ADVERTISEMENT

കാഴ്ചയുടെ വിസ്മയം ഒരുക്കി കാണികളുടെ മനം നിറയ്ക്കാൻ കാത്തിരിക്കുകയാണ് ഏനാദിമംഗലം പഞ്ചായത്തിലെ അ‍ഞ്ചുമലപ്പാറ. ആകാശം തൊട്ടുരുമ്മി നിൽക്കുന്ന മലമടക്കുകളും പച്ച പുതച്ചു നിൽക്കുന്ന പ്രകൃതിയുമാണ് അഞ്ചുമലപ്പാറയുടെ നെറുകയിലെത്തുന്നവർക്ക്  മനോഹരമായ ദൃശ്യവിരുന്നൊരുക്കും. ഡിസംബർ മുതൽ മഞ്ഞു പുതച്ചു നിൽക്കുന്ന മലനിരകൾ കാണികൾക്ക് വേറിട്ട ദൃശ്യ വിരുന്നൊരുക്കുന്നത്. എന്നാൽ സാഹസിക ടൂറിസത്തിനു വരെ സാധ്യതയുള്ള ഈ പ്രദേശം വിനോദ സ‍ഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കാൻ അധികൃതരുടെ കണ്ണു പതിഞ്ഞിട്ടില്ല.

പാറപ്പരപ്പിലെ ഒരിക്കലും വറ്റാത്ത കുളവും കൗതുകക്കാഴ്ചയാണ്. പലതവണ ക്വാറി മാഫിയകളുടെ കണ്ണു പതിഞ്ഞെങ്കിലും അവരുടെ കരം പതിയാതെ നാട്ടുകാർ സംരക്ഷിച്ചു നിലനിർത്തിയ പാറപ്പുറത്തു നിന്നാൽ വിദൂരത്ത് വാ പിളർന്നു നിൽക്കുന്ന മറ്റ് കുന്നുകളും പാറകളും കാണാം. അഞ്ചു മലകളുടെ കേന്ദ്ര സ്ഥാനമായ അഞ്ചുമലപ്പാറ പഴമക്കാരുടെ ഓർമയിൽ വേണ്ടുവോളം വിളവു നൽകിയിരുന്ന നെല്ലറയായിരുന്നു. ഇളമണ്ണൂരിൽ നിന്ന് കുന്നിട–കുറുമ്പകര റോഡിലൂടെ 3 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ഇവിടെയെത്താം.

കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് അഞ്ചുമലപ്പാറയുടെ വിസ്തൃതി പോലും കൃത്യമായി കണക്കാക്കാൻ അധികൃതർ തുനിഞ്ഞിട്ടില്ല. കുന്നിൻ മുകളിലെ  2 പാറകളാണ് കാണികൾക്ക് ആനന്ദകരമായ കാഴ്ചകൾ കാണാൻ ഇരിപ്പിടം നൽകുന്നത്. സ്വകാര്യ വ്യക്തികളുടെ കൃഷിയിടത്തിലൂടെ നടന്നു വേണം മലമുകളിൽ എത്താൻ. അധികൃതർ മനസ്സു കാട്ടിയാൽ തിരക്കു പിടിച്ച നഗര ജീവിതത്തിൽ നിന്ന് ഒഴിഞ്ഞ് ശാന്തമായ പ്രകൃതിയിൽ സമയം ചെലവഴിക്കാനുള്ള ഇടമായി വികസിപ്പിക്കാൻ കഴിയും.

സാഹസികമായ യാത്ര ഇഷ്ടപ്പെടുന്നവർക്കുള്ള സംവിധാനം ഒരുക്കാനും ഇടമുണ്ട്. പാറയ്ക്കു സമീപമുള്ള സ്ഥലത്ത്, ഔഷധ സസ്യം, പൂന്തോട്ടം, കുട്ടികളുടെ പാർക്ക് എന്നിവയും ഒരുക്കാം. സഞ്ചാരികളെ ആകർഷിക്കും വിധം പദ്ധതികൾ നടപ്പാക്കിയാൽ അഞ്ചുമലയും ജില്ലയുടെ ടൂറിസം മാപ്പിൽ ഇടം പിടിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com