കോഴിക്കോടിന്റെ കുട്ടനാട്, ഉൾനാടൻ ഗ്രാമഭംഗി ആസ്വദിച്ചൊരു തോണി യാത്ര!

kozhikode-akalapuzha
SHARE

ആലപ്പുഴയ്ക്ക് വേമ്പനാട്ടുകായൽ പോലെ ഉത്തര മലബാറിലുണ്ടൊരു കായൽ. പേരുകൊണ്ട് പുഴയെങ്കിലും അകലാപ്പുഴ സ്വഭാവം കൊണ്ട് കായലാണ്. കെട്ടുമ്മൽ കടവിനോട് ചേർന്ന് കെട്ടിയിട്ട കുറേ കടത്തുതോണികൾ. ഇതിൽ ഏതാണ് നമ്മുടെ യാത്രയ്ക്ക് തയാറാക്കിയതെന്ന് ചോദിച്ചതും, ഏറ്റവും ഒടുവിലത്തെ തോണിയിൽ നിന്ന് വെള്ള തോർത്തുമുണ്ട് വീശി മനോജ് അടയാളം കാട്ടി. അകലാപ്പുഴയ്ക്ക് മുകളിൽ പ്രഭാതമഞ്ഞിന്റെ നേർത്ത ആവരണം. ദൂരെ കരിമീൻകെട്ടുകൾക്കുമപ്പുറം പാമ്പൻ തുരുത്ത്. തെങ്ങിൻതലപ്പുകളിൽ നിന്ന് പാറിപ്പറക്കുന്ന കൊക്കിന്റെ കൂട്ടം. കെട്ടഴിച്ചതും തോണി  സ്വാതന്ത്ര്യം പ്രഖ്യാപിച്ച് അകലാപ്പുഴയുടെ ഓളങ്ങളിലൂടെ ദിശയറിയാതെ നീങ്ങി. അനുസരണയില്ലാത്ത കുട്ടിയെ ശാസിക്കും പോ ലെ മനോജ് മുളങ്കോലുകുത്തി തോണി തന്റെ വരുതിയിലാക്കി.

ഇംഗ്ലിഷുകാരുടെ കാലത്തിനുമപ്പുറം പഴക്കമുള്ള ചരിത്രകഥകൾ പറയാനുണ്ട് ഈ നാടിന്. പുഴയോളം സുന്ദരിയായ നാടിന്റെ കാഴ്ചകൾ കണ്ടൊരു തോണിയാത്രയ്ക്ക് ഒരുങ്ങിയാലോ. അകലാപ്പുഴയുടെ സൗന്ദര്യം നുകർന്ന് ഒരു ദിവസം...

kozhikode-trip2

അവളൊഴുകുന്ന വഴിയേ...

‘ഒരു പുഴമതി ഒരു നാടിന് ജീവിക്കാൻ’ ഇതാണ് ഇന്നാട്ടുകാരുടെ പ്രത്യേകത. അകലാപ്പുഴയ്ക്കു ചുറ്റും മീൻപിടിച്ചും കരിമീനും മ റ്റും കൃഷി ചെയ്തും കക്കവാരിയും ജീവിക്കുന്ന എത്രയോ കുടുംബങ്ങളുണ്ട്. കാലത്തിനൊത്ത് നൊട്ടോട്ടമോടാൻ  ഇനിയും തയാറാവാത്തവർ. കൈത്തോടുകളും ചെറുവള്ളങ്ങളും തുരുത്തും നിറയുന്ന അകലാപ്പുഴയുടെ സൗന്ദര്യം തേടി ഞങ്ങൾ വരുന്നു എന്ന ഫോൺ കാൾ പോലും ഞെട്ടിച്ചുകളഞ്ഞെന്ന് യാത്ര തുടങ്ങും മുൻപേമനോജ് പറഞ്ഞു.

ഇവിടെ ഇപ്പോൾ എന്തുകാണാനാണ് നിങ്ങളെത്തിയതെന്ന അയാളുടെ നിഷ്കളങ്കമായ ചോദ്യം കേട്ടപ്പോൾ അദ്ഭുതം തോന്നി.ഇത്രയും സുന്ദരമായ പ്രകൃതി ഭംഗി ഇനിയും വേണ്ടവിധം മനസ്സിലാക്കാനോ ഉപയോഗിക്കാനോ ആരും ശ്രമിക്കാത്തത് എന്തുകൊണ്ടായിരിക്കും! ആലോചന മുറിച്ചത് തോണിയിലേക്ക് മനോജ് സ്വാഗതം പറഞ്ഞപ്പോഴാണ്. ‘വരീ സാറേ, വെയ്‌ല് വന്നാ വല്ല്യ പാടാ, തോർത്തും വെള്ളോം കുടേം ഒക്കെ കരുതീക്കോ ഇങ്ങള്...നാടൻ ചേലിലെ ഇത്തരം കരുതലാണ് ഗ്രാമത്തിന്റെ വിശുദ്ധി. തോണിയാത്രയ്ക്ക് വഴികാട്ടിയായി കൂടെ ഇന്നാട്ടുകാരൻ രാഘവേട്ടനുണ്ട്.  

Akalapuzha-River4

അകലാപ്പുഴയുടെ കുഞ്ഞോളങ്ങൾ കവിളിൽ തൊട്ടപ്പോൾ ഉറക്കച്ചടവ് മാറി തോണിയൊന്ന് ഉഷാറായി. പാമ്പൻതുരുത്താണ് ആദ്യലക്ഷ്യസ്ഥാനം. കെട്ടുമ്മൽ കടവിൽ നിന്ന് പാമ്പൻ തുരുത്തിലേക്ക് പോകും വഴി കുഞ്ഞിരാമേട്ടന്റെ നഷ്ടത്തിലായ കരിമീൻ കെട്ട് കാണാം. ‘പനയുടെ തടികൊണ്ടുണ്ടാക്കുന്ന പലക പാ കി കട്ടിയുള്ള ഒരുതരം വല വിരിച്ച്  പുഴയോട് ചേർന്ന് കെട്ടുണ്ടാക്കും. കരിമീൻ കുഞ്ഞുങ്ങളെ വളർത്തിയെടുക്കും. നീർനായയും ആമയുമൊക്കെ വെള്ളത്തിനടിയിലെ വല കടിച്ച് മുറിച്ചിടും അതോടെ കരിമീൻ പുഴയിലേക്ക് ഒഴുകും. കൃഷി നഷ്ടത്തിലുമാകും. എന്നാൽ കരിമീൻ കൃഷി ചെയ്ത് ഒറ്റ തവണ രക്ഷപ്പെട്ടാലോ, അതൊരു ഒന്നൊന്നര രക്ഷപ്പെടലുമാകും.  പടക്കം കച്ചവടം ചെയ്യുന്ന പോലെയാണ് ഇതും. ഒരു ഭാഗ്യപരീക്ഷണം’– രാഘവേട്ടൻ പറയുന്നു.

സിനിമാക്കാരുടെ പാമ്പൻതുരുത്ത്

കെട്ടുമ്മൽ കടവിൽ നിന്ന് നോക്കിയാൽ പാമ്പൻതുരുത്തിന്റെ മനോഹരമായ ദൃശ്യം കാണാം. സിനിമാക്കാരുടെ പ്രിയപ്പെട്ട ലൊക്കേഷനാണിവിടം. തോണി തുരുത്തിലേക്ക് അടുക്കുകയാണ്. പുഴയ്ക്ക് നടുവിലെ രണ്ടേക്കറോളം വരുന്ന തെങ്ങിൻതോപ്പാണ് പാമ്പൻതുരുത്ത്. എണ്ണിയാലൊടുങ്ങാത്ത ദേശാടനക്കിളികളുടെയും മറ്റു ചെറിയ ജീവികളുടെയും കേന്ദ്രമാണിവിടം. തെങ്ങിൻ തലപ്പിൽ നിറയെ പക്ഷിക്കൂടുകൾ. ‘തീവണ്ടി എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുകയായിരുന്നു.

kozhikode-trip1

അതിന് സെറ്റിട്ടതാ ഇതൊക്കെ’ തുരുത്തിൽ ഉണ്ടാക്കി വച്ചിരിക്കുന്ന ചെറിയൊരു കെട്ടിടം ചൂണ്ടി മനോജ് പറഞ്ഞു. ‘ആരാ മനോജേ നായകൻ? രാഘവേട്ടന്റെ ചോദ്യത്തിന് മുന്നിൽ മനോജൊന്ന് പരതി. പിന്നെ പറഞ്ഞു, ഒരു പുതിയ പയ്യനാ രാഘവേട്ടാ ടൊവിനോ എന്നോ മറ്റോ ആണ് പേര്’. തോണി ഒരു തെങ്ങിനോട് ചേർത്ത് കെട്ടി പാമ്പൻ തുരുത്തിന്റെ കാഴ്ചകളിലേക്കിറങ്ങി. കിളികളെ വളർത്തുന്ന കൂടിന്റെ അടുത്തെത്തിയ അവസ്ഥയായിരുന്നു തുരുത്തിലേക്ക് കടന്നപ്പോൾ.

‘ഈ പക്ഷികളുടെയെല്ലാം കാഷ്ഠമാണ് ഈ മണ്ണിനെ ഫലഭൂയിഷ്ഠമാക്കുന്നത്. പിന്നെ പുഴയോരം ചേർന്ന ഭൂമിയായതിനാൽ തന്നെ തെങ്ങുകൾക്ക് വേറെ വളപ്രയോഗം വേണ്ട,’ മനോജ് പറഞ്ഞു.  തെങ്ങിൻ തലപ്പുകളിൽ നിന്ന് എത്രയോ ‘പക്ഷിനോട്ട’ങ്ങൾ ഞങ്ങൾക്കുമേൽ പതിക്കുന്നുണ്ട്. പുഴയ്ക്കു നടുവിലെ തുരുത്ത് ശരിക്കും അദ്ഭുതമാണ്. ഇതെങ്ങനെ രൂപംകൊണ്ടതെന്ന് ആർക്കും വലിയ അറിവില്ല. പണ്ടെന്നോ നടന്ന ഭൂമികുലുക്കമാകാം കാരണമെന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്. അകലാപ്പുഴ ഇപ്പോഴും ശാന്തമാണ്. ഓളങ്ങളെ തിരമാലയാക്കുന്ന കാറ്റിന്റെ മന്ത്രശക്തി കണ്ടേയില്ല.

പകരം മഞ്ഞിന്റെ ആവരണം മാറിയെത്തിയ പുഴയെ സൂര്യൻ പ്രണയിക്കാൻ തുടങ്ങിയിരിക്കുന്നു. തോണിയാത്ര അവസാനിപ്പിച്ച് മടങ്ങാറാകുമ്പോഴേക്കും ആ പ്രണയച്ചൂടിൽ ഞങ്ങളും ഉരുകിയൊലിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. പാമ്പൻതുരുത്തിന്റെ സൗന്ദര്യം ആവോളം ആസ്വദിച്ച് വീണ്ടും അകലാപ്പുഴയുടെ മാറിലൂടെ തോണി നീങ്ങിത്തുടങ്ങി. വേമ്പനാട്ടുകായലിലുള്ള പോലെ കെട്ടുവള്ളങ്ങളുടെ ഉന്തും തള്ളുമില്ല, സഞ്ചാരികളുടെ ബഹളമില്ല.

kozhikode-trip

മലബാർ മാന്വലിലെ അകലാപ്പുഴ

പാമ്പൻതുരുത്തിൽ നിന്ന് തോണി നേരെ അച്ചംവീട് നട ലക്ഷ്യമാക്കി നീങ്ങുകയാണ്. പലയിടത്തായി കക്ക വാരുന്നവരെയും മീൻ പിടിക്കുന്നവരെയും കാണാം. പുഴ ചേർന്നുള്ള പറമ്പുകളിൽ കൃഷിചെയ്യുന്നവരും ധാരാളം. അച്ചംവീട്ടുനട മണൽക്കടവാണ്. കടവിലിറങ്ങിയാൽ മുചുകുന്നിലേക്കെത്തുന്ന റോഡ് കാണാം. നടയ്ക്കൽ കടവ് കടന്ന് നേരെ മൂടാടി പഞ്ചായത്തിനോട് ചേർന്ന ഭാഗത്തേക്ക് തോണി നീങ്ങി.

പൂർണരൂപം വായിക്കാം

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA