sections
MORE

ആപ്പിളും ഒാറഞ്ചുമൊക്കെയായി കേരളത്തിലെ മഞ്ഞിൽ വിരിയുന്ന പച്ചക്കറിത്തോട്ടം

vattavada-trip
SHARE

മൂന്നാർ എന്നും കേൾക്കുമ്പോൾ തന്നെ തണുപ്പു ശരീരത്തിലേക്ക് അരിച്ചുകയറും. കാലാവസ്ഥ കൊണ്ടും കാഴ്ചകൾ കൊണ്ടും മൂന്നാർ യാത്രപ്രേമികളുടെ ബെസ്റ്റ് ചോയിസാണ്. കേരളത്തിന്റെ ശീതകാലകൃഷിയിടമായ വട്ടവടയിലേക്കാകാം യാത്ര. മൂന്നാറില്‍ നിന്ന് 45 കിലോമീറ്റര്‍ കിഴക്കു മാറിയാണ് ചെറു ഗ്രാമമായ വട്ടവട നിലകൊള്ളുന്നത്. തട്ടുകളായുള്ള പച്ചക്കറിത്തോട്ടങ്ങൾ തന്നെയാണ് ഇവിടുത്തെ പ്രധാന ആകർഷണം. വട്ടവടയിലെ മലഞ്ചരിവുകളില്‍ വ്യത്യസ്ത ഇനം പച്ചക്കറികള്‍ കൃഷിചെയ്യുന്നുണ്ട്.

vegetables-in-vattavada

സമുദ്രനിരപ്പില്‍ നിന്ന് ആറായിരത്തി അഞ്ഞൂറ് അടി ഉയരത്തിലാണ് സഞ്ചാരികളുടെ ശ്രദ്ധ ഏറെ പതിഞ്ഞിട്ടില്ലാത്ത ഈ ഹില്‍ സ്റ്റേഷന്‍ നില കൊള്ളുന്നത്. വട്ടവടയിലേക്ക് കടക്കാൻ ചെക്ക് പോസ്റ്റുണ്ട്. അവിടെ വാഹനത്തിന്റെ നമ്പറും ഒപ്പും നൽകിയാൽ ചെക്ക് പോസ്റ്റ് കടന്നു അകത്തേക്ക് കടന്നു പോകാം. ഫോറസ്റ്റിന്റെ കീഴിലാണ് വട്ടവടയിലേക്ക് പോകുന്ന ആ വഴി. കാട് തന്നെ. കണ്ണെത്താ ദൂരത്തോളം പച്ചപ്പ്‌ നിറഞ്ഞ സമതലം. അധികം മരങ്ങളും വീടുകളുമൊന്നുമില്ലാത്ത തുറന്ന ഭൂമിയാണ്. ആരെയും ആകർഷിക്കും ഇവിടുത്തെ കാഴ്ച. വട്ടവട തീർത്തും ഒരു തമിഴ് ഗ്രാമമാണ്. മലയാളവും തമിഴും നന്നായി അറിയുന്ന ട്രൈബൽ ഗ്രാമം. കൃഷിയാണ് മുഖ്യ തൊഴിൽ. ഓരോ കാലത്തുമുണ്ടാകുന്ന വിളകൾ ഓരോ തവണയും അവർ കൃഷി ചെയ്യുന്നു.

vattavada

ധാരാളം സൂര്യ പ്രകാശം ലഭിക്കുന്ന ഇവിടെ ശൈത്യകാലത്തു പോലും താപനില അസഹനീയമായ നിലയില്‍ താഴാറില്ല. പച്ചക്കറി കൃഷി ചെയ്യുന്ന താഴ്‌വാരങ്ങള്‍ക്കപ്പുറം യൂക്കാലി, പൈന്‍ തുടങ്ങിയ മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നു. വ്യത്യസ്ത നിറങ്ങളിലും വലുപ്പത്തിലുമുള്ള അപൂര്‍വ്വ ചിത്രശലഭങ്ങളുടെയും പക്ഷികളുടെയും താവളമാണ് ഈ മനോഹരഗ്രാമം.‘വട്ടവട നിവാസികൾക്ക് അവരുടേതായ നിയമവും ഭരണാധികാരിയുമുണ്ട്. നാട്ടുപ്രമാണിയും മന്ത്രിമാരുമടങ്ങുന്ന അഞ്ചംഗ സംഘമാണ് വഴക്കും പരാതികളും തീർക്കുന്നത്. ഈ നാട്ടുകൂട്ടത്തെ ഇവിടുത്തുകാർ ‘മന്ത’ എന്നു വിളിക്കുന്നു.

vattavada

മൂന്നാറിൽ നിന്ന് മാട്ടുപെട്ടി, കുണ്ടള ഡാമുകൾ‌ കടന്നാണ് വട്ടവടയിലേക്ക് എത്തുന്നത്. തേയിലത്തേട്ടങ്ങളും കാടും ഡാമും ഒക്കെ ആസ്വദിച്ച് നേരെ എത്തുന്നത് പാമ്പാടും നാഷനൽ പാർക്കിലേക്കാണ്. കാട്ടുമൃഗങ്ങളെ കണ്ടുള്ള യാത്ര അവസാനിക്കുന്നത് വട്ടവടയിലാണ്. യാത്രയിൽ തന്നെ തട്ടുകളായി ക്രമീകരിച്ചിരിക്കുന്ന കൃഷിയിടം വിദൂരത്തിൽ തന്നെ കാണാം. പച്ചക്കറികളും പഴങ്ങളും വിളഞ്ഞു നിൽക്കുന്ന വട്ടവട ഗ്രാമം കാണേണ്ട കാഴ്ച തന്നെയാണ്. മൂന്നു സീസണുകളിലായാണ്  പച്ചക്കറി കൃഷി നടത്തുന്നത്.

vattavada-travel4

പച്ചക്കറിയും പഴങ്ങളും തേടി മാത്രമല്ല സഞ്ചാരികള്‍ വട്ടവടയിലെത്തുന്നത്. ട്രക്കിംഗിനും അനുയോജ്യമായ പ്രദേശമാണിത്. ഇവിടെ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് ട്രക്കിംഗ് നടത്താം. കൊടൈക്കനാല്‍, മാട്ടുപെട്ടി, ടോപ്‌സ്റ്റേഷന്‍, കാന്തല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഇവിടെ നിന്ന് കാനനപാതകളുണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി വട്ടവട ഒട്ടേറെ അനുഭവങ്ങള്‍ കാത്തുവച്ചിട്ടുണ്ട്. കേരളത്തിന്റെ ശീതകാല പച്ചക്കറിക്കൃഷിയുള്ള ആപ്പിളും മറ്റും വിളയുന്ന വട്ടവടയിലേക്ക് ഒരിക്കലെങ്കിലും പോയിരിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA