sections
MORE

ആപ്പിളും ഒാറഞ്ചും സ്ട്രോബറിയും വിളയുന്ന കാന്തല്ലൂരിലേക്ക് ഒരു പെണ്‍യാത്ര

kanthaloor
SHARE

പ്രത്യേകിച്ച് ഒരു പണിയും ഇല്ലാതിരിക്കുമ്പോഴാണു കൂട്ടുകാരി ചേദിച്ചത്,‘എങ്ങോട്ടെങ്കിലും പോയാലോ പെണ്ണേ’. പെൺയാത്രകൾ ഒക്കെ വായിച്ചു വെള്ളമിറക്കി നമ്മളൊക്കെ എന്നെങ്കിലും പോകുവോ എന്ന് ആലോചിച്ചിരിക്കുന്ന സമയത്താണല്ലോ ഈ ചോദ്യം വാട്സാപ്പിൽ പച്ചയും കത്തിച്ചു വന്നത്. ഞങ്ങൾ രണ്ടുപേർക്കു സേഫ് ആയി പോയി വരണം. അതാണ് ഏക ആവശ്യം. ഫുൾ സ്ക്രിപ്റ്റ് റെഡിയാക്കിയിട്ടു വേണം വീട്ടിൽ പറയാൻ. ആദ്യം മനസ്സിൽ വന്ന സ്ഥലം കാന്തല്ലൂർ. 2 കാരണം ഉണ്ട്. ഒന്നു ഞാൻ മുൻപ് നാലു തവണ പോയിട്ടും മതിയായില്ല എന്നു തോന്നിയ ഒരിടമാണ്. രണ്ട് അനിയത്തിയും കുടുംബവും അവിടെ ബിസിനസ് നടത്തുന്നുണ്ട്. നേരെ അവളെ വിളിച്ചു. 'ചേച്ചി പോരെ. പറ്റുമെങ്കിൽ ആളുകളുടെ എണ്ണം കൂട്ട്. കറങ്ങാൻ പോകാൻ അതാണു ലാഭം'.

പിന്നേം ചിന്തയായി. ഒന്നു രണ്ടു ചങ്കുകളെ വിളിച്ചു. ആർക്കും ഒഴിവില്ല. ഇനിയും ആളെ എങ്ങനെ ഒപ്പിക്കും. അങ്ങനെയാണ് രണ്ടു ചെറിയച്ഛന്മാരുടെ രണ്ടു പെൺമക്കളെ കൊണ്ടുപോയാലോ എന്ന പ്ലാൻ വീഴുന്നത്. വളരെ നൈസ് ആയി വീട്ടിൽ അവതരിപ്പിച്ചു. 'അപ്പോ നിന്റെ കൊച്ചും കെട്യോനുമോ?'. ''ഒരു ദിവസം ഞാൻ ഒന്നു പോട്ടെ അമ്മേ. പരിചയം ഇല്ലാത്ത സ്ഥലം ഒന്നുമല്ലല്ലോ''. കെട്ട്യോനോടു പറഞ്ഞപ്പോ ഞെട്ടിയതു ഞാനാ. ‘പിന്നെന്താ, പോയിട്ടു വാ’!

നേരെ ഫോൺ എടുത്ത് ചെറിയച്ഛന്മാരുടെ വീട്ടിലേക്കു വിളിച്ചു. ഞാനും കൂട്ടുകാരിയും കാന്തല്ലൂർ പോകാൻ പ്ലാൻ ഉണ്ട് പിള്ളേരെ വിടുമോ. പിള്ളേരിൽ ഒരാള് ഡിഗ്രി. ഒരാള് പ്ലസ്ടു. വല്യ പ്രതീക്ഷയെന്നും ഇല്ല. പറയാമെന്നു പറഞ്ഞു രണ്ടാളും ഫോൺ വച്ചു. രാത്രി ആയപ്പോൾ എന്നെ വീണ്ടും ഞെട്ടിച്ചുകൊണ്ട് ഫോൺ വന്നു; മക്കളെ വിടാം…പിന്നെ എല്ലാം പെട്ടെന്നായിരുന്നു. അനിയത്തിയെ വിളിച്ചു റൂം ശരിയാക്കുന്നു, സ്വെറ്ററും ഷോളും തപ്പുന്നു, ഷൂ എവിടെ, ഫ്ലാസ്ക് എവിടെ..

kanthaloor1

അപ്പോഴാണ് അടുത്ത പുലിവാല്. കൂടെ വരാനിരുന്ന കൂട്ടുകാരിയുടെ കാൽ കൃത്യമായി ഉളുക്കി. അവൾ വരുന്നില്ലെന്ന്! ഞഞ്ഞായി. ഇതിനു നീ ദുഃഖിക്കുമെന്നു പറഞ്ഞ് ആവേശത്തോടെ പായ്ക്കിങ് തുടർന്നു. 

രാവിലെ 5.30ന് കലൂർ മെട്രോ സ്റ്റേഷന്റെ മുന്നിൽനിന്നു നേരിട്ട് കാന്തല്ലൂർക്കു വണ്ടിയുണ്ട്. 12.30 കഴിയുമ്പോൾ അവിടെ എത്തും. അങ്ങനെ ശനിയാഴ്ച പോയി പിറ്റേന്നു രാവിലെ തിരിച്ചു പോരാനാണു പ്ലാൻ.കീഴാന്തൂർ വെള്ളച്ചാട്ടം, ഒറ്റമല ട്രെക്കിങ്,  ഭ്രമരം പോയിന്റ്,  ആദിവാസി കോളനി ഒക്കെയാണു പ്ലാനിൽ. വ്യാഴാഴ്ച ഫുൾ സ്ക്രിപ്റ്റ് തയാറാക്കി വീട്ടിൽ അവതരിപ്പിച്ചു.അങ്ങനെ ശനിയാഴ്ച ഞങ്ങളുടെ ആദ്യ ഗേൾസ് ഒൺലി ട്രിപ്പ് ആരംഭിച്ചു. പ്രൈവറ്റ് ബസ് ആണ്. കോതമംഗലം, അടിമാലി, മൂന്നാർ എന്നിവിടങ്ങളിൽ  മാത്രം കുറച്ചു നേരം വണ്ടി നിർത്തിയിടും. കുറച്ചു വെള്ളവും കൈ നനയ്ക്കാതെ കഴിക്കാൻ പറ്റുന്ന ഭക്ഷണവും കയ്യിൽ കരുതിയിരുന്നു. വെളുപ്പിനെ ഇറങ്ങിയതു കൊണ്ടാകണം തുടക്കം മുതൽ തണുപ്പ് കൂടെയുണ്ട്. അടിമാലി ഒക്കെ അടുക്കും തോറും തണുപ്പു കൂടുന്നുമുണ്ട്. 

മുൻപു പോയിട്ടുള്ള അനുഭവം വച്ച് കട്ടത്തണുപ്പും കോടമഞ്ഞും സ്വപ്നം കണ്ട് അങ്ങനെ അങ്ങു പോകുവാണ്‌. അനിയത്തിയുടെ ഭർത്താവ് ബസ് സ്റ്റോപ്പിൽ കാത്തുനിൽപ്പുണ്ടായിരുന്നു. ഒരു മണിയോടടുപ്പിച്ചു ഞങ്ങൾ ചീനി ഹിൽസ് ഫാം സ്റ്റേയിൽ എത്തി. ഉച്ചഭക്ഷണം കഴിഞ്ഞു കീഴാന്തൂരും ഒറ്റമലയും പോകാൻ ജീപ്പ് ഏർപ്പാടാക്കി. അതുവരെയും ഞങ്ങൾ ഫാം സ്റ്റേയുടെ തോട്ടം നടന്നു കണ്ടു. 10 ഏക്കറിൽ ആപ്പിൾ, ഓറഞ്ച്, മുസാമ്പി,സ്ട്രോബറി, നീല പാഷൻ ഫ്രൂട്ട്, മരത്താക്കളി, പേരക്ക, നാരങ്ങ  അങ്ങനെ പല ചെടികൾ ഉണ്ട്. കീടനാശിനി ചേർക്കാത്ത ഫ്രൂട്‌സ് നേരിട്ട് പറിച്ചുവാങ്ങാം. (കാന്തല്ലൂരിൽ ഒരുപാടു ഫാം സ്റ്റേകളുണ്ട്. ശരാശരി 2500 രൂപ മുതൽ വാടക വരും.)

ജൂലൈയിൽ ആപ്പിൾ വിളവ് കഴിഞ്ഞിരുന്നു. ഇപ്പോൾ ഓറഞ്ച് ആണു ധാരാളം. തോട്ടം നടന്നു കണ്ടു കട്ടനും കഴിച്ചിരിക്കുമ്പോൾ ജീപ്പ് വന്നു. ജീപ്പ് വാടകയ്ക്കു എടുക്കാൻ 2000 രൂപയാകും. അത് 2 ആളായാലും 6 ആളായാലും ഒരേ റേറ്റ്. പെൺപിള്ളേരു വെള്ളച്ചാട്ടത്തിലൊക്കെ ഇറങ്ങാൻ കണക്കാക്കി പായ്ക്ക് ചെയ്ത് ഇറങ്ങി. അപ്പോഴാണു കീഴാന്തൂരിൽ അപകടത്തിൽപെട്ട് ഒരാൾ മരിച്ചുപോയി, അവിടെ മുഴുവൻ പോലീസ് ബ്ലോക്ക് ചെയ്തെന്നു ഡ്രൈവർക്കു ഫോൺ വന്നത്. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കി. അത് സാരമില്ല. വേറെയും സ്ഥലം ഉണ്ടല്ലോ. അങ്ങനെ നേരെ ഒറ്റമലയ്ക്കു പോകാൻ തീരുമാനിച്ചു. ജീപ്പ് എടുത്തു. അനിയത്തിയും ഭർത്താവും കൂടെ വന്നു. അങ്ങനെ ആഘോഷമായി ഒറ്റമല റൂട്ടിൽ കേറി. 5 മിനിറ്റ് പോയില്ല; എതിരെ വന്ന ജീപ്പ് ഡ്രൈവർ കൈ കാണിച്ചു നിർത്തി. അവിടെ അഞ്ചുനാട് ഉത്സവം നടക്കുന്നു. സ്ത്രീകളെ കടത്തി വിടില്ല.

kanthaloor2

ഒറ്റമലയ്ക്കു പോകുന്ന വഴിയാണ് വേട്ടക്കാരൻ കോവിൽ. ഈ സമയത്ത് ഒരാഴ്ചക്കാലം 5 നാടുകളിൽനിന്നു ആളുകൾ എത്തുന്ന ഉത്സവം ഉണ്ട്. പുരുഷന്മാർ മാത്രമേ ഉണ്ടാകു. മുൻപ് ആ വഴി പോയപ്പോൾ ക്ഷേത്രം കാണിച്ചുതന്ന് അന്നത്തെ ഡ്രൈവർ പറഞ്ഞത് ഞാൻ ഓർത്തു. ആദിവാസി ഊരും അവരുടെ കടുത്ത വിശ്വാസങ്ങളുമാണ്. അപ്പൊ ഒറ്റമലയും നടക്കില്ല.. പിള്ളേരുടെ മുഖം മാറിത്തുടങ്ങി. ഒപ്പം അനിയന്റെ കമന്റ്– ചേച്ചി രണ്ടു മാൻഡ്രേക്കുകളെ കൊണ്ടുവന്നിട്ടാകും, ഒന്നും നടക്കണില്ലല്ലോ. ‘ഇനി ഇരുട്ടുന്നതിനു മുൻപ് കാണാൻ പറ്റിയ സ്ഥലം ഉണ്ടോ’. കുറച്ചു പോയാൽ ഇടച്ചിപ്പാറ വെള്ളച്ചാട്ടം ഉണ്ട്. കുറച്ചു നടക്കേണ്ടിവരും– ഡ്രൈവറുടെ മറുപടി. ‘ഒന്നും നോക്കാനില്ല വേഗം വിട്ടോ’.

അങ്ങനെ ജീപ്പിൽ ഇടച്ചിപ്പാറയിലേക്ക്. പോകുന്ന വഴികളിലെല്ലാം സുന്ദരമായ കാഴ്ചകളാണു വരവേറ്റത്. മലകളും വൈകുന്നേരമാകുംതോറും ഇറങ്ങി വരുന്ന മഞ്ഞും...അങ്ങനെ കുളിർന്നു കുളിർന്ന് ഇടച്ചിപ്പറയിൽ എത്തി. ആ പരിസരം കണ്ണു നിറയെ കാണാൻ ഉള്ളതുകൊണ്ട് കുറെ സമയം അവിടെ ചെലവഴിച്ചു. കുറച്ചു ദൂരമേ ജീപ്പ് പോകു. അവിടെ നിന്നും നിരപ്പായ സ്ഥലത്തേക്ക് ഇറങ്ങി നടക്കണം. 

അധികം ആളുകൾക്കു അറിയാത്ത സ്ഥലം ആയതുകൊണ്ടാകണം തീരെ തിരക്കില്ല. ഞങ്ങളെക്കൂടാതെ ഒരു ഫാമിലിയേ അവിടെ കണ്ടുള്ളൂ. കാന്തല്ലൂരിലെ ഓരോ സ്ഥലവും തരുന്നത് ഈ സ്വസ്ഥതയും ശാന്തതയുമാണ്. ഒരു വിളി വരാൻ ഫോണിനു റേഞ്ച് പോലും ഇല്ല. നമ്മളും നമ്മളും മാത്രം. പെൺകുട്ടികൾ മാത്രമുള്ള ട്രിപ്പിന് ഒരു പ്രത്യേക സുഖം ഉണ്ട്. വല്യ ബഹളങ്ങൾ ഒന്നുമില്ല. എത്രയോ നേരം ഞങ്ങൾ ഒന്നും സംസാരിക്കാതെ വെറുതേയിരുന്നു. അപ്പോൾ ആയിരിക്കുന്ന ആ നിമിഷം– അപ്പോൾ അതു മാത്രമേ മനസ്സിൽ ഉള്ളു.

 ചേച്ചീടെ കൂടെ ആയതുകൊണ്ടാണ്. ഇല്ലെങ്കിൽ ലൈഫിൽ ഇതുപോലെ ഒരു ട്രിപ്പ് നടക്കില്ലെന്ന് അനിയത്തിമാരുടെ കമന്റ്. ഫ്രിജിൽ നിന്നെടുത്ത പോലെ തണുത്തിരിക്കുന്ന വെള്ളത്തിൽ കയ്യും മുഖവും കഴുകി. ഇരുട്ടാൻ തുടങ്ങിയപ്പോൾ തിരിച്ചു കയറി. 

തിരിച്ചു കയറിച്ചെല്ലുമ്പോൾ ഞങ്ങളുടെ ഡ്രൈവർ മറ്റൊരാളുമായി സംസാരിച്ചു നിൽക്കുന്നു. കുറച്ചു മുൻപ് അപകടത്തിൽപെട്ടയാളെ വലിച്ചു പൊക്കിയെടുത്തത് ഇദ്ദേഹമായിരുന്നു. മറ്റൊരു ജീപ്പ് ഡ്രൈവറാണ്. വലിച്ചെടുക്കുമ്പോഴേ ആള് പോയിരുന്നു എന്ന്. കാലു തെന്നിയതാണ്. പാറയിടുക്കിൽ കുടുങ്ങിപ്പോയി. ഞങ്ങൾ പോകാനിരുന്ന സ്ഥലമാണല്ലോ എന്നോർത്തപ്പോൾ ഒരു നീണ്ട നെടുവീർപ്പെടുത്ത് ഞങ്ങൾ ജീപ്പിൽ കയറി. കോടമഞ്ഞിറങ്ങി തണുപ്പ് കൂടിക്കൂടി വരുന്നുണ്ടായിരുന്നു.

ഇപ്പോഴും ഭ്രമരം പോയിന്റ് പെൻഡിങ്ങിൽ ആണ്. ഭ്രമരം സിനിമയുടെ ലൊക്കേഷൻ സെറ്റ് ഇട്ടത് ഇവിടെയാണ്. അതാണ് ഈ പേരിനുപിന്നിൽ. ഇപ്പോൾ തന്നെ ഇരുട്ടാൻ തുടങ്ങി. നാളെ വെളുപ്പിനെ എഴുന്നേറ്റാൽ മലമുകളിൽ സൂര്യോദയം കാണാം. അങ്ങനെ തീരുമാനിച്ചു ഞങ്ങൾ മുറിയിൽ എത്തി. റിസോർട്ടിൽ ക്യാംപ് ഫയറും ബാർബിക്യുവും സെറ്റ് ചെയ്തിരുന്നു. പാട്ടൊക്കെ വച്ച്, തീയൊക്കെ കാഞ്ഞ്, ഭക്ഷണമൊക്കെ കഴിച്ചു സമയം പോയി. 

കൂട്ടത്തിൽ ആർക്കാണ് പെട്ടെന്നൊരു വെളിപാട് ഉണ്ടായത് എന്നിപ്പോൾ ഓർമയില്ല. ഒരു ഡ്രൈവ് പോയാലോ. ഞാൻ വാച്ചിലേക്കു നോക്കി. 11.30 കഴിഞ്ഞിട്ടുണ്ട്. ആന ഇറങ്ങുന്ന സ്ഥലമാണ്. ഈ റിസോർട്ടിന്റെ അകത്തു ആന കയറി മേഞ്ഞു പോയ കഥ കുറച്ചു മുൻപ് കേട്ടതെയുള്ളൂ. അനിയൻ റെഡിയായി നിൽപുണ്ട്. ന്നാ പിന്നെ.. എന്ന മട്ടിൽ ഞാൻ അനിയത്തിയെ നോക്കി. ''എന്റെ പൊന്നു ചേച്ചീ, വേണ്ട, റിസ്‌കാണ് എന്ന് അവൾ. ഞാൻ പറഞ്ഞു 'വാ പോകാം' എന്ന്. കേട്ടപാതി കേൾക്കാത്ത പാതി അനിയൻ കാറെടുക്കാൻ പോയി.

ഉള്ളിലെ ഒരു തുള്ളിപ്പേടിയും പുറത്തെ ഒടുക്കത്തെ തണുപ്പും. കാടും ആകാശവും നക്ഷത്രങ്ങളും. വണ്ടി നിർത്തി കുറച്ചു നേരം നിന്നാൽ കൊള്ളാമെന്നൊക്കെ തോന്നി. പക്ഷെ ആന തൂത്തുവാരി എറിയുന്ന കാര്യം ഓർത്തപ്പോൾ എല്ലാം മായ്ച്ചു കളഞ്ഞു. ആദിവാസി ഊരുകളാണ് അവിടെ. വിനോദ സഞ്ചാരികൾക്കു പ്രവേശനം ഇല്ല എന്ന ബോർഡിന് മുന്നിൽ വണ്ടി തിരിച്ചു. റിവേഴ്സ് എടുക്കുന്നതിനിടയ്ക്കാണ് പൊതുശ്മശാനം എന്ന ബോർഡ് കണ്ടത്. കൂട്ടത്തിലെ പ്ലസ്‌ടുകാരി വെറുതെ ഇരിക്കുമ്പോൾ പോലും 'ഈ പ്രേതത്തെ പറ്റി ചേച്ചിയുടെ അഭിപ്രായം എന്താ'ണെന്ന് ചോദിക്കുന്നവളാണ്. ആന വരുമെന്ന് പറഞ്ഞിട്ട് പേടിക്കാത്തവൾക്ക് ശ്മശാനം ബോർഡ് കണ്ടതോടെ തീരുമാനം ആയി. പുറത്തു സ്ട്രീറ്റ് ലൈറ്റോ മറ്റു വെളിച്ചങ്ങളോ ഒന്നുമില്ല. കാറിന്റെ ഹെഡ്‌ലൈറ്റ് മാത്രം. പേടിക്കാൻ റെഡി ആയി ഇരുന്നവളോട് ഞാൻ പറഞ്ഞു ഈ വണ്ടി ഇപ്പോൾ ബ്രേക്ക് ഡൗൺ ആയാലോ. 'നമ്മുടെ വണ്ടി പെട്ടെന്ന് നിന്നു പോകുന്നു. കാരണം മനസ്സിലാകുന്നില്ല.. ഇവൻ വണ്ടി എടുക്കാൻ ശ്രമിക്കുന്നു നടക്കുന്നില്ല. പതുക്കെ ഹെഡ്‌ലൈറ്റ് മിന്നി മിന്നി കെട്ടുപോകുന്നു. അടുത്ത വെളിച്ചത്തിൽ നമ്മുടെ വണ്ടിയുടെ മുന്നിൽ വെള്ള സാരിയുടുത്ത ഒരു ചേച്ചി. ആ ചേച്ചി…' പറഞ്ഞു മുഴുമിച്ചില്ല.. എല്ലാം കൂടെ എന്റെ വാ പൊത്തിപ്പിടിച്ചു 'വണ്ടിയെടുക്ക് ചേട്ടാ' എന്ന് ഒരു അലറൽ ആയിരുന്നു.  ആ നൈറ്റ് ഡ്രൈവ് വല്ലാത്ത ഒരു ഫീൽ ആയിരുന്നു. കുറേ കുറുമ്പും റിസ്ക്കിന്റെ ടെൻഷനും തണുപ്പും അങ്ങനെ എന്തൊക്കെയോ ഫീൽ.

പിറ്റേന്ന് രാവിലെ എഴുന്നേറ്റാലേ ഭ്രമരം പോയിന്റിലെ മേഘങ്ങൾ കാണാൻ പറ്റൂ. രാവിലെ 9.30ന്റെ ആലുവ ബസ് കിട്ടുകയുംവേണം. രാവിലെ ബാഗ് ഒകെ റെഡിയാക്കി വച്ചിട്ട് നേരെ ഭ്രമരം പോയിന്റിലേക്ക്. അവിടെയും കുറച്ചു ദൂരം മാത്രമേ വണ്ടി പോകൂ. ബാക്കി നടക്കണം. കുത്തനെ ഇറക്കം ആണ്. ആദിവാസികൾ അവിടെ പുൽത്തൈലം വാറ്റുന്നുണ്ട്. പകുതി വഴി നടന്നെത്തുമ്പോഴേ പുൽത്തൈലത്തിന്റെ മണം കിട്ടിത്തുടങ്ങും. അവിടെ ഒരാൾക്ക് 20 രൂപ വച്ചു കൊടുക്കണം. ആദിവാസികൾ കെട്ടിയ ഏറുമാടവും. മുളയും പുല്ലും കൊണ്ട് ഉണ്ടാക്കിയെടുത്ത വിശ്രമ സ്ഥലും ഉണ്ട്. അവിടെ കാട്ടുഞാവൽ പഴവും തേനീച്ചക്കൂടോടു തന്നെയുള്ള ചെറുതേനും പേരക്കയും മരത്താക്കളിയും സഞ്ചാരികളെ കാത്തിരിപ്പുണ്ടായിരുന്നു. പ്രകൃതിയിൽ നിന്നു നേരിട്ടു കിട്ടുന്ന ഇതൊക്കെ പറഞ്ഞ വിലയ്ക്കു മേടിക്കാൻ ആളുണ്ട്. 

അവരുടെ തോട്ടത്തിലും ധാരാളം പൂക്കളും പഴവർഗങ്ങളും പച്ചക്കറികളും ഉണ്ട്. അവിടെനിന്നു വീണ്ടും മുന്നോട്ടു പോകുമ്പോൾ ഉള്ളു കുളിർക്കുന്ന കാഴ്ചകൾ. ഇഞ്ചപ്പുല്ലുകൾക്കിടയിലൂടെ നടന്നെത്തുമ്പോൾ ശരിക്കും നമ്മൾ കേരളത്തിൽ തന്നെയാണോ എന്ന് തോന്നിപ്പോകും. ദൂരെ മലകളും മഞ്ഞും എല്ലാം കൂടി കിടിലോസ്കി കാഴ്ചകൾ. മനസ്സു നിറഞ്ഞ് മിണ്ടാട്ടം മുട്ടിപ്പോകുന്ന അവസ്ഥ. ചുമ്മാ വാച്ചിലേക്കു നോക്കിയപ്പോൾ സമയം 8.15. എന്റെ കർത്താവേ... 9.30 ന്റെ വണ്ടി.. പിന്നെ ഓരോട്ടം ആയിരുന്നു. ആടിപ്പാടി വന്ന ഇറക്കം മുഴുവൻ കയറി വന്നപ്പോ സകല എനർജിയും പോയി. ഒരു കട്ടനിൽ ആണു നിൽക്കുന്നത്. വിശന്നിട്ടു കണ്ണു കാണുന്നില്ല. റൂമിനടുത്ത് ചെറിയ ചായക്കടയുണ്ട്. അവിടെനിന്നു ഭക്ഷണം കഴിച്ചു ബാഗും എടുത്ത് നേരെ ബസ് സ്റ്റോപ്പിൽ. ചുണ്ടിനും കപ്പിനും ഇടയിൽ എന്നു പറഞ്ഞതു പോലെ വണ്ടി കിട്ടി. എത്ര പെട്ടെന്നാണു സമയം പോയത്. ഇനിയും കണ്ടുമതിയായില്ല എന്ന് ഉള്ളിലിരുന്നാരോ പറയുന്നു. ഒരു വരവു കൂടെ വരേണ്ടി വരുമെന്നു മനസ്സിൽക്കുറിച്ചു ഞങ്ങൾ വീണ്ടും എറണാകുളത്തേക്ക്. വൈകിട്ട് നാലരയോടെ ആലുവ എത്തി. അവിടെനിന്ന് മെട്രോയിൽ സ്വദേശം പൂകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA