മാമലക്കണ്ടം, പച്ചയിൽ കുതിർന്ന മലയോര ഗ്രാമം

mamalakkandam
SHARE

ആനക്കയം കടവിൽ നിന്നും ആനക്കൂട്ടത്തെ കാണാതെ നിരാശനായി മടങ്ങിയപ്പോഴേക്കും കുട്ടമ്പുഴ കവലയിൽ വെയിൽ തീപടർത്തിയിരുന്നു. വിശപ്പിന്റെ കുഴലൂത്തുമായ് വയറിന്റെ മലകയറ്റം. രാവിലെ ഉണർന്നതാണ്.. കോതമംഗലം ടൗണിൽ നിന്നും അഞ്ചരയ്ക്ക് കഴിച്ച കട്ടൻചായയാണ് ഇപ്പോഴും, ഊർജ്ജസ്വലനെന്ന് വെറുതേ, തോന്നിപ്പിക്കുന്നത്..! റസ്റ്ററന്റുകൾ തേടി നടന്നപ്പോൾ എത്തിയത് ഹോട്ടൽ അശോകിന്റെ മുന്നിലാണ്. റോഡിലേക്ക് മുഖം തിരിച്ച് പുഴയുടെ ചെരിവിലേക്ക് തള്ളിനിൽക്കുന്ന നിരവധി കെട്ടിടങ്ങളിൽ ഒന്ന്..!

mamalakkandam1

കൈകഴുകാനായി വാഷ്ബേസിനരുകിലേക്ക് ചെന്നപ്പോൾ താഴെ, പുഴയുടെമനോഹരമായൊരു കാഴ്ച കണ്ടു.. വശങ്ങളിലേക്ക് നീക്കാൻ പാകത്തിന് ഗ്ലാസ് പാളികൾ വലിയ ഫ്രെയിമുകളിൽ ഘടിപ്പിച്ച് കാഴ്ചയെ വല്ലാതെ തുറന്നുവച്ചിട്ടുണ്ട്. കാടിറങ്ങി പുഴയിൽ തിമിർക്കാനെത്തുന്ന ആനക്കൂട്ടത്തെ കാണാൻ കഴിയും വിധം അവിടം, ഇരുവശങ്ങളിലേക്കും വിദൂരമായ കാഴ്ചകൾ സമ്മാനിക്കുന്നു. പുഴയിലേക്ക് നീളുന്ന കാഴ്ചകളുമായി ചൂടുള്ള ദോശയും മുട്ടക്കറിയും അകത്താക്കി.

mamalakkandam2

പുഴയ്ക്കക്കരെ അടിക്കാടുകളിൽ കണ്ണുനട്ട് ചൂടുചായ ഗ്ളാസുകളിൽ ഊതിതണുപ്പിച്ചു. കാഴ്ചകൾ ഒരു ഭാഗ്യമാണ്.പുഴയിൽ തിമിർക്കുന്ന ആനക്കൂട്ടത്തിന്റെ മനോഹരമായൊരു ചിത്രം അവിടെ ഭിത്തിയിൽ തൂങ്ങുന്നുണ്ട്. ആരും കൊതിക്കുന്ന ഒന്ന്...!! മാമലക്കണ്ടം യാത്രയ്ക്കുള്ള ജീപ്പ് പുറത്ത് ഹോൺമുഴക്കി..

mamalakkandam3

കോതമംഗലത്തുനിന്നും തട്ടേക്കാട് വഴി ,കുട്ടമ്പുഴ, ഉരുളന്തണ്ണി, മാമലക്കണ്ടം യാത്ര മനോഹരമായൊരു അനുഭവമാണ്. നഗരജീവിതത്തിന്റെ കുരുക്കിൽപ്പെട്ട് പൊടിയും പുകയും തിന്ന് ജീവിക്കുന്ന മനുഷ്യർക്ക് ഇടയ്ക്കിടെ കിട്ടുന്ന ശ്വാസമാണ് ഇത്തരം യാത്രകൾ. നിങ്ങൾക്ക് വേണ്ടി ചിലത് ഇപ്പോഴും ബാക്കിയുണ്ടെന്ന ഓർമ്മപ്പെടുത്തൽ..!!

മൺസൂണിൽ കുരുത്ത, കുറ്റിച്ചെടികളും, ഇലപടർത്തിയ മഹാവൃക്ഷങ്ങളും പച്ചത്തേച്ച് വെടിപ്പാക്കിയ കാട്.. നിശബ്ദത കൂർക്കം വലിച്ചുറങ്ങുംപോലെ കാടിനെ അടയാളപ്പെടുത്തുന്നുണ്ട് ചില ശബ്ദങ്ങൾ.. ഉറവപൊട്ടിയൊഴുകിയെത്തുന്ന നീർച്ചാലുകൾ, പായൽപ്പച്ചയിൽ നനഞ്ഞൊട്ടിയ പാറക്കൂട്ടങ്ങൾ, അവയിലെ നേർത്ത നീരൊഴുക്കുകൾ. എത്ര നീണ്ടാലും മുഷിയില്ല ഇത്തരം വനയാത്രകൾ...


കുട്ടമ്പുഴയിൽ നിന്നുള്ള യാത്രയിൽ വീതികുറഞ്ഞ റോഡെങ്കിലും ഒട്ടുമിക്കയിടങ്ങളിലും കോൺക്രീറ്റ് പാകിയിരുന്നു. ഇടയിലെ ആദിവാസി മേഖലയിൽ ആനശല്യമൊഴിവാക്കാൻ വൈദ്യുതവേലി ഘടിപ്പിച്ചിട്ടുണ്ട്. ഇടയ്ക്കിടെ സഞ്ചാരികളുടെ ബുള്ളറ്റ് ശബ്ദം നിശബ്ദതയെ ഭഞ്ജിച്ച് കടന്നുപോകുന്നു. അരുവികളിൽ കാൽനനയ്ക്കാൻ വണ്ടിയൊതുക്കി. നിശബ്ദത കാടിന്റെ കൂടപ്പിറപ്പാണ്..!! എത്രനേരം കടന്നുപോയെന്നറിയില്ല. നേർത്തമഴയെ തൊട്ട് വണ്ടി യാത്ര തുടർന്നു... മാമലക്കണ്ടം കാടിന് നടുവിലെ മനോഹരമായൊരു ഗ്രാമമാണ്. കുട്ടമ്പുഴയിൽ നിന്ന് പന്ത്രണ്ട് കിലോമീറ്ററാണ് ദൂരം. കൃഷി തൊഴിലാക്കിയ ജനത.

പൂർണരൂപം വായിക്കാം

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA