ADVERTISEMENT

സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് മൂന്നാർ. മഞ്ഞുപുതച്ച വഴികൾ. ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ തണുപ്പും. അവധിയായാൽ കുടുംബവുമൊത്ത് മിക്കവരും യാത്ര പോകുന്നത് ഇവിടേക്കാണ്. മഞ്ഞും കുളിരും ആസ്വദിച്ചേ മടങ്ങാറുള്ളൂ. വലിയ മുതൽമുടക്കില്ലാതെ കണ്ടുവരാവുന്ന ഇടംകൂടിയാണ് മൂന്നാർ. 

തേയിലത്തോട്ടങ്ങളാണ് മൂന്നാറിന്റെ ഭൂപ്രകൃതിക്ക് അടുക്കും ചിട്ടയുമുണ്ടാക്കിയത്. അതേ സമയം ബ്രിട്ടീഷുകാരാണ് മൂന്നാർ പട്ടണത്തിനരികെ ആദ്യത്തെ ടൂറിസ്റ്റ് ബംഗ്ലാവുകൾ നിർമിച്ചത്. പഴയ മൂന്നാറിലുള്ള സിഎസ്ഐ ദേവാലയവും സെമിത്തേരിയും ബ്രിട്ടീഷ് ഭരണ കാലത്താണ് നിർമിച്ചത്. ഈ സെമിത്തേരിയുടെ ഏറ്റവും മുകളിലാണ് എലെയ്നർ ഇസബെൽ മെയ് എന്ന ബ്രിട്ടീഷുകാരിയുടെ കല്ലറ.  നയനങ്ങളെ അവിസ്മരണീയമാക്കുന്ന കാഴ്ചകൾക്ക് പോകാം മൂന്നാറിലേക്ക്. 

ഇപ്പോള്‍ മഞ്ഞിൽ മുങ്ങി സുന്ദരിയായിരിക്കുകയാണ് മൂന്നാർ. മഞ്ഞു കാലത്തിന് തുടക്കമായതോടെ വിനോദസഞ്ചാരികളുടെ വൻ ഒഴുക്കാണ്. സാധാരണ നവംബറിൽ ആണ് അതിശൈത്യം ആരംഭിക്കുന്നത്. എന്നാൽ പോയ വർഷം അതിശൈത്യത്തിനും കാലം തെറ്റി. 2018 ലെ അതിശൈത്യം ആരംഭിച്ചത് 2019 ലെ പുതുവർഷപ്പുലരി മുതലാണ്. ഈ വർഷം നിലവിൽ 6 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന താപനില അടുത്ത ആഴ്ചയോടെ മൈനസിലേക്ക് കൂപ്പു കുത്തും എന്നാണ് സൂചന.

പുലർച്ചെ മഞ്ഞിൻ കണങ്ങൾ പുതച്ച് തൂവെള്ളയാകുന്ന പുൽമേടുകൾ ആണ് മൂന്നാറിലെ ശൈത്യകാലത്തിന്റെ പ്രത്യേകത. 3500 പേർക്ക് വരെയാണ് രാജമലയിൽ ഒരു ദിവസം പ്രവേശനം എങ്കിലും അതിന്റെ മൂന്നിരട്ടി സന്ദർശകർ തിരക്ക് സമയങ്ങളിൽ എത്താറുണ്ട്. മാട്ടുപ്പെട്ടിയിൽ ഡിടിപിസിക്കും ഹൈഡൽ ടൂറിസത്തിനും ബോട്ടിങ് ഉണ്ട്.

മൂന്നാറിലേക്കുള്ള റോഡുകൾ നിലവിൽ യാത്രാ യോഗ്യമാണ്. കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ പല ഭാഗത്തും റോഡ് അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. ദേവികുളം ഗ്യാപ് റോഡിൽ തടസ്സങ്ങൾ നീങ്ങി ചെറുവാഹനങ്ങൾ കടത്തി വിടുന്നത് അയൽസംസ്ഥാനങ്ങളിൽ നിന്ന് സന്ദർശകരുടെ വരവ് വർധിപ്പിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com