സാഹസികരെ ഇതിലേ; ശ്രദ്ധ തെറ്റിയാൽ അപകടം ഉറപ്പ്

5
SHARE

വന്‍മരങ്ങള്‍ ഇടതൂര്‍ന്ന കാട്. ചീവീടുകളുടെ നിലയ്ക്കാത്ത ശബ്ദം. കോടമഞ്ഞിന്റെ തോളില്‍ കയ്യിട്ട് മലയിറങ്ങി വരുന്ന തണുത്ത കാറ്റിന് ഏലത്തിന്റെ മണം. പൊട്ടിപ്പൊളിഞ്ഞ് ചെളിയും കല്ലും നിറഞ്ഞ കാട്ടുവഴി കാടിന്റെ വന്യതയിലേക്കു കൂട്ടിക്കൊണ്ടുപോകും. മാനം മുട്ടി നില്‍ക്കുന്ന കുന്നുകളുടെ തല കാണില്ല. പകുതിക്കുവച്ച് കോടമഞ്ഞ് മറച്ചിരിക്കും. കൂട്ടം തെറ്റിച്ച് തുള്ളിച്ചാടിവരുന്ന വെളുത്ത കുഞ്ഞാട്ടിന്‍കുട്ടിയെപ്പോലെ കോടമഞ്ഞിന്‍ പാളികള്‍ താഴേക്ക് ഒഴുകിയെത്തും. മഴത്തുള്ളികള്‍ ഇറ്റിറ്റുവീഴുന്ന പച്ചിലത്തുമ്പുകള്‍ കുണുങ്ങിക്കൊണ്ടിരിക്കുന്നു.

മഴമേഘങ്ങള്‍ മൂടിയതിനാല്‍ സൂര്യന്റെ പൊടിപോലും കാണാനില്ല. തഴച്ചു വളര്‍ന്നു നില്‍ക്കുന്ന വന്‍മരങ്ങള്‍ക്കു താഴെ ഏലച്ചെടികള്‍ പൂത്തും കായ്ച്ചും നില്‍ക്കുന്നു. വഴിയിലേക്ക് ചാഞ്ഞു നില്‍ക്കുന്ന ഇളംപച്ചനിറമുള്ള ഏലച്ചെടികള്‍. മറ്റുചെടികള്‍ക്ക് കൊമ്പുകളിലോ തണ്ടുകളിലോ പൂവുണ്ടാകുമ്പോള്‍ ഏലച്ചെടികള്‍ക്ക് പൂവുണ്ടാകുന്നത് ചുവട്ടിലാണ്. മണ്ണിനു മുകളിലായി വെളുത്ത നിറമുള്ള കുഞ്ഞുപൂക്കള്‍. പൂക്കള്‍ക്കിടയില്‍ ഉരുണ്ട് പച്ച നിറത്തില്‍ ഏലക്കായ്.   

2

വയനാട്ടിലെ പ്രധാനപ്പെട്ട ഏലം എസ്റ്റേറ്റുകളിലൊന്നാണ് എലുമ്പിലേരി. മേപ്പാടി ടൗണില്‍നിന്നു പെട്ടിക്കടകള്‍ക്കിടയിലൂടെ പോകുന്ന ചെറിയ റോഡിലേക്കു കയറിയാല്‍ എലുമ്പിലേരി എസ്റ്റേറ്റിലെത്താം. വിശാലമായ തേയിലക്കുന്നുകള്‍ക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും പോകുന്ന റോഡ്. താഴെ ചെരിവുകളില്‍ നീണ്ട എസ്‌റ്റേറ്റ് പാടികള്‍. തേയിലച്ചെടികള്‍ക്കിടയില്‍ അങ്ങിങ്ങായി ഉയര്‍ന്നു നില്‍ക്കുന്ന സില്‍വര്‍ഓക്ക് മരങ്ങള്‍. കുന്നുകളില്‍നിന്ന് കുന്നുകളിലേക്ക് പച്ചപുതപ്പിച്ച് തേയിലച്ചെടികള്‍.

കയറ്റം കയറി നാല് കിലോമീറ്ററോളം പോയാല്‍ അല്‍പം നിരന്ന സ്ഥലമെത്തും. ഒരു കാത്തിരിപ്പു കേന്ദ്രവും അതിനോട് ചേര്‍ന്ന ചെറിയൊരു പെട്ടിക്കടയും. കടയില്‍ മാസ്‌കിട്ട സ്ത്രീ അലസമായി കുന്നിന്‍ മുകളിലേക്കു നോക്കിയിരിക്കുന്നു. അടുത്തടുത്തായി ചെറിയ ഒന്നുരണ്ട് വീടുകള്‍. മേപ്പാടി ടൗണിലേക്ക് നോക്കി കുത്തിനിര്‍ത്തിയ സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും കൊടികള്‍. കൊടിമരത്തിനു താഴെ ചെ ഗുവേരയുടെ പടം; ഇത് ചെങ്കോട്ടയെന്ന എഴുത്തും.  

4

റോഡ് വീണ്ടും മലമുകളിലേക്കു കയറിപ്പോകുന്നു. പാറക്കെട്ടുകള്‍ക്കിടയിലൂടെ താളം തുള്ളി കാട്ടരുവി ഒഴുകി വരുന്നുണ്ട്. ഉരുണ്ട പാറക്കല്ലുകളില്‍ വീണ് വെള്ളം പാല്‍ പോലെ ചിതറുന്നു. പഴയൊരു പാലം കടന്നാണ് റോഡ് കുന്നു കയറുന്നത്. പാലത്തിന്റെ കൈവരിയില്‍ നിന്നാല്‍ പാറക്കെട്ടിലൂടെ ഊര്‍ന്നിറങ്ങിവരുന്ന വെള്ളം പാലത്തിനടിയിലൂടെ കുന്നിറങ്ങി ഒഴുകിപ്പോകുന്നതു കാണാം. തേയിലത്തോട്ടം പിന്നിട്ട് വന്‍മരങ്ങള്‍ തുടങ്ങുന്നിടത്ത് ടാർ റോഡ് അവസാനിച്ചു. പിന്നീടങ്ങോട്ട് കല്ലുപാകിയ റോഡാണ്. വളഞ്ഞുപുളഞ്ഞു കയറിപ്പോകുന്ന വഴിയില്‍ പലയിടത്തും കല്ലിളകിമാറിയിരിക്കുന്നു.

7

ചെറിയ കുഴികളില്‍ നിറയെ ചെളിവെള്ളം. പകുതിയോളം പൊട്ടിപ്പൊളിഞ്ഞ പാടിയുടെ സമീപത്ത് കല്ലുപാകിയ റോഡ് അവസാനിച്ചു. വാസയോഗ്യമായ പാടിയിലെ ചില മുറികളില്‍ തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. മുറ്റത്തെ അയയില്‍ തുണി അലക്കി വിരിച്ചിട്ടിരിക്കുന്നു. മഴ മാറിയ നേരം നോക്കി തുണി ഉണിക്കിയെടുക്കാനുള്ള ശ്രമമാണ്. പാടിമുറ്റത്ത് കുട്ടികള്‍ ഓടിക്കളിക്കുന്നു. പേരറിയാത്ത ഏതോ വന്‍മരത്തിനു ചുവട്ടില്‍ ചുവന്ന തുണി ചുറ്റിക്കെട്ടിയിരിക്കുന്നു. മരച്ചുവട്ടിലെ തറയില്‍ ചില രൂപങ്ങള്‍. മഴവെള്ളം നിറഞ്ഞു കിടക്കുന്ന ചിരാതുകളും വിളക്കുകളും. പാടിയിലുള്ളവരുടെ പ്രാര്‍ഥനാ കേന്ദ്രമാണെന്നത് ഒറ്റനോട്ടത്തില്‍ വ്യക്തം. പ്രാര്‍ഥനയോ പൂജയോ നടത്തിയിട്ട് ഏറെ നാളായെന്നും സ്പഷ്ടമാണ്. 

ഏലത്തോട്ടത്തില്‍ കുറച്ചുപേര്‍ പണിയെടുക്കുന്നുണ്ട്. ഏലത്തിന്റെ ചുവടിളക്കുന്നു, വളമിടുന്നു, കാടുവെട്ടുന്നു. അപരിചിതരായ ഞങ്ങളെ കണ്ടപ്പോള്‍ അവര്‍ പണി നിര്‍ത്തി നോക്കുന്നുണ്ടായിരുന്നു. കോവിഡ് കാലമായതിനാലായിരിക്കും. എവിടെ നിന്നാണു വരുന്നതെന്ന് അവര്‍ ചോദിച്ചു. അടുത്ത സ്ഥലത്തു നിന്നാണെന്നു പറഞ്ഞു. പുഴയിലിറങ്ങരുതെന്നും ശ്രദ്ധിക്കണമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി. മുന്നോട്ട് പോകുന്തോറും റോഡ് ദുര്‍ഘടമായി. വലിയ പാറക്കല്ലുകളും കുഴികളും. മഴപെയ്ത് തെന്നിക്കിടക്കുന്ന മണ്ണ്. നന്നേ പണിപ്പെട്ടാണ് ബൈക്കില്‍ മുന്നോട്ടു പോയത്. കുറേ പോയശേഷം കൂടെയുണ്ടായിരുന്ന സുഹൃത്ത് ബൈക്കില്‍നിന്ന് ഇറങ്ങി നടന്നു വരാമെന്നു പറഞ്ഞു. കല്ലില്‍ തട്ടിയോ ചെളിയില്‍ തെന്നിയോ ഏതു നിമിഷം വേണമെങ്കിലും ബൈക്ക് മറിയാം. ബൈക്കും ജീപ്പും മാത്രമേ ഈ വഴിക്കു പോകാറുള്ളൂ; അതും വളരെ ശ്രദ്ധിച്ച്.  ഓഫ് റോഡ് റൈഡ് ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ വഴിയാണിത്. 

3

വഴിയിലേക്ക് ചാഞ്ഞു നില്‍ക്കുന്ന ഏലച്ചെടികള്‍ തട്ടിമാറ്റി വേണം പലയിടത്തും മുന്നോട്ടു പോകാന്‍. പാറകള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന നീര്‍ച്ചാല്‍ വഴിക്കു കുറുകെ കടന്നു പോകുന്നു. വെള്ളം റോഡില്‍ പതിക്കുന്ന സ്ഥലം കെട്ടി ഉയര്‍ത്തി കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. നീര്‍ച്ചാലിന് കുറുകെ വഴി തീര്‍ത്തതിനാല്‍ കോണ്‍ക്രീറ്റിനു മുകളിലൂടെയാണ് വെള്ളമൊഴുകുന്നത്. മഴക്കാലത്തു മാത്രം സജീവമാകുന്ന ചെറിയ അരുവിയാണിത്. കുത്തനെയുള്ള കുന്നില്‍നിന്നു വരുന്നതിനാല്‍ വെള്ളത്തിന് നല്ല ഒഴുക്കാണ്. കണ്ണാടിപോലുള്ള വെള്ളത്തിന് നല്ല തണുപ്പുണ്ട്. കരിങ്കല്ലുകള്‍ പാകിയ വഴി പിന്നെയും കുന്നു കയറുന്നു. വഴി ചെന്നവസാനിക്കുന്നത് മറ്റൊരു വലിയ അരുവിയിലാണ്. ഇവിടെയും അരുവി കടന്നു പോകുന്നതിനു കുറുകെ കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നു. ഈ വഴിയിലൂടെ കടന്നു വേണം അപ്പുറത്തേക്ക് പോകാന്‍. അരുവിക്ക് അപ്പുറം സ്വകാര്യ റിസോര്‍ട്ടിന്റെ സ്ഥലമാണ്.

അരുവിയുടെ ഒരു വശത്ത് കൂറ്റനൊരു പാറക്കെട്ട്. പാറക്കട്ടിനു മുകളില്‍നിന്നു വെള്ളം നൂലുപോലെ താഴേക്ക് ഒഴുകിയിറങ്ങി വരുന്നു. പാറക്കെട്ടിന് അരികു ചേര്‍ന്നാണ് വനത്തില്‍നിന്ന് അരുവി ഒഴുകിയെത്തുന്നത്. കണ്ണാടിപോലുള്ള വെള്ളത്തിനടിയില്‍ ഉരുണ്ട ചെറിയ കല്ലുകള്‍.  പല നിറത്തിലുള്ള ചെറുതും വലുതുമായ ധാരാളം മീനുകള്‍ പുളച്ചു നടക്കുന്നു. ഇടയ്ക്കിടയ്‌ക്കെത്തുന്ന തണുത്ത കാറ്റ് മരത്തലപ്പുകളെ പിടിച്ചു കുലുക്കുമ്പോള്‍ ഇലകളില്‍ പറ്റിപ്പിടിച്ചിരുന്ന മഴത്തുള്ളികള്‍ തെന്നിത്തെറിച്ച് താഴേക്കു വീഴും. വനവും സ്വകാര്യ എസ്‌റ്റേറ്റും തിരിച്ചറിയാന്‍ സാധിക്കാത്തവിധം ചേര്‍ന്നു കിടക്കുന്നു. ആനകളും മറ്റു വന്യമൃഗങ്ങളും ഇവിടെ നിത്യ സന്ദര്‍ശകരാണ്. 

6

പാറക്കെട്ടുകളില്‍ തട്ടി ചിതറുന്ന വെള്ളത്തിന്റെ ഇരമ്പവും ചീവീടുകളുടെ കരച്ചിലുകളും ചേര്‍ന്ന് പ്രകൃതിയുടെ അതിമനോഹര ദൃശ്യത്തിന് പശ്ചാത്തല സംഗീതം നല്‍കുന്നു. അരുവി കുറുകെക്കടക്കാന്‍ കെട്ടിയ കോണ്‍ക്രീറ്റിലൂടെ നടക്കുമ്പോള്‍ ഉള്‍വനത്തിന്റെ കുളിരും പേറി വരുന്ന ജലം കാലുകളിൽത്തട്ടി ശരീരത്തെയും മനസ്സിനെയും കോരിത്തരിപ്പിക്കും. മാലിന്യത്തിന്റെ ലാഞ്ഛന പോലുമില്ലാത്ത തെളിനീര് ആര്‍ത്തുല്ലസിച്ച് സമതലം തേടിപ്പോകുന്നു. കൂടുതല്‍ ദൂരം പിന്നിട്ട് ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കുമെത്തുമ്പോള്‍ ഈ തെളിനീരിന്റെ വെണ്‍മ നഷ്ടപ്പെട്ടിരിക്കും.

8

കാര്‍മേഘവും കോടയും കടന്ന് സൂര്യപ്രകാശം ഇവിടേക്ക് എത്താന്‍ അല്‍പം മടിച്ചു. വന്‍മരങ്ങള്‍ കുടപിടിക്കുകകൂടി ചെയ്തതോടെ ഉച്ച തിരിഞ്ഞപ്പോള്‍ത്തന്നെ ഇരുട്ട് പരക്കാന്‍ തുടങ്ങിയതു പോലെ. വിജനവും ഉള്‍ക്കാടിന്റെ പ്രതീതിയുമായിരുന്നു അവിടം. മഴ പെയ്താല്‍ കുന്നിറങ്ങിപ്പോകുന്നത് കൂടുതല്‍ ദുഷ്‌കരമാകുമെന്നതിനാല്‍ മടങ്ങാന്‍ തീരുമാനിച്ചു. കുന്നിറങ്ങുന്തോറും കരിമ്പാറകളില്‍ താളം തട്ടി പോകുന്ന അരുവിയുടെ ശബ്ദം നേർത്തു വന്നു. അപ്പോഴും ചീവിടുകളുടെ ശബ്ദം അവിടമാകെ മുഴങ്ങിക്കൊണ്ടിരുന്നു. 

English Summary: Elimbileri Estate wayanad

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA