ADVERTISEMENT

നഗരത്തിരക്കുകളിൽ നിന്നും മിക്കവരും പോകാൻ ആഗ്രഹിക്കുന്നതു ശാന്തസുന്ദരമായ പ്രകൃതി സൗന്ദര്യം നിറഞ്ഞ സുന്ദര പ്രദേശങ്ങളിലേയ്ക്കായിരിക്കും. പ്രകൃതിയുടെ വശ്യത ആവോളം ആസ്വദിക്കുവാൻ കഴിയുന്ന  നിരവധി ഇടങ്ങൾ  കേരളത്തിലുണ്ട്. അങ്ങനെയൊരു സ്വർഗഭൂമിയാണ് ഇലവീഴാപ്പൂഞ്ചിറ. കോട്ടയം ജില്ലയിലെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഇവിടം. മാന്‍കുന്ന്, കൊടിയത്തൂര്‍ മല, തോണിപ്പാറ എന്നീ  മൂന്നുമലകൾ കോട്ടവിരിക്കുന്ന മനോഹര പ്രദേശമാണ് ഇലവീഴാപ്പൂഞ്ചിറ. പൂഞ്ചിറയിൽ എത്തിയാൽ ആദ്യം കാണുന്ന  കാഴ്ച  നീലാകാശത്തു തൊട്ടു നിൽക്കുന്ന  മനോഹരമായ പുൽമേടാണ്.

സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 3200 അടി ഉയരത്തിലാണ് ഈ പ്രദേശം. സുന്ദര കാഴ്ചകൾ മാത്രമല്ല ട്രെക്കിങ് പ്രേമികളുടെയും സ്വർഗ്ഗമാണു ഇവിടം. സൂര്യോദയത്തിന്‍റെയും സൂര്യാസ്തമയത്തിന്‍റെ കാഴ്ച ആരെയും അതിശയിപ്പിക്കുന്നതാണ്. സദാ സമയവും  വീശിയടിക്കുന്ന നനുത്ത കാറ്റും മൂടൽ മഞ്ഞും നൂൽ പോലെ പെയ്യുന്ന  മഴയും എല്ലാം കൂടി ഒരുമിക്കുന്ന  ഈ സ്വർഗഭൂമിയിലെ കാഴ്ച്ച ആരെയും വിസ്മയിപ്പിക്കും.

Ilaveezhapoonchira-1

വിനോദസഞ്ചാര ഭൂപടത്തിൽ ഇടം തേടിയ ഇല്ലിക്കല്‍ക്കല്ല് ഇലവീഴാപൂഞ്ചിറയിൽ നിന്നും ഏറെ ദൂരെയല്ല എന്നതാണ് ഇവിടുത്തെ മറ്റൊരു സവിശേഷത. പേരിൽ  കൗതുകം നിറ‍ഞ്ഞിരിക്കുന്ന ഈ  സുന്ദരിയെ ഒന്നു കാണാൻ  കൊതിക്കാത്തവർ ചുരുക്കമാണ്. ജീപ്പും ബൈക്കും മാത്രം എത്തിച്ചേരുന്ന ഒരിടം. ഈ വഴികളിലൂടെയുള്ള യാത്ര ഇലവീഴാപ്പൂഞ്ചിറയെ വ്യത്യസ്തമാക്കുന്നു.

പേരിനു പിന്നിലെ കഥ 

കാഴ്ചകൾക്കൊപ്പം ഐതീഹ്യങ്ങളുടെ പരിശുദ്ധി കൂടിയാവുമ്പോൾ പൂഞ്ചിറ പകരുന്നത് ഒരു ദിവ്യ അനുഭൂതി കൂടിയാണ്.... അത് അനുഭവിച്ചു തന്നെ അറിയണം. കൗതുകം നിറഞ്ഞ പേരുപോലെ തന്നെ ഇലകള്‍ പൊഴിയാറില്ല എന്നത് തന്നെയാണ് ഇവിടത്തെ പ്രത്യേകത. കൂടാതെ മഹാഭാരത കഥയുമായി ഈ സ്ഥലത്തിന് ബന്ധമുണ്ട്‌. പണ്ഡവരുടെ വനവാസക്കാലത്ത് അവർ ഈ സ്ഥലത്ത് വസിച്ചതായി പറയപ്പെടുന്നു. ഭീമസേനൻ പഞ്ചാലിക്കായി നിർമ്മിച്ച ഒരു ചിറ(കുളം) ഇന്നും ഇവിടെ ക്ഷേത്രത്തിന് സമീപമായി കാണാം. ഇല വീഴില്ലാ എന്ന് വിശ്വസിക്കുന്ന ഈ ചിറയുള്ള  ഭാഗത്തിന് കാലക്രമത്തിൽ ഇലവീഴാപുഞ്ചിറ എന്ന് പേരായി.

English Summary: Ilaveezhapoonchira Hill Station In Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com