ADVERTISEMENT

‘മീശപ്പുലിമലയിൽ മഞ്ഞു പെയ്യുന്നത് കണ്ടിട്ടുണ്ടോ? ചാർലി എന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ ഈ ചോദ്യം ചോദിച്ചതിനു പിന്നാലെ മീശപ്പുലിമലയിലേക്കു വണ്ടി കയറിയവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. മലയാളികൾ അങ്ങനെയാണ്, യാത്രകളുടെ ലഹരി മറ്റാരെക്കാളും നന്നായി ആസ്വദിക്കാൻ അറിയുന്നവർ.’ ഇതു പറയുന്നത് മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ നിന്നുള്ള 23 കാരനാണ്. അറിയപ്പെടാതെ കിടക്കുന്ന നൂറു കണക്കിനു മീശപ്പുലിമലകൾ കേരളത്തിലുണ്ട്. അവ കണ്ടെത്തി ഒരു രാത്രി അവിടെ ടെന്റ് കെട്ടി താമസിച്ച് ആ അനുഭവങ്ങൾ ലോകത്തിനു മുന്നിലേക്കു എത്തിക്കുകയാണ് ബിബിൻ ജോസഫ് എന്ന യൂട്യൂബ് വ്ലോഗർ.

travel-kerala5

സാഹസിക യാത്രക്കാരെയും വ്ലോഗർമാരെയും തട്ടിയിട്ടു നടക്കാൻ വയ്യാത്ത ഈ കാലത്ത് ഇതിൽ എന്താണിത്ര പുതുമ? പുതുമയുണ്ട്. മലമുകളിൽ ടെന്റ് കെട്ടി ഒറ്റയ്ക്കൊരു രാത്രി താമസിക്കുന്ന സഞ്ചാരികൾ കേരളത്തിൽ വേറെ ഇല്ലെന്നാണ് ബിബിൻ പറയുന്നത്. ഈ കൗതുകം തന്നെയാണ് ബിബനെ ഇത്തരം യാത്രകൾക്കു പ്രേരിപ്പിച്ചതും. മലമുകളിലേക്കുള്ള യാത്രയും രാത്രി ജീവിതവും ബിബിൻ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഒരു വർഷം മാത്രം പ്രായമുള്ള ഈ ചാനലിന് ഇതിനോടകം അര ലക്ഷത്തോളം സബ്സ്ക്രൈബേഴ്സും പത്തു ലക്ഷത്തിലധികം കാഴ്ചക്കാരുമായി.

travel-kerala1

∙ സഞ്ചാരി ഞാൻ

ടിവിയിലെ സഞ്ചാരം പരിപാടിയാണ് ബിബിനെ യാത്രകളിലേക്കു വഴി തിരിച്ചു വിട്ടത്. പ്ലസ് ടു കഴിഞ്ഞപ്പോൾ കമ്പം ഫൊട്ടോഗ്രഫിയോടായി. അങ്ങനെയാണ് കോയമ്പത്തൂരിൽ വിഷ്വൽ കമ്യൂണിക്കേഷൻ പഠിക്കാൻ പോവുന്നത്. ഡിഗ്രി പഠന കാലത്തു തന്നെ ചില യാത്രാ വ്ലോഗുകൾ ചെയ്തിരുന്നെങ്കിലും വേണ്ട വിധം ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് സിനിമറ്റോഗ്രഫിയിൽ ഡിപ്ലോമയും കഴിഞ്ഞ് ഒരു സ്വകാര്യ ചാനലിൽ ജോലി ചെയ്യുമ്പോഴാണ് സഞ്ചാര പ്രിയം ബിബനെ വീണ്ടും പിടികൂടുന്നത്.

travel-kerala4

‘സിനിമയോടുള്ള ഭ്രമം കാരണമാണ് സിനിമറ്റോഗ്രഫി പഠിക്കാൻ പോയത്. പഠിച്ചിറങ്ങിയപ്പോൾ തന്നെ ചില തമിഴ്–കന്നഡ ചിത്രങ്ങളുടെ ഭാഗമാകാൻ പറ്റി. പിന്നെ കുറച്ചു കാലം ഒരു ചാനലിൽ ജോലി ചെയ്തു. ജോലിയിലെ ടെൻഷൻ കാരണമാണ് ആദ്യമൊക്കെ യാത്രകൾക്കിറങ്ങിത്തിരിച്ചത്. പിന്നെ മുഴുവൻ സമയവും യാത്രകൾ മാത്രമായി. ഇപ്പോൾ വിവാഹങ്ങൾക്കു ക്യാമറ ചെയ്യുന്നുണ്ട്. അതു തന്നെയാണ് പ്രധാന വരുമാനവും’– ബിബിൻ പറഞ്ഞു തീരുമ്പോഴേക്കും ഫോൺ ബെല്ലടിച്ചു, ‘സഞ്ചാരി നീ...സഞ്ചാരി ഞാൻ.. ഈ യാത്രയിൽ...’.

∙ ആദ്യത്തെ യാത്ര

‘ചാനലിൽ ജോലിയിലെ ആദ്യ ശമ്പളം കിട്ടിയപ്പോഴാണു ആദ്യത്തെ യാത്ര പ്ലാൻ ചെയ്യുന്നത്. സിനിമകളിൽ കണ്ടിട്ടുള്ള ‘ടെന്റ് സ്റ്റെ’ എങ്ങനെയുണ്ടാകുമെന്ന് അറിയാനുള്ള കൗതുകം കാരണം നേരെ പോയി ഒരു ടെന്റ് വാങ്ങിച്ചു. പിന്നെ പോകേണ്ട സ്ഥലത്തെക്കുറിച്ചായി അന്വേഷണം. ഒരു സുഹൃത്തു വഴിയാണ് തൊടുപുഴ ഭാഗത്ത് ഒരു ഹിൽ സ്റ്റേഷൻ ഉള്ളതായി അറിഞ്ഞത്. നേരെ അങ്ങോട്ടു വച്ചു പിടിച്ചു. കുറച്ചു കഷ്ടപ്പെട്ടെങ്കിലും സ്ഥലം കണ്ടു പിടിച്ച് മല കയറി ടെന്റ് കെട്ടി.

travel-kerala3

രാത്രി ആയപ്പോൾ ഒറ്റയ്ക്കായതിന്റെ ചെറിയ പേടിയൊക്കെ ഉണ്ടായിരുന്നു. രാവിലെ സൂര്യോദയം കണ്ടാണ് ഉണർന്നത്. ജീവിതത്തിൽ ഇത്രയും മനോഹരമായൊരു ദൃശ്യം ഞാൻ മുൻപു കണ്ടിട്ടില്ല. അന്നു തീരുമാനിച്ചു, എന്റെ വഴി ഇതാണെന്ന്. അടുത്ത സംശയം ചെലവിനെക്കുറിച്ചായിരുന്നു. ആദ്യ യാത്രയിൽ 1000 രൂപയ്ക്കടുത്തു ചെലവായി. പിന്നീടുള്ള യാത്രകൾക്ക് കൃത്യമായ ബജറ്റ് ഉണ്ടാക്കാൻ തുടങ്ങി. ഇപ്പോൾ 500 രൂപയിൽ താഴെ മാത്രമാണ് ഓരോ യാത്രയുടേയും പരമാവധി ചെലവ്’.

travel-kerala8

∙ ചോദിച്ചു ചോദിച്ചു പോകാം

ബിബിന്റെ സാരഥി ആനവണ്ടിയാണ്. ദൂരം കൂടുതലാണെങ്കിൽ ട്രെയ്നും. ഇനി രണ്ടും ഇല്ലെങ്കിൽ ട്രക്കിങ്ങും. ‘വീട്ടിൽ ബൈക്കുണ്ട്. പക്ഷേ, ബസ്സിലും ട്രെയ്നിലും യാത്ര ചെയ്യുമ്പോൾ കിട്ടുന്ന എക്സ്പീരിയൻസ് ബൈക്കിൽ കിട്ടില്ല. ആളുകളെ കണ്ട് വഴി ചോദിച്ചു പോകുമ്പോൾ പുതിയ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും രസകരമായ കഥകളും കേൾക്കാം. അതിനൊക്കെ വേണ്ടിയാണ് ബൈക്ക് വിട്ടു ബസ്സിൽ യാത്ര ചെയ്യാൻ തുടങ്ങിയത്. പിന്നെ ചെലവും ചുരുക്കാം’.

travel-kerala6

 ഞാനൊരു മലയാളി

കേരളിയൻ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ബിബിൻ തന്റെ യാത്രാനുഭവങ്ങൾ പങ്കുവെക്കാറ്. പേരിനു പിന്നിലെ മലയാളിത്തത്തെക്കുറിച്ചും ബിബിന് ചിലത് പറയാനുണ്ട്. ‘ യാത്രകളെന്നു പറയുമ്പോൾ മലയാളി ആദ്യം പറയുന്നത് കുളു മണാലിയും ലഡാക്കും ഗോവയുമൊക്കെയാണ്. പക്ഷേ, നമ്മുടെ നാട്ടിൽ തന്നെ എത്രയോ മനോഹരമായ സ്ഥലങ്ങളുണ്ട്. അതു കണ്ടെത്തി മറ്റുള്ളവരിലേക്കു എത്തിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. അതു കൊണ്ടുതന്നെയാണ് കേരളിയൻ എന്ന പേരു തിരഞ്ഞെടുത്തത്. എന്റെ ചില വിഡിയോകൾ കണ്ടിട്ട് നമ്മുടെ നാട്ടിൽ ഇങ്ങനെയുള്ള സ്ഥലങ്ങളൊക്കെ ഉണ്ടോ എന്ന് അത്‌ഭുതത്തോടെ ചോദിച്ചവരുണ്ട്’.

travel-kerala

∙ ദ് സോളോ ട്രാവലർ

ഒറ്റയ്ക്കുള്ള യാത്രകളാണു കേരളിയന്റെ മറ്റൊരു പ്രത്യേകത. കൂട്ടമായി പോകുമ്പോൾ പല സ്ഥലങ്ങളിലും നാട്ടുകാർ പ്രശ്നമുണ്ടാക്കും. ലഹരി ഉപയോഗിക്കാനോ മറ്റോ വരുന്നതാണെന്നു കരുതി വഴി തടയും. ഇത്തരം അനുഭവങ്ങളെക്കുറിച്ചു കേട്ടതുകൊണ്ടാണ് യാത്രകൾ ഒറ്റയ്ക്കാക്കാൻ ബിബിൻ തീരുമാനിച്ചത്. ഒപ്പം ഒറ്റയ്ക്കുള്ള യാത്രകൾ നൽകുന്ന അനുഭവങ്ങൾ ഒന്നു വേറെ തന്നെയാണെന്നും ഈ സോളോ സഞ്ചാരി പറയുന്നു. കേരളത്തിൽ മാത്രമല്ല, ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളിലേക്കും ബിബിൻ ഒറ്റയ്ക്കു യാത്ര ചെയ്തിട്ടുണ്ട്. വൈകുന്നേരത്തോടെയാണ് സാധാരണയായി മല കയറുന്നത്.

travel-kerala2

വെളിച്ചം പോകുന്നതിനു മുൻപേ ടെന്റടിക്കും. കഴിക്കാൻ അത്യാവശ്യം പഴങ്ങളും കുടിക്കാൻ ഒരു കുപ്പി വെള്ളവും. ‘ പല മലകളിലും പന്നിയും കുറുക്കനുമൊക്കെ കാണും. ഭക്ഷണത്തിന്റെ മണം കിട്ടിയാൽ അവ ടെന്റിനു ചുറ്റും കിടന്നു കറങ്ങും. ഇതൊഴിവാക്കാനാണ് പഴങ്ങൾ മാത്രം കൊണ്ടു പോകുന്നത്. ചില സ്ഥലങ്ങളിൽ ടെന്റിൽ ഉറങ്ങുമ്പോൾ മഴ പെയ്ത അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ചെറിയ മഴയൊക്കെ ടെന്റ് താങ്ങും. പക്ഷേ, നല്ല മഴ പെയ്താൽ നനയാതെ വേറെ വഴിയില്ല. അതും ഒരു സന്തോഷമാണ്’ – ബിബിൻ പറയുന്നു.

∙ യാത്രകൾ ഇതുവരെ

തൊടുപുഴയ്ക്ക് അടുത്തുള്ള ആനപ്പാറ മലയിലാണ് ബിബിൻ ആദ്യമായി ടെന്റ് കെട്ടി താമസിക്കുന്നത്. കോഴിക്കോട് ജില്ലയിലെ കരൂഞ്ഞി മലയിലാണ് ബിബന്റെ ടെന്റ് രണ്ടാമതായി ഉയരുന്നത്. കരൂഞ്ഞിയെക്കുറിച്ചു കേരളിയനിൽ വന്ന വ്ലോഗിനു വളരെ നല്ല പ്രതികരണമാണു ലഭിച്ചതെന്നു ബിബിൻ പറയുന്നു. ‘ സോഷ്യൽ മീഡിയയിൽ വന്ന ഒരു പോസ്റ്റ് വഴിയാണ് കരൂഞ്ഞിയെക്കുറിച്ച് അറിഞ്ഞത്. വളരെ മനോഹരമായ സ്ഥലമാണ്. വ്ലോഗ് ഇറങ്ങിയപ്പോൾ ആ നാട്ടുകാർ തന്നെ ഞെട്ടിപ്പോയി. അവരിൽ പലരും അവിടെ പോയിട്ടില്ലായിരുന്നു’.

പിന്നീട് കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്തുള്ള കലാങ്കി മല, കോഴിക്കോടു ജില്ലയിലെ കശ്മീർ കുന്ന്, പൂക്കുന്ന് മല, മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്തുള്ള കുരിശുപാറ, കണ്ണൂർ ജില്ലയിലെ പാലുകാച്ചിപ്പാറ എന്നിവിടങ്ങളിലും ബിബിന്റെ ടെന്റു കെട്ടി താമസിച്ചിട്ടുണ്ട്. വേറെയും ചില യാത്രകളുടെ വിഡിയോ എഡിറ്റ് ചെയ്യുന്ന തിരക്കിലാണ് കക്ഷിയിപ്പോൾ. ‘യാത്ര ചെയ്യാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. പുതിയ സ്ഥലങ്ങൾ കാണുന്നതിലും മറ്റുള്ളവർക്കു കാണിച്ചു കൊടുക്കുന്നതിലുമാണ് എനിക്കു സന്തോഷം. വ്ലോഗ് കണ്ട് പലരും വിളിക്കാറുണ്ട്. ചിലർ അവരുടെ നാട്ടിലെ സ്ഥലങ്ങളെപറ്റി കമന്റ് ചെയ്യും. അതും ശ്രദ്ധിക്കാറുണ്ട്. പ്രകൃതിയെ നശിപ്പിക്കാതെ പ്രകൃതിയിൽ ജീവിക്കണം. അതാണ് എന്റെ ആഗ്രഹം’ വാക്കുകളിൽ യാത്രകളോടുള്ള അടങ്ങാത്ത ആഗ്രഹവുമായി അടുത്ത യാത്രയ്ക്കുള്ള തയാറെടുപ്പിന്റെ തിരക്കിലാണ് കേരളിയൻ. .

∙ മല കയറാൻ ആഗ്രഹിക്കുന്നവർക്കായി

തന്നെ മാതൃകയാക്കി മല മുകളിൽ ടെന്റടിച്ചു താമസിക്കാൻ ഒരുങ്ങുന്നവരോടു കേരളിയനു ചിലതു പറയാനുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ലഹരി വസ്തുക്കളുമായി മല കയറരുതെന്ന അപേക്ഷയാണ്. ‘പല ആളുകളും ലഹരി ഉപയോഗിക്കാനായി സംഘം ചേർന്ന് ഇത്തരം യാത്രകൾ നടത്താറുണ്ട്. അത്തരക്കാർ കാരണം സഞ്ചാരപ്രിയർക്കു പോലും നാട്ടുകാരുടെയും പൊലീസിന്റെയും വിലക്ക് അനുഭവിക്കേണ്ടിവരുന്നുണ്ട്. ദയവായി ഇത്തരം പരിപാടികൾ ഒഴിവാക്കുക’.

എല്ലാ മലകളും കയറുന്നതിനു മുൻപായി അതു സ്വകാര്യ വ്യക്തികളുടെയാണോ സർക്കാരിന്റെയാണോ എന്നു ഉറപ്പിക്കുക. ആവശ്യമെങ്കിൽ അവരുടെ അനുമതി വാങ്ങുക. ‘സുരക്ഷ വളരെ പ്രധാനപ്പെട്ട കാര്യമാണ്. രാത്രി ചിലപ്പോൾ വന്യജീവികളുടെ ശല്യം ഉണ്ടാവാം. അങ്ങോട്ട് ഉപദ്രവിക്കാതിരുന്നാൽ മിക്കവാറും മൃഗങ്ങൾ ഇങ്ങോട്ടും ഉപദ്രവിക്കില്ല. പാമ്പു പോലുള്ള ഇഴ ജന്തുക്കളെയും ശ്രദ്ധിക്കണം. രാത്രി പുറത്തിറങ്ങുന്നത് ഒഴിവാക്കുക. ക്യാംപ് ഫയർ ചെയ്യാൻ ആഗ്രഹമുള്ളവർ തീ പൂർണമായും അണഞ്ഞെന്ന് ഉറപ്പിച്ച ശേഷം മാത്രം മല ഇറങ്ങുക. ഇതിനെല്ലാം മുകളിലായി നിങ്ങളുടെ സുരക്ഷയാണു പ്രധാനം. അത് ഉറപ്പു വരുത്തിയ ശേഷം മാത്രം യാത്ര തുടങ്ങുക’.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com