ADVERTISEMENT

കരിമ്പനകളിൽ തട്ടിത്തലോടി വരുന്ന കാറ്റിൽ ആരോ നിങ്ങളുടെ പേരു വിളിക്കുന്നുണ്ടോ ?ഒടിയൻ എന്ന മിത്ത്  നാടിന്റെ ഭംഗിയുമായി ചേരുന്ന പാലക്കാടിന്റെ  ഉൾഗ്രാമത്തിലൊരിടത്തേക്കുള്ള യാത്രയിലായിരുന്നു ഞങ്ങൾ. ചിങ്ങൻചിറ എന്ന ആൽമരക്കൂടാരത്തിൽനിന്നാണ്  തുടക്കം.  മിത്തുകളും വിശ്വാസങ്ങളും ഇടകലർന്ന നാടിന് സന്ധ്യമയങ്ങുമ്പോൾ  ലാവണ്യമേറുന്നതിനൊപ്പം കഥകൾക്കു ഭീകരതയുമേറിവരും. കരിമ്പനകളും അതിവിശാലമായ പാടശേഖരങ്ങളും തുടുത്ത ആകാശത്തിന്റെ പശ്ചാത്തലത്തിൽ കരിമ്പനപ്പട്ടകളിൽ ചേക്കേറുന്ന കിളികളും കവ എന്ന ജലാശയക്കരയിലെ സായാഹ്നഭംഗിയും പാലക്കാടിന്റെ മാത്രം കാഴ്ചകളാണ്.   ഈ ഭംഗിയാസ്വദിക്കാനാണ് യാത്ര.

chinganchira-travel1-gif

പകൽ കരിഞ്ഞിരിക്കുന്നു. കാറിൽനിന്നു പുറത്തിറങ്ങാൻ പറ്റാത്തത്ര ചൂട്. ആ സമയം ഞങ്ങൾ ചെലവിട്ടത്  ചിങ്ങൻചിറയിലേക്കുള്ള യാത്രയ്ക്കാണ്.  ജലച്ഛായാചിത്രം കാണുന്നുതപോലെയാണു പ്രകൃതി.  ആരോ നുണയാനായി കുത്തിനിർത്തിയിരിക്കുന്ന ലോലിപ്പോപ്പ് പോലെ  വരമ്പുകളിൽ നിരനിരയായി നിൽക്കുന്ന പനകൾ. ഞാറുനട്ടതിന്റെ ഗമയിൽ പാടങ്ങൾ.  കാർ അക്കാഴ്ചകൾ കണ്ട് ഉൾഗ്രാമത്തിലൂടെയാണിപ്പോൾ നീങ്ങുന്നത്. അകലെ പശ്ചിമഘട്ടം കാണാം. താഴെ പാറമുകളിൽ ഉണക്കാനിട്ടിരിക്കുന്ന വൈക്കോലുകൾക്കടുത്തായി ചെറു വീടുകൾ. അതീവവൈദഗ്ധ്യത്തോടെ മുളമുള്ളുകൾകൊണ്ടു കെട്ടിയിരിക്കുന്ന വേലികൾ. കേരളം മുഴുവൻ വലിയൊരു നഗരമായി മാറിക്കൊണ്ടിരിക്കുന്നസമയത്ത്  ഇനിയൊരു നാടും ഗ്രാമവും കാണണമെങ്കിൽ ചിങ്ങൻചിറയിലേക്കു പോകാം.  

chinganchira-travel4-gif

സമതലത്തിൽ ഒരു ട്രെക്കിങ് 

വേനൽച്ചൂടിനെ ചെറുക്കാൻ ഒരു ചെറിയ ട്രെക്കിങ് ആകാം. സീതാർകുണ്ട് വെള്ളച്ചാട്ടത്തിലേക്കു നടക്കാം. നെല്ലിയാമ്പതിയിൽ അല്ലേ സീതാർ കുണ്ട്?അതെ. അവിടെനിന്നു പതിക്കുന്ന വെള്ളച്ചാട്ടം ഇങ്ങുതാഴെ എത്തേണ്ടേ? അത് പോകുന്ന വഴിയിലാണ്. കാർ നിർത്തി ഞങ്ങൾ നടന്നുതുടങ്ങി. വെള്ളച്ചാട്ടത്തിൽനിന്നുള്ള വെള്ളം കൊണ്ടുവരാനായി സിമന്റ് കെട്ടിയ ചെറുകനാലിന്റെ മുകളിലൂടെ നടക്കാം. വെള്ളച്ചാട്ടം ഒരു നാരു പോലെ കാണാം. നിറഞ്ഞ പച്ചപ്പ്. പക്ഷേ, അധികദൂരം പോകാനൊത്തില്ല. ഒരു നാട്ടുകാരൻ ഉണ്ടെങ്കിലേ അങ്ങോട്ടുള്ള സാഹസികമായ പാതയിലൂടെ മുന്നേറാനാകൂ. ചെറിയൊരു വെള്ളച്ചാട്ടത്തിൽ ഒരു കുളി പാസാക്കി തിരികെ പോന്നു. സാഹസികത ഇഷ്ടമുള്ള  ഒരു സംഘത്തിന് തീർച്ചയായും സീതാർകുണ്ട് വെള്ളച്ചാട്ടത്തിനു താഴെ എത്താം.  പാലക്കാടിന്റെ പതിവു കാഴ്ചകളിൽനിന്നു വ്യത്യസ്തമാണ് ഈ ട്രെക്കിങ്. 

chinganchira-travel3-gif

ആൽമരക്കൂടാരം

നടപ്പു കഴിഞ്ഞ് വീണ്ടും കാറിലേക്ക്. ഇനി  ചിങ്ങൻചിറ എന്ന ആൽമരക്കൂടാരം. വിശാലമായ ചിറയുടെ അടുത്ത് അതിലും വിശാലമായി പരന്നു കിടക്കുന്ന ആൽമരക്കൂട്ടങ്ങൾ പരത്തിയിടുന്ന നിഴൽരൂപങ്ങൽ നൽകുന്ന തണുപ്പാണ് ചിങ്ങംചിറ.  ആരാധന നടക്കുന്നിടം. നാലു വർഷം മുൻപ് മൃഗബലി നടന്നിരുന്നു. പെട്ടിഓട്ടോറിക്ഷയിൽ ആടുകളുമായി ആളുകളെത്തിത്തുടങ്ങിയിരുന്നു. ഞങ്ങൾ ആ തണലാസ്വദിച്ച് വെറുതേ ഇരുന്നു.  ആലിന്റെ ചുവട്ടിലെ ആ നാട്ടുദൈവത്തിന്റെ മുന്നിൽ ഇഷ്ടകാര്യസാധ്യത്തിനായുള്ള കാണിക്കകൾ നിരന്നിരിക്കുന്നുണ്ട്. അതിൽ വീടുകളുടെ ചെറുരൂപങ്ങളാണു കൂടുതൽ. സകുടുംബമായിട്ടാണ് ആളുകളെത്തുന്നത്. അവിടെ ആഹാരം പാചകം ചെയ്ത് കഴിച്ച് അവർ തിരികെ പോകുന്നു. ചിറ ഇതിനൊക്കെ സാക്ഷിയായിനിൽക്കുന്നു. ആരാധനയിൽ പങ്കുകൊള്ളണോ ഇല്ലയോ എന്ന ചോദ്യമില്ല. പക്ഷേ, ആ സ്ഥലം നൽകുന്ന ശാന്തത ആസ്വദിക്കാൻ സഞ്ചാരികളെത്തുന്നുണ്ട്. 

chinganchira-travel2-gif

പകലൊടുങ്ങുമ്പോൾ പാലക്കാടിന്റെ സായാഹ്നക്കാഴ്ചകളിലേക്കു വണ്ടി തിരിച്ചു. മലമ്പുഴ അണക്കെട്ടിന്റെ പിന്നിലുള്ള കവ എന്ന സുന്ദരപ്രദേശത്തിലേക്ക്. ചിങ്ങംചിറ പോലെ ഏറെ സിനിമാഷൂട്ടിങ്ങുകൾ നടന്നിട്ടുള്ളസ്ഥലമാണ് കവ. മലമ്പുഴ അണക്കെട്ടിന്റെ ജലാശയത്തിനപ്പുറം കരിമ്പടപ്പുതപ്പിട്ടു നിൽക്കുന്ന സഹ്യപർവതം.  അതിനും മേല തലയുയർത്തി നൽക്കുന്ന കരിമ്പനകൾ. ചേക്കേറുന്ന കിളികളുടെ കലപിലകൾ. കവയിലും നിങ്ങൾക്ക് കാണാൻ ഏറെയുണ്ട്. കാറ്റേറ്റ് വെറുതേ നടക്കുന്നതു തന്നെ എന്തൊരു രസമാണ്…! സുഹൃത്തുക്കളുമായി സൊറ പറഞ്ഞിരിക്കുമ്പോൾ സമയം പോകുന്നത് അറിയില്ല. ഇരുട്ടിയപ്പോൾ തിരികെ നഗരത്തിലേക്ക്.  മനസ്സിൽ ടാറിടാത്ത ഇടവഴിയും മുള്ളുവേലികളും പാഞ്ഞെത്തുമ്പോൾ, ഗൃഹാതുരതയുടെ വേലിയേറ്റമുണ്ടാകുമ്പോൾ ഒരു വണ്ടി പിടിച്ച് ഞങ്ങളിനിയും വരും കേട്ടോ എന്ന് ആ നാടിനോടു പറഞ്ഞാണു വണ്ടി തിരിച്ചത്. 

chinganchira-travel5-gif

റൂട്ട്

പാലക്കാട്-ചിറ്റൂർ-തത്തമംഗലം- കൊല്ലങ്കോട്-ചിങ്ങൻചിറ  33 km

സന്ദർശിക്കാവുന്ന മറ്റു സ്ഥലങ്ങൾ

മുതലമടയിലെ ഗ്രാമക്കാഴ്ച

മലമ്പുഴ ഡാം

ചൂളന്നൂർ മയിൽ സങ്കേതം

ആഹാരം

മലമ്പുഴ ഡാമിന്റെ പിന്നിൽ  മീൻവറുത്തതു കിട്ടുന്ന ചെറു കടയുണ്ട്. ചോദിച്ചറിഞ്ഞു ചെന്ന് മനസ്സുനിറയെ ആഹാരം കഴിക്കാം. 

താമസം

മലമ്പുഴയിൽ കെടിഡിസി ഗാർഡൻ ഹൗസ്

+91-491-2815217

+91-9400008767

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com