ADVERTISEMENT

സംഗീതവും യാത്രകളുമായി ജീവിതം അടിച്ചു പൊളിക്കുകയാണ് മഞ്ജരി. ഈയിടെ പോയ ചടയമംഗലത്തെ ജടായുപ്പാറയെക്കുറിച്ചും അവിടുത്തെ മനോഹരമായ തന്‍റെ അനുഭവത്തെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ കുറിക്കാനും മലയാളികളുടെ പ്രിയഗായിക മറന്നില്ല. ഭൂമിയുടെ കേന്ദ്രം എന്നാണ് മഞ്ജരി ജടായുപ്പാറയെ വിശേഷിപ്പിക്കുന്നത്. പിങ്ക് ടോപ്പും കറുത്ത ജെഗ്ഗിന്‍സുമണിഞ്ഞ്‌ സുന്ദരിയായാണ്‌ മഞ്ജരി ജടായുപ്പാറയുടെ മുകളിലെത്തിയത്.

manjari-travel3

ഭൂമിയുടെ മധ്യമാണിത്. ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്ന്. ഈ മനോഹരമായ ടൂറിസ്റ്റ് കേന്ദ്രം കാണാന്‍ തീര്‍ച്ചയായും സമയം കണ്ടെത്തണം. ലോകത്തിലെ ഏറ്റവും വലിയതും അദ്ഭുതകരവുമായ പക്ഷി പ്രതിമ സ്ഥിതി ചെയ്യുന്ന ഇവിടത്തെ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന കാഴ്ചകള്‍ നിങ്ങളെ അതിശയഭരിതരാക്കുമെന്ന് എനിക്കുറപ്പുണ്ട്. ഒപ്പം വീട്ടിലേക്ക് മടങ്ങിപ്പോരുമ്പോള്‍ മനസ്സു നിറയുന്ന സമാധാനത്തിന്‍റെ നിമിഷങ്ങള്‍ ഒപ്പം കൊണ്ടു പോരാമെന്നും മഞ്ജരി തന്‍റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിക്കുന്നു.

കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിൽ അദ്ഭുതകരമായ മാറ്റങ്ങളുണ്ടാക്കാൻ പോകുന്ന കൗതുകമാണ് കൊല്ലം ജില്ലയിലെ ജടായുപ്പാറ. ആയിരം അടി ഉയരമുള്ള പാറയുടെ മുകളിൽ നിർമിക്കുന്ന ജടായുവിന്റെ ശിൽപ്പം ലോകത്തെ ഏറ്റവും വലിയ പക്ഷി ശിൽപ്പമാണ്. സിനിമാ സംവിധായകനും ശിൽപ്പിയുമായ രാജീവ് അഞ്ചലാണ് ഈ കൗതുകത്തിന്റെ സ്രഷ്ടാവ്.

manjari-travel2

രാജീവ് അഞ്ചൽ എന്ന ശിൽപ്പിയുടെ സ്വപ്നമാണ് ജഡായു ശിൽപ്പം. പ്രതിമയുടെ ഉൾഭാഗം ബഹുനിലകളുള്ള കെട്ടിടത്തിന്റെ മാതൃകയിലാണ് നിർമിച്ചിരിക്കുന്നത്. അതിന്റെ ചുമരുകൾ വലിയ സ്ക്രീനുകളാണ്. സീതാപഹരണ കഥ 6 ഡി ഇമേജാണ് പടുകൂറ്റൻ സ്ക്രീനിൽ പ്രദർശിപ്പിക്കുക. മൂന്നാം നിലയിൽ ജഡായുവിന്റെ കണ്ണിന്റെ ദ്വാരത്തിലെത്തുമ്പോൾ 360 ഡിഗ്രി ആംഗിളിൽ മലനാടിന്റെ ഭംഗി കണ്ടാസ്വദിക്കാം.

manjari-travel1

ഒരു കാലത്ത് ആർക്കും വേണ്ടാതെ കിടന്ന സ്ഥലമായിരുന്നു ജടായുപ്പാറ ഉൾപ്പെടുന്ന കാട്ടുപ്രദേശം. ശിൽപ്പത്തിന്റെ നിർമാണം തുടങ്ങി പത്തു വർഷത്തിനുള്ളിൽ അവിടമൊരു അഡ്വഞ്ചർ പാർക്കായി. അർത്തുല്ലസിക്കാനുള്ള കൗതുകങ്ങളെല്ലാം പാർക്കിലുണ്ട്. ഫ്രീ ക്ലൈംബിങ്ങിൽ തുടങ്ങി പെയിന്റ് ബോളിൽ അവസാനിക്കുന്ന 20 ഇനം വിനോദ പരിപാടികൾ, മലയുടെ മുകളിൽ ടെന്റടിച്ച് അന്തിയുറക്കം എന്നിവയാണ് ജടായു അഡ്വഞ്ചർ സെന്ററിലുള്ളത്. ജടായുപ്പാറയുടെ മുകളിലെ തണുപ്പും കാറ്റും ആസ്വദിച്ച് അന്തിയുറങ്ങാൻ താത്പര്യമുള്ളവർക്കായി ടെന്റുകളുണ്ട്. പാറയുടെ മുകളിൽ റസ്റ്ററന്റും േസ്റ്റജും പൂർത്തിയാകുന്നതോടെ രാത്രികാല ക്യാംപുകൾ ആരംഭിക്കും.

തിരുവനന്തപുരം റൂട്ടിൽ കൊല്ലം ജില്ലയിലാണ് ചടയമംഗലം. ചടയമംഗലം ടൗണിൽ നിന്ന് 500 മീറ്റർ സഞ്ചരിച്ചാൽ പ്രവേശന കവാടത്തിലെത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com