ADVERTISEMENT

ഇന്ത്യയിൽ രാജസ്ഥാനിൽ മാത്രമല്ല തെക്കേ ഇന്ത്യയിലുമുണ്ട് മരുഭൂമി, ചുവന്ന മണലുള്ള മരുഭൂമി. അതിശയം തോന്നുന്നുണ്ടല്ലേ? തമിഴ്നാട്ടിലാണ് അധികമാരും അറിയപ്പെടാത്ത തേറികാട് എന്ന ഇൗ മരുഭൂമി. തൂത്തുകുടിയിൽനിന്നും തിരുനെൽവേലിയിൽനിന്നും 50 - 60 കിലോമീറ്റർ ദൂരം താണ്ടിയാൽ ഇവിടെ എത്തിച്ചേരാം. 

കാർക്കുവേൽ അയ്യനാർ ക്ഷേത്രം, അരും ചുനൈ കാത്ത അയ്യനാർ ക്ഷേത്രം എന്നിങ്ങനെ രണ്ട് പ്രസിദ്ധമായ ക്ഷേത്രങ്ങൾ തേറിക്കാടിനടുത്തുണ്ട്. ഇതിൽ കാർക്കുവേൽ അയ്യനാർ ക്ഷേത്രത്തിനടുത്താണ് തേറിക്കാട് ഏറ്റവും സുന്ദരം. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ചുവന്ന മണൽപരപ്പിൽ ഇടയ്ക്കിടെ അതിരിടുന്ന പച്ചപ്പ്. അരും ചുനൈ കാത്ത അയ്യനാർ ക്ഷേത്രത്തിന് ഇരുവശവുമായി ഒരിക്കലും വറ്റാത്ത രണ്ട് കുളങ്ങളുണ്ട്.  ഈ മരുഭൂമിയിലെ അദ്ഭുതമാണ് ആ കുളങ്ങൾ. 

Theri-Kaad1
ചിത്രം : റിനു രാജ്

കൃത്യമായ പ്ലാനിങ്ങോടെ രാവിലെ ഏഴരയോടെ തന്നെ കയമൊഴിയിൽ എത്തിച്ചേരാം. രണ്ടോ മൂന്നോ കടമുറികൾ മാത്രമുള്ള  ചെറിയൊരു ഗ്രാമപ്രദേശമാണിവിടം. ഇവിടെനിന്നും 3 കിലോമീറ്റർ‌ നടക്കണം. ആവശ്യമെങ്കിൽ ഓട്ടോ ലഭ്യമാണ്. സ്ഥലം കണ്ട് നടക്കാനാണിഷ്ടമെങ്കിൽ കാഴ്ചകൾ കണ്ട് നടന്നും പോകാം. ഒരു കിലോമീറ്റർ ചെന്നാൽ ഒരു ഗ്രാമുണ്ട്. അവിടെ മാത്രമേ ആൾതാമസമുള്ളൂ. സഞ്ചാരികൾക്കായി വിശ്രമസ്ഥലവും അവിടെ ഒരുക്കിയിട്ടുണ്ട്. പ്രകൃതി നിർമണീയമായ ഒരു പന്തൽ. മരങ്ങൾക്കടിയിൽ വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ. മറ്റൊരു പ്രത്യേകത ഇവിടുത്തെ മണലിന്റെ ചുവപ്പു നിറമാണ്.

Theri-Kaad
ചിത്രം : റിനു രാജ്

യാത്രയിൽ മൂന്നുകിലോമീറ്ററിൽ നാലഞ്ച് ക്ഷേത്രങ്ങളുണ്ട്. കയമൊഴിയിൽനിന്നും ഒരു കിലോമീറ്റർ കഴിഞ്ഞാൽ പിന്നെ മരുഭൂമി തുടങ്ങുകയായി. അതും ചുവന്ന മരുഭൂമി. ആദ്യകാഴ്ചയിൽ ചുവന്ന മരുഭൂമി ആരെയും അതിശയിപ്പിക്കും. ഇൗ മരുഭൂമിയിൽ മരങ്ങളും കാടുമൊക്കയുണ്ട്. പനയാണ് കൂടുതലും. അയ്യനാർ ക്ഷേത്രത്തിന് 200 മീറ്റർ മുൻപായി ക്ഷേത്രത്തിലേക്കുള്ള ഒരു പ്രവേശന കവാടവും കാണാം. ഇവിടം വരെയുമുള്ള റോഡും ടാർ ഇട്ട ചെറിയ വഴിയാണ്. വേണമെങ്കിൽ മരുഭുമിയിലൂടെയും നടന്ന് അയ്യനാർ ക്ഷേത്രത്തിലെത്താം.

ചിത്രം: ബിബിൻ ജോസഫ്

ബസിലും മറ്റുമായി ക്ഷേത്രം സന്ദർശിക്കാൻ നിരവധിയാളുകളും എത്തിച്ചേരാറുണ്ട്. ക്ഷേത്രത്തിന് പുറകിലായാണ് നോക്കെത്താ ദൂരത്തോളം മരുഭൂമി നീണ്ടുകിടക്കുന്നത്. ക്ഷേത്രത്തിന് മുന്നിൽ വെള്ളം, കരിക്ക്, പഴങ്ങളുമൊക്കെ കിട്ടുന്ന ചെറിയ  കടകളും കാണാം. എല്ലാത്തിനും വില കൂടുതലാണ്. ക്ഷേത്രത്തിന്റെ ഒരു വശത്ത് കൂടി ചുവന്ന മരുഭൂമിയിലേക്ക് കയറാം. അങ്ങിങ്ങായി തണലുള്ള മരച്ചുവട്ടിൽ വിശ്രമിക്കാം. പണ്ട് സിനിമ ചിത്രീകരണത്തിന് വേണ്ടി മാത്രമായിരുന്നു ഇ സ്ഥലം ഉപയോഗിച്ചിരുന്നതെങ്കിൽ അടുത്തിടെയായി ധാരാളം സന്ദർശകർ ഇൗ കൊച്ചു മരുഭൂമി തേടി എത്തിച്ചേരുന്നുമുണ്ട്. 

കാണുമ്പോൾ വഴിതെറ്റില്ല എന്നു തോന്നും പക്ഷേ ഈ മരുഭൂമിയ്ക്കുള്ളിലേക്ക് അധികം കയറിപ്പോകരുത്. കാരണം കാറ്റിൽ മൺകൂനകൾ നീങ്ങികൊണ്ടേയിരിക്കും. ഇത് നിങ്ങളെ വഴിതെറ്റിക്കും. ഇവിടെയെത്തിയ സഞ്ചാരികളിൽ പലരും വഴിതെറ്റി മരുഭൂമിയ്ക്കുള്ളിൽ അകപ്പെട്ട നിരവധി കഥകൾ തദ്ദേശീയരിൽ നിന്ന് അറിയാൻ കഴിഞ്ഞു.

പകൽ നല്ല വെയിലും ചൂടുമായതിനാൽ തേറിക്കാട് മരുഭൂമിയിലേക്കുള്ള യാത്ര രാവിലെയോ വൈകുന്നേരമോ ആക്കാം. കൂടിപ്പോയാൽ 2 മണിക്കൂർ മാത്രം ചെലവഴിക്കാൻ പറ്റിയ ഒരു സ്ഥലം മാത്രമാണ് തേറികാട്. എന്നാലും അധികം ആർക്കും അറിയാത്ത ഒരു വ്യത്യസ്ത സ്ഥലം, അതും മരുഭൂമി സന്ദർശിച്ച അനുഭവം കിട്ടുമെന്ന കാര്യത്തിൽ സംശയമില്ല. തൂത്തുകുടിയിൽനിന്നും രാവിലെ 5 മണിക്ക് തിരുച്ചെന്തുർ എന്ന സ്ഥലത്തേക്ക് ബസ് കയറാം ഏകദേശം 40 കിലോമീറ്റർ ദൂരമുണ്ട് തിരിച്ചെന്തുരിലേക്ക്. കടൽതീരത്തോട് ചേർന്ന് കിടക്കുന്ന ചെറിയ ടൗണാണ് തിരുച്ചെന്തുർ. ഇവിടെനിന്നും തേറികാടിന്റെ അടുത്ത സ്ഥലമായ കയമൊഴിയിലേക്ക് ബസ് സർവീസുമുണ്ട്. 10 രൂപ ടിക്കറ്റിൽ 10 - 15 മിനിറ്റ് യാത്രയുണ്ട്.

English Summery: Theri Kaad Red Desert

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com