ADVERTISEMENT

പഴയകാലത്തിന്റെ പ്രമാണിത്തം വിളിച്ചു പറയുന്നതാണ് ഓരോ നാട്ടിലുമുള്ള കൊട്ടാരങ്ങള്‍. അക്കാലത്തിന്റെ ചരിത്രവും ജീവിതവുമെല്ലാം അവയിൽനിന്നു പഠിക്കാം. മറ്റു നാടുകളിലെ കൊട്ടാരങ്ങള്‍ ധാരാളിത്തത്തിന്റെ മാതൃകകളാണെങ്കില്‍ കേരളത്തിലെ കൊട്ടാരങ്ങള്‍ ശില്പകലയുടെ മകുടോദാഹരണങ്ങളാണ്. പഴമയുടെയും ലാളിത്യത്തിന്റെയും ഒരു മനോഹര സങ്കലനം കേരളത്തിലെ കൊട്ടാരങ്ങളില്‍ കാണാം. ഇവ കേരളത്തിന്റെ അഭിമാനമാണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുന്നത് ഈ കലാവൈദഗ്ധ്യം കൊണ്ടു തന്നെയാണ്.

അറയ്ക്കല്‍ കൊട്ടാരം

കേരളം ഭരിച്ചിരുന്ന ഏക മുസ്‌ലിം രാജവംശമായിരുന്നു അറയ്ക്കല്‍. അധികാരത്തിന്റെയും പ്രതാപത്തിന്റെയും ആസ്ഥാനമായിരുന്ന അറയ്ക്കല്‍ കൊട്ടാരം സ്ഥിതി ചെയ്യുന്നത് കണ്ണൂര്‍ നഗരത്തില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ അഴീക്കലിലാണ്. ഒരു കാലത്ത് രാജാക്കന്മാരും പ്രഭുക്കളും സമ്മേളിച്ചിരുന്ന കൊട്ടാരത്തിലെ ദര്‍ബാര്‍ ഹാള്‍ ഇന്ന് അറയ്ക്കല്‍ കുടുംബ ട്രസ്റ്റിന്റെ അധീനതയിലുള്ള മ്യൂസിയമാണ്. 

പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള വലിയ കെട്ടിടങ്ങളുടെ സമുച്ചയത്തിനു നടുവില്‍ വിശാലമായ മുറ്റം - ഇതാണ് കൊട്ടാരത്തിന്റെ ഘടന. ഈ നടുമുറ്റം നിസ്കാരത്തിനായി ഉപയോഗിക്കുന്നു. പ്രധാനമായും വെട്ടുകല്ല്, മരം എന്നിവ ഉപയോഗിച്ചിട്ടുള്ള കൊട്ടാരത്തിന്റെ നിര്‍മാണത്തിന് തദ്ദേശീയമായ തച്ചു ശാസ്ത്രവിധിയാണ് പിന്തുടര്‍ന്നിട്ടുള്ളതെന്നു കാണാം. ഇവിടെ നാലു പ്രാർഥനാലയങ്ങളുണ്ട്. 

മുകളിലത്തെ നിലയില്‍ വലിയ ഹാളുകളാണുള്ളത്. അതിന്റെ തറ മരം കൊണ്ടുള്ളതാണ്. ഇരട്ടക്കതകുകള്‍ ഉള്ള ജനാലകളില്‍ ചുവപ്പും നീലയും നിറങ്ങളിലുള്ള ചില്ലുകള്‍ ഘടിപ്പിച്ചിട്ടുള്ളതിനാല്‍ വെളിച്ചം അകത്തേക്കു കടക്കുമ്പോള്‍ മനോഹരമായ വര്‍ണ്ണരാജി സൃഷ്ടിക്കപ്പെടുന്നു. 

മരുമക്കത്തായ സമ്പ്രദായമാണ് അറയ്ക്കൽ രാജവംശം പിന്തുടർന്നിരുന്നത്. അധികാരി സ്ത്രീയാണെങ്കിൽ അറയ്ക്കൽ ബീവി എന്നും പുരുഷനാണെങ്കിൽ അലി രാജ എന്നുമുള്ള സ്ഥാനപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. കണ്ണൂർ നഗരത്തിന്റെ ആധിപത്യവും വടക്കേമലബാറിലെ കുരുമുളകിന്റെയും ഏലത്തിന്റെയും വാണിജ്യകുത്തകയും ഏറെക്കാലം അറയ്ക്കൽ കുടുംബക്കാർക്കായിരുന്നു. 

രാജകുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ അംഗമാണ് ഭരണാധികാരി. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ സുല്‍ത്താന്‍ എന്ന ബഹുമാന നാമം കൂടി ബ്രിട്ടീഷ് ഇന്ത്യാ ഗവണ്മെന്റ് ഇവര്‍ക്ക് നല്‍കിയിരുന്നു.കണ്ണൂര്‍ പ്രവിശ്യയില്‍ മാസപ്പിറവിയും പെരുന്നാളും നോമ്പുകാലവുമൊക്കെ ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള അവകാശം ഇപ്പോഴും അറയ്ക്കല്‍ ബീവിക്കാണുള്ളത്.

അന്നത്തെ കൊട്ടാരം ഇന്നത്തെ മ്യൂസിയം

ഇന്ന് മ്യൂസിയമായ കൊട്ടാരത്തിലെ പ്രദര്‍ശനവസ്തുക്കള്‍ പുരാതന കാലത്ത് അറയ്ക്കല്‍ രാജകുടുംബത്തിന് ഉണ്ടായിരുന്ന സമുദ്ര വ്യാപാര ബന്ധങ്ങളിലേക്ക് വെളിച്ചം വീശുന്നവയാണ്. സുഗന്ധവ്യഞ്ജനങ്ങളുടെ കുത്തക ഒരിക്കല്‍ കയ്യാളിയിരുന്നതിന്റെ സൂചനകള്‍ ഇവിടെ കാണുവാന്‍ കഴിയും. കൊളോണിയല്‍ വാഴ്ചക്കാലത്തെ യൂറോപ്യന്‍ ബന്ധത്തിന്റെ സൂചനകളും പ്രദര്‍ശന വസ്തുക്കളുടെ കൂട്ടത്തിലുണ്ട്.

അമൂല്യ വസ്തുക്കള്‍ സൂക്ഷിക്കുവാനുള്ള പത്തായം, ആധാരപ്പെട്ടി, ആദികാലത്തെ ടെലിഫോണ്‍, വാളുകള്‍, കഠാരകള്‍, ദൂരദര്‍ശിനി, ഖുറാന്റെ പതിപ്പുകള്‍ എന്നിവയും ഇക്കൂട്ടത്തില്‍പ്പെടും. പഴയ ചരിത്രരേഖകള്‍, പ്രമാണങ്ങള്‍, കോണ്‍‌സ്റ്റന്റിനോപ്പിളിലെ(തുര്‍ക്കി) ഖലീഫ ഹിജറ വര്‍ഷം 1194ല്‍ അറയ്ക്കല്‍ ബീവിക്കയച്ച അറബിയിലെഴുതിയ കത്ത്, അറയ്ക്കലിന്റെ രാജമുദ്ര എന്നിവയൊക്കെ ചുമരില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

English Summary: Arakkal Palace in Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com