sections
MORE

പച്ചമുളകിട്ട പച്ചമാങ്ങാ ജ്യൂസ് കുടിച്ചാലോ? അതും നഗരമുറങ്ങുമ്പോൾ

juice-shop
SHARE

ജ്യൂസ് സ്ട്രീറ്റിലേക്ക്  വൺ പ്ലസ് 7 പ്രോ പരീക്ഷിക്കാനൊരു യാത്ര. നാവിനുത്സവമായി പച്ചമാങ്ങാ മുളകിട്ട ജ്യൂസും…

ചങ്ങാതിയുടെ കയ്യിലെ പുതിയ ഫോൺ ടെസ്റ്റ് ചെയ്യണം. പകൽ ഷൂട്ട്  ചെയ്താൽ ഏതു ക്യാമറയും അത്യാവശ്യം നല്ല റിസൾട്ട് ആണു നൽകുക. എന്നാൽപ്പിന്നെ കൊച്ചിയുടെ രാത്രിക്കാഴ്ചകൾ പകർത്തിയാലോ എന്ന ചോദ്യത്തിനുത്തരമായിട്ടാണ് എറണാകുളം ഹൈക്കോർട്ട് ജംങ്ഷനിലെ ജ്യൂസ് തെരുവിലേക്കെത്തിയത്. ഫോർട്ട് കൊച്ചിയിലെ ജ്യൂ സ്ട്രീറ്റ് അല്ല . ഇതു കൊച്ചിയുടെ ജൂസ് സ്ട്രീറ്റ്.

juice-street-kochi2

എറണാകുളത്തു സജീവമായവർക്ക് ഏറെ പരിചിതമായിരിക്കും ഈ സ്ഥലങ്ങളെന്നു പറയേണ്ടതില്ലല്ലോ?

മഴവിൽപ്പാലങ്ങളുടെ മായാവെളിച്ചത്തിനു താഴെ എത്തിക്കുന്ന നടപ്പാത ഈ കടകൾ കഴിഞ്ഞു മുന്നോട്ടു പോകണം. പലതരം പാനീയങ്ങളുടെ നീണ്ട നിരയും കൈകാട്ടി വിളിക്കുന്ന ഉപ്പിലിട്ട മാങ്ങ-ക്യാരറ്റ്-പൈനാപ്പിളാദികളും കണ്ട് വെറുതേ നടക്കുവതെങ്ങനെ?   

juice-street-kochi4

ആദ്യം ഒരു പച്ചമാങ്ങാ ജ്യൂസ് തന്നെ ഓർഡർ ചെയ്തു. ചെറിയ എരിവിനൊപ്പം മാങ്ങയുടെ രുചി നുണഞ്ഞിറക്കുമ്പോൾ സുഹൃത്ത് അടുത്ത വിഭവം പറഞ്ഞു. ഇതരസംസ്ഥാന സഹോദരങ്ങൾ ഏത് ഓർഡറും ചിരിയോടെയാണു സ്വീകരിക്കുന്നത്. കുപ്പി ഗ്ലാസിൽ ജ്യൂസ് നിറച്ചശേഷം സ്റ്റീൽ ഗ്ലാസുകൊണ്ടു മൂടി ഒരു ടപ്പാംകൂത്തുണ്ട്. അതാണു മിക്സിങ്ങ്. ഒന്നു രണ്ടു കുലുക്കലുകൾ കൊണ്ട് ജ്യൂസ് തയാർ.

ഏതു ജ്യൂസും കിട്ടും. കൂടെ രാത്രിയിൽ ഉൻമേഷമേകാൻ ബുസ്റ്റ്, ഹോർലിക്സ് തുടങ്ങിയവയുമുണ്ട്. ജ്യൂസ് കഴിച്ചു മുന്നോട്ടു നടക്കാം. മഴവിൽപാലത്തിൽനിന്നു തൂങ്ങിനിൽക്കുന്ന കമ്പികളിൽ പ്രകാശം പ്രതിഫലിക്കുന്നുണ്ട്. ഒരു ഫാഷൻ ഫോട്ടോഗ്രഫി ഷൂട്ട് നടത്താൻ പറ്റിയ ഇടം എന്നു ഫൊട്ടോഗ്രഫർ സുഹൃത്തിന്റെ നിരീക്ഷണം.

juice-street-kochi5

കായലിലേക്കു തള്ളിനിൽക്കുന്ന ഒരു കെട്ടിടത്തിൽ വെള്ളിവെളിച്ചം. ഇടയ്ക്കു പിടയ്ക്കുന്ന ആ വെളിച്ചം തേടിയിറങ്ങി. അതൊരു മീൻവള്ളം അടുത്തതാണ്. വലയിൽനിന്ന് മീനുകളെ പിടിച്ചു കൂടയിലേക്കിടുന്ന രംഗമാണു നമ്മൾ കാണുക. തലയിൽ പിടിപ്പിച്ച ടോർച്ചിന്റെ വെട്ടത്തിൽ വലയും മീനുകളുടെ ചെതുമ്പലുകളും തിളങ്ങുന്നു. രാത്രി സഞ്ചാരികളെ അവർക്കും പരിചയമുണ്ട്. ഈ കാഴ്ചകളെല്ലാം ക്യാമറയുടെ സാധാരണ മോഡിൽ ഷൂട്ട് ചെയ്ത ശേഷം മാന്വൽ മോഡ് കൂടി പരീക്ഷിച്ചുനോക്കാം എന്ന അഭിപ്രായം വന്നു.

ചെറിയ ഇളക്കമുള്ള കായൽക്കരയിലെ ഇരിപ്പിടങ്ങളിലൊന്നിൽ ഇരുന്ന ശേഷം അക്കരെ കാണുന്ന ദീപാലങ്കാരങ്ങളെ മാന്വൽ മോഡിൽ ഷൂട്ട് ചെയ്തു. ആ ഫോട്ടോ താഴെ ക്കാണാം. കൊച്ചിയുടെ രാത്രിക്കാഴ്ച ഇതൊക്കെയാണ്. നടപ്പാതയിലൂടെ കുടുംബവുമായി നടന്നു നീങ്ങുന്നവരുണ്ട്. നേരം പാതിരാ കഴിഞ്ഞെന്നോർക്കണം. പെൺസുഹൃത്തുക്കളുമായി സംസാരിച്ചുനീങ്ങുന്നവരുണ്ട്. ഇവിടെ ഭയപ്പെടാനൊന്നുമില്ലെന്ന് അക്കൂട്ടത്തിലൊരാൾ പറഞ്ഞു.

juice-street-kochi3

ശരിയായിരിക്കാം. ജ്യൂസുകൾ നുണഞ്ഞു രാത്രി കുറച്ചുനേരം ചെലവിടാൻ കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് വേറേയേതുണ്ട് ഇത്ര സുരക്ഷിതമായ ഇടം…?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA