ADVERTISEMENT

സൈപ്രസിലെ ഒലീവ് മരങ്ങൾക്കു ചുവട്ടിൽവച്ച് ആദ്യമായി കണ്ടപ്പോൾ ഈ ലോകം ചുട്ടുപൊള്ളുന്ന പ്രണയമായി അവളുടെ കണ്ണുകളിൽ നിറയുന്നത് ആൻഡി നോക്കി നിന്നു. വിതയ്ക്കാതെ, കൊയ്യാതെ, ചെലവാകുന്ന പണത്തിന്റെ കണക്കു നോക്കാതെ അവർ ആകാശത്തിലെ പറവകളെപ്പോലെ യാത്ര തുടങ്ങി. മുന്തിരി വള്ളി തളിർത്തതും നീർമാതളം പൂത്തതുമായ ഒരു പ്രഭാതത്തിൽ അയനാപ്പയിലെ ഈന്തപ്പനത്തോട്ടത്തിൽ വച്ച് എമ്മ അവളുടെ മോഹം ആൻഡിക്കു സമ്മാനിച്ചു:

‘‘പ്രിയപ്പെട്ടവനെ, അന്നു നീ എന്റെ മിഴികളിൽ കണ്ടു നിന്ന സ്വപ്നലോകത്തിന്റെ വാതിൽ ഇതാ കൺമുന്നിൽ തുറന്നു കിടക്കുന്നു. ഈ പ്രപഞ്ചം ചുറ്റിക്കാണാൻ ഇരുകൈകളും കോർത്ത് നമുക്ക് ഇറങ്ങിപ്പുറപ്പെടാം. ഭൂമിയിലെ എല്ലാ രാജ്യങ്ങളും കണ്ടു തിരിച്ചെത്തുമ്പോൾ എമ്മ എന്ന ഞാൻ എന്നെന്നേക്കുമായി നിന്റേതായിരിക്കും...’’

ഇംഗ്ലീഷുകാരി എമ്മ വാക്കു തെറ്റിച്ചില്ല. ലോകപര്യടനം പകുതിയാകുന്നതിനു മുമ്പ് സഹയാത്രികനെ, കൂട്ടുകാരനെ, ഭർത്താവായി സ്വീകരിച്ചു. നാൽപ്പത്താറു രാജ്യങ്ങളുടെ ഭംഗിയും രുചിയും ആസ്വദിച്ച ശേഷം കാറിന്റെ ആക്സിലറേറ്ററിൽ കാലമർത്തുമ്പോൾ ആൻഡിയോട് എമ്മ പറഞ്ഞു; ‘‘ഇനി നമ്മുടെ യാത്ര ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്...’’

22–01–2016. എമ്മയും ആൻഡിയും കേരളത്തിൽ എത്തിയിട്ടുണ്ടെന്ന് അറിയിക്കാൻ ആർത്രേയ ആയുർവേദ റിസോർട്ടിലെ ഡോ. ജയകൃഷ്ണന്റെ ഫോൺ. ഫൊട്ടോഗ്രാഫറെയും കൂട്ടി അപ്പോൾത്തന്നെ ഇറങ്ങിത്തിരിച്ചു. കുട്ടനാട് – കാവാലം റോഡിലെ തുരുത്തിക്കവലയ്ക്കടുത്തുള്ള പാടശേഖരത്തിനരികെ വച്ച്, ഉലകം ചുറ്റുന്ന ദമ്പതികളെ കണ്ടെത്തി. പനംതത്തകൾ പറക്കുന്ന വയലിനരികെ പൊരിവെയിലത്തു വണ്ടി നിർത്തി പടം പിടിക്കുകയായിരുന്നു ഭാര്യയും ഭർത്താവും. ‘കരിമ്പിൻകാലാ’ റസ്റ്ററന്റിൽ നിന്നു കരിമീൻ പൊള്ളിച്ചതും പൊടി മീൻ വറുത്തതും കൂട്ടി ഊണു കഴിച്ചപ്പോൾ ആൻഡിയും എമ്മയും ഊർജസ്വലരായി. പുഞ്ചപ്പാട വരമ്പത്തെ തെങ്ങിൻ ചുവട്ടിലിരുന്ന് സായിപ്പും മദാമ്മയും ലോകപര്യടനത്തിന്റെ വിശേഷങ്ങൾ പറഞ്ഞു തുടങ്ങി.

പ്രണയം കീഴടക്കിയ യാത്ര

കഥയുടെ അധ്യായം പത്തിരുപതു വർഷം പിന്നിലേക്ക്. എമ്മ സ്മിത്ത് എന്ന പതിനാറുകാരി അന്ന് ഡൽഹിയിൽ മറൈൻ ബയോളജി പഠിക്കുന്നു. ബ്രിട്ടനിൽ അക്കാലത്ത് ജലജീവികളെക്കുറിച്ചു ഗവേഷണം നടത്താൻ വിദ്യാലയം ഇല്ലാത്തതുകൊണ്ടല്ല എമ്മ ഇന്ത്യയിലേക്കു വിമാനം കയറിയത്. ജന്മനാടിനപ്പുറത്തുള്ള വിശാലമായ ലോകം കാണാനുള്ള അടങ്ങാത്ത ആഗ്രഹത്തിന്റെ ഫലമായിരുന്നു ആ തീരുമാനം. ഏഴു മാസത്തെ കോഴ്സ് പൂർത്തിയാക്കി 1995 സെപ്റ്റംബറിൽ പാലം വിമാനത്താവളത്തിൽ നിന്നു യുകെയിലേക്കു മടങ്ങുമ്പോഴേക്കും നേപ്പാളും എവറസ്റ്റ് ബേസ് ക്യാംപും ഉൾപ്പെടെ തലസ്ഥാന നഗരത്തിന്റെ സമീപ പ്രദേശങ്ങളെല്ലാം ഈ പെൺകുട്ടി നടന്നു കണ്ടു. ഉരുകി വിങ്ങുന്ന അഗ്നിപർവതം പോലെ യാത്രാ മോഹങ്ങൾ വീണ്ടും തിളച്ചു പൊങ്ങിയപ്പോൾ അവൾക്കു യുകെയിൽ ഇരിക്കപ്പൊറുതിയുണ്ടായില്ല. പോസ്റ്റ് ഗ്രാജുവേഷൻ പഠിക്കാനെന്നു വീട്ടിൽ പറഞ്ഞ് നേരേ മെക്സിക്കോയിലേക്കു പറന്നു. ആ രാജ്യത്തിന്റെ നാഡീഞരമ്പുകൾ തൊട്ടറിഞ്ഞതിനൊപ്പം ബിരുദാനന്ദബിരുദം പൂർത്തിയാക്കിയ എമ്മ, പരീക്ഷയുടെ പിറ്റേന്നാൾ കൂട്ടുകാരോടൊപ്പം ഒറ്റ പറക്കലായിരുന്നു, സൈപ്രസിലേക്ക്.

ആദാമിന്റെ വാരിയെല്ലിൽ നിന്നു ഹവ്വ പിറന്ന പുരാണത്തിന്റെ തുടർച്ചയാണ് ഈ സഞ്ചാരപ്രിയയുടെ ബാക്കി ജീവിതയാത്ര. ഹവ്വ ഇണയെ കണ്ടെത്തിയത് ഏതനിലും, എമ്മയ്ക്കുവേണ്ടി സൃഷ്ടിച്ച പുരുഷൻ സൈപ്രസിലുമായിരുന്നു എന്ന വ്യത്യാസം മാത്രം.

കൂട്ടുകാരികളോടൊപ്പം തുള്ളിച്ചാടി നടന്ന എമ്മയ്ക്ക് സൈപ്രസിലെ നിഷ്കർഷകൾ ബോധിച്ചില്ല. അറബിച്ചിട്ടകളും സ്ത്രീകൾക്കു കൽപ്പിച്ചിട്ടുള്ള നിയന്ത്രണങ്ങളും എമ്മയെ ശ്വാസം മുട്ടിച്ചു. എത്രയും പെട്ടന്നു തിരികെ പോയാൽ മതിയെന്ന ആലോചനയിൽ നടക്കുമ്പോഴാണ് ആൻഡി സ്മിത്ത് എന്ന പയ്യനെ പരിചയപ്പെട്ടത്. സുന്ദരൻ, സ്വന്തം നാട്ടുകാരൻ, സർവോപരി സഞ്ചാരപ്രിയൻ...

world-traveller

മത്സ്യഗവേഷണവുമായി ഒമാൻ, സൗദി അറേബ്യ, ജോർദാൻ, യെമൻ എന്നീ രാജ്യങ്ങളിലൂടെ യാത്ര തുടർന്നെങ്കിലും എമ്മയ്ക്ക് സൈപ്രസ്സിൽ കണ്ട ചെറുക്കനെ മറക്കാനായില്ല. ഇ–മെയ്‌ലിന്റെ ഇൻബോക്സിൽ ആൻഡിയുടെ കുറിപ്പുകൾക്കായി അവൾ കാത്തിരുന്നു. പ്രണയത്തിൽ ചാലിച്ച വരികളുമായെത്തിയ കത്തുകൾ വായിച്ചു വിവശനായ ആൻഡി ഒടുവിൽ എമ്മയെ കാണാൻ ദുബായിലേക്കു പറന്നു. സൈപ്രസിൽ മൊട്ടിട്ട പ്രണയം 2010ലെ ഒരു വേനൽച്ചൂടിൽ ദുബായ് മരുഭൂമിയിൽ പൂത്തുലഞ്ഞു. പക്ഷേ, അവിടെയും ഇവരുടെ പ്രേമത്തിന് യാത്രയുടെ മൂടുപടമണിയാനായിരുന്നു നിയോഗം.

യുഎഇയിൽ നിന്ന് ഒമാനിലെ സലാലയിലേക്ക് 10 ദിവസത്തെ റോഡ് ട്രിപ്പ് പ്ലാൻ ചെയ്ത് ആകാംക്ഷയോടെ കാത്തിരുന്ന എമ്മയുടെ മുന്നിലാണ് പ്രണയത്തിൽ മുങ്ങിയ മനസ്സുമായി ആൻഡി ലാൻഡ് ചെയ്തത്. മണലാരണ്യങ്ങളിലെ ചൂടിൽ കാറോടിച്ച് എമ്മയും ആൻഡിയും യാത്ര ഉത്സവമാക്കി. മൂന്നാഴ്ചകൾ പൊടുന്നനെ കടന്നു പോയെന്ന ഖേദവുമായി വീസാ കാലാവധി കഴിഞ്ഞ് ആൻഡി ജോലി സ്ഥലത്തേക്കു മടങ്ങി.


ദൈവത്തിന്റെ വികൃതികൾ

ദൈവം കൂട്ടിച്ചേർത്തതു വീസയ്ക്കു പിരിക്കാനാവില്ലെന്നു തെളിയാൻ രണ്ടു മാസമേ കാത്തിരിക്കേണ്ടി വന്നുള്ളൂ. ആദ്യം ആൻഡിയിൽ പിറന്ന പ്രണയം മറ്റൊരു യാത്രയുടെ തുടക്കത്തിനായി എമ്മയിലേക്കു പടർന്നു. ഒരു കാറിൽ ലോകം മുഴുവൻ സഞ്ചരിക്കാൻ തയാറാണോ എന്നു ചോദിച്ചുകൊണ്ട് ആൻഡിക്ക് എമ്മ ഇ–മെയ്‌ലയച്ചു.

‘Around the world in 800 days’ : ഒരു കാറിൽ ലോകം മുഴുവൻ സഞ്ചരിച്ച് 800 ദിവസത്തിനുള്ളിൽ പുറപ്പെട്ട സ്ഥലത്ത് തിരിച്ചെത്തുക. ലോകം ചുറ്റാനുള്ള പദ്ധതിക്ക് എമ്മ തയാറാക്കിയ ഫോർമുല ഇതായിരുന്നു. വിരഹവേദനയിൽ കഴിഞ്ഞിരുന്ന ആൻഡി ആഗ്രഹിച്ചതും എമ്മ ആവശ്യപ്പെട്ടതും യാത്ര!

അത്രയും കാലം സമ്പാദിച്ച പണം മുഴുവനും രണ്ടാളും കണക്കുകൂട്ടി ശിഷ്ടമെഴുതി. സ്വന്തമായി വാങ്ങിയ വിലപിടിപ്പുള്ളതെല്ലാം വിറ്റു കാശാക്കി. അതെല്ലാം ചേർത്തുവച്ചിട്ടും പകുതി ദൂരം യാത്രയ്ക്കുള്ള പണം വേറെ കണ്ടെത്തണം എന്നതായിരുന്നു അവസ്ഥ.

world-traveller1

‘‘എന്തായാലും തീരുമാനിച്ചു; ഇനി മാറ്റമില്ല’’ എമ്മ രണ്ടും കൽപ്പിച്ചു പറഞ്ഞപ്പോൾ ആൻഡി ഡബിൾ ഓകെയിൽ തലയാട്ടി. തുടർന്ന് 2012 ഏപ്രിൽ 30 വരെയുള്ള രാപ്പകലുകൾ കഠിനാധ്വാനം ചെയ്ത് അവർ പണമുണ്ടാക്കി. ‘ടൊയോട്ട ഹൈലക്സ് സർഫ് ബീബി’ കാർ വാങ്ങി. കാറിന്റെ റൂഫിനു മീതെ ടെന്റ് ഘടിപ്പിച്ചു. രണ്ടേകാൽ വർഷം (800 ദിവസം) കാറിനുള്ളിൽ ജീവിക്കാനുള്ള സാധനങ്ങളെല്ലാം വാങ്ങിക്കൂട്ടി. അടുപ്പക്കാരോടു യാത്ര പറഞ്ഞ് യുകെയിൽ നിന്ന് ഭൂമിയെ വലം വയ്ക്കാനുള്ള സഞ്ചാരം തുടങ്ങി.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com