ADVERTISEMENT

"ഈ സർക്കാർ നിയന്ത്രണത്തെക്കുറിച്ച് എനിക്ക് അറിയാമായിരുന്നു. കേരളത്തിലെ ഒരു കായലിൽ, ഇങ്ങനെ കുറ്റവാളികളാല്‍ തടഞ്ഞു നിർത്തപ്പെടുന്നത് വിനോദ സഞ്ചാരികൾക്ക് വളരെ മോശം സന്ദേശമാണ് നല്‍കുന്നത്. ഒരു കൊള്ളക്കാരൻ വന്ന് ഞങ്ങളെ ഒരു മണിക്കൂര്‍ ബലം പ്രയോഗിച്ച് തോക്കിൻമുനയിൽ നിര്‍ത്തി വൈകിപ്പിച്ചതു പോലെയുള്ള അനുഭവമായിരുന്നു അത്. പണിമുടക്കില്‍ നിന്നും വിനോദസഞ്ചാരികളെ ഒഴിവാക്കിയിട്ടുണ്ടെന്നും ഞാൻ കേരള സർക്കാരിന്റെ വിഐപി അതിഥിയാണെന്നും ഉള്ള എല്ലാ വാദങ്ങളും അയാള്‍ അവഗണിച്ചു. നിയമനടപടികളില്‍ നിന്ന് താൻ സുരക്ഷിതനാണെന്ന് അറിഞ്ഞുകൊണ്ട് പ്രവർത്തിക്കുന്നതു പോലെയായിരുന്നു അയാളുടെ പ്രവൃത്തി. ഖേദകരമെന്നു പറയട്ടെ, ഇന്ത്യ അധാർമ്മികതയിലേക്ക്‌ മുങ്ങുകയാണെന്ന്‌ എനിക്ക് ഭയം തോന്നുന്നു"

മൈക്കൽ ലെവിറ്റ്
മൈക്കൽ ലെവിറ്റ്

പറയുന്നത് മറ്റാരുമല്ല, സംസ്ഥാന സർക്കാരിന്റെ അതിഥിയായി കേരളത്തില്‍ യാത്ര ചെയ്യാനെത്തിയ 2013ലെ രസതന്ത്ര നൊബേൽ ജേതാവ് മൈക്കൽ ലെവിറ്റാണ് തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് ഈ വാക്കുകള്‍ മനോരമയുമായി പങ്കുവച്ചത്. വേമ്പനാട് കായലില്‍ ലെവിറ്റും ഭാര്യയും സഞ്ചരിച്ച വഞ്ചിവീട് ഇന്നലെ പണിമുടക്കിന്‍റെ പേരു പറഞ്ഞെത്തിയ സാമൂഹ്യ വിരുദ്ധര്‍ തടഞ്ഞിരുന്നു.

സമരക്കാർക്ക് എന്ത് ടൂറിസം?

രാവിലെ പത്തരയോടെയായിരുന്നു സംഭവം. കുട്ടനാട് ഭാഗത്തു കൂടെ കായലില്‍ യാത്ര ചെയ്യുകയായിരുന്നു ലെവിറ്റും ഭാര്യയും. ആര്‍ ബ്ലോക്ക് ഭാഗത്തെത്തിയപ്പോള്‍ വള്ളത്തില്‍ പിന്തുടര്‍ന്നെത്തി വളരെ നാടകീയമായിട്ടായിരുന്നു പണിമുടക്കുകാരുടെ പ്രവൃത്തി. പണിമുടക്കു ദിവസം യാത്ര നടത്താന്‍ പറ്റില്ലെന്ന് പറഞ്ഞ ഇവര്‍ ഈ വഞ്ചി വീട് രണ്ടു മണിക്കൂറോളം ചിറയില്‍ കെട്ടിയിട്ടു. പിന്നീട് യാത്ര മതിയാക്കി ഇവര്‍ കുമരകത്തേക്ക് മടങ്ങുകയായിരുന്നു.

പണിമുടക്കില്‍ നിന്നും ടൂറിസം മേഖലയെ ഒഴിവാക്കിയിരുന്നു. ഇത് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞിട്ടും അത് കേള്‍ക്കാന്‍ ഈ സാമൂഹ്യ വിരുദ്ധരോ യാത്ര തുടരാന്‍ വഞ്ചിയില്‍ ഉള്ളവരോ സന്നദ്ധരായില്ല എന്ന് ലെവിറ്റ് പറയുന്നു.

Nobel laureate hugs tree

നടപടി?

പണിമുടക്കുകൾ പലതും രാഷ്ട്രീയകക്ഷികളുടെ ഒത്താശയോടെ നടക്കുന്നതിനാൽ തന്നെയാണ് ഇത്തരം വീഴ്ചകൾ വീണ്ടും സംഭവിക്കുന്നത്. ലെവിറ്റിന്റെ യാത്ര മുടക്കിയവർ ടൂറിസം മേഖലയെ സമരത്തിൽ നിന്നൊഴിവാക്കി എന്നറിയാത്തവരല്ല. ഞങ്ങളെ സംക്ഷിക്കാൻ ആളുണ്ടെന്ന ധാർഷ്ഠ്യമായിരുന്നു അവർക്ക്. സര്‍ക്കാരിന്‍റെയും സമരസമിതിയുടെയും തീരുമാനത്തില്‍ ഉണ്ടായ ലംഘനമാണ് ഇതെന്നും സുരക്ഷയില്‍ വന്‍ വീഴ്ചയുണ്ടായെന്നും ഈ നടപടി തെറ്റായിപ്പോയെന്നും സി ഐ ടി യു ജനറല്‍ സെക്രട്ടറി എളമരം കരീം അഭിപ്രായപ്പെട്ടു.

ഇത്തരമൊരു പ്രശ്നം ഉണ്ടായതില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. വിനോദസഞ്ചാര മേഖല പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിരുന്നു എന്ന് പറഞ്ഞ അദ്ദേഹം, ഈ നടപടിയെ അപലപിച്ചു. സാമൂഹ്യവിരുദ്ധര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കുകയും ചെയ്തു.

ടൂറിസത്തിന് കേരളം നൽകുന്ന തെറ്റായ മാതൃക

കേരളത്തിലെ ഏറ്റവും വലുതും ഇന്ത്യയില്‍ ഏറ്റവും നീളം കൂടിയതുമായ വേമ്പനാട്ടു കായലില്‍ തദ്ദേശീയരും വിദേശികളുമായി ദിനംപ്രതി നിരവധി വിനോദ സഞ്ചാരികള്‍ ആണ് എത്തുന്നത്. മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളായ പാതിരാമണൽ, പള്ളിപ്പുറം, പെരുമ്പളം തുടങ്ങിയ ദ്വീപുകളും ലോകപ്രശസ്തമായ കുമരകവുമൊക്കെ വേമ്പനാട്ടു കായലിന്‍റെ പരിസരത്താണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതി സൗന്ദര്യം കൊണ്ടും മനോഹരമായ കാലാവസ്ഥ കൊണ്ടും അനുഗ്രഹീതമായ കേരളത്തിന്‍റെ നട്ടെല്ലാണ് വിനോദ സഞ്ചാര മേഖല. വിദേശ സഞ്ചാരികള്‍ കൂടുതല്‍ എത്തുന്ന പ്രദേശമായതിനാല്‍, കൂടുതല്‍ സുരക്ഷാ സൗകര്യങ്ങള്‍ ഈ ഭാഗത്ത് ഒരുക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് ഈ പ്രശ്നം വിരല്‍ ചൂണ്ടുന്നത്.

ടൂറിസ്റ്റുകൾ പ്രത്യേകിച്ച് വിദേശ ടൂറിസ്റ്റുകൾക്ക് ഇത്തരം സമരമാർഗങ്ങളും തെറ്റായ കീഴിവഴക്കങ്ങളും നൽകുന്നത് വളരെ മോശമായ അനുഭവമാണ്. ഇത്തരം പ്രവർത്തികളിലൂടെ ദൈവത്തിന്റെ സ്വന്തം നാട് ലോകടൂറിസത്തിന് നൽകുന്നത് തെറ്റായ സന്ദേശമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com