ടോവിനോ സൈക്കിളോടിക്കാൻ പോകുന്ന ഈ ബീച്ച് സൂപ്പറാണ്

tovino-cyling
SHARE

കൊറോണ തരംഗം മൂലം പുറത്തിറങ്ങിയുള്ള വര്‍ക്കൗട്ടുകള്‍ ഒക്കെ ഉപേക്ഷിച്ചിരിക്കുകയാണ് സെലിബ്രിറ്റികള്‍ മിക്കവരും. വീട്ടില്‍ത്തന്നെയുള്ള ജിമ്മില്‍ നിന്നും ചിത്രങ്ങളും വീഡിയോകളും പോസ്റ്റ്‌ ചെയ്യുന്ന ഫിറ്റ്‌നസ് പ്രേമികളായ നടന്മാരും നടിമാരുമൊക്കെ ധാരാളമുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് ടോവിനോ തോമസ്‌. അല്‍പ്പം കടുപ്പമേറിയ വ്യായാമമുറകള്‍ ചെയ്യുക മാത്രമല്ല, മറ്റുള്ളവരെ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുന്ന ആളാണ്‌ മലയാളികളുടെ സ്വന്തം ടോവിനോ.

ഇപ്പോഴിതാ സൈക്ലിംഗിനായി പുറത്തിറങ്ങിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചിരിക്കുകയാണ് ടോവിനോ. കാര്‍ഡിയോ വര്‍ക്കൗട്ടിന്‍റെ ഭാഗമായായിരുന്നു സൈക്ലിംഗ്. മാസ്ക് അടക്കമുള്ള സുരക്ഷാസംവിധാനങ്ങളോടു കൂടിയായിരുന്നു നടന്‍ പുറത്തിറങ്ങിയത്. മനോഹരമായ തെളിഞ്ഞ കാലാവസ്ഥയില്‍ കടല്‍ത്തീരത്ത് സൈക്കിളില്‍ കയറി നില്‍ക്കുന്ന ചിത്രമാണ് ടോവിനോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തത്. പിന്നില്‍ വിശാലമായ നീലക്കടലും ഒരു തോണിയും കാണാം.

നടന്‍റെ ജന്മനാടായ തൃശ്ശൂരില്‍ അഴീക്കോട്‌-ചാമക്കാല റോഡിലുള്ള വഞ്ചിപ്പുറ ബീച്ച് ആണ് ചിത്രത്തില്‍ കാണുന്നത്. അത്രയധികം ആളുകള്‍ വന്നെത്താത്ത ഒരു ബീച്ചായതു കൊണ്ടുതന്നെ സമാധാനപ്രേമികള്‍ക്ക് ഇവിടം ഏറെ ഇഷ്ടപ്പെടും. ഒന്നോ രണ്ടോ ചായക്കടകള്‍ ഒഴികെ കച്ചവടക്കാരുടെ ബഹളമില്ല. പോകുമ്പോള്‍ ഇടയ്ക്ക് വിശക്കും എന്ന് തോന്നുന്നുണ്ടെങ്കില്‍ കയ്യില്‍ വല്ല ഭക്ഷണ സാധനങ്ങളും കരുതണം.

ആളുകള്‍ കുറവായതു കൊണ്ടുതന്നെ ഏറെ ശുചിത്വം നിറഞ്ഞ അന്തരീക്ഷമാണ് ഇവിടെയെങ്ങും കാണാനാവുക. മീന്‍പിടിത്ത ബോട്ടുകള്‍ അവിടവിടെയായി കാണാം. വൈകുന്നേരങ്ങളില്‍ മനോഹരമായ സൂര്യാസ്തമയം കണ്ടു ഇരിക്കാന്‍ പറ്റിയ ഇടമാണിത്. വിരസമായ ഓഫീസ് ദിനങ്ങള്‍ക്കു ശേഷം വാരാന്ത്യങ്ങളിൽ കുടുംബവുമൊത്ത് ഉല്ലസിക്കാൻ ഇവിടെയെത്തുന്നവരും ഉണ്ട്.

ഈ സ്ഥലം എൻ‌എച്ച് 17ല്‍ മൂന്നുപീടികയുടെ ഏകദേശം 4 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തായാണ് ഉള്ളത്. ബീച്ച് റോഡിലെത്തിയ ശേഷം 1 കിലോമീറ്റർ വടക്കോട് പോകുക. സർക്കാർ ഫിഷറീസ് സ്കൂൾ കഴിഞ്ഞ ശേഷമുള്ള ​​ആദ്യ ഇടത്തേക്കുള്ള വഴിയിലൂടെ ബീച്ചില്‍ എത്താം.

English Summary: Celebrity Travel Experience Tovino Thomas Vanchippura Beach

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA