേരിലും ഈ ക്ഷേത്രം ഭക്തര്‍ക്കിടയില്‍ പ്രസിദ്ധമാണ്. അതില്‍ തന്നെ ഏറ്റവും അധികം പേര്‍ നടത്തുന്ന വഴിപാട് നാവ് മണി നാരായം എന്ന വഴിപാടാണ്. നാവിന്റെ രൂപം, മണി, നാരായം എന്നിവ നടയ്ക്കല്‍ വച്ചാല്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടികള്‍ സംസാരിക്കുകയും നന്നായി പഠിക്കുകയും നല്ല കൈയക്ഷരം ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ഈ ക്ഷേത്രത്തില്‍ മാത്രമുള്ള ഈ വഴിപാട് വിദ്യാര്‍ത്ഥികള്‍് മാത്രമല്ല, ആബാലവൃദ്ധം ഭക്തരും നടത്തിപ്പോരുന്ന ഒന്നാണ്.   ആവണംകോട് ക്ഷേത്രത്തിൽ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന മഹോത്സവം അടുത്തമാസം എട്ടിന് സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com