sections
MORE

ഒറ്റക്കാലിൽ, ക്രച്ചസ് ഉപയോഗിച്ച് കിളിമഞ്ചാരോയിൽ; നീരജ്, പ്രത്യാശയുടെ ഉയരം

neeraj
SHARE

വെല്ലൂർ ആശുപത്രിയിലെ കാൻസർ വാർഡിൽ ഒരു ഒൻപതു വയസ്സുകാരൻ കരഞ്ഞു തളർന്നിരിക്കുന്നു. അസ്ഥിയിൽ കാൻസർ ബാധിച്ച അവന്റെ ഇടതുകാൽ അടുത്ത ദിവസം മുട്ടിനു മുകളിൽവച്ചു മുറിച്ചുമാറ്റുകയാണ്.എന്റെ കാൽ മുറിക്കാതിരിക്കാനാകുമോയെന്ന് ചോദിച്ചുകൊണ്ടേയിരിക്കുന്ന മകനെ ആശ്വസിപ്പിക്കാനാകാതെ നെഞ്ചു തകർന്ന് ഒരമ്മയും അച്ഛനും ആ കിടക്കയ്ക്കരികിൽ തളർന്നിരുന്നു. ആശുപത്രിയിലെ കൗൺസിലർമാരിലൊരാൾ ആ സങ്കടക്കിടക്കയിലിരുന്ന് അവനോട് ഒരു കഥ പറഞ്ഞു. യുദ്ധത്തിനിടെ വിമാനം തകർന്നുവീണ് ഒരു കാൽ നഷ്ടമായ ഇന്ത്യക്കാരനായ വൈമാനികന്റെ കഥ.

കരിയറും ജീവിതവും അവസാനിച്ചുവെന്ന് എല്ലാവരും വിധിച്ചിടത്തുനിന്ന് ആത്മവിശ്വാസം ഇന്ധനമാക്കി വീണ്ടും യുദ്ധവിമാനത്തിൽ അദ്ദേഹം പറന്നുയർന്ന അതിജീവനകഥ. അതവിടെ തീർന്നില്ല, വീണ്ടുമൊരിക്കൽ കൂടി അദ്ദേഹം പറത്തിയ വിമാനം തകർന്നുവീഴുന്നു.ശേഷിച്ച കാലുംകൂടി നഷ്ടമാകുന്നു. സാധാരണഗതിയിൽ അതോടെ ആരും നിരാശയുടെ പടുകുഴിയിൽ ആണ്ടുപോകേണ്ടതാണ്. പക്ഷേ, സർവീസിൽനിന്നു വിരമിച്ച ശേഷവും കൃത്രിമക്കാലുകൾ ഉപയോഗിച്ച് അദ്ദേഹം സാധാരണ മനുഷ്യരെപ്പോലെ സന്തോഷമായി ജീവിച്ചു.കഥയാകാം, സംഭവമാകാം. പക്ഷേ, അടുത്ത ദിവസം തന്റെ ജീവിതം അവസാനിക്കുകയാണെന്നു കരുതിയ ആ ബാലന്റെയുള്ളിൽ അതിജീവനത്തിന്റെ ഒരു തീപ്പൊരി ജ്വലിച്ചു തുടങ്ങിയിരുന്നു. അവൻപോലുമറിയാതെ. 23 വർഷങ്ങൾക്കു ശേഷം ആളിപ്പടരാനായി.

neeraj 1

2019 ഒക്ടോബർ 15

ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള പർവതമായ ടാൻസാനിയയിലെ കിളിമഞ്ചാരോയുടെ 19,341 അടി മുകളിലെ മുനമ്പിൽ തന്റെ ഇരു ക്രച്ചസും ആകാശത്തേക്കുയർത്തി ഒറ്റക്കാലിൽ നിന്നുകൊണ്ട് ആലുവക്കാരൻ നീരജ് ജോർജ് ബേബി ലോകത്തോടു മുഴുവനായി വിളിച്ചു പറഞ്ഞു.സ്വപ്നങ്ങളുടെ ഒരു തീപ്പൊരി നിങ്ങളുടെയുള്ളിലുണ്ടെങ്കിൽ ഏതു പ്രതിസന്ധിയിലും, കിളിമഞ്ചാരോയുടെ മുകളിലെ മൈനസ് 20 ഡിഗ്രി മഞ്ഞിൽപോലും അത് അഗ്നിയായി ജ്വലിച്ചുയരും. ഊന്നുവടികളിൽ ആത്മവിശ്വാസം നിറച്ചു കിളിമഞ്ചാരോ ഒറ്റക്കാലിൽ നടന്നുകയറിയ നീരജ് സ്വന്തമാക്കിയതു ചരിത്രം കൂടിയാണ്. ക്രച്ചസിൽ കിളിമഞ്ചാരോ കീഴടക്കുന്ന ആദ്യ മലയാളിയെന്ന അഭിമാനനേട്ടം.ടാൻസാനിയൻ അധികൃതരും വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന പർവതാരോഹകരുടെ ഒപ്പം ആയിരക്കണക്കിനു തവണ മല കയറിയിറങ്ങിയ അനുഭവസമ്പത്തുള്ള അൻപത്തെട്ടുകാരനായ തദ്ദേശീയ ഗൈഡ് മക്‌ലൗഡും അതു സാക്ഷ്യപ്പെടുത്തുന്നുണ്ട്.കിളിമഞ്ചാരോയിലെ ഏറ്റവും ഉയരം കൂടിയ ഉഹുറു കൊടുമുടി നെറുകയിൽ വലതുകാൽ തൊട്ട നിമിഷം നീരജ് വെല്ലൂരിലെ ആശുപത്രിക്കിടക്കയിലെ ആ പഴയ ഒൻപതു വയസ്സുകാരനായി മാറി.

നഷ്ടപ്പെട്ട ഇടതുകാലിന്റെ സ്ഥാനത്തു പിന്നീടങ്ങോട്ടു താങ്ങായിരുന്ന അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും ചിത്രം മനസ്സിൽ തെളിഞ്ഞു. കടന്നുപോന്ന കഠിനജീവിതപാതകളും മിന്നിമാഞ്ഞു. മനസ്സ് നിറഞ്ഞൊന്നു ചിരിച്ചു. തൊട്ടടുത്ത നിമിഷം ഇരു ക്രച്ചസുകളും ആകാശത്തേക്കുയർത്തി വിജയചിഹ്നം. വിധി നാണിച്ച് ഓടിയൊളിച്ചു കാണും.

വാടിയ സ്വപ്നങ്ങൾ

ആലുവ ലൈബ്രറി റോഡ് ചീരൻസ് വീട്ടിൽ മട്ടാഞ്ചേരി കൊച്ചിൻ കോളജിൽനിന്നു വിരമിച്ച പ്രഫ. സി.എം. ബേബിയുടെയും ആലുവ സെന്റ് സേവ്യേഴ്സ് കോളജിൽനിന്നു വിരമിച്ച ഡോ. ഷൈല പാപ്പുവിന്റെയും ഇളയ മകൻ നീരജ് ജോർജ് ബേബിയാണ് ഈ കഥയിലെ നായകൻ.അമ്മാമ്മയാണ് നാലാം ക്ലാസിൽ പഠിക്കുന്ന കൊച്ചുമകൻ ഇടയ്ക്കിടെ വീഴുന്നത് ആദ്യം ശ്രദ്ധിക്കുന്നത്. ഇടതു കാൽമുട്ടിൽ നീരു കണ്ടതോടെ വേഗം ഡോക്ടറെ കാണിച്ചു. കുടുംബത്തിന്റെ സന്തോഷമാകെ ഊതിക്കെടുത്തിയ ടെസ്റ്റ് റിസൽറ്റ് പുറകേ വന്നു. ഓസ്റ്റിയോജനിക് സാർകോമ എന്ന അസ്ഥിക്കുണ്ടാകുന്ന കാൻസർ.

പിന്നീടു വിദഗ്ധ ചികിൽസയ്ക്കായി വെല്ലൂരിലേക്ക്. കീമോതെറപ്പിയിലൂടെയും മറ്റും രോഗത്തെ പിടിച്ചുകെട്ടാമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, വിധി കാത്തുവച്ചിരുന്നതു മറ്റൊന്നായിരുന്നു. രോഗം മറ്റു ശരീരഭാഗങ്ങളിലേക്കു പടരുന്നതു തടയാൻ മുട്ടിനു മുകളിൽവച്ചു കാൽ മുറിച്ചു മാറ്റുകയേ വഴിയുള്ളൂവെന്നു ഡോക്ടർമാർ വിധിയെഴുതി. വെല്ലൂരിലേക്കു നടന്നുപോയ നീരജ് വീട്ടിലേക്കു തിരികെയെത്തിയതു ക്രച്ചസിൽ.

neeraj fa

ഉയർത്തെഴുന്നേൽപ്പ്

വിധിക്കു മുൻപിൽ ക്ലീൻ ബൗൾഡ് ആകാൻ പക്ഷേ, നീരജ് ഒരുക്കമായിരുന്നില്ല. സർവ പിന്തുണയുമായി കുടുംബം പ്രതിരോധമറ തീർത്തപ്പോൾ നീരജ് പ്രതിബന്ധങ്ങളെ അങ്ങോട്ടുകയറി ആക്രമിക്കാൻ തുടങ്ങി. ക്രച്ചസിലും കൃത്രിമക്കാലിലും അനായാസമായി ചലിക്കാമെന്നായപ്പോൾ നീരജിന്റെ പ്രതിഭ വേറിട്ട മേച്ചിൽപ്പുറങ്ങൾ തേടി.

സ്കൂൾ, കോളജ് പഠനകാലത്തു പാരാ ബാഡ്മിന്റനിൽ ദേശീയ, രാജ്യാന്തര രംഗത്തു തിളങ്ങിയ താരമായി നീരജ് മാറി. 2008ൽ ഏഷ്യൻ ഡബിൾസ് സ്വർണം, 2011ൽ ദേശീയ സിംഗിൾസ് ചാംപ്യൻ, 2012ൽ ഫ്രാൻസിൽ നടന്ന ചാംപ്യൻഷിപ്പിൽ ഡബിൾസിൽ സ്വർണം എന്നിവയാണു പ്രധാന നേട്ടങ്ങൾ. ഏഴുതവണ രാജ്യാന്തര മൽസരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.

രാജ്യാന്തര പാരാ ബാഡ്മിന്റനിൽ മെഡൽ നേടുന്ന ആദ്യ മലയാളിയും നീരജാണ്. ആലുവ യുസി കോളജിൽനിന്നു ബയോ ടെക്നോളജിയിൽ ബിരുദവും സ്കോട്‌ലൻഡി‌ലെ അബർട്ടായി സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ നീരജ് അക്കാദമിക് രംഗത്തും മുന്നിൽ നിന്നു.മൂന്നര വർഷത്തോളം കൊച്ചിയിലും ബെംഗളൂരുവിലും ഐടി മേഖലയിൽ ജോലി ചെയ്ത ശേഷം 2012ൽ സർക്കാർ സർവീസിൽ പ്രവേശിച്ച നീരജിപ്പോൾ കൊച്ചി അഡ്വക്കറ്റ് ജനറൽ ഓഫിസിൽ അസിസ്റ്റന്റ് ആണ്.

സാഹസിക യാത്രികൻ

പ്രകൃതിയെ ഏറെ ഇഷ്ടപ്പെടുന്ന നീരജിനു സ്വയം ‘ചാർജ്’ ആകാനുള്ള മാർഗം കൂടിയാണു സാഹസിക യാത്രകൾ. വയനാട്ടിലെ ചെമ്പ്ര മല, എടക്കൽ ഗുഹ, പക്ഷി പാതാളം, തമിഴ്നാട്ടിലെ വെള്ളാങ്കിരി മല, കർണാടകയിലെ മൂന്നാമത്തെ വലിയ കൊടുമുടിയായ തടിയന്റെമോൾ, നൈനിറ്റാളിലെ നൈന കൊടുമുടി, തമിഴ്നാട്ടിലെ കോട്ടഗുഡി കൊടുമുടി, 27 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാർ – കൊടൈക്കനാൽ ട്രക്കിങ് എന്നിവ ക്രച്ചസിന്റെ സഹായത്തോടെ നീരജ് പൂർത്തിയാക്കിയ സാഹസിക സഞ്ചാരങ്ങളാണ്.

ചങ്ങാത്തം, കിളിമഞ്ചാരോ

അഞ്ചു ‘ചങ്കു’കൾക്കൊപ്പമാണു നീരജ് കിളിമഞ്ചാരോ യാത്രയ്ക്കു പദ്ധതിയിട്ടത്. യാത്രച്ചെലവായ നാലുലക്ഷം രൂപ വായ്പയെടുത്തു. ആത്മമിത്രവും അമേരിക്കയിൽ സൈബർ സുരക്ഷാ ജീവനക്കാരിയുമായ ചാന്ദ്‌നി അലക്സാണ്ടർ, അമേരിക്കയിൽ ഐടി രംഗത്തു ജോലി ചെയ്യുന്ന പോൾസൺ ജോസഫ്, അവിടെ റജിസ്റ്റേഡ് നഴ്സായ അഖില സൂര്യ, ബെംഗളൂരുവിൽ ഐടി ജീവനക്കാരനായ ശ്യാം ഗോപകുമാർ, ദക്ഷിണാഫ്രിക്കയിൽ ഐടി ജോലി ചെയ്യുന്ന സിജോ കെ. ജോർജ് എന്നീ ചങ്ങാതിമാർ നീരജിന്റെ സ്വപ്നത്തിനൊപ്പം ചേർന്നപ്പോൾ യാത്രാസംഘം റെഡി.കൊച്ചിയിൽനിന്നു ദോഹയിലെത്തി അവിടെനിന്ന് ആറു മണിക്കൂർ നോൺ സ്റ്റോപ്പായി പറന്നാണ് ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ കിളിമഞ്ചാരോ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയത്.

കരീബു എന്ന സാഹസികയാത്രാ കമ്പനിയുടെ സഹായത്തോടെയായിരുന്നു മലകയറ്റം. ഉറങ്ങുന്ന അഗ്നിപർവതമായ കിളിമഞ്ചാരോ അതീവദുർഘട യാത്രാപഥമാണു സഞ്ചാരികൾക്കു മുന്നിൽ തുറക്കുന്നത്. ഉഷ്ണമേഖലാ മഴക്കാടുകളും വരണ്ട കുറ്റിക്കാടുകളും ലാവയൊഴുകിയ, തെന്നലുള്ള പാറക്കെട്ടുകളും കൊടും തണുപ്പും മഞ്ഞും നീരജിന്റെ ക്രച്ചസ് ഉപയോഗിച്ചുള്ള മലകയറ്റം അതീവദുഷ്കരമാക്കി മാറ്റി.പലയിടത്തും ഇരുന്നും നിരങ്ങിയുമൊക്കെയാണു കയറിയത്. തേഞ്ഞു തീർന്നുകൊണ്ടിരുന്ന ക്രച്ചസിന്റെ ബുഷുകൾ പലതവണ മാറ്റേണ്ടി വന്നു. പക്ഷേ, നീരജിന്റെ അതേ താളത്തിൽ കൂട്ടുകാരും ഒപ്പം നിന്നപ്പോൾ വിഷമതകൾ മഞ്ഞിൻകണങ്ങൾ പോലെ അലിഞ്ഞില്ലാതായി. ഒക്ടോബർ 15ന് സ്വപ്നങ്ങളുടെ കൊടുമുടി നെറുകയിൽ കാലൂന്നി നീരജ് ലോകത്തെ നോക്കിച്ചിരിച്ചു.

നിലപാട്, രാഷ്ട്രീയം

കിളിമഞ്ചാരോ കീഴടക്കിയ ശേഷം സമൂഹമാധ്യമത്തിൽ നീരജ് ഇങ്ങനെ കുറിച്ചു: ‘‘എന്റെ ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമാണിത്.5 വർഷം പഴക്കമുള്ള ഒരു സ്വപ്നം ഒരുപാടു വേദനകൾ മറികടന്നു സ്വന്തമാക്കിയതിന് ഒരു കാരണവുമുണ്ട്. കൃത്രിമക്കാലുകൾ ഇല്ലാതെ തന്നെ ഭിന്നശേഷിക്കാരനായ ഒരാൾക്ക് അവരാഗ്രഹിക്കുന്നതു നേടാനാകും എന്ന് എനിക്കു തെളിയിക്കണമായിരുന്നു.

നിങ്ങൾ ജിഎസ്ടിയും നികുതിയും ഈടാക്കിയാലും ഞങ്ങൾ ഞങ്ങളുടെ സ്വപ്നങ്ങൾ സ്വന്തമാക്കിയിരിക്കും’’. കൃത്രിമക്കാലുകൾ ഉൾപ്പെടെ ഭിന്നശേഷിക്കാരുടെ ചലനശേഷിക്ക് ആധാരമായ ഉപകരണങ്ങൾക്കെല്ലാം അഞ്ചു ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയതിനോടുള്ള നീരജിന്റെ പ്രതിഷേധം കൂടിയായിരുന്നു ആ വാക്കുകൾ. ഭിന്നശേഷിക്കാർക്കു സമൂഹത്തിൽ കൂടുതൽ പരിഗണനയും സൗകര്യങ്ങളും നേടിയെടുക്കാനായി തന്റെ നേട്ടത്തെ മാറ്റിയെടുക്കാനാണു മുപ്പത്തിരണ്ടു വയസ്സുള്ള ഈ ക്രച്ച് ട്രെക്കർ (നീരജ് സ്വയം അങ്ങനെയാണു വിശേഷിപ്പിക്കുന്നത്) ലക്ഷ്യമിടുന്നത്.

പ്രചോദനം

നീരജ് ധരിച്ചിരുന്ന ടീഷർട്ടിൽ നെഞ്ചിനു മുകളിലായി രണ്ടു വാക്കുകൾ തിളങ്ങി നിന്നിരുന്നു. Being Human. നമ്മളെല്ലാവരും Human Being എന്ന അവസ്ഥയിൽ നിന്ന് Being Human ആയി മാറേണ്ട കാലമായി എന്നാണു നീരജിന്റെ അഭിപ്രായം.പ്രകൃതിയോടും സഹജീവികളോടുമുള്ള കരുതലാണതു സൂചിപ്പിക്കുന്നത്. എന്താണു മോട്ടോ എന്ന ചോദ്യത്തിനു നീരജ്: ‘‘Try not to pollute nature and yourself’’. ആരാണു റോൾ മോഡൽ എന്ന ചോദ്യത്തിന് നീരജ് ഇങ്ങനെ പറഞ്ഞു:‘‘I see myself in others. എന്റെ സഹജീവികളോരോരുത്തരുമാണ് എന്റെ മാതൃകകൾ. കാരണം ഞാൻ എന്നെത്തന്നെയാണ് അവരിൽ കാണുന്നത്’’. നീരജിന്റെ ജീവിതം പകരുന്നതു വലിയൊരു പ്രത്യാശയാണ്.സ്വപ്നങ്ങൾ ഊന്നുവടിയാക്കി ജീവിതത്തിലെ എത്ര വലിയ പ്രതിസന്ധികളെയും മറികടക്കാമെന്ന പ്രത്യാശ.

അവിസ്മരണീയം, യാത്ര

അഭിമാന നേട്ടത്തിലേക്കുള്ള യാത്ര നീരജിന്റെതന്നെ വാക്കുകളിൽ: ‘‘കിളിമഞ്ചാരോയുടെ മുകളിലെത്താൻ പല വഴികളുണ്ട്. ഓരോന്നിലും യാത്രയുടെ കാഠിന്യം വ്യത്യാസപ്പെട്ടിരിക്കും. ഷീറ റൂട്ട് വഴിയാണു ഞങ്ങൾ കയറിയത്. സമുദ്രനിരപ്പിൽ നിന്ന് 3407 മീറ്റർ ഉയരത്തിലുള്ള മോറം എന്ന പോയിന്റിൽ നിന്നാണ് ആദ്യ ദിവസം യാത്ര ആരംഭിച്ചത്. അന്നു വൈകിട്ട് ഷീറ 1 ക്യാംപിലെത്തി താമസം. രണ്ടാംദിനം രാവിലെ അവിടെനിന്നു ഷീറ 2  ക്യാംപിലേക്കാണു യാത്ര. മൂന്നാംദിനം യാത്രയ്ക്കിടെ നല്ല ശക്തിയുള്ള ആലിപ്പഴ മഴ നനഞ്ഞു.മുകളിലേക്കു കയറുന്തോറും മഞ്ഞുമഴയും പെയ്തുതുടങ്ങി. ബറാംകോ ക്യാംപിൽ രാത്രി താമസം. നാലാം ദിവസം പാറക്കെട്ടുകളും കല്ലും നിറഞ്ഞ കയറ്റമാണ്. അള്ളിപ്പിടിച്ചു കയറേണ്ട കിസ്സിങ് റോക് എന്നൊരു വലിയ പാറയുണ്ട്.കറാംകാ ക്യാംപിലാണു രാത്രിയുറക്കം. അഞ്ചാംദിനം ഉച്ചയോടെ കിളിമഞ്ചാരോ പർവതാരോഹണത്തിലെ ബേസ് ക്യാംപായ ബറാഫൂവിലെത്തി.

അന്ന് അർധരാത്രി കൊടുമുടിയിലേക്കുള്ള കയറ്റം തുടങ്ങേണ്ടതിനാൽ കിടന്നുറങ്ങാൻ ഗൈഡ് ആവശ്യപ്പെട്ടു. പക്ഷേ നല്ല വെയിലും ചൂടും കാരണം ആർക്കും ഉറങ്ങാൻ കഴിഞ്ഞില്ല. രാത്രി 11ന്  എല്ലാവരും റെഡിയായി.തണുപ്പിനെ ചെറുക്കാൻ 5 പാളികളായി വിവിധതരത്തിലുള്ള ഉടുപ്പുകൾ മേൽക്കുമേൽ ധരിച്ചു. മുകളിൽ മൈനസ് 20 ഡിഗ്രിവരെയാകാം തണുപ്പ്. ഐസ് പറ്റിപ്പിടിച്ചു വഴുക്കലുള്ള പാറകളിലൂടെ കുത്തനെ കയറിയതു നല്ലവണ്ണം വിഷമിച്ചു തന്നെയായിരുന്നു.

ആറാംദിനം രാവിലെ 8ന് സ്റ്റെല്ലാ പോയിന്റ് എന്ന സ്ഥലത്ത് ആദ്യം എത്തി. അവിടെനിന്ന് 19,341 അടി ഉയരത്തിലുള്ള ഉഹുറു കൊടുമുടിയിലേക്ക്. കിളിമഞ്ചാരോ ഗ്ലേസിയർ ആണ് അവിടെയുള്ള ഏറ്റവും മനോഹര കാഴ്ച. ആഗോളതാപനം കാരണം ഗ്ലേസിയർ അതിവേഗം ഉരുകിത്തീർന്നുകൊണ്ടിരിക്കുകയാണ്. ഫോട്ടോയും വിഡിയോയുമൊക്കെ പകർത്തിയശേഷം മൂന്നുമണിയോടെ തിരികെ ഇറങ്ങി ബേസ് ക്യാംപിലെത്തി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA