ADVERTISEMENT

മലകളാൽ ചുറ്റപ്പെട്ട മറയൂരിന്റെ ഉള്ളിൽ കരിമ്പിൻതോട്ടത്തിനുള്ളിൽ താമസിക്കാനുളള യാത്രയാണിത്. ചിത്രങ്ങൾ കണ്ടു നമുക്കു പോകാം.  കൊച്ചിയിൽനിന്നു പുറപ്പെടുമ്പോൾ ചെറുമഴ പെയ്യുന്നുണ്ടായിരുന്നു. 

എന്നാൽ മഴയേറെ പെയ്യാറുള്ള  നേര്യമംഗലത്ത് ആകാശം തെളിഞ്ഞുകിടന്നു.   മുൻപു പെയ്ത മഴയെല്ലാം പ്രകൃതിയുടെ ആനന്ദക്കണ്ണീരായി, ചെറിയ അരുവികളായി മലകളിൽനിന്നു നദിയിലേക്കുള്ള യാത്രയിലാണ്.

marayoor-trip9

 

ചീയപ്പാറയിലും തൊട്ടുമുകളിലെ വെള്ളച്ചാട്ടത്തിലും പക്ഷേ, കാണാൻ കഴിയുക രൗദ്രതയാണ്. മൂന്നാർ-മറയൂർ പാതയിൽ സഞ്ചാരികളുടെ വാഹനങ്ങൾ ഒട്ടും ഇല്ല. മറയൂരിലെത്തിയത് വേഗത്തിലായിരുന്നു.

marayoor-trip2

മറയൂരിന്റെ പതിവുകാഴ്ചകളിലൊന്നായ ചന്ദനക്കാടുകളെ വിവരിക്കേണ്ടല്ലോ… മൂന്നാറിന്റെ തണുപ്പുമലകൾ കയറിയിറങ്ങി മറയൂരിലെത്തുമ്പോൾ ഈ സ്വാഭാവിക ചന്ദനക്കാട്ടിലൂടെയാണു നമുക്കു വണ്ടിയോടിക്കേണ്ടിവരുക. 

marayoor-trip-15

 

marayoor-trip5

മാശ്ശിവയൽ എന്ന ഗ്രാമത്തിലേക്ക് എത്തുമ്പോൾ രാത്രിയായി.  ഗ്രാമവഴികളിലൂടെ വണ്ടിയോടിച്ച് കൂടുതൽ ഉള്ളിലേക്ക് ചെല്ലാം. നമ്മുടെ വാസസ്ഥലം കരിമ്പുപാടത്തിനുള്ളിലാണെന്നു പറഞ്ഞല്ലോ. അങ്ങോട്ടുള്ള വഴിയാണിത്. കരിമ്പിൻചെടിയുടെ തലപ്പുകൾ കാറിനെ ഉമ്മവക്കുന്ന അത്ര അടുപ്പത്തിലാണ്. 

 

marayoor-trip-1

ഇതാണ് വീട്. രണ്ടുനിലയിലായി രണ്ടു ക്വാർട്ടേഴ്സുകൾ. ആധുനിക രീതിയിലുള്ളത്. അടുക്കള, സ്വീകരണമുറി, രണ്ടു മുറികൾ, പുതിയ രീതിയിലുള്ള ശുചിമുറി എന്നിവയുണ്ട്.  മറയൂരിന്റെ തണുപ്പറിഞ്ഞു താമസിക്കാം. 

marayoor-trip11

 

marayoor-trip7

വീടിനു മുന്നിൽ ഒരു പാറയുണ്ട്. അവിടെ വാഹനം പാർക്ക് ചെയ്യാം. പിന്നെ തണുപ്പകറ്റാൻ ക്യാംപ് ഫയർ ഇട്ട് സകുടുംബം രാവു ചെലവിടാം. മഴയുണ്ടാകുമെന്ന പേടി വേണ്ട, കാരണം മറയൂർ ഒരു മഴനിഴൽ പ്രദേശമാണ്. 

marayoor-travel

 

രാവിലെയാണ് വീടിരിക്കുന്ന സ്ഥലത്തിന്റെ ഒരു രസം പിടികിട്ടിയത്. ചുറ്റിനും മലകൾ. വെള്ളിവരപോലെ വലിയ വെള്ളച്ചാട്ടങ്ങൾ അവിടവിടെയായി കാണാം. 

10marayoor-trip

 

മയിലുകൾ പാടശേഖരത്തിന്റെ പലദിക്കുകളിൽനിന്നു കൂവുന്നുണ്ട്. പേരറിയാ കിളികൾ ഇലയില്ലാ മരങ്ങളിൽ പറന്നുകളിക്കുന്നുണ്ട്. എട്ടേക്കർ കൃഷിഭൂമിയിൽ നിങ്ങൾക്ക് സ്വതന്ത്രമായി നടക്കാം. മണ്ണിന്റെമണമറിയാം. 

 

അകലെനിന്നു താളത്തിൽ ശർക്കരഫാക്ടറികളുടെ മോട്ടറുകൾ പ്രവർത്തിക്കുന്ന ശബ്ദം കേൾക്കാം.  

ഇനിയൊന്നു നടന്നാൽ ചോളം വിളഞ്ഞുനിൽക്കുന്നതും പൂക്കൾ തലയാട്ടിനിൽക്കുന്നതും  കാണാം. ചെറിയൊരു വെള്ളച്ചാട്ടത്തിന്റെ ശബ്ദം ഇടമുറിയാതെ കേൾക്കുന്നുണ്ട്. 

 

9marayoor-trip

 

വീടിന്റെ ഉടമ മുത്തുലച്ച്മിയമ്മ മുറ്റത്തുണ്ട്.  അകലെ മലനിരയിൽ ചോലക്കാടുകൾ രൂപപ്പെടുത്തിയെടുത്ത മറ്റൊരു സ്ത്രീരൂപം.  ഇന്ദിരാഗാന്ധി മല എന്നാണത്രേ അതറിയപ്പെടുന്നത്. സാരിയുടുത്ത ഒരു സ്ത്രീയുടെ രൂപം സൂക്ഷിച്ചുനോക്കിയാൽ കാണാം. 

marayoor-trip-15

 

ഗ്രാമത്തിലൂടെ നടക്കാനിറങ്ങിയാൽ അരുവികളുടെ സൗഹൃദം ആസ്വദിക്കാം. മുട്ടോളം വെള്ളമുള്ള ഈ തെളിനീരരുവികൾ കിഴക്കോട്ടൊഴുകുന്ന പാമ്പാറിലേക്കാണ് എത്തിച്ചേരുന്നത്. അപായമില്ലാതെ കുളിക്കാമെന്നുനാട്ടുകാർ.  

10marayoor-trip

 

15marayoor-trip

നോക്കുക, കോവിഡ് പ്രോട്ടക്കോൾ പാലിച്ച് യാത്രയ്ക്കിറങ്ങുമ്പോൾ ഇങ്ങനെ ആരുമില്ലാത്ത ഇടങ്ങൾ തിരഞ്ഞെടുക്കുകയാണ് ഉചിതം.  ആഹാരം വച്ചുകഴിക്കാനുള്ള സംവിധാനങ്ങൾ കൂടി മാശ്ശിവയലിലെ വീട്ടിലുണ്ട്. കോവിഡ് കാല വിനോദസഞ്ചാരദിനത്തിൽ കറങ്ങാൻ ഇത്രയും നല്ലതും താരതമ്യേന സുരക്ഷിതമായതുമായ സ്ഥലം കിട്ടിയതിൽ സംഘാംഗങ്ങൾക്ക് ആശ്വാസമുണ്ടായിരുന്നു.   അധികം കറങ്ങാതെ തന്നെ  സുരക്ഷിതമായി ഗ്രാമക്കാഴ്ചകൾ ആസ്വദിക്കാൻ എത്താം മാശ്ശിവയലിലേക്ക്. 

 മറയൂരിലെ താമസ സൗകര്യം ലഭിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടാം.

7907067647

English Summary: Farm Stay MR Nature Treat,Marayoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com