ADVERTISEMENT

ഇത്തവണ പുതുവത്സര ദിനം ആഘോഷിക്കാൻ കൊച്ചിയിൽ പോകുന്നവർ നിരാശപ്പെടാൻ ഇടവരരുത്. കഴിഞ്ഞ വർഷത്തേതു പോലെ ഗതാഗതക്കുരുക്കിൽപ്പെട്ട് കഷ്ടപ്പെടാനുള്ള സാഹചര്യം ഉണ്ടാകരുത്. കൊച്ചിയിലെത്തുന്നവരെല്ലാം കാർണിവൽ കാണണം,  പോർച്ചുഗീസുകാരുടെ ശേഷിപ്പുകൾ സന്ദർശിക്കണം, പപ്പാഞ്ഞിയെ കത്തിക്കുന്നതിനു സാക്ഷ്യം വഹിക്കണം, ഹാപ്പി ന്യൂ ഇയർ പറയണം... ഇങ്ങനെയൊരു സഞ്ചാര സൗഹൃദ സാഹചര്യം അന്വേഷിച്ചു.

ഡിടിപിസിയിൽ പോയി; പുതുവത്സരാഘോഷത്തിനുള്ള തയാറെടുപ്പുകൾ പുരോഗമിക്കുകയാണെന്ന് അവർ പറഞ്ഞു. മറൈൻ ഡ്രൈവിൽ കറങ്ങി; ബോട്ട് ഏജന്റുമാരുടെ വാചകക്കസർത്ത് കേട്ടു. ടാക്സിക്കാരോടു ചോദിച്ചു; ഡിസംബർ മുപ്പത്തൊന്നാം തീയതി ഫോർട്ട് കൊച്ചിയിലേക്ക് വരില്ലെന്നു പറഞ്ഞു. ഇതെല്ലാം കേട്ട് ചുറ്റിത്തിരിഞ്ഞ് ബോട്ട് ജെട്ടിയിലെത്തിയപ്പോഴാണ് ടൂറിസ്റ്റ് ഹെൽപ്പ് ഡെസ്കിലുള്ള വർഗീസിനെ കണ്ടത്. 

kochi-travel1

‘‘I reommend you to choose public boat. Enjoy kochi by public ferries’’ ഫോർട്ട് കൊച്ചിയിലേക്കും മട്ടാഞ്ചേരിയിലേക്കും സർവീസ് നടത്തുന്ന സർക്കാർ ബോട്ടുകൾ ചൂണ്ടിക്കാട്ടി വർഗീസ് പറഞ്ഞു. നാലു രൂപയ്ക്ക് എറണാകുളം – ഫോർട്ട് കൊച്ചി ബോട്ട് യാത്ര. വൈപ്പിൻ, മട്ടാഞ്ചേരി എന്നിവിടങ്ങളിലേക്കും ബോട്ട് യാത്രയ്ക്ക് നാലു രൂപ. അവിടെ നിന്ന് എറണാകുളത്തേക്ക് തിരിച്ചു വരാൻ അര മണിക്കൂർ ഇടവിട്ട് ബോട്ട് സർവീസുണ്ട്. യാത്രാക്കൂലി പകുതി, ഗതാഗതക്കുരുക്കില്ല...  മറ്റൊന്നും ആലോചിക്കാതെ ഈ യാത്ര തിരഞ്ഞെടുത്തു. 


പൂരത്തിരക്ക് 

രാവിലെ 9.20ന് ഫോർട്ട് കൊച്ചിക്കുള്ള ബോട്ടിൽ കയറി. കപ്പലുകളും ഷിപ്പ് യാഡും കണ്ടാസ്വദിച്ച് മുപ്പതു മിനിറ്റിനുള്ളിൽ ഫോർട്ട് കൊച്ചിയിലെ ജെട്ടിയിലെത്തി. വാസ്കോഡഗാമാ  സ്ക്വയറിലിറങ്ങിയപ്പോൾ തൃശൂർപ്പൂരം പോലെ ജനത്തിരക്ക്. കാർണിവലിനെ വരവേൽക്കാൻ ഫോർട്ട് കൊച്ചിയിൽ വന്നിറങ്ങിയവരിൽ പകുതിയും വിദേശികളാണ്. ഡച്ചുകാരും പോർച്ചുഗീസുകാരും പടുത്തുയർത്തിയ പള്ളിയും കൊട്ടാരവും പാതകളും അവർക്ക് ഈ നാടുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നു. നവംബർ അവസാനിച്ചപ്പോഴേക്കും ഇതാണ് സ്ഥിതിയെങ്കിൽ ഡിസംബർ 25 കഴിഞ്ഞുള്ള തിരക്ക് ചിന്തിക്കാൻ വയ്യ. 

ചാന്തും കൺമഷിയും വളയും പൊട്ടുമായി പാർക്കിന്റെ ഇരുവശത്തും കച്ചവടക്കാർ. പച്ചമീൻകച്ചവടം, ഇളനീർ സ്റ്റാൾ, ചിന്തുകട, ചാന്തുകട, സ്റ്റിക്കർ കട, ഐസ്ക്രീം, മാങ്ങ ഉപ്പിലിട്ടത്... നടപ്പാതയുടെ ഇരുവശത്തും വാസ്കോ ചത്വരത്തിലും വഴിയോര വാണിഭക്കാർ. അവർക്കിടയിലൂടെ പല ഭാഷകളുമായി വിദേശികൾ.

kochi-travel3

നവംബർ മാസം ഫോർട്ട് കൊച്ചിയിൽ താമസിച്ച് ന്യൂ ഇയർ ഗോവയിൽ ആഘോഷിക്കാൻ പദ്ധതിയിട്ട് കേരളത്തിലെത്തിയ മറിയം ആഗ്നസ് എന്ന പോർച്ചുഗീസുകാരിയെ പരിചയപ്പെട്ടു. ഇത്തവണ ഫോർട്ട് കൊച്ചിയിൽ ന്യൂഇയർ ആഘോഷിക്കാനെത്തിയ വില്യം ജോൺ എന്ന സ്പെയിൻ സ്വദേശിയെ കണ്ടു. സൈക്കിൾ വാടകയ്ക്കെടുത്ത് കൊച്ചി മുഴുവൻ കറങ്ങിയ ജോർജിനോടും കാമിലയോടും സംസാരിച്ചു. കാർണിവൽ സീസണിൽ കൊച്ചിയിലൊന്നു വന്നുപോയില്ലെങ്കിൽ പുതുവർഷം ഭംഗിയാവില്ലെന്നാണ് സഞ്ചാരികളായ ഡച്ച് ദമ്പതികൾ പറഞ്ഞത്. 

വാസ്കോ സ്ക്വയർ മുതൽ ബീച്ച് വരെയുള്ള വോക്‌വേയിൽ നടക്കാൻ ഇടമില്ലാത്ത വിധം സഞ്ചാരികളുടെ തിരക്ക്. കടലിലേക്കു ചായ്ച്ചു കെട്ടിയ ചീനവലകളുടെ കയർ വലിക്കാൻ യാത്രികർ തിക്കിത്തിരക്കി. ബീച്ചിലിറങ്ങി തിരമാലകളോടു മല്ലടിക്കുന്നവർ ഉത്തരേന്ത്യക്കാർ. കടലിലും കരയിലും ക്യാമറയ്ക്കു പറ്റിയ സീനറി തേടുകയാണ് വിദേശികൾ. ഈ രണ്ടു കൂട്ടരും എന്താണു ചെയ്യുന്നതെന്നു നോക്കി മലയാളികൾ കാഴ്ചയ്ക്ക് ഭംഗി കൂട്ടുന്നു.  ഭാഷ ഏതായാലും, രാജ്യം വെവ്വേറെയാണെങ്കിലും സെൽഫിയുടെ കാര്യത്തിൽ ആഗോള ജനസമൂഹം ഐക്യത്തോടെ പ്രവർത്തിക്കുന്നു; ഫോർട്ട് കൊച്ചിയിലെ ദൃശ്യങ്ങളിൽ വ്യക്തം. 

ബീച്ചിലെ തിരക്കിൽ നിന്നിങ്ങി നേരേ ഇടത്തോട്ടു തിരിഞ്ഞ് ഡച്ച് സെമിത്തേരിയുടെ മുന്നിലൂടെ നടന്നു, 1974ന്റെ ഓർമകൾ. ഫോർട്ട് കൊച്ചിയിൽ ജീവിച്ചിരുന്ന ഡച്ചുകാർ അന്ത്യവിശ്രമം കൊള്ളുന്ന മതിലിനടുത്ത് അൽപ്പ നേരം നിന്നു. ഡച്ച് സെമിത്തേരി എന്നെഴുതിയ ഗെയ്റ്റിന്റെ വിടവിൽക്കൂടി ക്യാമറ നീട്ടി കുറച്ചു ചിത്രങ്ങളെടുത്തു. ലോകം മുഴുവൻ സാമ്രാജ്യത്തിനു കീഴിലാക്കാൻ നിശ്ചയിച്ചിറങ്ങിയ ഡച്ചുകാരുടെ സ്മൃതികൂടീരങ്ങൾ രണ്ടു നൂറ്റാണ്ടിനിപ്പുറം വിസ്മയക്കാഴ്ചയായി അവശേഷിക്കുന്നു. 

‘ബോബ് മാർലി’ കഫേയുടെ എതിർഭാഗത്തുള്ള വഴിയിലൂടെ ഡേവിഡ് ഹാളിനു മുന്നിലേക്കു നീങ്ങി.  ‘ഹോർത്തുസ് മലബാറിക്കസ്’ എന്ന മഹദ്ഗ്രന്ഥം രചിച്ച ഹെൻഡ്രിക് അഡ്രിയാൻ വാൻ റീഡ്ടോട് എന്ന ഡച്ചുകാരനുമായി ബന്ധപ്പെട്ടതാണ് ഡേവിഡ് ഹാൾ എന്ന ബംഗ്ലാവ്. ഈ കെട്ടിടത്തിൽ ഇപ്പോൾ ആർട്ട് ഗാലറിയും കഫേയും പ്രവർത്തിക്കുന്നു. അഞ്ഞൂറു വർഷം മുമ്പ് പോർച്ചുഗീസുകാർ നിർമിച്ച സെന്റ് ഫ്രാൻസിസ് പള്ളി കാണാൻ പോകുന്നവർ ഡേവിഡ് ഹാളിൽ കയറിയിറങ്ങി.

kochi-travel2

സെന്റ് ഫ്രാൻസിസ് സേവ്യറുടെ മൃതദേഹം സൂക്ഷിച്ചിട്ടുള്ള ഗോവയിലെ ബോം ജീസസ് പള്ളിയുടെ മാതൃകയിലാണ് ഫോർട്ട് കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് ദേവാലയവും നിർമിച്ചിട്ടുള്ളത്. അൾത്താരയും പള്ളിമേടയും ഗോപുരവുമെല്ലാം വാസ്തുശൈലിയിൽ ഗോവയെപ്പോലെ. കേരളത്തിൽ ആദ്യം കാലുകുത്തിയ വാസ്കോഡ ഗാമ അന്തരിച്ചത് ഇവിടെ വച്ചാണ്. പോർച്ചുഗീസ് നാവികന്റെ ഓർമകളുറങ്ങുന്ന മണ്ണിനെ നമിച്ച് സഞ്ചാരികൾ സായുജ്യമടയുന്നു. 


ജൂതത്തെരുവുകൾ

ഒക്ടോബർ മുതൽ ജനുവരി അവസാനം വരെ ഫോർട്ട് കൊച്ചിയിൽ ഗൈഡുമാരുടെ വസന്തകാലമാണ്. എട്ടു ഭാഷ വരെ സംസാരിക്കുന്ന ഗൈഡുകളുണ്ട്. ഫോർട്ട് കൊച്ചിയുടെ പരിണാമ ചിത്രങ്ങൾ, ചരിത്ര കേന്ദ്രങ്ങളുടെ ഫോട്ടോകൾ, ടൂറിസം മാപ്പ്, വിശറി തുടങ്ങി പലവിധ സാധനങ്ങൾ വിറ്റും വിദേശികൾക്കു വഴി കാണിച്ചും വഴികാട്ടികൾ ഫോർട്ട് കൊച്ചിയുടെ വീഥി നിറയുന്നു. മലയാളികൾക്കും ഉത്തരേന്ത്യക്കാർക്കും അവർ വഴി കാണിക്കാറില്ല; അനുഭവം ഗുരു.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com