sections
MORE

വയനാട്ടിലെ ഏറ്റവും ഉയരമേറിയ സിപ്പ് ലൈൻ; സഞ്ചാരികളെ ഇതാ കർളാട് വിളിക്കുന്നു

Karlad-Lake-Wayanad-7
SHARE

1924 ലെ മഹാപ്രളയം ദുരിതങ്ങൾ സമ്മാനിച്ചപ്പോൾ ചില അദ്ഭുതങ്ങളും പിറന്നിരുന്നു. കൊച്ചി അതിലൊന്നാണെന്നു നിങ്ങൾക്കറിയാം. പുഴകളുടെ ഗതിമാറ്റിയും ഗതാഗതത്തെ താറുമാറാക്കിയും അന്നു താണ്ഡവമാടിയ പ്രകൃതി വയനാടിനും ഒരു ചെറു സമ്മാനം നൽകി. അതാണു കർളാട് തടാകം. വയനാടിന്റെ ടൂറിസം ഭൂപടത്തിൽ ഒളിച്ചിരിക്കുന്നൊരു കുഞ്ഞുതടാകം. ഹൃദയരൂപമുള്ള, പത്തേക്കർ വിസ്തൃതിയുള്ള കർളാട് തടാകം വയനാടിന്റെ അറിയാസ്ഥലങ്ങളിലൊന്നാണ്.

Karlad-Lake-Wayanad-4

ബാണാസുര സാഗർ ഡാം കാണുന്നവർക്ക് ഇത്തിരി സാഹസികത കൂടി അനുഭവിക്കാം, കാപ്പിത്തോട്ടങ്ങൾക്കിടയിലെ ഹോംസ്റ്റേകളിൽ രാവുറങ്ങാം, തടാകക്കരയിൽ തയാറായിക്കൊണ്ടിരിക്കുന്ന ടെന്റുകളിൽ ചേക്കേറാം… ഇങ്ങനെ കർളാട് തടാകത്തിലേക്കുള്ള യാത്രയിൽ ആകർഷണങ്ങൾ ഏറെയാണ്. കുഞ്ഞുദ്വീപുകളും വിടർന്നു നിൽക്കുന്ന ആമ്പലുകളും അക്കരെ തലയുയർത്തിനിൽക്കുന്ന കമുകുകളും ചേർന്ന് കർളാടിനെ ഒരു ശാലീന സുന്ദരിയാക്കുന്നു. കെടിഡിസിയാണ് കർളാട് തടാകം പരിപാലിക്കുന്നത്.

Karlad-Lake-Wayanad-8

തനിനാട്ടുവഴിയിലൂടെ യാത്ര ചെയ്താണു കർളാടിലെത്തേണ്ടത്. ബാണാസുര സാഗർ ഡാമിലേക്കുള്ള വഴിയിൽ കാണപ്പെടുന്ന കർളാട് തടാകം എന്ന ബോർഡ് അവഗണിക്കുകയാണു എല്ലാവരുടെയും പതിവ്. എന്നാൽ ഇനി ആ വഴിയിലേക്കൊന്നു സ്റ്റിയറിങ് തിരിച്ചുനോക്കൂ. നന്നായി പരിപാലിക്കപ്പെടുന്ന ഒരു വിനോദസഞ്ചാരകേന്ദ്രമാണ് കർളാട്. പണ്ടൊരു പാടശേഖരമായിരുന്നു അവിടെ. വെള്ളപ്പൊക്കവും അടുത്തുള്ള മലയിൽനിന്നുള്ള ഉരുൾപൊട്ടലും ചേർന്നപ്പോൾ പാടം മൂടി. അന്ന് ജോലിചെയ്തിരുന്നവരൊക്കെയും കാളകളും ഇന്നും ആ തടാകഹൃദയത്തിൽ ഉറങ്ങുണ്ടാകും. അവർ ലോകത്തെ നോക്കാനായിട്ടാണോ ആമ്പൽക്കണ്ണുകൾ ധാരാളമായി വിടർന്നു നൽക്കുന്നതെന്ന സംശയം ബോട്ടിൽ കയറുന്നവർക്കു തോന്നാം.

Karlad-Lake-Wayanad-5

ശാന്തമായ അന്തരീക്ഷം. സുഹൃത്തുക്കളുമായി ഒരു ദീർഘദൂരയാത്ര കഴിഞ്ഞശേഷം കർളാടിലെത്താം. പത്തേക്കറോളം വിസ്തൃതിയിലുള്ള തടാകത്തിന്റെ ചുറ്റുപാടുനൽകുന്ന സ്വസ്ഥതയിൽ സൊറ പറഞ്ഞിരിക്കാം. ഒരു ബോട്ട്എടുത്ത് കറങ്ങിനോക്കൂ… മുകളിലൂടെ ചിലർ ആഹ്ലാദാരവം മുഴക്കി സിപ്പ്ലൈനിൽ  പാഞ്ഞുപോകുന്നതു കാണാം.   ബോട്ടിങ് എല്ലായിടത്തും ഉണ്ടെങ്കിലും തടാകപ്പരപ്പുകണ്ടാസ്വദിച്ച് സിപ്പ്ലൈനിലൂടെ ഊർന്നിറങ്ങാൻ കർളാട് പോലെയൊരു സ്ഥലമില്ല. വയനാട്ടിലെ ഏറ്റവും ഉയരം കൂടിയ സിപ്പ്ലൈൻ ആണിവിടെ. സിപ്പ്ലൈനിൽ കയറി അക്കരെയെത്തിയാൽ രണ്ടുണ്ടു കാര്യം. ഒന്ന്- മുന്നൂറു മീറ്റർ ദൂരത്തിൽ കമ്പിയിൽ തൂങ്ങി   തടാകം മുഴുവൻ ഒരു പക്ഷിക്കണ്ണിലെന്നവിധം കാണാം. രണ്ട്, തിരിച്ചുള്ള ബോട്ട് യാത്ര ആസ്വദിക്കാം. കൂടുതൽ പേരുണ്ടെങ്കിൽ മുളഞ്ചങ്ങാടത്തിലിങ്ങനെ തുഴഞ്ഞുതുഴഞ്ഞു പോരാം. ഒരു നൂൽമഴ കൂടി പെയ്താൽ സംഭവം കലക്കും. കയാക്കിങ്, അമ്പെയ്ത്ത് തുടങ്ങിയവയും യാത്രികർക്കായി ഒരുക്കിയിട്ടുണ്ട്.

Karlad-Lake-Wayanad-1

കർളാടിനടുത്ത്   മിക്കയിടത്തും നല്ല ഹോംസ്റ്റേകളും  ഹോട്ടലുകളുമുണ്ട്.  തടാകക്കരയിൽ താമസിക്കാനായി  കെടിഡിസി വക  പത്തു സ്വിസ് കോട്ടേജുകൾ ഒരുങ്ങുന്നുണ്ട്. അടുത്ത മാസം ഇവ പ്രവർത്തനസജ്ജമാകും എന്ന് അധികൃതർ പറയുന്നു. ഒന്നിൽ രണ്ടുമുതിർന്നവർക്കും രണ്ടു കുട്ടികൾക്കുമുള്ള സൗകര്യങ്ങളുണ്ട്. ബാത്ത് റൂം അറ്റാച്ച്ഡ്ആണ്.  നാലു മഡ്ഹൗസുകളും സഞ്ചാരികളെ കാത്തിരിക്കുന്നു.

ആഹാരം- റൂഫ് ടോപ് കന്റീനിൽനിന്നു ലഭിക്കും.

Karlad-Lake-Wayanad

അടുത്തുള്ള പട്ടണം കാവുമണ്ണയാണ്.

ബഹളങ്ങളിൽനിന്നൊഴിഞ്ഞ്  ഡിസംബറിലെ അവധിക്കാലത്തെ തണുപ്പനുഭവിക്കാൻ ഇതിലും നല്ലൊരു സ്ഥലം വേറേ നോക്കേണ്ടതില്ല. 

കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം - 9605325371

Karlad-Lake-Wayanad-3

റൂട്ട്- താമരശ്ശേരി ചുരം കയറിയെത്തുന്ന വൈത്തിരിയിൽനിന്ന് -പൊഴുതന-തരിയോട്-കർളാട്- 20 KM

English Summery :  Karlad Lake Wayanad Travel

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA